പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗ്ഗിക കലാസാഹിത്യപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 62-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ കൊല്ലം പട്ടണം ഒരുങ്ങി കഴിഞ്ഞു. 2008- ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദി ആയത്. കൊല്ലം ജില്ലയില്‍ ഇത് നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്.
1957-ല്‍ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളര്‍ന്ന മേള 2018-ല്‍ പരിഷ്‌കരിച്ച മനുവലിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് സംഘടിപ്പിക്കുന്നത്. അടുത്ത തവണ മാനുവല്‍ വിശദമായി പരിഷ്‌കരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു എന്ന കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
2009 മുതല്‍ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം കൂടി സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായതോടെ 239 (ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഉം, സംസ്‌കൃതോത്സവത്തില്‍ 19 ഉം അറബിക് കലോത്സവത്തില്‍ 19 ഉം ) ഇനങ്ങളിലായി 14,000-ത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സംസ്‌കൃതോത്സവവും, അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും.അന്യംനിന്നു പോകുമായിരുന്ന നാടന്‍കലകളും, പ്രാചീന കലകളും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് സ്‌കൂള്‍ കലോത്സവം നല്‍കിയ സംഭാവന എടുത്ത് പറയേണ്ടതാണ്.
മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1000/ രൂപ നല്‍കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിര്‍ണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധി കര്‍ത്താക്കളുടെ വിധിനിര്‍ണ്ണയത്തിനെതിരെ തര്‍ക്കം ഉന്നയിക്കുന്ന ഘട്ടത്തില്‍ അത്തരം ഇനങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീല്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 2024 ജനുവരി 4 ന് രാവിലെ 9.00 ന് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ.എ.എസ് പതാക ഉയര്‍ത്തുന്നതാണ്.
തുടര്‍ന്ന് പ്രധാന വേദിയില്‍ ദൃശ്യവിസ്മയം അരങ്ങേറും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു ഗോത്രകല കലോത്സവത്തിന്റെ ഭാഗമാകും.മങ്ങലം കളിയാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്.കാസര്‍ഗോഡ് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലര്‍, മലവേട്ടുവന്‍ സമുദായക്കാര്‍ മംഗളകര്‍മ്മങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്. കല്യാണക്കളി എന്നും ഇത് അറിയ പ്പെടുന്നു.വൃത്താകൃതിയില്‍ നിന്ന് സ്ത്രീകളും പുരുഷന്മാരും ചുവടുവെച്ച്, വട്ടം തിരിഞ്ഞ് നൃത്തം ചെയ്യുന്നു. ഓരോ പാട്ടിലും ഗോത്രവര്‍ഗ്ഗ ജീവിതത്തിന്റെ യഥാര്‍ത്ഥ പരിസരവും ദുഃഖവും സന്തോഷവും നിത്യജീവിതരാഗങ്ങളും കാണാം.തുടിയാണ് പ്രധാന വാദ്യോപകരണം.ഇത്തവണ പ്രദര്‍ശന ഇനം എന്ന നിലയ്ക്കാണ് ഗോത്രകല കലോത്സവത്തില്‍ അവതരിപ്പിക്കുന്നത്.അടുത്ത തവണ മുതല്‍ ഗോത്ര കലകള്‍ മത്സര ഇനം ആക്കുന്ന കാര്യം സജീവ പരിഗണനയില്‍ ആണ്. ദൃശ്യ വിസ്മയത്തില്‍ ഇതു കൂടാതെ ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം,മയിലാട്ടം,ശിങ്കാരിമേളം,കളരിപ്പയറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10 മണിക്ക് പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തും നമ്മുടെ സ്‌കൂളുകളിലെ കുട്ടികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം അരങ്ങേറും.തുടര്‍ന്ന് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്. സ്വാഗതം ആശംസിക്കും. ധനകാര്യ വകുപ്പ് മന്ത്രി.കെ.എന്‍.ബാലഗോപാല്‍, ബഹു.ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാര്‍,ബഹു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി എ മുഹമ്മദ് റിയാസ്,ബഹു.റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജന്‍, പ്രേമചന്ദ്രന്‍ എം പി ,കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, മുകേഷ് എം എല്‍ എ,ചലച്ചിത്ര താരം നിഖില വിമല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയില്‍ ഹൈസ്‌കുള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ജനുവരി 8-ന് തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും നടക്കും. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കുന്നു.വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി നിര്‍വഹിക്കുന്നതാണ്.സാംസ്‌കാരിക വകുപ്പ് മന്ത്രി ബഹു. സജി ചെറിയാന്‍ എന്നിവര്‍ക്ക് പുറമെ മലയാളത്തിന്റെ മഹാനടന്‍ ശ്രീ. മമ്മൂട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും.കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 20 കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി പറയുന്നു.
