പിറന്നാള്‍ കേക്കുമായി രാത്രി പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നഹാസിനാണ് കൊല്ലം തേവലക്കരയില്‍ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍വെച്ച് മര്‍ദനമേറ്റത്. അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നഹാസിനെതിരേ കൊല്ലം തെക്കുംഭാഗം പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടില്‍ കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് നഹാസ് കൊല്ലം തേവലക്കരയിലെ പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലെത്തി കാണാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിക്ക് പിറന്നാള്‍ കേക്കുമായാണ് യുവാവ് ഇവിടെവന്നത്. എന്നാല്‍, കേക്കുമായി എത്തിയ തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് നഹാസ് പറയുന്നത്. 13-ഓളം പേരാണ് കെട്ടിത്തൂക്കി അടിച്ചതെന്നും തേങ്ങ തുണിയില്‍ കെട്ടി തലയില്‍ ഉള്‍പ്പെടെ മര്‍ദിച്ചതായും തീപ്പെട്ടിക്കൊള്ളി ഉരച്ച് ചെവിയില്‍ കുത്തിക്കയറ്റിയതായും യുവാവ് പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശരീരത്തിലാകെ പാടുകളുണ്ട്. ഒടുവില്‍ പോലീസെത്തിയാണ് മോചിപ്പിച്ചതെന്നും യുവാവ് പറയുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കൊല്ലം തെക്കുംഭാഗം പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി 16-കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. യുവാവിന്റെ ശല്യംസഹിക്കവയ്യാതെയാണ് കോന്നി സ്വദേശിനിയായ പെണ്‍കുട്ടിയെ തേവലക്കരയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയതെന്നും കുടുംബം പോലീസിനോട് പറഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റതിന് യുവാവ് രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
കുഴിനഖ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കളക്ടര്‍ക്കെതിരേ കെ.ജി.എം.ഒ.എ പ്രതിഷേധം
തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനെതിരേ കെ.ജി.എം.ഒ.എ. (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍). സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന് പരാതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയാണ് കളക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ആക്ഷേപം.
കുഴിനഖത്തിന്റെ ചികിത്സയ്ക്കായാണ് ഡോക്ടറെ കളക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന് വീട്ടില്‍ കാത്തിരിക്കേണ്ടി വന്നുവെന്നും വിവരമുണ്ട്. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിയിലിരിക്കെയാണ് ഡോക്ടറെ സ്വകാര്യ ആവശ്യത്തിനായി വിളിച്ചുവരുത്തിയത്. തിരക്കേറിയ ഒ.പിയില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുര്‍വിനിയോഗം നടത്തിക്കൊണ്ട് സ്വകാര്യ ആവശ്യത്തിന് വിളിച്ചുവരുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.ജി.എം.ഒ.എ. കുറ്റപ്പെടുത്തി.
കളക്ടറുടെ നടപടി കാരണം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരോട് മാന്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ.ജി.എം.ഒ.എ. ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ചോരയൊലിപ്പിച്ച് സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി; പുനലൂര്‍ കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്
ചോരയൊലിക്കുന്ന മുറിപ്പാടുമായി കോടതിമുറിയിലെ സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി യുവാവ്. തിരുനെല്‍വേലി സ്വദേശി ദാവീദ് രാജ (43) ആണ് കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ വ്യാഴാഴ്ച 10.30 -ഓടെ ആയിരുന്നു സംഭവം.
തലയിലെ മുറിപ്പാടില്‍നിന്ന് ചോരയൊലിക്കുന്ന നിലയിലാണ് യുവാവ് കോടതിമുറിയിലേക്ക് ഓടിക്കയറിയത്. ഈ സമയം കോടതി ആരംഭിച്ചിരുന്നില്ല. സാക്ഷിക്കൂട്ടില്‍ കയറിയിരുന്ന യുവാവ് വൈകാതെ ബഹളമുണ്ടാക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവാവിന് പരിക്കേറ്റത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
ഗുണ്ടാ ആക്രമണക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ടു; തിരച്ചിൽ
വീട്ടിൽക്കയറി യുവാവിന് നേരേ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കാരക്കോണം പുല്ലന്തേരിയിലെ ബിനോയ് എന്ന അച്ചൂസ് ആണ് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞത്. ബുധനാഴ്ച രാത്രി ശൗചാലയത്തിലേക്ക് പോകുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കാരക്കോണം പുല്ലന്തേരി പണ്ടാരത്തറ അഭിരാമത്തിൽ സുദേവനെ വീട്ടിൽക്കയറി ആക്രമിച്ച കേസിലാണ് ബിനോയി എന്ന അച്ചൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സംഭവത്തിൽ കൈയ്ക്ക് പൊട്ടലേറ്റ ബിനോയി ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. അന്വേഷണത്തിൽ പ്രതി ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ വെള്ളറട പോലീസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെയാണ് പ്രതി കടന്നുകളഞ്ഞത്.
