കേരള ബ്ലാസ്റ്റേഴ്സിന് 2023 വര്ഷം സുവര്ണകാലഘട്ടം തന്നെയാണെന്നാണ് പ്രേക്ഷകർ വിധിയെഴുതുന്നതു .മോഹൻ ബഗാൻ എന്ന കൊൽക്കത്ത ടീമിനെ അവരുടെ തട്ടകമായ സാള്‍ട്ട്‌ലേക്കില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതിന്റെ ആഹ്ലാദത്തോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് 2023 എന്ന വര്‍ഷം അവസാനിപ്പിക്കുന്നത്.
വിജയത്തോടെ 12 കളിയില്‍നിന്ന് 26 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാമതു നില്‍ക്കുന്നു ഇവാൻ വുകുമനോവിച്ചിന്റെ സംഘം. ഇതില്‍ എട്ടു ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമുണ്ട്. പഞ്ചാബ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ എന്നിവര്‍ക്കെതിരെ നേടിയ തുടര്‍ച്ചയായ മൂന്നു ക്ലീൻഷീറ്റ് വിജയമാണ് അടുത്ത വര്‍ഷത്തേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ധനം. കളത്തിന് പുറത്ത് തുടര്‍ച്ചയായി നേരിട്ട തിരിച്ചടികള്‍ക്കിടയിലാണ് കേരള ടീമിന്റെ സ്വപ്‌നക്കുതിപ്പ്.
സീസണ്‍ ആരംഭിക്കും മുമ്ബേ പരിക്കുകളോട് പടവെട്ടേണ്ടി വന്ന ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഈ വര്‍ഷം ടീമിലേക്ക് റിക്രൂട്ട് ചെയ്ത ആസ്‌ട്രേലിയൻ താരം ജോഷ്വ സെറ്റിരിയാണ് പരിക്കേറ്റ് മടങ്ങിയ ആദ്യതാരം. പരിശീലന സെഷനിടെ കണങ്കാലിന് പരിക്കേറ്റ താരത്തിന് ഈ സീസണ്‍ നഷ്ടമാകും. ആസ്‌ട്രേലിയൻ എ ലീഗിലെ ന്യൂകാസില്‍ ജെറ്റ്‌സില്‍ നിന്ന് രണ്ടു വര്‍ഷത്തെ കരാറിലാണ് ജോഷ്വയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.
തൊട്ടുപിന്നാലെ, മിഡ്ഫീല്‍ഡ് എഞ്ചിൻ ജീക്‌സണ്‍ സിങ്ങും പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നു. തോളിന് പരിക്കേറ്റ താരം ഇപ്പോള്‍ വിശ്രമത്തിലാണ്. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒക്ടോബര്‍ എട്ടിന് നടന്ന കളിക്കിടെയാണ് ജീക്‌സണ് പരിക്കേറ്റത്. അതേ കളിയില്‍ തന്നെ വിങ് ബാക്ക് ഐബൻ ദോഹ് ലിങ്ങും പരിക്കേറ്റ് മടങ്ങി. ഐബന് ഈ സീസണില്‍ കളത്തിലിറങ്ങനാകില്ല. 27കാരനായ ഡിഫൻഡറെ എഫ്‌സി ഗോവയില്‍നിന്ന് പൊന്നും വില കൊടുത്താണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ജീക്‌സണ് പകരം ഡിഫൻസീവ് മിഡ്ഫീല്‍ഡില്‍ കളം നിറഞ്ഞു കളിച്ച മലയാളി വിബിൻ മോഹനനും പരിക്കു പറ്റി വിശ്രമത്തിലാണ്. വിബിന്റെ പരിക്ക് എത്രമാത്രം ഗുരുതമാണ് എന്നറിയില്ല.
