വയനാടിനെ വിറപ്പിച്ചുകൊണ്ട് മാനന്തവാടിയിലെ ജനവാസമേഖലയില്‍ എത്തിയത് കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയ ആനയെന്ന് സ്ഥിരീകരിച്ചു. ‘ഓപ്പറേഷന്‍ ജംബോ’ എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് സ്ഥിരീകരിച്ചു.
പിടികൂടിയ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മൂലഹൊള്ളയില്‍ തുറന്നുവിടുകയായിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്.
ആനയെ ജനുവരി 16-നാണ് കര്‍ണാടക വനംവകുപ്പ് പിടികൂടിയത്. പ്രദേശത്ത് ഭീതി വിതയ്ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതോടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നത്. സ്ഥിരമായി കാപ്പിത്തോട്ടങ്ങളില്‍ കറങ്ങിനടക്കുന്ന ശല്യക്കാരായിരുന്നു ഈ ആന എന്നാണ് വിവരം.
കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ സി.ആര്‍.പി.സി. 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാര്‍ഡുകളിലും മാനന്തവാടി നഗരസഭയിലെ 24, 25, 26, 27 ഡിവിഷനുകളിലുമാണ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജനവാസമേഖലയിലെത്തിയ കാട്ടാന ഇപ്പോഴും പിന്‍വാങ്ങിയിട്ടില്ല. ഒരു മണിക്കൂറിലേറെയായി ആന ഒരേ സ്ഥലത്ത് തുടരുകയാണ്. സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കരുതെന്നും ആനയുടെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പുകള്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നേരത്തേ നല്‍കിയിരുന്നു. ആനയെ തിരികെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കണിയാരത്ത് കാട്ടാനയെത്തിയത്. ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗോദാവരി കോളനിക്കു സമീപവും കണിയാരം ലക്ഷം വീട് കോളനിക്കു സമീപത്തെ വയലിലും ആനയെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെയാണ് പായോട്കുന്നില്‍ പ്രദേശവാസികള്‍ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലെത്തി. ആനയെ പടക്കം പൊട്ടിച്ച് അകറ്റാന്‍ വനപാലകരും പോലീസും ശ്രമിക്കുന്നുണ്ട്. ആന ഇതുവരെ പ്രകോപനമൊന്നും ഉണ്ടാക്കിയിട്ടില്ല.
അച്ചു ഉമ്മനെ കോട്ടയത്ത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം, മൂന്നാം സീറ്റ് കിട്ടിയേ തീരുവെന്ന് ലീഗ്
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടക കക്ഷികളുമായി കോണ്‍ഗ്രസിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മുന്നണിയിലെ ചെറുപാര്‍ട്ടികളായ സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നേതൃത്വം അവസാനമായി സംസാരിച്ചത്.
ഇരുവരും ലോക്‌സഭാ സീറ്റ് വേണ്ടെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യമാണ് ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടത്.
ഒന്നാം ഘട്ട ആശയവിനിമയം പൂര്‍ത്തിയായതോടെ ഇനി സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അധിക സീറ്റ് ആവശ്യപ്പെടുന്ന മുസ്ലിം ലീഗുമായും സീറ്റ് മാറ്റ ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസുമായും നടക്കും. മലബാര്‍ മേഖലയില്‍ ലീഗ് ഒരുസീറ്റ് അധികം ആവശ്യപ്പെടുന്നുണ്ട്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാം സീറ്റ് ആണ് ലീഗിന്റെ ആവശ്യം.
രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനാണ് ലീഗ് ഉന്നമിടുന്നത്. ഇതിന് പുറമെ കണ്ണൂര്‍, വടകര മണ്ഡലങ്ങളിലും ലീഗിന് കണ്ണുണ്ട്. നിലവില്‍ സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സാധരണ പോലെയല്ല ഇത്തവണ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യമെന്നും വേണമെന്ന ഉറച്ച നിലപാടിലാണെന്നുമാണ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
കോട്ടയം സീറ്റിന്റെ പേരിലാണ് കേരള കോണ്‍ഗ്രസുമായി തര്‍ക്കമുള്ളത്. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു കോട്ടയം സീറ്റ്. എന്നാല്‍ ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അച്ചു ഉമ്മനെ അവിടെ മത്സരിപ്പിക്കണമെന്നും കോണ്‍ഗ്രസിനുള്ളില്‍ ആവശ്യമുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് കോട്ടയം സീറ്റിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കൊല്ലം സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ ധാരണയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ച അഞ്ചാം തിയതി നടക്കും. സീറ്റ് ധാരണ അന്ന് അന്തിമമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാം തീയതിക്കുള്ളില്‍ സീറ്റ് ധാരണ ആയില്ലെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയമടക്കം താമസിക്കാനും കാലേക്കൂട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന് തടസ്സം നേരിടുമെന്ന് ചില നേതാക്കള്‍ ആശങ്കപ്പെട്ടിട്ടുണ്ട്. ഇത് മുന്നില്‍ കണ്ടാണ് സീറ്റ് ചര്‍ച്ചകള്‍ വേഗത്തില്‍ നടത്തുന്നത്.
