മുന്‍ ഡിവൈഎഫ് ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പി. ജയരാജന്‍ യോഗത്തില്‍ പങ്കെടുക്കും. ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടര്‍ന്നുള്ള ആരോപണങ്ങളും ചര്‍ച്ചയായേക്കുമെന്നാണ് സൂചന.
ഗുരുതര വെളിപ്പെടുത്തലുകള്‍ ഉണ്ടായെങ്കിലും വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് ഇതുവരെ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. വിഷയം വഷളാക്കിയത് പി ജയരാജന്റെ അനവസരത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും കളത്തില്‍ ഇറങ്ങാന്‍ വിവാദം വഴിവെച്ചെന്നും സിപിഎമ്മില്‍ വിമര്‍ശനമുണ്ട്. അതിനിടെ, സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ സംഘവും സിപിഎമ്മും തമ്മിലുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. രാവിലെ പത്തിന് ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം ചെയ്യും.
അതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും ദില്ലിയില്‍ തുടരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം തന്നെയാണ് ഇന്നത്തെയും അജണ്ട. കേരളത്തോടൊപ്പം പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ പ്രകടനവും പാര്‍ട്ടി വിലയിരുത്തും. നാളെയോടെ തിരുത്തല്‍ നടപടികളെക്കുറിച്ചും ആലോചന ഉണ്ടാകുമെന്നാണ് സൂചന. ബംഗാളില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മത്സരിച്ചതില്‍ അടക്കം വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.
കരുവന്നൂര്‍: സിപിഎമ്മിനെ പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതം, രാഷ്ട്രീയമായും നിയമപരമായും നേരിടും: എം വി ഗോവിന്ദന്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്. ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിത്. ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്‌ളം വാങ്ങിയാല്‍ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ് ചെയ്യുക. ഇത് പുതിയ സംഭവമല്ല. അതിന്റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇഡി ഇതുവരെ പാര്‍ട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിന്റേതുള്‍പ്പെടെ 29 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ് കണ്ടുകെട്ടി. തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുളള സ്ഥലവും 60 ലക്ഷം രൂപയും ഇതില്‍പ്പെടുന്നു.ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതില്‍ അധികവും.
സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുളള പൊറത്തുശേരി പാര്‍ടി കമ്മിറ്റിഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതില്‍പ്പെടുന്നു. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന അറുപത് ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ നടപടി.
കരുവന്നൂര്‍ കളളപ്പണ ഇടപാടില്‍ സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിലും ഇടപാടില്‍ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി സ്വത്തുക്കള്‍കൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കടന്നത്. കരുവന്നൂര്‍ ബാങ്കില്‍ പാര്‍ടിക്ക് രഹസ്യഅക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.