കോവിഡ് ബാധിതനായാണ് വിദ്യാസാഗർ മരിച്ചത് എന്ന് വ്യാജവാർത്ത പ്രചരിപ്പിക്കരുത്…..മരിക്കുമ്പോൾ അദ്ദേഹത്തിന് കോവിഡ് ഇല്ലായിരുന്നു ; നടി മീന

സിനിമാലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവിന്റെ മരണവാർത്ത പുറത്തുവന്നത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു.

 

ഏതാനും ദിവസം മുമ്പ്, ശ്വാസകോശ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നാൽ അണുബാധ രൂക്ഷമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു . വിദ്യാസാഗറിന്റെ മരണവാർത്ത അറിഞ്ഞതോടെ ഇതേക്കുറിച്ച് പലതരം വ്യാജവാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മൗനം വെടിഞ്ഞു ഇത്തരം വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് മീന.

എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിൽ വേദന താങ്ങാവുന്നതിലും അപ്പുറം ആണെന്ന് കുറിച്ചുകൊണ്ടാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി താരം എല്ലാവരോടും ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്. “വലിയ വേദനയിലൂടെയാണ് കടന്നുപോകുന്നത്.. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു.. ദയവായി ഭർത്താവിന്റെ മരണത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് ” എന്നുമാണ് മീന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അഭ്യർത്ഥിക്കുന്നത്.

കൂടാതെ ഈ ദുഃഖത്തിൽ തന്നോടൊപ്പം നിന്നവർക്കുള്ള നന്ദിയും താരം രേഖപ്പെടുത്തുന്നുണ്ട്. “ഈ ദുഃഖത്തിൽ എനിക്കും കുടുംബത്തിനും ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും മുഖ്യമന്ത്രി രാധാകൃഷ്ണൻ ഐഎഎസ് സിനും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും മാധ്യമങ്ങൾക്ക് എന്റെ പ്രിയപ്പെട്ട ആരാധകർക്കും ഞാൻ നന്ദി അറിയിക്കുന്നു.. ” എന്നാണ് മീന കുറിച്ചിരിക്കുന്നത് ..

ജൂൺ 29 നായിരുന്നു മീനയുടെ ഭർത്താവിന്റെ മരണവാർത്ത പുറത്തുവന്നത്. ഇതേ സംബന്ധിച്ച് പുറത്തുവന്ന പലതരം വ്യാജ വാർത്തകൾക്കെതിരെ മീനയുടെ സുഹൃത്ത് എന്ന നിലയിൽ നടി കുശ്ബു അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. കോവിഡ് ബാധിതനായാണ് വിദ്യാസാഗർ മരിച്ചത് എന്ന് വ്യാജവാർത്ത പ്രചരിപ്പിക്കരുത് എന്നും, മരിക്കുമ്പോൾ അദ്ദേഹത്തിന് കോമഡ് ഇല്ലായിരുന്നു എന്നും, ഇത്തരം വ്യാജവാർത്തകൾ പടച്ചുവിട്ട് ജനങ്ങളെ പരിഭ്രാന്തരാക്കരുത് എന്നായിരുന്നു ഖുശ്ബു പറഞ്ഞത്.

Leave a Comment