കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ ഛര്‍ദിയും വയറിളക്കവുമായി 350 പേര്‍ ചികിത്സ തേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകള്‍ ശേഖരിച്ചു. ഡിഎംഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 15 ടവറുകളിലായി 1268 ഫ്‌ലാറ്റില്‍ 5000ത്തിന് മുകളില്‍ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.
ഫ്‌ലാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോര്‍വെല്‍, മുനിസിപ്പല്‍ ലൈന്‍ തുടങ്ങിയവയാണ് ഫ്‌ലാറ്റിലെ പ്രധാന ജല സ്രോതസുകള്‍. ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍ വഴി വെള്ളം എത്തിച്ചാണ് ഫ്‌ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്.
ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന്‍ അടക്കമുള്ള നടപടികളും ഉണ്ടാകും. പരിശോധനയില്‍ ഫ്‌ലാറ്റിലെ ഒരാളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു തന്നെയാണോ ഇത്രയും പേര്‍ക്ക് അസുഖം വരാന്‍ കാരണമെന്ന് ഇപ്പോള്‍ വ്യക്തമല്ല.
50 പേര്‍ സണ്‍ റൈസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിലവില്‍ ആരും ആശുപത്രിയില്‍ അഡ്മിറ്റ് അല്ല. വെള്ളത്തില്‍ നിന്നുള്ള ബാക്ടീരിയ അണുബാധ തന്നെയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് അസോസിയേഷനെതിരെ പരാതിയുണ്ട്.
സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു
തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമായി കുറഞ്ഞു. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നില്‍ക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി.
സാധാരണ രാവിലെ വേലന്താവളം പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയാല്‍ കാലുകുത്താന്‍ ഇടം ഉണ്ടാകില്ല. പച്ചക്കറി ചാക്കുകള്‍ കുന്നു കൂടി കിടക്കും. പക്ഷെ ഇപ്പോള്‍ ഇതാണ് കാലിയാണ് ആ ചന്ത. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണിപ്പോള്‍ വേലന്താവളം മാര്‍ക്കറ്റില്‍ കൂടുതലായി എത്തുന്നത്. എറണാകുളം , തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ പോകുന്നത് വേലന്താവളം മാര്‍ക്കറ്റ് വഴിയാണ്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കുറ്റമറ്റതാകണമെന്ന് സുപ്രിംകോടതി
നീറ്റില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല്‍ പോലും ഏറെ ഗൗരവത്തോടെ കാണണമെന്ന് കോടതി. വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേന്ദ്രത്തിനും, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും നോട്ടീസ് അയച്ചു. ഇതിനിടെ പരീക്ഷത്തലേന്ന് ചോദ്യ പേപ്പര്‍ കിട്ടിയതായി ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഉപദേശ രൂപേണ എന്നാല്‍ കടുത്ത നിലപാട് മുന്‍പോട്ട് വച്ചാണ് നീറ്റിലെ റിട്ട് പരാതികളില്‍ സുപ്രീംകോടതി നീരീക്ഷണം നടത്തിയത്. കഠിനാധ്വാനം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്. ആ പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിഗ് ഏജന്‍സി കുറ്റമറ്റതാകണം. ഒരു തെറ്റ് സംഭവിച്ചെങ്കില്‍ അത് സമ്മതിക്കണം. അത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. അത് വിദ്യാര്‍ത്ഥികള്‍ക്കും, ഏജന്‍സിക്ക് തന്നെയും ആത്മവിശ്വാസം കൂട്ടും. സമയ ബന്ധിതമായ നടപടിയാണ് എന്‍ടിഎയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
തട്ടിപ്പ് നടത്തി ഡോക്ടറാകുന്നയാള്‍ സമൂഹത്തിന് എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്ന് കൂടി പറഞ്ഞതോടെ നീറ്റില്‍ ഇതിനോടകം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ കോടതിയും സൂക്ഷ്മമായി നീരീക്ഷിക്കുന്നുവെന്ന് വിലയിരുത്താം. കേന്ദ്രത്തിനും, എന്‍ടിഎയ്കും വീണ്ടും നോട്ടീസ് നല്‍കിയ കോടതി മുന്‍ നിശ്ചയിച്ച പോലെ കേസ് 8ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ഇതിനിടെ ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ കുറ്റസമ്മതം നടത്തിയതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി. ലക്ഷങ്ങള്‍ നല്‍കിയെന്നും, ചോദ്യപേപ്പര്‍ തലേന്ന് കിട്ടിയെന്നുമാണ് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് വ്യക്തമായതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധമുയര്‍ത്തി.
