ആലപ്പുഴ മാന്നാറില്‍ നിന്ന് 15 വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിലെടുത്തു. സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കുഴിതോണ്ടി പരിശോധന നടത്താന്‍ നീക്കം. ഭര്‍ത്താവ് അനില്‍ കുമാറിനെയുമാണ് സുഹൃത്തുക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്.
കലയെന്ന 20 വയസുകാരിയെയായിരുന്നു 15 വര്‍ഷം മുന്‍പ് കാണാതായിരുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 15 വര്‍ഷം മുന്‍പുള്ള തിരോധാന കേസില്‍ പുനരന്വേഷണം ആരംഭിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അതീവ രഹസ്യമായിട്ടായിരുന്നു അന്വേഷണം നടന്നുകൊണ്ടിരുന്നത്.
കലയുടെ പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷമാണ് പെണ്‍കുട്ടിയെ കാണാതാതയത്. ഇതിനിടെ ഭര്‍ത്താവ് വിദേശത്ത് കടന്നിരുന്നു. ഈ അടുത്ത് ഭര്‍ത്താവ് അനില്‍ കുമാറിനെ പൊലീസ് നാട്ടിലേക്ക് വിളിച്ച് വരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടര്‍ന്ന് ഇയാളെയും ചില സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കലയെ കൊന്ന് സെപ്റ്റിടാങ്കില്‍ കുഴിച്ചുമൂടിയെന്നായിരുന്നു അനില്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്ക് ഉള്‍പ്പെടെ കുഴിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
കളിയിക്കാവിള കൊലപാതകം : ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളി എന്ന സജികുമാര്‍ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്
കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളി എന്ന സജികുമാര്‍ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. കേസിലെ മറ്റു പ്രതികള്‍ കൊലപാതകത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. പണത്തിനു വേണ്ടിയുള്ള കൊലപാതകമെന്നാണ് കണ്ടെത്തല്‍
തമിഴ്‌നാട് പൊലീസിനെ കുഴപ്പിച്ച കളിയിക്കാവിള കൊലപാതകം അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി. ചുഴാറ്റുകോട്ട അമ്പിളി എന്ന സജികുമാര്‍ തന്നെയാണ് എല്ലാത്തിനും പിന്നിലെന്ന് പൊലീസിന്റെ കണ്ടെത്തല്‍. രണ്ടാം പ്രതിയായ സുനില്‍കുമാര്‍ ക്ലോറോഫോമും സര്‍ജിക്കല്‍ ബ്ലേഡും അമ്പിളിക്ക് എത്തിച്ചു നല്‍കി. എന്നാല്‍ കൊലപാതകത്തിനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് സുനില്‍കുമാറിന്റെ മൊഴി. ഈ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടുണ്ട്. അമ്പിളിയെ അറസ്റ്റ് ചെയ്തപ്പോഴാണ് താന്‍ ഒളിവില്‍ പോയതെന്നും സുനില്‍കുമാര്‍ മൊഴി നല്‍കി.
മൂന്നാം പ്രതിയായ പ്രദീപ് ചന്ദ്രന്‍ കേസില്‍ നേരിട്ട് ഇടപെട്ടിട്ടില്ല. അമ്പിളിയും സുനില്‍കുമാറും സംസാരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു എന്നതിനാണ് ഗൂഢാലോചന വകുപ്പ് പ്രകാരമുള്ള കേസ്. കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പണം തട്ടിയെടുക്കാന്‍ ആയിരുന്നു കൊലപാതകം. വലിയ ആസൂത്രണത്തിനുശേഷമാണ് അമ്പിളി കൊലപാതകം നടത്തിയത്. പിടിക്കപ്പെട്ടാല്‍ പറയാനുള്ള കള്ളങ്ങളും നേരത്തെ തയ്യാറാക്കി വച്ചു. അന്വേഷണത്തില്‍ പൊലീസിനെ കുഴച്ചതും മുന്‍കൂട്ടി തയ്യാറാക്കിയ അമ്പിളിയുടെ ഈ തിരക്കഥയാണ്.