വീട്ടിൽക്കയറി ആക്രമണം നടത്തിയ കേസിൽ മറ്റൊരു പ്രതിയായ അമൽ എന്ന അനന്തുവിനെ വെള്ളറട പോലീസ് നേരത്തെ പിടികൂടിയിരുന്നു. പ്രതികൾ സുദേവന്റെ വീടിന് മുന്നിലെത്തി അസഭ്യംവിളിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതുകേട്ട് പുറത്തിറങ്ങിയ സുദേവനെ ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ചു. മുഖത്ത് കല്ല് കൊണ്ടിടിക്കുകയുംചെയ്തു.
തിങ്കളാഴ്ച രാത്രി പാറശ്ശാല പോലീസ് സ്റ്റേഷനിൽനിന്ന് കൊലക്കേസ് പ്രതിയും രക്ഷപ്പെട്ടിരുന്നു. പരശുവയ്ക്കൽ സ്വദേശിയായ മിഥുൻ ആണ് പാറശ്ശാല സ്റ്റേഷനിൽനിന്നും കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് വിഷം കഴിച്ചനിലയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
സാമ്പത്തിക പ്രതിസന്ധി: കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ പാകിസ്താന്‍, അതോറിറ്റി രൂപവത്കരിച്ചു
ഇസ്ലാമാബാദ്: മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി പാകിസ്താന്‍. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കണ്‍ട്രോള്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി (സി.സി.ആര്‍.എ) രൂപവത്കരിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പാസാക്കി.
മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും, വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിര്‍മാണം, വില്‍പ്പന തുടങ്ങിയ പ്രക്രിയകള്‍ക്കും ഈ റെഗുലേറ്ററി ബോര്‍ഡിനായിരിക്കും ഉത്തരവാദിത്വം. 13-അംഗങ്ങളാണ് സി.സി.ആര്‍.എ യിലുള്ളത്. വിവിധ സര്‍ക്കാര്‍ ഡിപാര്‍ട്മെന്റുകള്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, സ്വകാര്യ മേഖലകള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഈ അതോറിറ്റിയുടെ ഭാഗമാകും. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്ന 2020-ലാണ് ഈ അതോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച് ആദ്യമായി നിര്‍ദേശം വരുന്നത്.
കഞ്ചാവും അതുമായി ബന്ധപ്പെട്ട ആഗോളവിപണിയില്‍ കടന്നുചെല്ലാനുള്ള പാകിസ്താന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതി, വിദേശനിക്ഷേപം, ആഭ്യന്തര വില്‍പ്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴ്ന്ന നിലയിലാണ്.
യു.എന്‍ നിയമപ്രകാരം ഒരു രാജ്യത്തിന് കഞ്ചാവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യണമെങ്കില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു ഫെഡറല്‍ സ്ഥാപനമുണ്ടായിരിക്കണം. വിനോദ ആവശ്യങ്ങള്‍ക്കായി നിയമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ പിഴശിക്ഷയുണ്ട്. വ്യക്തികള്‍ക്ക് ഒരു മില്ല്യണ്‍ മുതല്‍ 10 മില്ല്യണ്‍ വരെയും കമ്പനികള്‍ക്ക് ഒരു കോടി മുതല്‍ 20 കോടി വരെയുമുള്ള പാകിസ്താനി രൂപയാണ് പിഴ. സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട ലൈസന്‍സ് നല്‍കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി, ഒരു മുന്‍സിപ്പാലിറ്റി അംഗത്തെയും 2 പഞ്ചായത്ത് അംഗങ്ങളെയും അയോഗ്യരാക്കി
ഒരു മുന്‍സിപ്പാലിറ്റി അംഗത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. കൊല്ലം പരവൂര്‍ മുന്‍സിപ്പാലിറ്റി 10-ാം വാര്‍ഡ് കൗണ്‍സിലര്‍ നിഷാകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്തംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്തംഗം സുല്‍ഫിക്കര്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്.