*1.റിസപ്ഷന്‍ കമ്മിറ്റി
62-ാമത് കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയിട്ടുണ്ട്.
പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ.രമേഷ് നാരായണന്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ നൃത്താവിഷ്‌കാരം പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ ശ്രീമതി.ആശാ ശരത്തിന്റെ നേതൃത്വത്തില്‍ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിക്കും.ബിയാര്‍ പ്രസാദ്, കുരീപ്പുഴ ശ്രീകുമാര്‍ എന്നുവരുടേതാണ് വരികള്‍.റെയില്‍വേസ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കലോത്സവത്തിനെത്തുന്ന കുട്ടികളെയും, വിശിഷ്ഠ വ്യക്തികളേയും സ്വീകരിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.കലോത്സവ ഉദ്ഘാടന വേദിയില്‍ അതിഥികള്‍ക്ക് നല്‍കാനുള്ള ഉപഹാരങ്ങള്‍ ആയ പുസ്തകങ്ങള്‍ മണ്‍മറഞ്ഞ കലാസാഹിത്യ നായകന്മാരുടെ വീടുകളില്‍ നിന്നും സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ഡിസംബര്‍ 24 ഞായറാഴ്ച്ച 3 മണിക്ക് ശ്രീ.ഭരത് മുരളിയുടെ വീട്ടില്‍ വച്ച് ബഹു.കേരള ധനകാര്യ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു.പ്രസിദ്ധരായ എഴുത്തുകാരുടെ കൈയ്യൊപ്പിട്ട പുസ്തകങ്ങള്‍ പകുതിയിലധികം ശേഖരിച്ചു. ബാക്കി ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
2.രജിസ്‌ട്രേഷന്‍ കമ്മിറ്റി
രജിസ്‌ട്രേഷന്‍ കൊല്ലം ഠൗണ്‍ യു.പി.എസ്. ല്‍ വച്ച് 2024 ജനുവരി 3 മുതല്‍ രാവിലെ 10.30 ന് ആരംഭിക്കും. ഒരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.എല്ലാ കമ്മറ്റികള്‍ക്കുമുള്ള ബാഡ്ജ് തയ്യാറാക്കി നല്‍കും.
3.അക്കോമഡേഷന്‍ കമ്മിറ്റി
കുട്ടികള്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യുന്ന സമയത്ത് അക്കോമഡേഷന്‍ സൗകര്യം ആവശ്യമുണ്ടെങ്കില്‍ ആയത് രേഖപ്പെടുത്തുവാനുള്ള സൗകര്യം വെബ്‌പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരരാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 31 സ്‌കൂളുകള്‍ സജ്ജമാക്കിയിട്ടുണ്ട്.ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കുക.14 സ്‌കൂളുകള്‍ ആണ്‍കുട്ടികള്‍ക്കും, 9 സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്കും. കൂടാതെ 8 സ്‌കൂളുകള്‍ റിസര്‍വ്വായും കരുതിയിട്ടുണ്ട്.താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ സ്‌കൂളുകളിലും വേണ്ട സൗകര്യങ്ങള്‍ ഒരുക്കും.