ചലച്ചിത്ര താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. 1991 ല്‍ പുറത്തിറങ്ങിയ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ ഹനീഫ് സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്.
നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. ഈ പറക്കും തളികയില്‍ മേക്കപ്പിടുന്ന മണവാളന്റെ വേഷമായിരുന്നു നടനെ ശ്രദ്ധേയനാക്കിയത്.
ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണ ചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വേഷങ്ങളായിരുന്നു.
നൂറ്റി അന്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉസ്താദ് ഹോട്ടല്‍, ദൃശ്യം, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം. സിനിമകള്‍ കൂടാതെ അറുപതോളം ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ അടക്കം പല ടെലിവിഷന്‍ഷോകളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രിഷോകളില്‍ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.
പെൻഷൻ മുടങ്ങി; മരുന്ന് വാങ്ങാൻ ഭിക്ഷാടനം നടത്തി അന്നയും മറിയക്കുട്ടിയും
മാസങ്ങളായി ക്ഷേമ നിധി പെൻഷൻ മുടങ്ങിയതോടെ ഇടുക്കി അടിമാലിയിലെ 85 വയസുകാരായ അന്നയുടെയും മറിയക്കുട്ടിയുടെയും ജീവിതം വഴിമുട്ടി. ഇരുവരും തങ്ങൾക്ക് മരുന്ന് വാങ്ങാൻ തെരുവിലിറങ്ങി ഭിക്ഷ യാചിക്കുകയാണ്. “എനിക്ക് അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടിയിട്ട്. മരുന്ന് മേടിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എനിക്ക് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല” എന്നാണ് മറിയക്കുട്ടി പറഞ്ഞത്. ഈറ്റത്തൊഴിലാളി പെന്‍ഷനാണ് അന്ന ഔസേപ്പിന് കിട്ടാനുള്ളത്.
ക്ഷേമ നിധി പെന്‍ഷന്‍ കൊണ്ടു മാത്രമായിരുന്നു അന്നയും മറിയക്കുട്ടിയും ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. മരുന്ന് വാങ്ങാനും കറന്‍റ് ബില്ലടയ്ക്കാനും ആഹാരത്തിനു പോലും പെന്‍ഷനാണ് ഏക ആശ്രയം. മാസങ്ങളായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും കാര്യമുണ്ടായില്ല. ഇതോടെ കഴുത്തിൽ ബോർഡൊക്കെ ഇട്ട് അവിടെ നിന്ന് തന്നെ ഭിക്ഷ യാചിച്ചു തുടങ്ങി. കടകള്‍, ആളുകള്‍. ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിങ്ങനെ എല്ലാവരെയും കണ്ട് കാര്യം പറഞ്ഞപ്പോൾ കറന്‍റ് ബില്ലടയ്ക്കാനും മരുന്ന് വാങ്ങാനുമുള്ള പണവും കിട്ടി. അടുത്ത മാസമെങ്കിലും പെൻഷൻ കിട്ടുമെന്ന ആശ്വാസത്തിലാണ് ഇവർ.
പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ കുത്തി വിദ്യാർത്ഥിനി
വിദ്യാർത്ഥിനിയെ കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ അതേ കത്തികൊണ്ട് തിരിച്ചു കുത്തി വിദ്യാർത്ഥിനി. സംഭവം നടന്നത് തമിഴ് നാട്ടിലെ സേലത്താണ്. നീറ്റ് പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ആയിരുന്നു പീഡന ശ്രമം. കഴിഞ്ഞ ദിവസം വൈകുന്നേരം അധ്യാപകൻ താമസിക്കുന്ന ലോഡ്ജില്‍ പുസ്തകവും മറ്റും വാങ്ങാന്‍ എത്തിയതായിരുന്നു പെൺകുട്ടി.
തുടർന്ന് കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി പീഡിപ്പിക്കൻ ശ്രമിച്ചപ്പോൾ അധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി വിദ്യാര്‍ത്ഥിനി കുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ കത്തി പിടിച്ചുവാങ്ങിയ വിദ്യാർഥിനി അധ്യാപകനെ വയറ്റിൽ കുത്തിയശേഷം ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ വിദ്യാർഥിനിയുടെ കൈയ്ക്കും ചെറിയ പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരനാണു സംഭവം പൊലീസിനെ അറിയിച്ചത്. ധര്‍മപുരി അഴഗിരി നഗര്‍ സ്വദേശി ശക്തിദാസനെ പരിക്കുകളോടെ സേലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലം അഴകാപുരം പൊലീസ് ശക്തിദാസനെതിരെ കേസ് എടുത്തു.
