മുലപ്പാല്‍ വരെ വില്‍ക്കുന്ന കാലം എന്നൊക്കെ പറഞ്ഞിരുന്നത് ഇപ്പോള്‍ മാറി. ഇന്ന് ഓണ്‍ലൈനുകളിലൂടെ മുലപ്പാല്‍ മാര്‍ക്കറ്റിംഗ് പുതുമയുളള കാലമല്ല. ഇങ്ങനെ ഓണ്‍ലൈന്‍ വഴി മുലപ്പാല്‍ വില്‍പ്പന നടത്തുന്ന നിരവധി സൈററുകളുമുണ്ട്. കുഞ്ഞുങ്ങളെ സ്വന്തമായി മുലയൂട്ടാന്‍ കഴിയാത്തവരോ, അസുഖങ്ങള്‍ ബാധിച്ച് മരുന്ന് കഴിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയാത്തവരോ ആണ് ഓണ്‍ലൈന്‍ വഴിയുള്ള മുലപ്പാലിന്റെ ആവശ്യക്കാര്‍. ഇങ്ങനെയുള്ളവരെ ലക്ഷ്യം വെച്ചുകൊണ്ട് നിരവധി സ്ഥാപനങ്ങളും കമ്യൂണിറ്റികളുമെല്ലാം വിദേശ രാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ മുലപ്പാലിന്റെ അനധികൃത വാണിജ്യ വില്‍പ്പനയ്ക്കെതിരെ രാജ്യത്തെ ഫുഡ് റെഗുലേറ്റര്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കാരണം നിരവധിയാള്‍ക്കാര്‍ സോഷ്യല്‍മീഡിയ വഴി മുലപ്പാല്‍ വില്‍പ്പന നടത്താറുണ്ട്. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും പാല്‍ശേഖരിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. നിയന്ത്രണമില്ലാത്തത് കൊണ്ടാവാം ഇവയുടെ വില്‍പ്പന വര്‍ദ്ധിക്കുന്നതും. ആരോഗ്യമുളള ദാതാക്കളില്‍നിന്ന് പാല്‍ വാങ്ങി ബാങ്കുകളില്‍ ശേഖരിച്ച് ശീതികരിച്ച് വിതരണം ചെയ്യുന്നതാണ് സാധാരണ രീതി. ഇന്ത്യയില്‍ സാധാരണയായി സര്‍ക്കാര്‍ ആശുപത്രികളിലെ പാല്‍ ബാങ്കുകള്‍ ഇത്തരത്തില്‍ മുലപ്പാല്‍ സൗജന്യമായി വിതരണം ചെയ്യാറുണ്ട്. ഈ രീതിയില്‍ വാണിജ്യസാധ്യത മനസിലാക്കി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളുടെ വില്‍പ്പനയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തിലാണ് എഫ്എസ്എസ്എഐ അതായത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെ ഈ മുന്നറിയിപ്പ് നല്‍കാന്‍ പ്രേരിപ്പിച്ചത്. മുലപ്പാല്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. അതിനൊടൊപ്പം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പാല്‍ വില്‍ക്കുന്ന യൂണിറ്റുകള്‍ക്ക് അനുമതി നല്‍കരുതെന്നും ലൈസന്‍സ് അനുവദിക്കുന്ന അധികാരികളോട് എഫ്എസ്എസ്എഐ മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ വാണിജ്യ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ് ഈ നടപടി. മുലപ്പാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പന നടത്തുന്ന എഫ് ബിഒകള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ലെന്നും സംസ്ഥാന, കേന്ദ്ര ലൈസന്‍സിംഗ് ഉറപ്പുവരുത്തണണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മൂലപ്പാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഒരു കുരുന്നിന് പാല്‍ കൊടുക്കുന്നത് സ്വന്തം മനസോടെയാവണം. ഒരിക്കലും കച്ചവട താല്‍പ്പര്യത്തോടെയാകരുത്. നമ്മുടെ നാട്ടില്‍ നിരവധി കുട്ടികളുണ്ട് ഒരിറ്റ് പാലിന് വേണ്ടി കാത്തിരിക്കുന്നവര്‍, അവര്‍ക്കൊരു ആശ്രയമാകണം ഈ മുലപ്പാല്‍ ദാനം.