എല്ലാ സെന്ററുകളിലേയും സൗകര്യങ്ങള്‍ വിലയിരുത്തി കുട്ടികള്‍ക്ക് വേണ്ട എല്ലാ സഹായം ലഭിക്കുന്നതിന് രാവിലെയും രാത്രിയും മതിയായ ആള്‍ക്കാരെ നിയോഗിക്കും.എല്ലാ അക്കോമഡേഷന്‍ സെന്ററുകളിലും ടീച്ചേഴ്‌സിനെ രണ്ട് ഷിഫ്റ്റായി ഡ്യട്ടിക്ക് നിയോഗിക്കും.കൂടാതെ പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്‌കൂളുകളില്‍ വനിതാ പോലീസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനര്‍ എല്ലാ സെന്ററുകളിലും സ്ഥാപിച്ചിട്ടുണ്ട്.എല്ലാ സെന്ററുകളിലും മത്സരവേദികള്‍, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
4.ഭക്ഷണ കമ്മിറ്റി
ക്രാവന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ഭക്ഷണ പന്തല്‍ തയ്യാറാകുന്നത്. മുന്‍വര്‍ഷങ്ങളിലേത് പോലെ പഴയിടം മോഹനന്‍ നമ്പൂതിരിയെയാണ് ഈ വര്‍ഷവും പാചകത്തിനായി തെരെഞ്ഞെടുത്തത്.ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് പന്തല്‍ ഒരുക്കുന്നത്. ജനുവരി 3 ന് രാത്രി ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.കുട്ടികള്‍ക്ക് ചൂടുവെള്ളം ശേഖരിച്ചുകൊണ്ടുപോകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ക്ലീനിംഗിനായി കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉല്പന്ന സമാഹരണം നടത്തി കലവറ നിറയ്ക്കല്‍ പരിപാടി നടന്നുവരുന്നു.ഭക്ഷണം വിളമ്പുന്നതിന് 4 ഷിഫ്റ്റുകളിലായി 1000 ത്തോളം അദ്ധ്യാപകര്‍, റ്റി.റ്റി.ഐ./ബി.എഡ്. കുട്ടികള്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്.
5.പബ്ലിസിറ്റി കമ്മിറ്റി
നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണ പരിപാടിക്കായി പ്രൊമോ വീഡിയോ പുറത്തിറക്കി.
62-ാമത് കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പ്രശസ്ത ചലച്ചിത്ര താരങ്ങള്‍, മുന്‍ കലാപ്രതിഭകള്‍, കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കലോത്സവ സന്ദേശം കൈറ്റ്, വിക്ടേഴ്‌സ് മറ്റ് നവമാധ്യമങ്ങള്‍ എന്നിവയിലൂടെ നല്‍കി വരുന്നു.എഫ്.എം. റേഡിയോകളിലൂടെ കലോത്സവം സംബന്ധിച്ച് വിശിഷ്ട വ്യക്തികളുമായുള്ള ഇന്റര്‍വ്യൂ, വിവിധ പ്രോഗ്രാമുകള്‍ എന്നിവ നടന്നു വരുന്നു.കൊല്ലം കെ.എസ്.ആര്‍.റ്റി.സി. ബസ് സ്റ്റാന്റില്‍ കലോത്സവം സംബന്ധിച്ച അറിയിപ്പുകള്‍ നടന്നു വരുന്നു.കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം ജനുവരി 3 മുതല്‍ ജനുവരി 8 വരെ ഉണ്ടായിരിക്കുന്നതാണ്.ജനുവരി 2 ന് പബ്ലിസിറ്റി കമ്മിറ്റിയും വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്ന് അഞ്ഞൂറോളം കുട്ടികളുടേയും, കലാകാരന്മാരുടേയും റോഡ് ഷോ നഗരത്തില്‍ സംഘടിപ്പിക്കും.
കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കലോത്സവം സംബന്ധിച്ച പോസ്റ്ററുകള്‍, ബോര്‍ഡുകള്‍, ആര്‍ച്ചുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.വേദികള്‍ക്ക് ആവശ്യമായ കമാനങ്ങളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.വിളമ്പരജാഥ, നഗരം ദീപാലംകൃതമാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
6.പ്രോഗ്രാം കമ്മിറ്റി
24 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.പ്രധാന വേദിയായി ആശ്രാമം മൈതാനമാണ് നിശ്ചയിച്ചിട്ടുള്ളത്.മത്സരവേദികള്‍ക്ക് കൊല്ലം ജില്ലയിലെ കലാ-സാസ്‌കാരിക-സാഹിത്യ മേഖലയിലെ പ്രശസ്ത വ്യക്തികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്.മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോറെക്കോര്‍ഡിംഗിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മത്സരയിനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോഗ്രാം ഷെഡ്യൂള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.24 വേദികളിലും 5 ദിവസങ്ങളിലേക്കായി 2 ഷിഫ്റ്റുകളിലായി ആവശ്യമുള്ള ഒഫിഷ്യലുകളെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് നല്‍കുന്ന പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് പ്രിന്റ് ചെയ്തിട്ടുണ്ട്.പൊതുനിര്‍ദ്ദേശങ്ങള്‍, ക്ലസ്റ്റര്‍ പുസ്തകം എന്നിവ തയ്യാറാക്കിയിട്ടുണ്ട്.എല്ലാ പ്രോഗ്രാം ഒഫിഷ്യല്‍സിനും ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നല്‍കുന്നതാണ്.മത്സരഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും മത്സരങ്ങള്‍ പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്പ് ഡിസംബര്‍ 30ന് റിലീസ് ചെയ്തിട്ടുണ്ട്.ഉത്സവ് എന്ന് പേരുള്ള ഈ മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
7.സ്റ്റേജ് & പന്തല്‍
ഒന്നാം വേദിയായി നിശ്ചയിച്ചിട്ടുള്ള ആശ്രാമം മൈതാനത്ത് 90% പണികള്‍ പൂര്‍ത്തിയായി.ജനുവരി 1 ന് ജനറല്‍ കണ്‍വീനര്‍ക്ക് കൈമാറും.ടോയ്‌ലറ്റ് ബ്ലോക്ക്, വിവിധ കമ്മിറ്റികള്‍ക്കും, മീഡിയകള്‍ക്കുമുള്ള സ്റ്റാളുകള്‍ എന്നിവയുടെ പണി പൂര്‍ത്തിയായി വരുന്നു.കൂടാതെ ഫയര്‍ഫോഴ്‌സ്, പോലീസ്, എന്നിവര്‍ക്കുള്ള പവലിയന്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്നു.ഭക്ഷണ പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു.മറ്റ് വേദികളിലും ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കുട്ടികള്‍, ഉദ്യോഗസ്ഥര്‍, രക്ഷകര്‍ത്താക്കള്‍, കാണികള്‍ ഉള്‍പ്പെടെ വേദിയിലെത്തുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇന്‍ഷുറന്‍സ് (ഒരു കോടി രൂപ) പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
8.ലൈറ്റ് & സൗണ്ട്
പന്തല്‍ ഒരുക്കിയിട്ടുളള വേദികളുടെ നിര്‍മ്മാണം ജനുവരി 1 നകം പൂര്‍ത്തീകരിക്കും.ജനുവരി 2 ന് ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങളും അനുബന്ധമായി പൂര്‍ത്തിയാക്കും. ഓരോ വേദിയിലും ലൈറ്റ് & സൗണ്ട് കമ്മിറ്റിയുടെ വോളണ്ടിയര്‍മാര്‍ ഉണ്ടാകും.കുട്ടികള്‍ക്ക് താമസം ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളിലും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.ആദ്യത്തെ 3 വേദികളും, ഭക്ഷണശാലയും ദീപാലംകൃതമാക്കും.
9.ട്രാന്‍സ്‌പോര്‍ട്ട്
ജനുവരി 3 മുതല്‍ റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന മത്സരാര്‍ത്ഥികളെ രജിസ്‌ട്രേഷന്‍ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികളെ സ്വീകരിച്ച് വേദികളിലും, അക്കോമെഡേഷന്‍ സെന്ററുകളിലും, ഭക്ഷണ പന്തലിലും എത്തിക്കുന്നതിന് കലോത്സവ വണ്ടി എന്ന നാമത്തോടെയുള്ള 30 വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.ജനുവരി 3ന് റോഡ് ഷോ നടത്തുവാനുളള ക്രമീകരണം നടത്തി വരുന്നു.വേദികള്‍, അക്കൊമെഡേഷന്‍ സെന്ററുകള്‍, പ്രോഗ്രാം ഓഫീസ് എന്നിവ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ക്യൂ.ആര്‍. കോഡ് സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ് & ഗൈഡ്‌സ് , ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ട്രൈയിനിംഗ് നല്‍കിയിട്ടുണ്ട്.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് മേളയ്‌ക്കെത്തുന്ന വാഹനങ്ങളില്‍ പ്രത്യേക തിരിച്ചറിയല്‍ കോഡുകളോട് കൂടിയ സ്റ്റിക്കറുകള്‍ പതിക്കും.
