വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ആദ്യമായി മാസ്‌ക്കിലൂടെ നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് വധിക്കുന്ന ശിക്ഷാരീതി നടപ്പിലാക്കി അമേരിക്ക. അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വാടകക്കൊലയാളി കെന്നത്ത് യുജീന്‍ സ്മിത്തിനെ പുതിയ രീതിയില്‍ വധിച്ചത്. ഇത്രയും കാലം വിഷം കുത്തിവെച്ചാണ് അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കിയിരുന്നത്. ക്രൂരമായ കൊലപാതക രീതിയെന്നാണ് വിമര്‍ശകര്‍ നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ക്രൂരമായ കൊലപാതകം നടത്തിയ ഇയാളെ ഈ രീതിയില്‍ കൊലപ്പെടുത്തുന്നതില്‍ ക്രൂരതയില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
വേദനയില്ലാത്ത രീതിയാണെന്ന് അവകാശപ്പെടുന്ന നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള രീതിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ തടവുകാരനാണ് കെന്നെത്ത് സ്മിത്ത്. ജനുവരി രണ്ടാം വാരത്തിലെ വാദത്തിലാണ് മാസ്‌ക്കിലൂടെ നൈട്രജന്‍ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷ അനുവദിച്ച് യുഎസ് ഫെഡറല്‍ കോടതി ഉത്തരവിറക്കുന്നത്. ഇത് ക്രൂരമായ രീതിയാണെന്നും നടപ്പിലാക്കുമ്പോള്‍ പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവ് നല്‍കിയത്.
സ്മിത്തിന് വധ ശിക്ഷ വിധിച്ചത് എന്തിന്?
1988 മാര്‍ച്ചില്‍ സെന്നെറ്റ് എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് സ്മിത്ത് പിടിയിലായത്. സെന്നെറ്റിന്റെ ഭര്‍ത്താവിന്റെ നിര്‍ദേശാനുസരണമായിരുന്നു കൊല. സെന്നെറ്റിന്റെ നെഞ്ചില്‍ ആഴത്തില്‍ എട്ടു പ്രാവശ്യവും കഴുത്തില്‍ രണ്ടു പ്രാവശ്യവും കത്തി കുത്തിയിറക്കി. അന്വേഷണം തന്റെ നേര്‍ക്ക് തിരിയുന്നുവെന്ന് മനസിലായതോടെ സെന്നെറ്റിന്റെ ഭര്‍ത്താവ് ചാള്‍സ് ആത്മഹത്യ ചെയ്തു. കൊലക്കേസിലെ മറ്റൊരു പ്രതിയായ ജോണ്‍ ഫോറസ്റ്റ് പാര്‍ക്കറിനെ 2010ല്‍ വിഷം കുത്തി വച്ച് വധശിക്ഷ നടപ്പിലാക്കി. 2022ല്‍ സ്മിത്തിനെയും വിഷം കുത്തി വച്ച് കൊല്ലാനായിരുന്നു ഉത്തരവ്.
എന്നാല്‍ വിഷം കുത്തിവയ്ക്കുന്നതിനായുള്ള പ്രത്യേക സിര കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പിലാക്കാനായില്ല. അതോടെ വധശിക്ഷയില്‍ നിന്ന് ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് സ്മിത് കോടതിയെ സമീപിച്ചു. എന്നാല്‍ നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്. ഇതിനെതിരേ അവസാനം വരെയും സ്മിതും അഭിഭാഷകരും കോടതിയില്‍ പൊരുതി. അസാധാരണവും ക്രൂരവുമായ മാര്‍ഗം പരീക്ഷിക്കുകയാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി ഇതൊന്നും ചെവിക്കൊണ്ടില്ല. എന്നാല്‍ മാരകമായ കുത്തിവയ്പ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിക്കുമ്പോള്‍ സ്മിത്ത് തന്നെ നിര്‍ദ്ദേശിച്ച രീതിയാണ് നൈട്രജന്‍ ഹൈപ്പോക്‌സിയയെന്ന് അലബാമ അധികൃതരും പറയുന്നു. ഫെഡറല്‍ കോടതി ഈ വാദങ്ങളെല്ലാം തള്ളുകയും നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
അമേരിക്കയില്‍ 50 സംസ്ഥാനങ്ങളില്‍ 27ല്‍ മാത്രമാണ് വധശിക്ഷ നിയമപരം. യുഎസില്‍ വധശിഷയ്ക്ക് വിധിക്കപ്പെടുന്നവരെ ഇത്രയും കാലം വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്. ഏകദേശം അഞ്ച് വര്‍ഷം മുന്‍പ് തന്നെ നൈട്രജന്‍ വാതകം ശ്വസിപ്പിച്ചുകൊണ്ടുള്ള വധശിക്ഷ നടപടികള്‍ അമേരിക്കയില്‍ പ്രാബല്യത്തില്‍ കൊണ്ട് വരുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. മിസിസിപ്പി, ഓക്‌ല ഹോമ സംസ്ഥാനങ്ങളിലും നൈട്രജന്‍ വധശിക്ഷയ്ക്ക് അംഗീകാരമുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല. പ്രത്യേക മാസ്‌ക് ഉപയോഗിച്ച് നൈട്രജന്‍ ശ്വസിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്. ഓക്‌സിജന്റെ അഭാവത്തോടെ നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും.
