വിദേശവിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോകുന്ന രാജ്യങ്ങളാണ് കാനഡ, ഓസ്ട്രേലിയ,യുഎസ്. കാനഡ കഴിഞ്ഞാല്‍ ഓസ്ട്രേലിയയാണ് രണ്ടാമതായി തിരിഞ്ഞെടുക്കുന്ന രാജ്യം. എന്തുകൊണ്ടാണ് എല്ലാവരും ഓസ്ട്രേലിയ തിരഞ്ഞെടുക്കാന്‍ കാരണം? വിദേശ ബിരുദ പ്രോഗ്രാമുകള്‍, കുടിയേറ്റ സൗഹൃദ നയങ്ങള്‍, പ്രശസ്തമായ സര്‍വകലാശാലകള്‍, ബിരുദാനന്തര ബിരുദാനന്തര കോഴ്സുകള്‍,തൊഴില്‍ അവസരങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളെ ഓസ്ട്രേലിയയിലേക്ക് ആകര്‍ഷിക്കുന്നത്.
എന്നാല്‍ ഓസ്ട്രേലിയ മോഹവും ഇനി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കാനഡയ്ക്ക് പിന്നാലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നടപടികളില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയ. ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് തീരുമാനം കനത്ത തിരിച്ചടിയായേക്കും.
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ലക്ഷ്യം…..
രാജ്യത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റത്തിന്റെ തോത് പകുതിയായി കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 2025 ജൂണോടെ വാര്‍ഷിക കുടിയേറ്റം ഇരുപത്തയ്യായിരമായി ആയി കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുമുള്ള വീസ നിയമങ്ങളും കര്‍ശനമാക്കുന്നതിനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.സമീപകാലത്ത് ഓസ്‌ട്രേലിയയില്‍ കുടിയേറ്റം റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇതോടെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും താമസ സൗകര്യത്തിനുള്ള ലഭ്യതയുമെല്ലാം സര്‍ക്കാരിന് തലവേദനയാകുകയാണ്.
രാജ്യത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവം നിലനില്‍ക്കുന്നു. അവരെ ആകര്‍ഷിക്കാന്‍ വേണ്ടവിധം സാധിക്കുന്നില്ലെന്നതും രാജ്യം നേരിടുന്ന പ്രതിസന്ധിയാണ്. 10 വര്‍ഷത്തേക്കുള്ള പുതിയ ഇമിഗ്രേഷന്‍ നയമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം ആദ്യം നടത്തിയ അവലോകനത്തില്‍, കുടിയേറ്റ നയം വളരെ മോശമാണെന്ന് വിലയിരുത്തിലാണ് ഉണ്ടായിരുന്നത്. സങ്കീര്‍ണ്ണവും മന്ദഗതിയിലുള്ളതും കാര്യക്ഷമമല്ലാത്തതും നയത്തില്‍ കാര്യമായ പരിഷ്‌കരണം ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. 2023 ജൂണ്‍ വരെ ഒരു വര്‍ഷത്തില്‍ 510,000 ആളുകള്‍ ഓസ്‌ട്രേലിയയില്‍ എത്തി. ഇവരുടെ എണ്ണം കുറച്ച് രാജ്യത്തിന് ആവശ്യമായ ആളുകളെ മാത്രം സ്വീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഷിക കുടിയേറ്റം 50% കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
മാറ്റങ്ങളും നിര്‍ദേശങ്ങളും ….
പുതിയ നടപടികളില്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനവും രണ്ടാമത്തെ വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ കാര്യത്തിലുള്ള കൂടുതല്‍ സൂക്ഷ്മപരിശോധനയും ഉള്‍പ്പെടുന്നു. ഏതെങ്കിലും തുടര്‍ പഠനം അവരുടെ അക്കാദമിക് അഭിലാഷങ്ങളെയോ അവരുടെ കരിയറിനെയോ മുന്നോട്ട് കൊണ്ടുപോകുമെന്ന് അവര്‍ തെളിയിക്കണം.