10.വെല്‍ഫയര്‍
അടിയന്തിര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടര്‍മാരുടെ സേവനവും, ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഒരു മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ ഉണ്ടാകും.ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഫ്‌ളാഷ് മോബ് സംഘടിപ്പിക്കും.സിറ്റിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും.24 വേദികളിലും മെഡിക്കല്‍ ടീമും, കൗണ്‍സിലര്‍ ടീമും നിയോഗിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ധം കുറക്കുന്നതിന് വേണ്ടിയും കലോത്സവ സന്ദേശം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ ജനുവരി 2ന് റിലീസ് ചെയ്യും.എല്ലാ വേദിയിലും കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്.മണ്‍ഗ്ലാസ് എല്ലായിടത്തും ഒരുക്കും.കൂജ, മണ്ണിന്റെ ഗ്ലാസ്, മണ്ണിന്റെ ജഗ്ഗ് എന്നിവ ഉപയോഗിച്ചാണ് കുടിവെള്ളം കൊടുക്കുന്നത്.ആംബുലന്‍സ് സൗകര്യം ഉണ്ടാകും. അക്കോമഡേഷന്‍ സെന്ററുകളിലെ ശുചീകരണവുമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്.
11.ലാ & ഓര്‍ഡര്‍
പോലീസ് വകുപ്പുമായി ചേര്‍ന്നുകൊണ്ട് കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, ജെ.ആര്‍.സി, സോഷ്യല്‍ സര്‍വ്വീസ് സ്‌കീം എന്നീ വിഭാഗങ്ങളിലായി 2800 കുട്ടികളുടെ സേവനം എല്ലാ വേദികളിലും ലഭ്യമാകുന്നതാണ്.മുഖ്യ വേദിയിലെ വാഹന പാര്‍ക്കിംഗിനായി ആശ്രാമം ലിങ്ക് റോഡ്, ആശ്രാമം മൈതാനം, മൈതാനത്തിന് ചുറ്റുമുള്ള റോഡ് എന്നിവിടങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.മത്സരവേദികളിലേയും, നഗരത്തിലേയും ക്രമസമാധാനപാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി സിറ്റി പോലീസ് കമ്മീഷണുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനത്തിനായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.പ്രധാന വേദിക്കരികില്‍ കണ്‍ട്രോള്‍ റൂമും മറ്റ് വേദികളുടെ സമീപത്ത് ഔട്ട് പോസ്റ്റുകളുമുണ്ടാകും.ഷാഡോ പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ വേദികളിലേയും, അക്കോമെഡേഷന്‍ സെന്ററുകളുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടുണ്ട്.
12.ട്രോഫി
1986- ല്‍ തൃശ്ശൂരില്‍ വച്ച് നടന്ന 28-ാം കേരള സ്‌കൂള്‍ കലോത്സവത്തില്‍ നിലവില്‍ വന്ന 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന ജില്ലയ്ക്ക് നല്‍കും.കഴിഞ്ഞ വര്‍ഷം നടന്ന കലോത്സവത്തില്‍ കോഴിക്കോട് ജില്ലയാണ് ജേതാക്കളായത്.ഇപ്പോള്‍ സ്വര്‍ണ്ണക്കപ്പ് കോഴിക്കോട് ജില്ലയുടെ കൈവശമാണുള്ളത്.ജനുവരി 2ന് കലോത്സവത്തിന്റെ ഭാഗമായ സ്വര്‍ണ്ണകപ്പ് ഘോഷയാത്രയായി നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയില്‍ നിന്ന് ബഹു.പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസ് അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിച്ച് ഈ വര്‍ഷത്തെ ആതിഥേയ ജില്ലയായ കൊല്ലത്തേക്ക് കൊണ്ടുവരികയാണ്.