പ്ലസ്‌ടു വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയിൽ
തിരുവനന്തപുരം ആറ്റിങ്ങലിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങള്‍ ഇളംബതടത്തില്‍ വൈഷ്ണവം വീട്ടില്‍ വിനോദ്-സൗമ്യ ദമ്പതിമാരുടെ ഏക മകളാണ് മരണപ്പെട്ട വൈഷ്ണവി(17). കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി തന്നെ സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
23 കാരിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ഇരുപത്തി മൂന്നുകാരിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ. കോട്ടയം കോതനല്ലൂര്‍ വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത (23) യെ ചൊവ്വാഴ്ച 10.30-ഓടെയാണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷ് പ്രജിതയെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അതോടൊപ്പം മദ്യത്തിന് അടിമയായിരുന്ന അനീഷ് സ്ഥിരമായി പ്രജിതയെ മർഥിക്കാറുണ്ടായിരുന്നെന്നും കൊലപാതകത്തിന് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു. അനീഷ് മദ്യപിച്ചെത്തി വഴക്കിടാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞിരുന്നുവെന്ന് സഹോദരന്‍ പ്രവീൺ പറഞ്ഞു. യുവതിയുടെ മൊബൈൽ ഫോണ്‍ അനീഷ് തല്ലിപ്പൊട്ടിച്ചിട്ടുണ്ടെന്നും സഹോദരിയുടെ മരണത്തില്‍ സംശയമുണ്ടെന്നും പ്രവീണ്‍ വ്യക്തമാക്കി. ഒന്നര വര്‍ഷം മുൻപാണ് പ്രജിതെയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്.
പാടം നികത്തി നിർമ്മാണം : പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിർമ്മാണം തടഞ്ഞു
പൃഥ്വിരാജ് നായകനായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ചിത്രത്തിന്റെ സിനിമയുടെ സെറ്റ് നിർമിക്കുന്നതിന് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ വന്നിരിക്കുകയാണിപ്പോൾ. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിർമിക്കുന്നതിന് എതിരെയാണ് നഗരസഭയുടെ നടപടി. വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകൻ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ള 12–ാം വാർഡിലെ കാരാട്ടുപളളിക്കരയിലാണ് ഗുരുവായൂർ അമ്പലത്തിന്റെ മാതൃക നിർമിക്കുന്നത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിന് ശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
പ്ലൈവുഡും കഴകളും സ്റ്റീൽ സ്ക്വയർ പൈപ്പും പോളിത്തീൻ ഷീറ്റുകളും ഉപയോഗിച്ച് ഒരു മാസത്തോളമായി അറുപതോളം കലാകാരൻമാർ ചേർന്നാണ് സെറ്റിന്റെ നിർമാണം നടത്തുന്നത്. വിപിൻ ദാസാണ് സിനിമയുടെ സംവിധാനം നിർമ്മിക്കുന്നത്. സിനിമ സെറ്റിന്റെ നിർമാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് പറഞ്ഞത്. പാടം നികത്തിയ സ്ഥലത്ത് നിർമാണ അനുമതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം സെറ്റിന്റെ നിർമാണത്തിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും, കൗൺസിൽ യോഗത്തിൽ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. ചില കൗൺസിലർമാരുടെ വ്യക്തി താൽപര്യമാണ് സെറ്റ് നിർമാണത്തിനു സ്റ്റോപ്പ് മെമ്മോ നൽകാൻ കാരണമെന്ന് വി.സി.ജോയ് ആരോപണമുന്നയിച്ചിട്ടുണ്ട്. മകന്റെ പേരിലുള്ള സ്ഥലത്തെ നിർമാണത്തിന് തന്റെ പേരിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നും അദ്ദേഹം പറയുകയുണ്ടായി.
മധ്യപ്രദേശിന് വയനാട്ടില്‍ ഒരു എസ്റ്റേറ്റ്; ബീനാച്ചിയുടെ കഥ
ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുണ്ട് ബീനാച്ചിയുടെ കൈമാറ്റ കഥയ്ക്ക്. കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാത 766നോട് ചേര്‍ന്നാണ് ബീനാച്ചി എസ്റ്റേറ്റ്. 550 ഏക്കറുള്ള ഈ എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ ഉടമസ്ഥത മധ്യപ്രദേശ് സര്‍ക്കാരിനെന്ന് എഴുതി വച്ചിട്ടുണ്ട്. വയനാട്ടില്‍ മധ്യപ്രദേശ് സര്‍ക്കാറിന്റെ എസ്റ്റേറ്റ് ഉണ്ടായതിന് പിന്നില്‍ ഒരു കഥയുണ്ട്.