ഇന്‍ഷുറന്‍സ് ബന്ധവും, മറ്റൊരാള്‍ നല്‍കിയ ക്വട്ടേഷനും എല്ലാം അമ്പിളി നേരത്തെ തയ്യാറാക്കിയ തിരക്കഥ. വിശദമായ അന്വേഷണത്തിലാണ് ഇതെല്ലാം നുണയെന്ന് തെളിഞ്ഞത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിള ഒറ്റാമരത്ത് വച്ചാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കന്യാകുമാരി എസ്.പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.
സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസ് വന്‍വിവാദം,മുഖം രക്ഷിക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസ് വന്‍വിവാദമായതോടെ ഒത്ത് തീര്‍ത്ത് മുഖം രക്ഷിക്കാന്‍ നീക്കം. പരാതിക്കാരനായ പ്രവാസിക്ക് മുഴുവന്‍ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ച് നല്‍കാനാണ് ശ്രമം. ഇതിനിടെ ബാധ്യത മറച്ചുവെച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയതിന്റെ വിവരം പുറത്തായി. ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദര്‍വ്വേഷ് സാഹിബിന് കാലാവധി നീട്ടിനല്‍കിയത്.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നത് അസാധാരണം. ആഭ്യന്തരവകുപ്പിനെതിരെ പാര്‍ട്ടി യോഗങ്ങളിലും പുറത്തു വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് പൊലീസ് മേധാവി തന്നെ വിശ്വാസവഞ്ചനാ കേസില്‍ പ്രതിക്കൂട്ടിലാകുന്നത്. ഭൂമിയുടെ പേരിലുള്ള ലോണ്‍ വിവരം മറച്ചുവെച്ച് വിലപ്ന കരാര്‍ ഉണ്ടാക്കിയത് ഗുരുതര കുറ്റം.
അതിലും ഗൗരവമേറിയതാണ് ആദായനികുതി വകുപ്പിന്റെ മാര്‍ഗ്ഗരേഖ മറികടന്ന് സ്വന്തം ചേംബറില്‍ വെച്ച് അഞ്ചു ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയത്. ഡിജിപി നടത്തിയ ക്രമക്കേടിനെ കുറിച്ച് അക്കമിട്ട് നിരത്തിയുള്‌ല പരാതി നേരത്തെ ലഭിച്ചിട്ടും അനങ്ങാത്ത മുഖ്യമന്ത്രിക്കും ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനാകില്ല.
കഴിഞ്ഞ മാസം 24 നാണ് പ്രവാസിയായ ഉമര്‍ ഷെറീഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയത്. പരാതി കൈപ്പറ്റിയ ശേഷം തുടര്‍ നടപടിക്ക് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. കോടതി ഉത്തരവ് അടക്കമുള്ള തെളിവുകളോടെയായിരുന്നുപ രാതി. പരാതി നിലനില്‍ക്കെയാണ് രണ്ട് ദിവസത്തിന് ശേഷം ഷേയ്ഖ് ദര്‍വ്വേസ് സാഹിബിന് സര്‍വ്വീസ് കാലാവധി നീട്ടിയത്.
ഭൂമിവിാവദത്തില്‍ സര്‍ക്കാറും സേനയും ഒരു പോലെ വെട്ടിലായതോടെയാണ് അതിവേഗത്തിലുള്ള ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍.ഉമര്‍ ഷെറീഫില്‍ നിന്ന് കൈപ്പറ്റിയ 30 ലക്ഷം രൂപ ഉടന്‍ കൈമാറി കേസ് അവസാനിപ്പിക്കാനാണ് ശ്രമം. പണം നല്‍കുന്ന മുറക്ക് പരാതിക്കാരന്‍ കോടതിയെ ഇക്കാര്യം അറിയിച്ച് പിന്മാറും. പണം നല്‍കി കേസ് തീര്‍ന്നാലും പ്രശ്‌നം തീരുന്നില്ല. നിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള സേനയുടെ തലപ്പത്തുള്ളയാള്‍ തന്നെ വിശ്വാസ വഞ്ചന കാണിച്ചു എന്നത് അതീവ ഗൗരവമേറിയ പ്രശ്‌നം.