നൈട്രജന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
സ്വാദും മണവുമൊന്നുമില്ലാത്തതിനാല്‍ നൈട്രജന്‍ ശ്വസിക്കുന്ന സമയം അസ്വാഭാവികമായി ഒന്നും അനുഭവപ്പെടില്ലെന്ന് വിദഗ്ധര്‍. ഇതുകാരണം അസ്വസ്ഥതയില്ലാതെ തന്നെ ഒാക്‌സിജന്റെ അഭാവത്തില്‍ മരണം സംഭവിക്കുമെന്നതാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയുടെ ഏറ്റവും വലിയ മെച്ചമെന്നും വിദഗ്ദ്ധര്‍.
നൈട്രജന്‍ വാതകം നമ്മുടെ ശരീരത്തിനുള്ളില്‍ കടന്നാല്‍ ദ്രുതഗതിയില്‍ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും. ചെറിയ അളവില്‍ നൈട്രജന്‍ ഉള്ളില്‍ കടക്കുമ്പോള്‍ തന്നെ ശ്വാസകോശത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറയും. തുടര്‍ന്ന് രക്തത്തില്‍ നിന്നും ഓക്സിജന്‍ തള്ളപ്പെടും. രക്തത്തില്‍ നിന്ന് പൂര്‍ണമായും ഓക്സിജന്റെ അളവ് ശൂന്യമാകാന്‍ സെക്കന്‍ഡുകളോ മിനിട്ടുകളോ മാത്രം മതി. ശരീരത്തില്‍ ഓക്സിജന്‍ കുറയുന്ന വേളയില്‍ തന്നെ വ്യക്തി അബോധാവസ്ഥയിലേക്ക് എത്തും. അബോധാവസ്ഥയ്ക്കൊപ്പം ചിലപ്പോള്‍ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥകളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുടര്‍ന്ന് ഹൃദയം സ്തംഭിക്കുന്ന അവസ്ഥയിലേക്കെത്തും. കുറച്ച് നിമിഷം ഓക്സിജന്‍ ലഭിക്കാതെ വരുമ്പോള്‍ തന്നെ ശ്വസനവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിന്റെ കോര്‍ട്ടക്സിലെയും മെഡുല്ല ഒബ്ലാംഗറ്റയിലെയും കോശങ്ങള്‍ നിര്‍ജീവമായി തുടങ്ങും. ഇതോടെ മസ്തിഷ്‌കമരണം സംഭവിച്ചതായി സ്ഥിരീകരിക്കും.