ബ്രട്ടീഷ് പൗരന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂമി ഉത്തരേന്ത്യയിലും മദ്ധ്യപ്രദേശിലും ഉണ്ടായിരുന്ന ആളുകള്‍ വാങ്ങുകയും അന്നത്തെ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുകയായിരുന്നു. 1877 ഫെബ്രുവരിയില്‍ ബ്രിട്ടിഷുകാര്‍ ഉത്തരേന്ത്യക്കാരായ മൂന്നുപേര്‍ക്ക് ഈ എസ്റ്റേറ്റ് വിറ്റു. മാനന്താവാടി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ വച്ചാണ് കൈമാറ്റ കരാര്‍ തയ്യാറാക്കിയത്.
എഡ്വേര്‍ അക്യൂന്‍സ്, സാമുവല്‍ ക്രസര്‍ എന്നിവര്‍ മുഹമ്മദ് ഖാന്‍, ബഹദൂര്‍ ഹാജി, അബു മുഹമ്മദ് എന്നിവര്‍ക്കാണ് വിറ്റത്. പുതിയ ഉടമകള്‍ ഭൂമി പ്രോവിഡന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കു പണയപ്പെടുത്തി. ബാധ്യത തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടതോടെ ബീനാച്ചി എസ്റ്റേറ്റ്, പ്രോവിഡന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി കമ്പനി ഉടമകളായിരുന്ന ഗ്വാളിയാര്‍ രാജവംശത്തിന്റെ അധീനതയിലാവുകയായിരുന്നു.
ഇന്ത്യയ്ക്ക് സ്വതന്ത്യം കിട്ടിയതോടെ അന്ന് ഗ്വാളിയാര്‍ രാജവംശത്തിന്റെ കൈവശമുണ്ടായിരുന്ന എസ്റ്റേറ്റ് മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലുമാവുകയും ചെയ്തു. അതേസമയം, ബീനാച്ചി എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. നിലവില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കാന്‍ സന്നദ്ധതയറിയിച്ചിരുന്നതായി 2021-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് പാക്കേജ് പ്രഖ്യാപനവേളയില്‍ പറഞ്ഞിരുന്നു.
ജില്ലയുടെ വികസനത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് മുതല്‍ക്കൂട്ടാകുമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, പ്രഖ്യാപിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും തുടര്‍നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. ദേശീയപാത 766 പാതയോരത്തും ബീനാച്ചി-പനമരം റോഡരികിലുമായി 550 ഏക്കറോളം സ്ഥലത്താണ് എസ്റ്റേറ്റുള്ളത്. ഒരു വശത്ത് ദേശീയപാതയും മറുവശത്ത് സംസ്ഥാന പാതയുമുള്ള എസ്റ്റേറ്റ് വികസന പ്രവര്‍ത്തികള്‍ക്ക് ഏറെ അനുയോജ്യമാണ്. സര്‍ക്കാരിന് എസ്റ്റേറ്റിന്റെ ഉടമസ്ഥത ലഭിച്ചാല്‍ ബൃഹദ്പദ്ധതികള്‍ ഇവിടെ ആവിഷ്‌കരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ബത്തേരി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മെഡിക്കല്‍ കോളേജ്, സുവോളജി പാര്‍ക്ക്, ഭൂരഹിതര്‍ക്കുള്ള പാക്കേജ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ സ്ഥലമാണിത്. മേഖലയുടെയാകെ വികസനത്തിന് കാരണമാകുന്ന എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മുമ്പുണ്ടായിരുന്ന ഉത്സാഹം ഇപ്പോഴില്ല. ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിതലത്തില്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചിരുന്നു.
എന്നാല്‍, നാളുകള്‍ പിന്നിട്ടിട്ടും കാര്യമായ നടപടികള്‍ ഇക്കാര്യത്തിലുണ്ടായിട്ടില്ല. 2019-ല്‍ രാഹുല്‍ഗാന്ധി എം.പി. ബീനാച്ചി എസ്റ്റേറ്റ് കേരളത്തിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാരുമായി സംസാരിക്കുന്നതിന് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് അനുകൂലപ്രതികരണങ്ങളൊന്നും അന്നുണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ആവശ്യമാണുയരുന്നത്.