ഇംഗീഷ് പരീക്ഷകളില്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചാല്‍ മാത്രമേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം പോലുള്ള ആവശ്യങ്ങള്‍ക്കായി ഓസ്ട്രേലിയയിലേക്ക് പോകാന്‍ സാധിക്കൂവെന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ഓസ്ട്രേലിയയിലേക്ക് വിവിധ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ ഐഇഎല്‍ടിഎസ്, അല്ലെങ്കില്‍ പി.ടി.ഇപോലുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിലേതെങ്കിലും വിജയിച്ചിരിക്കണം. താരതമ്യേന ബുദ്ധിമുട്ടേറിയവയാണ് ഈ പരീക്ഷകള്‍. ഇവയില്‍ കൂടുതല്‍ ബാന്‍ഡ് സ്‌കോറുകള്‍ നേടിയെടുക്കുകയെന്നത് അതിലും പ്രയാസമായിരിക്കും.
മാത്രമല്ല വിസ അനുവദിക്കുന്നതിനായുള്ള സൂക്ഷപരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്യുമത്രേ. കുടിയേറ്റക്കാരുടെ എണ്ണം സാധാരണ നിലയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി. ഭാവി സാഹചര്യങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയയില്‍ ഏകദേശം ആറ് ലക്ഷത്തോളം വിദേശ വിദ്യാര്‍ഥികളുണ്ട്, അവരില്‍ പലരും രണ്ടാം വീസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത്.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള സാങ്കേതിക തൊഴിലാളികള്‍ അല്ലെങ്കില്‍ പരിചരണ തൊഴിലാളികള്‍ പോലുള്ള ‘സ്പെഷ്യലിസ്റ്റ്’ അല്ലെങ്കില്‍ രാജ്യത്തിന് അത്യാവശ്യമുള്ള കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്കുള്ള വീസയും സ്ഥിരതാമസത്തിനുള്ള മികച്ച സാധ്യതകളും ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നയങ്ങള്‍ ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായ കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുകയും രാജ്യത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും ഒ നീല്‍ പറഞ്ഞു.
202223 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറിയത് വിദ്യാര്‍ഥി വിസയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ കുടിയേറ്റ സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണെന്നും അത് ‘സുസ്ഥിര തലത്തിലേക്ക്’ കൊണ്ടുവരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് നേരത്തേ പറഞ്ഞിരുന്നു.
കോവിഡില്‍ നിന്ന് കരകയറാന്‍ ഓസ്‌ട്രേലിയയെ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത കുടിയേറ്റ നയങ്ങള്‍ ക്രമീകരിക്കുന്നതില്‍ സര്‍ക്കാര്‍ വളരെ മന്ദഗതിയിലായിരുന്നുവെന്ന് പ്രതിപക്ഷ കുടിയേറ്റ വക്താവ് ഡാന്‍ ടെഹാന്‍ വിമര്‍ശിച്ചു.
നേരത്തെ ബ്രിട്ടനും കാനഡയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും വീസ നിയമങ്ങള്‍ വരുത്തുന്നതിന് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതേസമയം, പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ ഓസ്ട്രേലിയന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നതിനായി രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഇംഗ്ലിഷ് സ്‌കോറുകള്‍ ആവശ്യമായി വരും. മാത്രമല്ല പഠനത്തിന് ശേഷം ഓസ്ട്രേലിയയില്‍ തങ്ങുന്നതിനും കടമ്പകളേറും.
മറ്റൊരു രാജ്യമായ കാനഡയും പുതിയ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. 2024 ജനുവരി 1 മുതല്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് പരിധി നിലവിലെ 10000 കനേഡിയന്‍ ഡോളറില്‍ നിന്ന് 20635 കനേഡിയന്‍ ഡോളറായി ഉയര്‍ത്താനുള്ള തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. അതായത് ഇനി മുതല്‍ ജീവിത ചെലവിനായി അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇന്ത്യക്കാരെ സംബന്ധിച്ച് 12 ലക്ഷത്തോളം വരും. നേരത്തേ ഇത് ആറ് ലക്ഷമായിരുന്നു. തീരുമാനം വലിയ തിരിച്ചടിയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
രാജ്യം ഞെട്ടിയ 2001 ലെ ഭീകരാക്രമണം; വാര്‍ഷിക ദിനത്തില്‍ വീണ്ടും; പിന്നില്‍ ആര്?