ഇല്ലാത്ത പ്രിന്റിംഗ് പ്രസ്സിന്റെ പേരില്‍ ചെയര്‍പേഴ്‌സന്റെയും അംഗങ്ങളുടേയും ലെറ്റര്‍ പാഡ് അച്ചടി കരാര്‍ ഏറ്റെടുത്തതിനും, വ്യാജ ബില്ലുകള്‍ നല്‍കി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടര്‍ച്ചയായി കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്.
കൊല്ലം പരവൂര്‍ നഗരസഭയിലെ കൃഷിഭവന്‍ വാര്‍ഡ് അംഗവും സിപിഐയുടെ ഏക കൗണ്‍സിലറുമാണ് നടപടി നേരിട്ട പി. നിഷാകുമാരി. നഗരസഭയുടെ അച്ചടി ജോലികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുറഞ്ഞ തുകയ്ക്ക് ടെന്‍ഡര്‍ എടുത്താണ് നിഷാ കുമാരി പണം കൈപ്പറ്റിയത്. കൂനയില്‍ പ്രവര്‍ത്തിക്കുന്ന അമ്പാടി പ്രിന്റേഴ്‌സ് എന്ന എന്ന ഇല്ലാത്ത കമ്പനിയുടെ പേരിലാണ് ലക്ഷങ്ങള്‍ കൈപ്പറ്റിയത്. വ്യാജ ബില്ലിലേയും കൗണ്‍സിലറുടേയും ഒരേ ഫോണ്‍ നമ്പര്‍. നഗരസഭയുടെ നോട്ടീസ്, ലെറ്റര്‍ പാസ്, ബജറ്റ് ബുക്ക് തുടങ്ങിയവയുടെ അച്ചടി കൗണ്‍സിലര്‍ സ്വന്തമാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനം കുറഞ്ഞു, 39242 പേര്‍ക്ക് ഫുള്‍ എ പ്ലസ്
സംസ്ഥാനത്തെ 2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം.
മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്റെ കുറവാണുണ്ടായത്.
ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്‌സ് 76.11ശതമാനവുമാണ് വിജയം. ഇത്തവണ സയന്‍സ് വിഭാഗത്തില്‍ മാത്രമായി 189411 പേര്‍ പരീക്ഷയെഴുതിതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 76835 പേര്‍ പരീക്ഷ എഴുതിയതില്‍ 51144 ഉന്നത പഠനത്തിന് അര്‍ഹത നേടി.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%). സംസ്ഥാനത്ത് 63 സ്‌കൂളുകള്‍ 100ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇത്തവണ എല്ലാ വിഷയങ്ങളിലും 39,242 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5427പേരുടെ വര്‍ധനവാണുണ്ടായത്.
100ശതമാനം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ കുറഞ്ഞതില്‍ അന്വേഷണം
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ അധികം ഇല്ലാത്തതില്‍ അന്വേഷണം നടത്തുമെന്നും രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥി ജീവിതത്തിന്റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്‌കൂള്‍ ജീവിതത്തിന്റെ അവസാനവുമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.
മികച്ച ഗുണനിലവാരത്തോടെ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിനായി ഒരുക്കുകയെന്നതാണ് ലക്ഷ്യം.മികച്ച രീതിയില്‍ അധ്യയനം നടന്ന വര്‍ഷമാണ് 2023-24 എന്നും മന്ത്രി പറഞ്ഞു. വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിരാശ വേണ്ടെന്നും വീണ്ടും വിജയിക്കാമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താന്‍ പദ്ധതി
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഒരു വര്‍ഷം നീളുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും. നാല് ലക്ഷത്തി നാല്‍പത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 29,300 പേരാണ് വി എച്ച് എസ്ഇ പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്നിനാണ് ഹയര്‍സെക്കന്ററി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളില്‍ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വണ്‍ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി റഗുലര്‍ വിഭാഗത്തില്‍ 27798 കുട്ടികളും 1,502 കുട്ടികള്‍ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.
പരീക്ഷാ ഫലം അറിയാനുള്ള വെബ്‌സൈറ്റുകള്‍
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.