അമിതമായ വേദന സഹിക്കേണ്ടി വരുമെന്നാണ് ചില വൈദ്യശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. നൈട്രജന്‍ വാതകമുപയോഗിച്ച് ശിക്ഷ നടപ്പിലാക്കുന്ന ഈ രീതിയില്‍ മനുഷ്യത്വ രഹിതമായി ഒന്നുമില്ലെന്നായിരുന്നു അമേരിക്കയിലെ സംസ്ഥാന ഭരണകൂടം. ക്രൂരവും വേദനാജനകവും മനുഷ്യത്വ രഹിതവുമാണ് ഈ പ്രക്രിയയെന്നാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായം. ഇത് വളരെ വേദനാജനകവും ഏറെ പീഡിപ്പിച്ച് മരണത്തിലേക്ക് നയിക്കുന്ന രീതിയുമാണെന്നാണ് ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ വാസ്തവത്തില്‍ നൈട്രജന്‍ ഗ്യാസ് അത്രയും പ്രശ്‌നമല്ലെന്ന് വാദിക്കുന്നവരാണ് മറുവിഭാഗത്തുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് ഒരു കുറ്റവാളിയെ വധിച്ചതും. നിലവില്‍ അലബാമയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് 43 തടവുകാരും നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയാണ് തങ്ങളുടെ വധശിക്ഷാ രീതിയായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും, സംസ്ഥാനത്ത് തുടര്‍ന്നുള്ള വധശിക്ഷകളില്‍ ഈ രീതി ഉപയോഗിക്കാനാണ് സാധ്യതയെന്നും അലബാമയിലെ ഉദ്യോഗസ്ഥരും പറയുന്നു.
സ്മിത്തിന്റെ ദൃക്‌സാക്ഷിയായ പുരോഹിതന്‍ അടക്കമുളളവര്‍ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയെക്കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. പേടിപ്പെടുത്തുന്ന ഒരു സിനിമാസീന്‍ ആണ് അത് എന്ന് തോന്നി. ഒരിക്കലും ആ രംഗം എന്റെ ഓര്‍മ്മ വിട്ടുപോകുമെന്ന് തോന്നുന്നില്ല. ഇത് കണ്ട് നില്‍ക്കേണ്ടിവന്നവരുടെ മുഖമെല്ലാം ഷോക്കടിച്ചത് പോലെയായിരുന്നു. എന്താണ് നടക്കുന്നത് എന്ന് മനസിലാകാതെ പേടിച്ചുപോയി എല്ലാവരും. സ്മിത്ത് ശ്വാസത്തിന് വേണ്ടി പിടയുമ്പോള്‍ എല്ലാവരില്‍ നിന്നും നെടുവീര്‍പ്പുയര്‍ന്നിരുന്നുവെന്നാണ് റവറന്‍ഡ് ജെഫ് ഹൂഡ് പറയുന്നത്.
വധശിക്ഷ നടപ്പിലാക്കപ്പെടുന്നതിന് മുമ്പായി തന്നെ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷ രീതിയെക്കുറിച്ച് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇപ്പോള്‍ വധശിക്ഷയ്ക്ക് ശേഷം ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വരുമ്പോള്‍ പ്രതിഷേധം വീണ്ടും കനക്കുകയാണ്. വധശിക്ഷ തന്നെ പ്രാകൃതമാണ്, ഇന്ന് അംഗീകരിക്കാവുന്നതല്ലെന്നും അപ്പോഴാണ് ഇത്രയും ഹീനമായ വധശിക്ഷയെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ചെയ്ത ക്രൂരതയ്ക്ക് ഇതൊന്നും പോരായെന്ന് മറുപക്ഷവും.
നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി; ഒന്‍പതാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബിഹാര്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് ഒന്‍പതാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
രാവിലെ നിതീഷ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യ മുന്നണി വിട്ടാണ് ജെഡിയും വീണ്ടും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിനൊപ്പം ചേരുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് എത്തി.
ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണു പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം. ജെഡിയു എംഎല്‍എമാരുടെ നിയമസഭാകക്ഷി യോഗം പൂര്‍ത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവര്‍ണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്.
അതേസമയം നിതീഷിനൊപ്പം ചില കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്കു ചേക്കേറുന്നതായുള്ള സൂചന ശക്തമാണ്. ആകെയുള്ള 19 എംഎല്‍എമാരില്‍ 11 എംഎല്‍എമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണു റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന നേതൃത്വവും പാര്‍ട്ടിയുടെ എംഎല്‍എമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തും.
ആകെയുള്ള 243 സീറ്റുകളില്‍ 122 സീറ്റുകളാണ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവില്‍ ബിജെപി- 78, ആര്‍ജെഡി 79, ജെഡിയു 45, കോണ്‍ഗ്രസ്- 19, ഇടത് കക്ഷികള്‍- 16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രന്‍- 1 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു പോകുന്നതോടെ ആര്‍ജെഡി + കോണ്‍ഗ്രസ് + ഇടത് കക്ഷികള്‍ക്കുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തില്‍നിന്ന് 8 സീറ്റ് കുറവാണിത്. അപ്പുറത്ത് ബിജെപിയും ജെഡിയും ഒന്നിക്കുന്നതോടെ 123 സീറ്റോടെ കേവല ഭൂരിപക്ഷം കടക്കാം.