ജനുവരി 2 ന് രാവിലെ 8 മണിക്ക് കോഴിക്കോട് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ജനുവരി 3 ന് വൈകുന്നേരം കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചേരുന്നതാണ്.ഘോഷയാത്ര കടന്നു വരുന്ന കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സ്വര്‍ണ്ണകപ്പിന് സ്വീകരണം നല്‍കും.ജനുവരി 3ന് ഉച്ചക്ക് കൊല്ലം ജില്ലയുടെ ആദ്യ സ്വീകരണ സ്ഥലമായ കുളക്കടയില്‍ വച്ച് സംഘാടക സമിതി ചെയര്‍മാനായ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഏറ്റുവാങ്ങുന്നതാണ്.തുടര്‍ന്ന് ഘോഷയാത്രക്ക് കലോത്സവത്തിന്റെ മുഖ്യ വേദിയായുള്ള ആശ്രാമം മൈതാനത്തിലേക്കുള്ള പ്രയാണത്തില്‍ വിവിധ സ്ഥലങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്വീകരണം നല്‍കും.ജനുവരി 3ന് വൈകുന്നേരം കൊല്ലം നഗരത്തില്‍ എത്തുന്ന സ്വര്‍ണ്ണകപ്പ് ഘോഷയാത്ര കടപ്പാക്കടയില്‍ വച്ച് സ്വീകരിക്കുകയും നഗരപ്രദക്ഷിണം നടത്തി ആശ്രാമം മൈതാനത്ത് എത്തിച്ചേരുന്നതുമാണ്.
കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ട്രോഫി നല്‍കുന്നതാണ്.
13.ദൃശ്യവിസ്മയം
ഉദ്ഘാടന ദിവസം 9.15 ന് ദൃശ്യവിസ്മയ പരിപാടി ആരംഭിക്കും.ഗോത്രവര്‍ഗ്ഗ നൃത്തരൂപമായ മങ്ങലംകളി ദൃശ്യവിസ്മയത്തില്‍ അവതരിപ്പിക്കും.
14.സംസ്‌കൃതോത്സവം
ജവഹര്‍ ബാലഭവന്‍ വേദിയിലാണ് സംസ്‌കൃതോത്സവം നടക്കുന്നത്.സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും 2024 ജനുവരി 5 ന് രാവിലെ 9 മണിക്ക് ജവഹര്‍ ബാലഭവനില്‍ വച്ച് നടക്കും.
15.അറബിക് കലോത്സവം
കടപ്പാക്കട സ്‌പോട്‌സ് ക്ലബ്, കെ.വി.എസ്.എന്‍.ഡി.പി. യു.പി.എസ്. ആശ്രാമം എന്നീ വേദികളിലാണ് അറബിക് കലോത്സവം നടക്കുന്നത്. അറബിക് എക്‌സിബഷന്‍ ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.വേദികളില്‍ രണ്ട് ഷിഫ്റ്റുകളിലായി അദ്ധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
16.മീഡിയ
അംഗീകൃത മീഡിയകള്‍ക്ക് മാത്രമേ മീഡിയ പവലിന്‍ അനുവദിക്കുകയുളളൂ.മീഡിയ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.മീഡിയ പാസ്സ് കമ്മിറ്റി അടിച്ച് വിതരണം ചെയ്യും.കലോത്സവ വാര്‍ത്തകള്‍ തല്‍സമയം നല്‍കുന്നതിന് ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുഖ്യവേദിക്ക് സമീപം സ്റ്റാളുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുഖ്യ വേദിയില്‍ മീഡിയ പവലിന്‍ ഉണ്ടായിരിക്കും.
17.ഗ്രീന്‍ പ്രോട്ടോകോള്‍
അദ്ധ്യാപകര്‍. പി.റ്റി.എ, ശുചിത്വ മിഷന്‍, ഹരിത മിഷന്‍, കുടുംബശ്രീ, കൊല്ലം കോര്‍പ്പറേഷന്‍, നാഷണല്‍ ഗ്രീന്‍ കോര്‍പ്‌സ്, ഇക്കോ ക്ലബുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്.അച്ചടി മാധ്യമങ്ങള്‍, ദൃശ്യ മാധ്യമങ്ങള്‍ എഫ്.എം റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ മാലിന്യ മുക്ത കലോത്സവത്തിന് വേണ്ടി പ്രചാരണം നടത്തി വരുന്നു.
പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം കേരള സ്‌കൂള്‍ കലോത്സവം ഹരിത കലോത്സവമായി പ്രഖ്യാപിച്ചുകൊണ്ട് ഡിസംബര്‍ 30ന് കൊല്ലം ക്ലോക്ക് ടവര്‍ മുതല്‍ പ്രധാന വേദിയായ ആശ്രാമം മൈതാനം വരെ ഹരിത വിളംബര ജാഥ സംഘടിപ്പിച്ചു.കൊല്ലം ജില്ലയിലെ വിവിധ കോളേജുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഫ്‌ലാഷ് മോബും സംഘടിപ്പിച്ചിരുന്നു.തുടര്‍ന്ന് ആശ്രാമം മൈതാനിയിലെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് ഹരിത കര്‍മ്മ സേനക്ക് കൈമാറി.എല്ലാ വേദികളിലും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഈറ കൊണ്ടുള്ള കുട്ടകളും, ഓല കൊണ്ടുള്ള വല്ലങ്ങളും സ്ഥാപിക്കും.ഹരിത ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബാനറുകള്‍ എല്ലാ വേദികളിലും സ്ഥാപിക്കും.കലോത്സവ വേദികളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഉപയോഗപ്രദമായ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കും.എന്‍.എസ്.എസ്. വാളന്റിയേഴ്‌സിനെ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള പേപ്പര്‍ ബാഗുകളും, പേപ്പര്‍ പേനകളും കുട്ടികള്‍ക്ക് നല്‍കുന്നതാണ്.വേദികളില്‍ കുപ്പി വെള്ളം അനുവദിക്കുന്നതല്ല. പകരം കുട്ടികള്‍ കൊണ്ട് വരുന്ന സ്റ്റീല്‍ ബോട്ടിലില്‍ വെള്ളം നിറച്ച് നല്‍കുന്നതായിരിക്കും.
18.കള്‍ച്ചറല്‍ പ്രോഗ്രാം
കലോത്സവത്തിലെ സാംസ്‌കാരിക പരിപാടികള്‍ക്കായി നീലാംബരി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിന്റെ ഉദ്ഘാടന സമ്മേളനം ജനുവരി 4 വൈകിട്ട് 5 മണിയ്ക്ക് എം.പി. യുടെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വ്വഹിക്കുന്നതിനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ. മുകേഷ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.
ജില്ലയിലെ എം.എല്‍.എ. മാരും മറ്റ് പ്രമുഖരും വിശിഷ്ടാഥിതികളായി പങ്കെടുക്കും.ഒന്നാം ദിവസം ഓണപ്പാട്ടുകളും നൃത്തവിസ്മയവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.രണ്ടാം ദിവസം കാവ്യസായാഹ്നവും കവി സംഗമവും നാടന്‍പാട്ടും നാടന്‍ കലകളും ആണ് നടക്കുന്നത്.മൂന്നാം ദിവസം പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ചലച്ചിത്ര വിശേഷം ആണ് ക്രമീകരിച്ചിരിക്കുന്നത്.ഇതിന് ശേഷം നാടന്‍ പാട്ടരങ്ങും ഉണ്ട്.നാലാം ദിവസം സാംസ്‌കാരിക സായാഹ്നം ആണ് ക്രമീകരിച്ചിരിക്കുന്നത്.
19. സുവനീര്‍
കലോത്സവ വിശേഷങ്ങള്‍ക്ക് പുറമെ കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരില്‍ നിന്നും ലേഖനങ്ങള്‍, കവിതകള്‍, സന്ദേശം, തുടങ്ങിയവ സമാഹരിച്ച് സുവനീര്‍ പുറത്തിറക്കും. കഴിഞ്ഞകാല കലാതിലകങ്ങളുടേയും, പ്രതിഭകളുടേയും ഓര്‍മ്മക്കുറിപ്പും സുവനീറില്‍ ഉള്‍പ്പെടും . പ്രിന്റഡ് മാഗസിനൊപ്പം ഒരു ഡിജിറ്റല്‍ മാഗസിനും പ്ലാന്‍ ചെയ്തിട്ടുണ്ട്.
20.ഫിനാന്‍സ്
ഫിനാന്‍സ് കമ്മിറ്റി വരവ് ചിലവ് കണക്കുകളുടെ ചുക്കാന്‍ പിടിക്കുന്നു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തിപരിചയമേള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലെയും കുട്ടികളുണ്ടാക്കിയ വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവുീ ഉണ്ടാകും.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, പി സി വിഷ്ണുനാഥ എംഎല്‍എ , എഡിപിഐ സന്തോഷ്, കൊല്ലം ഡിഡിഇ ലാല്‍, മീഡിയ കമ്മറ്റി ചെയര്‍മാന്‍ സനല്‍ ഡി പ്രേം, കണ്‍വീനര്‍ പോരുവഴി ബാലചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു