ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോർട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. പൊതുജനാരോഗ്യം ഉറപ്പാക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം, ബ്രഹ്‌മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂർണമായി ശമിച്ചു എന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി. വൈകീട്ട് അഞ്ചരയോടെ 100 ശതമാനവും പുക അണയ്ക്കാനായെന്ന് കളക്ടർ അറിയിച്ചു.
തീയണച്ച സാഹചര്യത്തിൽ ഭാവിയിൽ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവർത്തിക്കാതിരിക്കാൻ പദ്ധതികൾ അവലോകനം ചെയ്യാൻ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.