ഇതിന് പുറമേയാണ്, സൂപ്പർ താരവും സിആപ്റ്റനുമായിരുന്ന എഡ്രിയാൻ ലൂണയുടെ പരിക്ക്. പരിശീലനത്തിടെയാണ് താരത്തിന് പരിക്കേറ്റത്. ഈ സീസണില്‍ യുറഗ്വായ് താരത്തിനും പുറത്തിരിക്കേണ്ടി വരും. ലൂണയെ ആശ്രയിച്ചാണ് ടീമിന്റെ ഘടന തന്നെ കോച്ച് ഇവാൻ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്ത ലൂണ ഒമ്ബത് കളികളില്‍നിന്ന് മൂന്നു ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാലു അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ഒരച്ചുതണ്ട് പോലെ ലൂനയില്‍ കറങ്ങിത്തിരിയുന്ന ടീം എന്നത് പ്രശംസയായും വിമര്‍ശനമായും ഉയര്‍ന്നു കേള്‍ക്കുന്നതിനിടെയാണ് ലൂണയില്ലാതെ മൂന്നു വിജയങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.അതും ടൂര്‍ണമെന്റിലെ ശക്തരായ മുംബൈയേയും മോഹൻ ബഗാനെയും വരെ തോല്‍പ്പിക്കാനായി എന്നതാണ് എടുത്തുപറയേണ്ട നേട്ടം. ഇതിൽ നിന്ന് തന്നെ ടീമിലെ കളിക്കാരെല്ലാം ഒന്നിനൊന്നു മികച്ചതെന്ന് പറയാൻ കഴിയും. കൊല്‍ക്കത്തയില്‍ അവരുടെ തട്ടകത്തില്‍ പോയി ബഗാനെ മലര്‍ത്തിയടിക്കുക എന്ന നേട്ടം അധികമാര്‍ക്കും കഴിയാത്തതാണ്. അതാണ് ഇവാന്റെ സംഘം ബുധനാഴ്ച സ്വന്തം പേരിലാക്കിയത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസിന്റെ വ്യക്തിഗത മികവുള്ള ഗോളാണ് വിജയം സമ്മാനിച്ചത്. ഒരു ഡയമണ്ട് തന്നെയാണ് താനെന്ന് ഡയമന്റകോസ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഏഴ് ഗോളുമായി ഗോള്‍ഡൻ ബൂട്ട് റേസില്‍ ഒന്നമതാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍.
പരിക്കില്‍ നിന്ന് മോചിതനായി മാര്‍കോ ലെസ്‌കോവിച്ച് പ്രതിരോധത്തിലേക്ക് തിരിച്ചെത്തിയ ശേഷം മൂന്നു മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങിയിട്ടില്ല. ലൂണ പോയ ശേഷം ലഭിച്ച ക്യാപ്റ്റന്റെ ആം ബാൻഡ് ക്രൊയേഷ്യൻ താരത്തെ കൂടുതല്‍ സമര്‍പ്പിതനായിക്കിയിട്ടുണ്ട്. ഉരച്ചുരച്ചു വരുമ്ബോള്‍ തിളങ്ങുന്ന ലോഹം പോലെയാണ് ബ്ളാസ്റ്റേഴ്സിലെ ഓരോ താരങ്ങളുടെയും മുന്നേറ്റം . തുടര്‍ച്ചയായ നാലു മഞ്ഞക്കാര്‍ഡ് കണ്ട രാഹുല്‍ അടുത്ത കളിയില്‍ ഉണ്ടാകില്ല. പകരം ബ്രൈസ് മിറാന്റയോ സൗരവോ ആദ്യ ഇലവനില്‍ ഇടംപിടിക്കും.
ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കാഡമി ഉത്പന്നങ്ങള്‍ കളത്തില്‍ പെരുമ കാണിച്ചു തുടങ്ങിയ സീസണ്‍ കൂടിയാണിത്. ഐമൻ, അസ്ഹര്‍, വിബിൻ, യോഹൻബ മീഠെ, സച്ചിൻ സുരേഷ് എന്നിവരാണ് അക്കാഡമി വഴി സീനിയര്‍ ടീമിലെത്തിയ താരങ്ങള്‍. 19കാരനായ യോഹൻബയുടെ അരങ്ങേറ്റ മത്സരമായിരുന്നു മോഹൻ ബഗാനെതിരെ നടന്നത്.
ഐഎസ്‌എല്‍ 10-ാം സീസണില്‍ 12 മത്സരങ്ങളില്‍നിന്ന് എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വികളുമായി 26 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒന്നാം സ്ഥാനത്താണുള്ളത്. രണ്ടാമതുള്ള ഗോവയ്ക്ക്, ഒൻപത് കളികളില്‍നിന്ന് ഏഴ് ജയവും രണ്ട് സമനിലയുമുള്‍പ്പടെ-23 പോയിന്റാണുള്ളത്.മൂന്നാം സ്ഥാനത്ത് മുംബൈയാണുള്ളത്.11 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് അവര്‍ക്കുള്ളത്.11 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ഒഡീഷ നാലാം സ്ഥാനത്തും നില്‍ക്കുന്നു.