നിയമ പോരാട്ടങ്ങള്‍ നടന്ന വഴി….
550 ഏക്കര്‍ വിസ്തൃതിയുള്ള തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് മധ്യപ്രദേശ് – കേരളാ സര്‍ക്കാരുകള്‍ തമ്മില്‍ വന്‍ നിയമപോരാട്ടങ്ങള്‍ ഇതിന് മുമ്പ് നടന്നിട്ടുണ്ട്. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്റ്റേറ്റ് അളന്നുതിട്ടപ്പെടുത്തിയിരുന്നു. ഇതില്‍ 300-ഓളം ഏക്കര്‍ കാപ്പിത്തോട്ടമാണെന്ന് കണ്ടെത്തി. ഇത് ഇരുസര്‍ക്കാരുകളും അംഗീകരിക്കുകയും ചെയ്തു.
60 ഏക്കറിലധികം കൈയ്യേറ്റഭൂമിയും 170-ഓളം ഏക്കര്‍ വനഭൂമിയാണെന്നും കണ്ടെത്തി. എന്നാല്‍ വനഭൂമി, കയ്യേറ്റഭൂമി നിര്‍ണയവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ആ നടപടികള്‍ സ്റ്റേ ചെയ്യുകയും ചെയ്തു. വനംവകുപ്പ് ഈ ഭൂമി ഏറ്റെടുക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ശ്രമം തുടങ്ങിയിരുന്നു. 2011-ല്‍ കൃഷിയിറക്കാതെ കിടക്കുന്ന ഭൂമി കേരള വേസ്റ്റഡ് ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഏറ്റെടുത്ത് വനംവകുപ്പ് ഉത്തരവിറക്കി.
എന്നാല്‍ വനംവകുപ്പിന്റെ നടപടിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ സ്റ്റേ വാങ്ങി. സ്റ്റേ വാങ്ങിയെങ്കിലും 2013-ല്‍ ഹൈക്കോടതി ഇടപെട്ട് രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഭൂമി അളന്നുതിട്ടപ്പെടുത്താനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇത് പ്രകാരമാണ് പിന്നീട് 2015 നവംബറില്‍ ഭൂമി അളന്നുതിട്ടപ്പെടുത്തിയത്.
അളന്ന് കഴിഞ്ഞാല്‍ ഭൂമികളുടെ വിസ്തീര്‍ണം ഇരു സംസ്ഥാന ഉദ്യോഗസ്ഥരും ഒപ്പിട്ട് സ്‌കെച്ചുണ്ടാക്കി രണ്ട് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാര്‍ക്കുമായി നല്‍കാനും ധാരണയുണ്ടായിരുന്നു. എന്നാല്‍ ഈ നടപടികളെല്ലാം പിന്നീട് സ്റ്റേയായി. മധ്യപ്രദേശ് സര്‍ക്കാരിന്റെ അന്നത്തെ ഫൈനാന്‍സ് സെക്രട്ടറി അനിരുദ്ധ് മുഖര്‍ജിയുടെ നേതൃത്വത്തിലെത്തിയ സര്‍വ്വെ സംഘവും, വനംവകുപ്പ് ഉദ്യോഗസ്ഥരും കേരളത്തിലെ അന്നത്തെ ലാന്റ് റവന്യൂ കമ്മീഷണര്‍ മോഹന്‍ദാസ്, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രൊട്ടക്ഷന്‍ നാരായണന്‍കുട്ടി, നോര്‍ത്തേണ്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കേശവന്‍, എ ഡി എം പി വി ഗംഗാധരന്‍, ഡി എഫ് ഒ ധനേഷ്‌കുമാര്‍, സൗത്ത് വയനാട് ഡി എഫ് ഒ അസീസ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥസംഘമാണ് എസ്റ്റേറ്റിലെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചത്.
എസ്റ്റേറ്റിലെ 70-ഓളം ഏക്കര്‍ ഭൂമി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ഷകര്‍ കയ്യേറി താമസം തുടങ്ങിയിരുന്നു. ഇവരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും കോടതികളില്‍ കേസുകള്‍ നിലനിന്നിരുന്നു. വയനാട്ടില്‍ വികസനപദ്ധതികള്‍ക്ക് ഭൂമി ലഭ്യമല്ലാതിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഒഴിഞ്ഞു കിടക്കുന്ന ഈ ഭൂമിയുടെ മേല്‍ പല വകുപ്പുകളുടെയും ശ്രദ്ധ പതിയുന്നത്.