2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വീണ്ടും ആക്രമണമുണ്ടായതിന്റെ നടുക്കത്തിലാണ് രാജ്യം. ഡിസംബര്‍ 13-ന് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇന്ന് ആ ശ്രമം നടന്നതോടെ ഇതിന്റെ ഗൗരവം വര്‍ധിക്കുന്നു.
2001 ഡിസംബര്‍ 13-ന് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച കാറിലെത്തിയ അഞ്ചംഗ ഭീകരര്‍ ആക്രമണം നടത്തിയത്. ലഷ്‌കര്‍-ഇ-ത്വയിബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഭീകരസംഘടനകളായിരുന്നു ആക്രമണത്തിനു പിന്നില്‍.
സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞതിനു പിന്നാലെ പുറത്തിറങ്ങിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നൂറിലധികം എം.പി.മാരാണ് ആ സമയം പാര്‍ലമെന്റിലുണ്ടായിരുന്നത്. അരമണിക്കൂറോളം നീണ്ട വെടിവെയ്പ്പിനൊടുവില്‍ ആക്രമണം നടത്തിയ അഞ്ച് ഭീകരരും എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ലമെന്റിലെ ഉദ്യാനപാലകനുമുള്‍പ്പടെ 15 പേരാണ് കൊല്ലപ്പെട്ടത്.
ലഷ്‌കര്‍-ഇ-ത്വയിബയും ജെയ്ഷ്-ഇ-മുഹമ്മദും സംയുക്തമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും അഞ്ച് ഭീകരരും പാകിസ്താന്‍ പൗരന്മാരാണെന്നും പിന്നീടു നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നാലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് അഫ്സല്‍ ഗുരു, ഷൗക്കത്ത് ഹുസൈന്‍, ഇയാളുടെ ഭാര്യ അഫ്സാന്‍ ഗുരു, എസ്.എ.ആര്‍ ജിലാനി എന്നിവര്‍ അറസ്റ്റിലായി.
അഫ്സല്‍ ഗുരുവിന്റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പുന്നൂന്‍ ഭീഷണി സന്ദേശം പുറത്തുവിട്ടത്. ഡല്‍ഹി ഖലിസ്താന്റെ നിയന്ത്രണത്തിലാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിച്ചുവെങ്കിലും താന്‍ രക്ഷപ്പെട്ടുവെന്നും പന്നൂന്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി പാര്‍ലമെന്റ് ആക്രമിക്കുമെന്നായിരുന്നു ഭീഷണി.
2001ലെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ സ്മൃതി മന്ദിരത്തില്‍ പ്രാര്‍ഥനകളര്‍പ്പിച്ചു കൊണ്ടായിരുന്നു ഇന്ന് സമ്മേളനം ആരംഭിച്ചത്. മൗനപ്രാര്‍ഥനകള്‍ക്ക് ശേഷം തുടര്‍ന്ന ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെയായിരുന്നു രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്‌പ്രേ പ്രയോഗിച്ചത്. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്‌പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം.പി മാര്‍ക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍വാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്.
നടന്‍ ദേവനെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു
നടന്‍ ദേവനെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടന്‍ ദേവന് ഭാവുകങ്ങള്‍ നേരുന്നു എന്നാണ് സുരേന്ദ്രന്‍ കുറിച്ചത്.
നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിച്ച് തുടങ്ങിയ ദേവന്‍ ഒടുവില്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. മുമ്പ് കെ സുരേന്ദ്രന്‍ നടത്തിയ വിജയ് യാത്രയുടെ സമാപനത്തില്‍ നവകേരള പീപ്പ്ള്‍സ് പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ദേവന്റെ പുതിയ പദവി.
ദേവനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. കേരളം എന്തുകൊണ്ട് അവികസിതമായി നിലകൊള്ളുന്നുവെന്ന് കണ്ടെത്തിയപ്പോഴാണ് മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിനോട് ടാറ്റ പറഞ്ഞ് 2004-ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ച താന്‍, ഇപ്പോള്‍ ബി.ജെ.പിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ വ്യക്തമാക്കി.
കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനത്തിലായിരുന്നു ലയനം. ദേവനെയും പാര്‍ട്ടിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും ദേവന്‍ പരാജയപ്പെട്ടിരുന്നു.
കൃഷ്ണ കുമാര്‍, സുരേഷ് ഗോപി തുടങ്ങിയ മലയാളി സിനിമാ താരങ്ങള്‍ ബിജെപി അംഗങ്ങളാണ്. നേരത്തെ ബി ജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമന്‍ രഘുവും സംവിധായകന്‍ രാജസേനനും പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ദേവന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനല്ല ഉപാദ്ധ്യക്ഷനായതെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവന്‍ പറഞ്ഞു. കൂടാതെ ഇത്തവണ മത്സരിക്കാനില്ലെന്നും സുരേഷ് ഗോപി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവന്‍ തൃശൂരില്‍ പറഞ്ഞു. ഭീമന്‍ രഘു, രാജസേനന്‍ എന്നിവര്‍ രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയത്തിന്റെ പേരിലല്ല വന്നത്. ഒരു ഗ്ലാമറിന്റെ പേരില്‍ വന്നവരാണെന്നും ദേവന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞുനിന്ന നടനാണ് ദേവന്‍. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം പിന്നീട് തന്റെ പാര്‍ടി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ലയിപ്പിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്രസംവിധായകനായ രാമു കാര്യാട്ടിന്റെ അനന്തരവനുമാണ് ദേവന്‍.
പാര്‍ലമെന്റ് അതിക്രമം: അന്വേഷണം വിപുലമാക്കി ഐബി
പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ (ഐബി). ബുധനാഴ്ച വൈകീട്ടോടെ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റിലെത്തി പരിശോധന നടത്തി. പിടിയിലായ നാലുപേരേയും ചോദ്യംചെയ്തു. പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരുകയാണ്.
പോലീസിനൊപ്പം ഐ.ബി ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീടുകളിലെത്തിയും പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഇവരില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ തുടര്‍പരിശോധനകള്‍ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിയിലായ നാലുപേര്‍ക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. സാമൂഹിക മാധ്യമം വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം. അക്രമികള്‍ പാര്‍ലമെന്റില്‍ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഐബി മറ്റ് അന്വേഷണ ഏജന്‍സികളേയും ബന്ധപ്പെടുന്നുണ്ട്.
പിടിയിലായവരില്‍ സാഗര്‍ ശര്‍മ, മനോരജ്ഞന്‍ എന്നിവര്‍ മൈസൂര്‍ സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് സാഗര്‍. 35-കാരനായ മനോരജ്ഞന്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. ഇവര്‍ രണ്ടുപേരുമാണ് പാര്‍ലമെന്റിനുള്ളില്‍ അതിക്രമം കാണിച്ചത്. ഇവര്‍ക്ക് പുറമേ മറ്റ് രണ്ടു പ്രതികളായ നീലം, അമോല്‍ എന്നിവരെ പാര്‍ലമെന്റിന് പുറത്ത് അതിക്രമം കാണിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.
ഹരിയാണ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നീലം ഹരിയാണയിലെ ഹിസറിലാണ് താമസിച്ചിരുന്നത്.
അതേസമയം നീലം, അമോല്‍ എന്നിവര്‍ ആക്രമണ സമയത്ത് മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ബാഗോ തിരിച്ചറിയല്‍ കാര്‍ഡോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദമെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാര്‍ലമെന്റിനുള്ളില്‍ അക്രമണമുണ്ടായത്. സന്ദര്‍ശക ഗാലറിയിലിരുന്ന രണ്ടുപേര്‍ പെട്ടെന്ന് താഴേക്ക് ചാടിയിറങ്ങി കൈയിലുണ്ടായിരുന്ന സ്പ്രേ ചുറ്റുമടിച്ച് അതിക്രമം കാണിക്കുകയായിരുന്നു. എം.പിമാര്‍ ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പ്രതികളില്‍ സാഗര്‍ ശര്‍മ്മയുടെ കൈവശമുണ്ടായിരുന്നത് ബിജെപി മൈസൂര്‍ എംപിയായ പ്രതാപ് സിംഹ നല്‍കിയ സന്ദര്‍ശക പാസായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.