ഭാരത് അരി വിപണിയിലെത്തിക്കാന്‍ കേന്ദ്രം, ലക്ഷ്യം തിരഞ്ഞെടുപ്പോ?
ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് പ്രധാന രാഷ്ടീയ പാര്‍ട്ടികള്‍. അവസാന നാളുകളില്‍ ഓരോ കരുക്കള്‍ നീക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് മുഖ്യധാര പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട്, ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് കരുക്കളൊരുക്കുന്നതില്‍ മുന്നിലെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഇത്തവണ അരിയുടെ രൂപത്തിലെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരിയാണ് കേന്ദ്രം ഉടന്‍ വിപണിയിലെത്തിക്കുന്നത്. കിലോഗ്രാമിന് 25 രൂപ എന്ന കുറഞ്ഞ നിരക്കിലാവും അരി ചില്ലറ വില്‍പ്പനയ്ക്കായി എത്തുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടി എന്ന നിലയിലാണ് തീരുമാനം. രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കേ, ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞനിരക്കില്‍ നിലനിറുത്തേണ്ടത് കേന്ദ്രത്തിന് നിര്‍ണായകമാണ്.
അരിവിതരണം ആരംഭിക്കുന്നത് ?
സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ – ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ( നാഫെഡ്), നാഷണല്‍ കോ- ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട് ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ എന്നിവിടങ്ങളിലാണ് ഭാരത് അരി ലഭിക്കുക.
സര്‍ക്കാര്‍ ഇതിനകം തന്നെ ആട്ടയും പയര്‍വര്‍ഗവുമെല്ലാം ഭാരത് ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്നുണ്ട്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ഇ ലേലം വഴി ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഓഫ് ലോഡ് ചെയ്യുന്ന തുക വര്‍ദ്ധിപ്പിച്ച് ഗോതമ്പ് വില ഉയരുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ അരിയുടെ കാര്യത്തില്‍ സാധിച്ചിരുന്നില്ല.
2024- ലെ പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സര്‍ക്കാരിന് പ്രധാന വെല്ലുവിളിയാണ് ധാന്യങ്ങളുടെ വില വര്‍ദ്ധന.
നവംബറില്‍ ധാന്യങ്ങളുടെ വില 10.27% ആയി ഉയര്‍ന്നു, ഭക്ഷ്യ വിലപ്പെരുപ്പം നവംബറില്‍ 8.70% ആയി ഉയര്‍ന്നു, മുന്‍ മാസം ഇത് 6.61% ആയിരുന്നു. എഫ് സി ഐ അടുത്തിടെ അരിയുടെ ഒ എം എസ് എസ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കുകയും കുറച്ച് അയവ് വരുത്തുകയും ചെയ്തിരുന്നു. ലേലം വിളിക്കാവുന്ന അരിയുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ അളവ് യഥാക്രമം 1 എംടി, 2000 എംടി എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു.
അതേ സമയം അരിയുടെ ശരാശരി ചില്ലറ വില്‍പ്പന വില കിലോ ഗ്രാമിന് 43.3 രൂപയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 14.1 ശതമാനമാണ് അരിക്ക് വില വര്‍ദ്ധിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഭാരത് റൈസ് എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കാനുള്ള ആലോചനയിലേക്ക് എത്തുന്നത്. നിലവില്‍ ഭാരത് ആട്ട കിലോയ്ക്ക് 27. 50 രൂപ നിരക്കിലും ഭാരത് ദാല്‍ 60 രൂപ നിരക്കിലും സര്‍ക്കാര്‍ വില്‍ക്കുന്നുണ്ട്. 2000ത്തിലേറെ വില്‍പ്പനകേന്ദ്രങ്ങള്‍ മുഖേനെയാണ് ഇവ വില്‍ക്കുന്നത്. ഭാരത് റൈസും ഇതേ മാതൃകയില്‍ വില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഈയിടെ ബസുമതിയല്ലാത്ത എല്ലാ അരിയുടെയും സവാളയുടെയും കയറ്റുമതി കേന്ദ്രം തടഞ്ഞിരുന്നു. ആഭ്യന്തര വിപണിയില്‍ ഇവ കൂടുതലെത്തിച്ച് വിലക്കയറ്റം തടയാനായിരുന്നു ഇത്. അതുപോലെ സവാള സംഭരിച്ച് കേന്ദ്രം കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്തിരുന്നു. വിപണിയില്‍ അരി ലഭ്യതയുറപ്പാക്കാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അരിയെത്തിച്ചിരുന്നു.