2020ല്‍ ബിജെപിയുമായി ചേര്‍ന്ന് അധികാരത്തില്‍ വന്ന നിതീഷ്, 2022 ഓഗസ്റ്റ് 9ന് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യവുമായി കൂട്ടുചേരാനായി രാജിവച്ചു. പിറ്റേന്ന് അവരുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇക്കുറി മഹാസഖ്യം വിട്ടു ബിജെപി സഖ്യത്തിലേക്കും ചേക്കേറി.
നിതീഷിന്റെ ചാട്ടങ്ങള്‍
2014: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ ജെഡിയുവിലെ ആഭ്യന്തരപ്രശ്‌നം മൂലം രാജി. 2015 ല്‍ ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തില്‍.
2017: ആര്‍ജെഡി, കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ രാജി. തുടര്‍ന്നു ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി.
2022: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിട്ടു. ആര്‍ജെഡി, കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി
2024: ആര്‍ജെഡി, കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിടുന്നു. ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകും.
13 വര്‍ഷം കഴിഞ്ഞത് മറ്റൊരു പേരില്‍, സവാദിന്റെ ഡിഎന്‍എ പരിശോധിക്കാന്‍ എന്‍ഐഎ
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍ഐഎ. കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. 13 വര്‍ഷം ഷാജഹാനെന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഐഎ നീക്കം.
കേസില്‍ സവാദിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാന്‍ഡില്‍ വിട്ടത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും എന്‍ ഐ എ വ്യക്തമാക്കി. 2010 ജൂലൈ 4നാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ സവാദിനെ കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ നിന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഷാജഹാന്‍ എന്ന് പേര് മാറ്റി കുടുംബമായി കണ്ണൂര്‍ ജില്ലയില്‍ താമസിച്ച് വരുന്നതിനിടെയാണ് പിടികൂടിയത്.
സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് സഹായകമായത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റായിരുന്നു. കാസര്‍കോട്ട് വിവാഹ സമയത്ത് നല്‍കിയ പേര് ഷാജഹാന്‍ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് യഥാര്‍ത്ഥ പേരാണ്. മംഗല്‍പ്പാടി പഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റിലാണ് അച്ഛന്റെ പേര് എം എം സവാദ് എന്ന് രേഖപ്പെടുത്തിയത്. ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്റെ ഒളിവ് ജീവിതമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 13 വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും കാണാമറയത്ത് സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ നീക്കം.
‘മമ്മൂട്ടിയെ പോലെ അര്‍ഹരെ തഴഞ്ഞു, എന്താണ് മാനദണ്ഡം’; പദ്മ അവാര്‍ഡ് നിര്‍ണയത്തിനെതിരെ സതീശന്‍
പദ്മ പുരസ്‌കാരത്തില്‍ നിന്ന് അര്‍ഹരെ തഴഞ്ഞുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മമ്മൂട്ടിക്കും, ശ്രീകുമാരന്‍ തമ്പിക്കും പദ്മ പുരസ്‌കാരം ഇല്ലാതെ പോയത് എന്ത് കൊണ്ടെന്നും വി.ഡി.സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പുരസ്‌കാരം നല്‍കുന്നതിന് മാനദണ്ഡം എന്താണ്. 1998ല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാല്‍നൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്‌കാരം നല്‍കുന്നതിന് മാനദണ്ഡം എന്തെന്ന് സതീശന്‍ ചോദിക്കുന്നു.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം …………
ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാതാ മോഹന്‍,എം.എന്‍ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങള്‍. പ്രവര്‍ത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.
ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാന്‍ വിസ്തരിക്കേണ്ടതില്ല.
ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല. പി.ഭാസ്‌കരന്‍ മാഷിന്റെയും ഒ.എന്‍.വിയുടേയും സമകാലികനാണ് ശ്രീകുമാരന്‍ തമ്പി. പത്മ പുരസ്‌ക്കാരത്തിന് എന്നേ അര്‍ഹന്‍. എന്താണ് പുരസ്‌കാര പട്ടികയില്‍ ആ പേരില്ലാത്തത്? രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം.എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.