സുരേഷ്‌ഗോപിയെ ആദരിച്ച് ‘അമ്മ’; ഉപഹാരം നല്‍കി മോഹന്‍ലാല്‍
അമ്മയുടെ മൂപ്പതാമത് ജനറല്‍ ബോഡിയോഗത്തില്‍ സുരേഷ് ഗോപിയെ ആദരിച്ച് അമ്മ. 27 വര്‍ഷത്തിന് ശേഷം കേന്ദ്രമന്ത്രി പദവിയോടെ അമ്മയിലേക്കെത്തിയ സുരേഷ് ഗോപിക്ക് വികാരനിര്‍ഭരമായ സ്വീകരണമാണ് സഹപ്രവര്‍ത്തകരെല്ലാവരും ചേര്‍ന്ന് ഒരുക്കിയത്. മോഹന്‍ലാല്‍ സുരേഷ്‌ഗോപിക്ക് ഉപഹാരം നല്‍കുകയും ഇടവേള ബാബു അംഗത്വകാര്‍ഡ് കൈമാറുകയും ചെയ്തു. അമ്മയിലെ ഒന്നാം നമ്പര്‍ കാര്‍ഡാണ് കൈമാറിയത്. കാര്‍ഡ് കിട്ടിയപ്പോള്‍ വളരെ ബഹുമാനത്തോടെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.
കഴിഞ്ഞവര്‍ഷത്തെ എക്‌സിക്യൂട്ടീവ് മെമ്പറായ രചന നാരായണന്‍കുട്ടിയാണ് പ്രസംഗിച്ചത്. സുരേഷ് ഗോപിയെ വേദിയിലേക്ക് സ്വീകരിക്കുന്നതിനായി മുന്‍പായുള്ള പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍….
അമ്മയിലെ ആദ്യ മെമ്പറായ സുരേഷേട്ടന്‍ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു. എല്ലാവര്‍ക്കും അഭിമാനമുഹൂര്‍ത്തവും ചരിത്ര മുഹൂര്‍ത്തവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കൊണ്ടും അര്‍പ്പണബോധം കൊണ്ടും നമ്മളെയാകര്‍ഷിച്ച വ്യക്തിയാണ്. വെളളിത്തിരയില്‍ നിന്ന് യാത്ര തുടര്‍ന്നപ്പോള്‍ അദ്ദേഹം സമൂഹത്തിനോടുള്ള പ്രതിബന്ധതയും സമൂഹത്തിനോടുള്ള അഭിനിവേശത്തിന്റെ തെളിവാണ് അദ്ദേഹം കാണിച്ചു തരുന്നത്.
അമ്മയിലെ ആദ്യത്തെ അംഗം എന്ന നിലയ്ക്ക് സുരേഷ്‌ഗോപി അഭിമാനം മാത്രമല്ല എല്ലാവര്‍ക്കും പ്രചോദനത്മകമായ മാതൃകയും സൃഷ്ടിച്ച വ്യക്തിയാണ്. അദ്ദേഹത്തെ നമ്മളെല്ലാവരും തിരഞ്ഞെടുത്തത് ഒരു പാര്‍ട്ടിയോ മറ്റ് കാര്യങ്ങളോ നോക്കിയല്ലെന്നുള്ളത് വളരെ കാര്യമായിട്ടുള്ള കാര്യമാണ്. അത് അദ്ദേഹത്തിന്റെ മനുഷത്വം എന്ന് പറയുന്ന നിറഞ്ഞുതുളുമ്പുന്ന സ്‌നേഹം എന്ന് പറയുന്ന ഒരു കാരണം കൂടീയാണ്. അതാണ് അദ്ദേഹത്തിന്റെ വിജയമായെന്ന് പറയുന്നത് തന്നെയാണ് നമുക്ക് കാണാന്‍ സാധിച്ചത്.