വയനാടിന് പ്രിയങ്കരിയാകുമോ പ്രിയങ്ക
രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താനും പ്രിയങ്ക ഗാന്ധിയെ പകരം വയനാട്ടില്‍ മത്സരിപ്പിക്കാനുമുള്ള തീരുമാനം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. രാഹുല്‍ വയനാട് ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതിനാല്‍ പ്രത്യേകിച്ച് അത്ഭുതങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. രാഹുല്‍ വയനാട് സീറൊഴിഞ്ഞാല്‍ മതസരിക്കാനായി പല പേരുകള്‍ ഉയര്‍ന്നിരുന്നു.പക്ഷേ കോണ്‍ഗ്രസിന് താല്‍പ്പര്യം പ്രിയങ്ക മത്സരിക്കണമെന്നായിരുന്നു. അതുകാണ്ട് പ്രിയങ്കയുടെ വരവ് പ്രതീക്ഷിച്ചതാണ്. കോണ്‍ഗ്രസ് കരുതികൂട്ടി തന്നെയാണ് ഇറങ്ങുന്നതാണെന്ന് വ്യക്തം.
കേരളത്തിലെ കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ രാഹുലിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്തിയത്. വമ്പന്‍ ഭൂരിപക്ഷത്തില്‍, വയനാട് ജനത ജയിപ്പിച്ച രാഹുല്‍, ഒരു സുപ്രഭാതത്തില്‍ മണ്ഡലത്തില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍, കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോണ്‍ഗ്രസിന് കൃത്യമായി അറിയാം. രാഹുല്‍ പോയാല്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെങ്കിലും മത്സരിക്കണമെന്നായിരുന്നു ആവശ്യം. കെ മുരളീധരന്റേ പേര് മുഴങ്ങിയെങ്കിലും ഈ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്കില്ലെന്ന് മുരളീധരനും പറഞ്ഞു. പ്രിയങ്ക മത്സരിക്കുന്നതിന് കോണ്‍ഗ്രസുകാര്‍ക്ക് താല്‍പ്പര്യമാണ്. രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക വരണമെന്ന്് ലീഗ് നേതൃത്വം ഉള്‍പ്പെടെ എഐസിസിയോട് ആവശ്യപ്പെട്ടു.
വയനാടിനെ ഗാന്ധി കുടുംബം ഉപേക്ഷിച്ചുവെന്ന് ആക്ഷേപങ്ങള്‍ക്ക് തടയിടാന്‍ കൂടിയാണ് പ്രിയങ്കയെ, മത്സരിപ്പിക്കാനുള്ള തീരുമാനം. ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രിയങ്ക കൂടി പാര്‍ലമെന്റിലെത്തിയാല്‍ പ്രതിപക്ഷ നിര ശക്തമാകും.
. കേന്ദ്ര നേതൃത്വത്തിന്റെ ഒരു പ്രതിനിധി എന്ന പോലെ, കാര്യങ്ങള്‍ നിരീക്ഷിക്കാനും പ്രിയങ്കയെ പോലെ ഒരാള്‍ കേരളത്തില്‍ ഉള്ളത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് .ബിജെപിയെ എതിരിടാന്‍ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളാണ് പ്രിയങ്ക. തന്നെയാണെന്ന് കോണ്‍ഗ്രസ് കരുതാനുള്ള കാരണം യുപിയില്‍ ഇത്തവണ ഇന്ത്യാ മുന്നണി ഉണ്ടാക്കിയ നേട്ടമാണ്. വടക്ക് രാഹുലും തെക്ക് പ്രിയങ്കയുമെന്ന് സമവാക്യം ഇന്ത്യമുന്നണിയെയും ആവേശം കൊള്ളിപ്പിക്കുന്നു. രാഹുലിന്റെ ജോഡോ യാത്രയി വടക്കന്‍ സംസ്ഥാനങ്ങളിലുടനീളം ഇന്ത്യമുന്നണിയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചു.
പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട്ടിലേക്ക് എത്തുന്നു. ജൂലൈ രണ്ടാം വാരം ഇരുവരും വയനാട് സന്ദര്‍ശിക്കും. പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചശേഷമുള്ള ഇരുവരുടെയും ആദ്യ സന്ദര്‍ശനമായിരിക്കും. പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനമായാണ് വയനാട്ടിലെത്തുക.
മണ്ഡലത്തില്‍ ഒട്ടും ആശങ്കകളില്ലാതെയാണ് ഇക്കുറി കോണ്‍ഗ്രസ് പ്രചരണത്തിന് ഇറങ്ങുക. മൂന്നര ലക്ഷത്തില്‍ അധികം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെ രാഹുല്‍ വിജയിച്ചു.രാഹുലിന് കിട്ടിയ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടാനാവുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.