2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ടാണ് ഭാരത് അരിവിപണിയിലെത്തിക്കാന്‍ കാരണം.ഭരിക്കുന്ന പാര്‍ട്ടിയുടെ ലക്ഷ്യം തന്നെ അവശ്യസാധനങ്ങള്‍ വില കുറച്ച് നല്‍കുകയെന്ന് തന്നെയാണ്.അവര്‍ അതിന് കാരണം പറയുന്നത് പ്രതിപക്ഷം വിലക്കയറ്റവും തൊഴിലില്ലായ്മയും മുഖ്യപ്രചരണ വിഷയമായി ഉയര്‍ത്തി കൊണ്ടു വരുമെന്ന് തന്നെയാണ്. അത് മുന്നില്‍ക്കണ്ടു കൊണ്ട് തന്നെയാണ് അരി രാഷ്ട്രീയവുമായി കേന്ദ്രം മുന്നിലെത്തുന്നത്. അതിനെ തടയിടാന്‍ വേണ്ടി ഭാരത് റൈസ് വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റം കുറഞ്ഞ് നാലു ശതമാനത്തിലെത്തും. അപ്പോള്‍ അവശ്യ സാധനങ്ങളുടെ വിലകുറച്ച് വിപണിയിലെത്തിക്കുകയാണ് ഇപ്പോള്‍ പയറ്റുന്ന കരുക്കള്‍. ഉടന്‍ തന്നെ അരി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
കടന്നപ്പള്ളിക്ക് റജിസ്ട്രേഷന്‍, തുറമുഖം വി.എന്‍. വാസവന്; ഗണേഷിന് കെഎസ്ആര്‍ടിസി
തിരുവനന്തപുരംന്: രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നല്‍കിയില്ല. എല്‍ഡിഎഫിലെ ധാരണപ്രകാരം രണ്ടരവര്‍ഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവര്‍കോവില്‍ വഹിച്ചിരുന്ന വകുപ്പാണിത്. തുറമുഖത്തിനു പകരമായി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് വി.എന്‍.വാസവന്റെ റജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കി. തുറമുഖ വകുപ്പ് വി.എന്‍.വാസവനു കൈമാറി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു തുറമുഖ മന്ത്രി. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഘടകകക്ഷിയില്‍നിന്ന് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്.
റജിസ്‌ട്രേഷനു പുറമേ മ്യൂസിയവും പുരാവസ്തു വകുപ്പും ആര്‍ക്കീവ്‌സും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു നല്‍കി. ഗണേഷ് കുമാറിന് റോഡ് ട്രാന്‍സ്‌പോര്‍ട്ട്, മോട്ടര്‍ വെഹിക്കിള്‍, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകള്‍ നല്‍കി. ആഗ്രഹമുണ്ടായിരുന്ന സിനിമ വകുപ്പ് നല്‍കിയില്ല. ആ വകുപ്പ് സജി ചെറിയാന്റെ അധികാരത്തില്‍ തുടരും.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തൈക്കാട് ഹൗസോ നിളയോ ഔദ്യോഗിക വസതിയായി നല്‍കും. നിളയില്‍ താമസിച്ചിരുന്ന വീണാ ജോര്‍ജ് വാടക വീട്ടിലേക്ക് മാറിയിരുന്നു. ഗണേഷ് കുമാര്‍ ഔദ്യോഗിക വസതി ആവശ്യപ്പെട്ടിട്ടില്ല. കടന്നപ്പള്ളിക്ക് ആറാം നമ്പര്‍ സ്റ്റേറ്റ് കാര്‍ നല്‍കി. ഗണേഷ് കുമാറിന് ഏഴാം നമ്പര്‍ കാറാണ് നല്‍കിയത്.
അസം വിഘടനവാദ സംഘടനയായ ഉള്‍ഫയുമായി സമാധാന കരാറില്‍ ഒപ്പുവെച്ചു; ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഷാ
വടക്കുകിഴക്കന്‍ മേഖലയിലെ വിഘടനവാദ സംഘടനയായ ഉള്‍ഫയുമായി സമാധാന കരാറില്‍ ഒപ്പുവച്ച് കേന്ദ്ര, അസം സര്‍ക്കാരുകള്‍. അനധികൃത കുടിയേറ്റം, തദ്ദേശീയ സമൂഹങ്ങള്‍ക്കുള്ള ഭൂമി അവകാശം, അസമിന്റെ വികസനം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നിലവില്‍ കരാറില്‍ ഇരുവിഭാഗവും ഒപ്പുവച്ചിരിക്കുന്നത്.
ഉള്‍ഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും കേന്ദ്രം പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്ര പ്രദേശത്ത് സമാധാനം ഉറപ്പാക്കുമെന്ന അവരുടെ വിശ്വാസത്തെ മാനിക്കപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുലര്‍ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസമില്‍ നിന്നും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും പല പ്രദേശങ്ങളില്‍ നിന്നും അഫ്‌സ്പ നിയമം നീക്കം ചെയ്തത് പ്രദേശങ്ങളില്‍ കലാപകരമായ നീക്കങ്ങള്‍ അവസാനിച്ചതിന്റെ തെളിവാണെന്ന് ഷാ പറഞ്ഞു. ഉള്‍ഫയുമായുള്ള സമാധാന കരാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരം കാണുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും അഭിപ്രായപ്പെട്ടു. 1990 മുതല്‍ തീവ്രവാദ സംഘടനയായി മുദ്രകുത്തി രാജ്യത്ത് നിരോധിച്ച സംഘനയായിരുന്നു ഉള്‍ഫ. സമാനമായി, 2011-ലും ഇവര്‍ കേന്ദ്രവും അസം സംസ്ഥാനവുമായി ത്രികക്ഷി കരാറില്‍ ഒപ്പുവച്ചിരുന്നു.
തൃശ്ശൂര്‍ പൂരം പ്രതിസന്ധി ഒഴിഞ്ഞു, തറവാടക കൂട്ടില്ല; പ്രശ്നപരിഹാരം മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍
തൃശൂര്‍ പൂരം എക്സിബിഷന്‍ തറവാടക പ്രശ്നത്തിന് താല്‍കാലിക പരിഹാരം. 2023-ലെ അതേ തറവാടക വാങ്ങി തല്‍സ്ഥിതി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. കൂടാതെ മുന്‍ധാരണപ്രകാരമുള്ള എട്ടുശതമാനം വര്‍ധനവും തറവാടകയിനത്തില്‍ ഉണ്ടാകും.
പൂരം നടത്തിപ്പിലെ ചെലവുകള്‍ വഹിക്കാനായി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ എക്സിബിഷനുകള്‍ നടത്താറുണ്ട്. എക്സിബിഷന്‍ നടത്തുന്നത് കൊച്ചിന്‍ ദേവസ്വത്തിന്റെ സ്ഥലത്താണ്. ഈ സ്ഥലത്തിന് തറവാടകയായി കഴിഞ്ഞവര്‍ഷം 42 ലക്ഷം രൂപയാണ് നല്‍കിയത്. എന്നാല്‍ ഇത്തവണ ഇത് ഒരു ചതുരശ്ര അടിയ്ക്ക് രണ്ടുരൂപ എന്ന നിരക്കില്‍ നിശ്ചയിച്ചു. ഇതോടെ തറവാടകയായി രണ്ട് കോടിയിലേറെ രൂപ നല്‍കേണ്ട സ്ഥിതി വന്നു.
തുടര്‍ന്ന് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൂരം പ്രതിസന്ധിയിലായി. പൂരം നടത്തിപ്പുതന്നെ തങ്ങള്‍ ഉപേക്ഷിക്കുമെന്ന് ദേവസ്വങ്ങള്‍ പറയുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ഈ ഘട്ടത്തില്‍ ദേവസ്വം മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടതും പ്രശ്നപരിഹാരത്തിനായി യോഗം വിളിച്ചതും.