നമ്മുടെ ഇന്‍ഡസ്ട്രിയ്ക്കും സമൂഹത്തിനും നല്‍കിയ അളവറ്റതാണ് എന്ന് നമുക്കറിയാം. അദ്ദേഹം പുതിയൊരു ഉത്തരവാദിത്തമേറ്റേടുക്കുമ്പോള്‍ അതേ അര്‍പ്പണബോധവും അതേ അഭിനിവേശവും കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷേട്ടന്‍ കൊണ്ടുവരുമെന്ന് അതിയായ ഉറപ്പുണ്ട്. അതില്‍ ഞങ്ങള്‍ അതിയായ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അതില്‍ എല്ലാവരും ഏറെ സന്തോഷിച്ചാണ് ഈ ഒരു നിമിഷത്തിലിരിക്കുന്നത്.
അമ്മയെ പ്രതിനിധീകരിച്ച് സുരേഷ് ഗോപിക്ക് ഊഷ്മളമായ അഭിനന്ദനങ്ങളും അഗാധമായ ആദരവും ഈ നിമിഷത്തില്‍ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ അഭിമാനം നിറയ്്ക്കുന്നതാണ്. അദ്ദേഹത്തിന്റെ മാതൃകാപരമായ സ്‌നേഹവും നേതൃത്വ പാടവവും കൊണ്ട് നമ്മളെയെല്ലാവരെയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന അവസരത്തില്‍ അദ്ദേഹത്തെ ആദരിക്കുകയാണ്.
കാര്‍ഡ് കൈമാറിയതിന് ശേഷം വികാരഭരിതമായ പ്രസംഗം നടത്തുകയും ചെയ്തു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം, പ്രതികരിച്ച് വി വസീഫ്
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് വി വസീഫ്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്ന് വി വസീഫ് പറഞ്ഞു. സംഘടനാ പരിപാടികള്‍ക്കാണ് പാലക്കാടെത്തിയത്. താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും വി വസീഫ് പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി വസീഫ്. അതിനിടെ, പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുന്നതിന് സാധ്യതകള്‍ മങ്ങി.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാര്‍ഥി മതിയെന്ന നിലപാടിലാണ് ഡിസിസി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കള്‍ നീക്കുമ്പോള്‍ എഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാന്‍ യുവനേതാക്കള്‍ ദില്ലിയിലെത്തിയിരുന്നു. ആര് സ്ഥാനാര്‍ഥിയാവണമെന്ന കാര്യത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഡോ പി സരിന്‍ പറഞ്ഞു.
അതേസമയം, പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയുടെ എംപിയായതോടെ പിന്‍ഗാമിയാരെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഷാഫിയോടടുത്ത വൃത്തങ്ങളെല്ലാം പറഞ്ഞത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേരാണ്. രാഹുലാകട്ടെ പാലക്കാട് കേന്ദ്രീകരിച്ചു ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെക്കുകയും ചെയ്തു. എന്നാല്‍ കെട്ടിയിറക്കുന്ന സ്ഥനാര്‍ഥികള്‍ ജില്ലയില്‍ വേണ്ടെന്ന നിലപാടിലാണ് പാലക്കാട് ഡിസിസി നേതൃത്വം. ഇക്കാര്യം കെപിസിസിയെ അറിയിച്ചിട്ടുമുണ്ട്.
വികെ ശ്രീകണ്ഠന്‍ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ മുതലായ നേതാക്കള്‍ മുന്നോട്ട് വെച്ചത് വിടി ബല്‍റാം, ഡോ പി സരിന്‍ എന്നീ പേരുകളാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് എഐസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെസി വേണു ഗോപാലിനെ കാണാന്‍ സരിന്‍ ദില്ലിയിലെത്തിയത്. മെട്രോമാനോട് പൊരുതി നേടിയ സീറ്റില്‍ ആരെ നിര്‍ത്തണമെന്നത് കോണ്‍ഗ്രസിനു മുന്നിലും ഗൗരവകരമായ ചോദ്യം തന്നെയാണ്. ചലഞ്ചേറ്റെടുത്ത് വടകരക്ക് വണ്ടി കയറിയ ഷാഫിക്ക് പിന്‍ഗാമിയെ നിര്‍ദ്ദേശിക്കുന്നതില്‍ മുന്‍ തൂക്കമുണ്ട്. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ ഹൈക്കമാന്റായിരിക്കും തീരുമാനമെടുക്കുക.
മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതാവ് ‘അവനെന്ന് വിളിച്ചെന്ന് മന്ത്രി, ഞങ്ങളില്‍ ഒരാളെ ‘പരനാറി’ എന്ന് വിളിച്ചെന്ന് സതീശന്‍
തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ വാക്‌പോര്. മുഖ്യമന്ത്രിയെ ഒരു കോണ്‍ഗ്രസ് നേതാവ് വിളിച്ചത് ‘അവന്‍’ എന്നാണ്. പ്രതിപക്ഷ നേതാവിനെ ഞങ്ങള്‍ ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. തന്നെ ആരും അങ്ങിനെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശന്‍, ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ മുഖ്യമന്ത്രി ‘പരനാറി’ എന്ന് വിളിച്ചിട്ടുണ്ടെന്ന് തിരിച്ചടിച്ചു
ജനങ്ങള്‍ ഞങ്ങള്‍ക്ക് അമ്മയെ പോലെയാണെന്ന് എംബി രാജേഷ് പറഞ്ഞു. ചിലപ്പോള്‍ ശകാരിക്കും, തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകും. വിജയത്തിന്റെ ഉന്മാദം പ്രതിപക്ഷത്തെ ബാധിച്ചിരിക്കുന്നു. 20- 20 ഫൈനല്‍ മത്സരത്തില്‍ അക്‌സര്‍ പട്ടേലിന്റെ ഓവറില്‍ 24 റണ്‍ വഴങ്ങിയപ്പോള്‍ കളി തീര്‍ന്നു എന്ന് എല്ലാവരും കരുതി. എന്നാല്‍ പിന്നാലെ വന്ന ബുമ്ര കളി ഇന്ത്യയുടെ വരുതിയിലാക്കി. ഇപ്പോള്‍ കളി തീര്‍ന്നു എന്ന് പ്രതിപക്ഷം വിചാരിക്കരുത്. കളി കാണാന്‍ ഇരിക്കുന്നതേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ച് കയറ്റിയ സംഭവം; പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്
കോഴിക്കോട്: ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. ആർഎംപി നേതാവ് കെഎസ് ഹരിഹരനാണ് അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയത്. കോഴിക്കോട് ഡിസിപി ഓഫീസിൽ വെച്ചാണ് ഹരിഹരൻറെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
സംഭവം ഗുരുതരമായ സുരക്ഷ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഹരിഹരൻ ഡിജിപിക്ക് പരാതി നൽകിയത്. തുടർന്ന് ഡിജിപി അന്വേഷണത്തിന് കോഴിക്കോട് ഡിസിപിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഗോവ ഗവർണ്ണറുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സിപിഎം ജില്ല സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസിനെതിരെ കേസെടുക്കാത്ത പൊലീസ് 1000 രൂപ പിഴ ഈടാക്കി സംഭവം ഒതുക്കുകയത് വിവാദമായിരുന്നു. പൊലീസുകാർ തടഞ്ഞിട്ടും ബോധപൂർവം വാഹനവ്യൂഹത്തിലേക്ക് കയറാൻ തുടർച്ചയായ ശ്രമമുണ്ടായെന്ന് അന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ജൂലിയസ് ബോധപൂർവം ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിൻറെ വിലയിരുത്തൽ. ഇതിനോടകം കിട്ടിയ സിസിടിവി ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നുണ്ട് എന്നാണ് പോലീസിൻറെ വാദം. ജൂലിയസിൻറെ പ്രവർത്തി കൊണ്ട് ഗവർണറുടെ യാത്ര വൈകുകയോ വാഹന വ്യൂഹത്തിന് തടസം നേരിടുകയോ ചെയ്തിട്ടില്ല. പൊലീസ് നിർദ്ദേശം പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മോട്ടോർ വാഹന നിയമം 179 പ്രകാരം ജൂലിയസിന് 1000 രൂപ പിഴയിട്ടത്.