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് അനുമതി; ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേചെയ്യാന്‍ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി. ഹര്‍ജികളില്‍ ഭേദഗതിവരുത്താന്‍ മസ്ജിദ് കമ്മിറ്റിക്ക് ഫെബ്രുവരി ആറുവരെ ഹൈക്കോടതി സമയം അനുവദിച്ചു. കേസ് ഹൈക്കോടതി ആറിന് വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
ജില്ലാ മജിസ്ട്രേറ്റിനെ റിസീവറായി നിയമിച്ച ജനുവരി 17-ലെ ഉത്തരവിനെയാണ് ആദ്യം മസ്ജിദ് കമ്മിറ്റി ചോദ്യംചെയ്യേണ്ടതെന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് പറഞ്ഞു. ഇതിന് ശേഷമാണ് മസ്ജിദ് സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് ആരാധന നടത്താന്‍ അനുമതി നല്‍കിയത്.
ജനുവരി 17-ലെ ഉത്തരവ് എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ലെന്ന് കോടതി മസ്ജിദ് കമ്മിറ്റി അഭിഭാഷകനോട് ആരാഞ്ഞു. അതിനെയും ചോദ്യം ചെയ്യും. ജനുവരി 31-ലെ ഉത്തരവ് പെട്ടെന്നായിരുന്നു. ഈ ഉത്തരവ് വന്നയുടന്‍ ജില്ലാ മജിസ്‌ട്രേറ്റ് രാത്രി ഒരുക്കങ്ങള്‍ നടത്തി ഒമ്പത് മണിക്കൂറിനുള്ളില്‍ പൂജ തുടങ്ങിയെന്നും അഭിഭാഷകന്‍ മറുപടി നല്‍കി.
മസ്ജിദ് കമ്മിറ്റി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി ഉടന്‍ കേള്‍ക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് അലഹാബാദ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല; കോണ്‍ഗ്രസ് എംപിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഖാര്‍ഗെ
ഏത് പാര്‍ട്ടിയില്‍നിന്നായാലും രാജ്യത്തെ വിഭജിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അനുവദിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തില്‍ നിന്ന് കൃത്യമായി ഫണ്ട് കിട്ടുന്നില്ലെന്നാരോപിച്ച് ദക്ഷിണേന്ത്യക്ക് മാത്രമായി വേറെ രാജ്യം ആവശ്യപ്പെട്ട കോണ്‍ഗ്രസ് എം.പി ഡി.കെ.സുരേഷിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ വിഭജിക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ അതൊരിക്കലും ഞങ്ങള്‍ അനുവദിക്കില്ല. അങ്ങനെ ആവശ്യപ്പെടുന്നയാള്‍ ഏത് പാര്‍ട്ടിയില്‍നിന്നുള്ള ആളായാലും, അത് എന്റേതാവട്ടെ മറ്റേതെങ്കിലുമാവട്ടെ, കന്യാകുമാരി മുതല്‍ കശ്മീര്‍വരെ നമ്മള്‍ ഒന്നാണെന്നും എന്നും ഒന്നായിരിക്കുമെന്നുമാണ് എനിക്ക് പറയാനുള്ളത്’, ഖാര്‍ഗെ പാര്‍ലമെന്റില്‍ പറഞ്ഞു.
വ്യാഴാഴ്ച പാര്‍ലമെന്റില്‍ കേന്ദ്ര നിയമമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2024-25 ഇടക്കാല ബജറ്റിനെതിരെ പ്രതികരിക്കുമ്പോഴായിരുന്നു ഡി.കെ.സുരേഷ് വിവാദ പ്രസ്താവന നടത്തിയത്. ദക്ഷിണേന്ത്യയോട് അനീതിയാണ് കാണിച്ചതെന്നും ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഫണ്ട് തിരിച്ചുവിട്ട് ഉത്തരേന്ത്യയില്‍ വിതരണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, സുരേഷിന്റെ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസിനെ ബിജെപി കടന്നാക്രമിച്ചു. പഴയ വലിയ പാര്‍ട്ടിക്ക് വിഭജിച്ച് ഭരിച്ചുള്ള ശീലമാണുള്ളതെന്ന് എംപി തേജസ്വി സൂര്യ പറഞ്ഞു. ‘ജോഡോ യാത്രയിലൂടെ അവരുടെ നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തെ ഒരുമിപ്പിക്കാന്‍ ഒരു ഭാഗത്ത് ശ്രമിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. വിഭജിച്ച് ഭരിക്കുക എന്ന കോണ്‍ഗ്രസിന്റെ ആശയം കൊളോണിയലിസ്റ്റുകളേക്കാള്‍ മോശമാണ്’, സൂര്യ ട്വീറ്റ് ചെയ്തു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ഫണ്ട് വിതരണത്തിലെ അനീതിയാണ് കാണിക്കാന്‍ ശ്രമിച്ചതെന്നും താനൊരു അഭിമാനിയായ ഇന്ത്യകാരനും അഭിമാനിയായ കന്നഡിഗയുമാണെന്നുമായിരുന്നു അദ്ദേഹം എക്സില്‍ കുറിച്ചത്.
ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ അടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്; ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് കൈമാറി
കേരള സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലഭിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. ബംപര്‍ അടിച്ച ഭാഗ്യവാന്‍ തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് ഹാജരാക്കി. പാലക്കാട് വിന്‍സ്റ്റാര്‍ ലക്കി സെന്റ്ര്‍ ഉടമയുമായി എത്തിയാണ് ലോട്ടറി ടിക്കറ്റ് കൈമാറിയത്. പോണ്ടിച്ചേരി സ്വദേശിയായ ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ചതിനാല്‍ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായത് തഇ224091 എന്ന നമ്പറിനായിരുന്നു. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ജനുവരി 24-ന് ആയിരുന്നു നറുക്കെടുപ്പ്. ആര്‍ക്കാണ് ബംപര്‍ അടിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെ ടിക്കറ്റുമായി തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തിയതോടെയാണ് പോണ്ടിച്ചേരി സ്വദേശിക്കാണ് ബംപര്‍ അടിച്ചതെന്ന് വ്യക്തമായത്.
പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി. ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിയായ വില്‍പനക്കാരന് വിറ്റ ടിക്കറ്റിനാണ് ബംപര്‍ അടിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. ദൊരൈരാജിന്റെ തിരുവനന്തപുരത്തുള്ള ലോട്ടറിക്കടയില്‍ വില്‍പന നടത്തുന്നതിനായാണ് ഈ ടിക്കറ്റുകള്‍ വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്.
വിഷ്ണു ആത്മഹത്യ ചെയ്തത് വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വരുന്നതിന് തൊട്ടുമുമ്പ്, നെഞ്ചുതകര്‍ന്ന് കുടുംബം
കാഞ്ഞാണി: വീട് നിര്‍മ്മാണത്തിന് സ്വകാര്യ ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ എത്തുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് വിഷ്ണു ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. മണലൂര്‍ സ്വദേശി ചെമ്പന്‍ വിനയന്റെ മകന്‍ വിഷ്ണു (25) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
വീടിന്റെ നിര്‍മ്മാണത്തിന് സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് കാഞ്ഞാണി ശാഖയില്‍ നിന്നും പിതാവ് വിനയന്‍ 8 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ പലിശയും മുതലും സഹിതം 874000 രൂപ തിരിച്ചടച്ചു. ബാക്കിയുള്ള ആറ് ലക്ഷം രൂപ അടക്കാന്‍ ബാങ്ക് ആവശ്യപ്പെട്ട അവധി കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വീട് ഒഴിഞ്ഞ് താക്കോല്‍ കൈമാറണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാര്‍ സാധനങ്ങല്ലാം ഒതുക്കി ബന്ധു വീട്ടിലേക്ക് മാറാന്‍ തയാറെടുക്കുന്നതിനിടെയാണ് യുവാവ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതരുടെ ഭീഷണിയില്‍ മനം നൊന്താണ് യുവാവ് ആത്മാത്യ ചെയ്തതെന്നും കൊവിഡ് വന്നതോടെയാണ് തിരിച്ചടവില്‍ കുടിശ്ശിക വന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും കുടുംബത്തിന് നീതി കിട്ടും വരെ സമരം നടത്തുമെന്നും വാര്‍ഡംഗം ടോണി അത്താണിക്കല്‍ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
കുടുംബം 8 ലക്ഷത്തി എഴുപത്തിനാലായിരം രൂപ തിരിച്ചടച്ചു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയില്‍ അടവു മുടങ്ങി കുടിശ്ശികയായി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെയാണ് ജപ്തി നടപടിയുണ്ടായത്. വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. ജനപ്രതിനിധികളടക്കം ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും നല്‍കിയില്ലെനാണ് ആക്ഷേപം. പണമടയ്ക്കാന്‍ ബാങ്കില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. എടുത്തതിനെക്കാള്‍ കൂടുതല്‍ തിരിച്ച് അടച്ചിരുന്നുവെന്നും കൊവിഡ് പ്രതിസന്ധിയിലാണ് അടവ് മുടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് വീട് ഒഴിയണമെന്നാണ് ബാങ്ക് നിര്‍ദേശം നല്‍കി.
വിഷ്ണുവിന്റേത് നിര്‍ധന കുടുംബമാണെന്നും ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ബാങ്കിനോട് സാവകാശം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഇന്ന് രാവിലെ വീട് പൂട്ടി താക്കോല്‍ നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്നും മണലൂര്‍ ആറാം വാര്‍ഡ് മെമ്പര്‍ ടോണി അത്താണിക്കല്‍ ആരോപിച്ചു.വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച വിഷ്ണു. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.