തിരുവനന്തപുരം കരമനയിലെ യുവാവിന്റെ കൊലപാതകത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികളെന്നും കഴിഞ്ഞ ദിവസം ബാറിലുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമെന്ന് അരുംകൊലയെന്നും പൊലീസ് വ്യക്തമാക്കി.
മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ച് മണിയോടെ കരമന മരുതൂര്‍ കടവിലായിരുന്നു സംഭവം. യുവാവിനെ നടുറോഡില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. കേസില്‍ പിടിയിലാകാനുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിനീഷ് രാജ്, അഖില്‍, സുമേഷ്, അനീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
കഴിഞ്ഞ മാസം 26 ന് രാത്രി പാപ്പനംകോട് ബാറില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട അഖില്‍ അടക്കം എട്ട് പേര്‍ അടങ്ങുന്ന സംഘവും പ്രതികളും തമ്മിലായിരുന്നു തര്‍ക്കം. ബാറില്‍ വഴി അടഞ്ഞ് നിന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം തുടങ്ങുന്നത്. കൊല്ലപ്പെട്ട അഖിലിന്റെ സംഘവും പ്രതികളും തമ്മില്‍ അന്നും അടിയുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞു; കേസെടുത്ത് പൊലീസ്
കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞു. എറണാകുളം എരൂരില്‍ 70 പിന്നിട്ട ഷണ്‍മുഖനാണ് ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങള്‍ വരെ മുടങ്ങി ഒരുദിവസം നരകിച്ച് കഴിഞ്ഞത്. കൗണ്‍സിലറുടെ പരാതിയില്‍ മകന്‍ അജിത്തിനെതിരെ കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് ഷണ്‍മുഖനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാടകവീട്ടില്‍ നിന്നും വീട്ടുപകരങ്ങള്‍ എടുക്കാന്‍ മറന്നില്ല. എന്നാല്‍ അച്ഛനെ വീടിനുള്ളില്‍ പൂട്ടിയിട്ട് മകനും കുടുംബവും യാത്ര പോയിട്ട് ദിവസം രണ്ടായി. ഭക്ഷണം കിട്ടാതെ യൂറിന്‍ ബാഗ് പോലും മാറ്റാനാകാതെ കിടന്ന കിടപ്പിലായിരുന്നു വയോധികന്‍. മകന്‍ അജിത്തും രണ്ട് പെണ്‍മക്കളുമുണ്ട് ഷണ്‍മുഖന്. ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നവും സാമ്പത്തിക തര്‍ക്കങ്ങളുമുണ്ടെന്നായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഈ കുരുക്കില്‍ പെട്ട് ജീവിതം നരകമായത് എഴുപത് പിന്നിട്ട ഷണ്‍മുഖനായിരുന്നു. കൗണ്‍സിലറുടെ പരാതിയിലാണ് തൃപ്പൂണിത്തുറ പൊലീസ് മകനെതിരെ കേസെടുത്തത്. സംഭവത്തില്‍ അജിത്തോ പെണ്‍മക്കളോ പൊലീസിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
വൈറ്റില സ്വദേശി ഷണ്‍മുഖന്‍ അപകടത്തില്‍പെട്ടാണ് കിടപ്പിലായതാണ്. മൂന്ന് മാസമായി മകന്‍ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. മാസങ്ങളായി വാടക കുടിശ്ശികയാണെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. അജിത്തും കുടുംബവും വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു. എന്നാല്‍ ഇന്നലെ രാത്രി അയല്‍ക്കാര്‍ വിവരമറിയിച്ചപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് കടന്ന് കളഞ്ഞെന്ന വിവരം വീട്ടുടമസ്ഥന്‍ അറിയുന്നത്. വിവരം പുറത്ത് വന്നതോടെ ഷണ്‍മുഖനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. വിഷയത്തില്‍ സബ് കളക്ടറോട് എറണാകുളം ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് തേടി. വയോജന സംരക്ഷണ ചട്ടം പ്രകാരം നിയമനടപടികള്‍ എടുക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ വിദേശയാത്ര തന്നെ അറിയിച്ചിട്ടില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നെന്നും ഗവര്‍ണര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. മുന്‍പ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ താനില്ല. ആനന്ദ ബോസ് തന്നെ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു..
തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്കെതിരെ കടന്നാക്രമണവുമായി കെജ്രിവാള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് ജയില്‍ മോചിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസംഗം. അഴിമതിക്കാരെല്ലാം ബിജെപിയില്‍ ആണെന്നും അഴിമതിക്കെതിരെ എങ്ങനെ പോരാടണം എന്നത് തന്നില്‍ നിന്നും പഠിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.
ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആപ്പിന്റെ നാല് നേതാക്കളെയാണ് മോദി ജയിലില്‍ അടച്ചത്. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി. ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ല. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരും എന്ന് കെജ്രിവാള്‍ പറഞ്ഞു.
എല്ലാ അഴിമതിക്കാരും ബിജെപിയിലാണ്. കൊച്ചുകുട്ടികള്‍ക്ക് പോലും കാര്യങ്ങള്‍ അറിയാം. ഒരു രാഷ്ട്രം ഒരു നേതാവ് എന്നതാണ് അവരുടെ ശ്രമം. മോദിയുടെ അപകടകരമായ പദ്ധതിയാണിത്. വൈകാതെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ജയിലില്‍ അടക്കും. സ്റ്റാലിനെയും പിണറായി വിജയനെയും മമത ബാനര്‍ജിയും ഉദ്ധവ് താക്കറെയും ജയിലില്‍ അടക്കും. തന്നെ അറസ്റ്റ് ചെയ്തതിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന സന്ദേശമാണ് മോദി നല്‍കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.
ഹനുമാന്റെ അനുഗ്രഹം എന്നും തനിക്കുണ്ടാവും. ബിജെപിയോടാണ് തനിക്ക് ചോദിക്കാനുള്ളത് ആരാണ് നമ്മുടെ പ്രധാനമന്ത്രി. ഏകാധിപത്യമാണ് മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളിനെ ആവേശത്തോടെയാണ് അണികള്‍ പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരിച്ചത്. 50 ദിവസത്തിന് ശേഷം തിരിച്ചെത്താനായതില്‍ സന്തോഷം. ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വോട്ട് ചൊദിക്കുന്നത്. എല്ലാവര്‍ക്കും നന്ദിയെന്നും കെജ്രിവാള്‍ പറഞ്ഞു.
മുതിര്‍ന്ന ബിജെപി നേതാക്കളുടെ രാഷ്ട്രീയം അവസാനിപ്പിച്ചു. അടുത്തത് യോഗി ആദിത്യനാഥാണ്. മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രണ്ട് മാസത്തിനകം യുപി മുഖ്യമന്ത്രിയെ മാറ്റും. ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കണം. ഈ ഏകാധിപത്യം അവസാനിപ്പിക്കാന്‍ രാജ്യം മുഴുവന്‍ സന്ദര്‍ശിക്കും.
രാജ്യത്തിന് വേണ്ടി ചോര ചിന്താന്‍ തയ്യാറാണ്. മോദി പ്രധാനമന്ത്രിയാകാനല്ല വോട്ട് ചോദിക്കുന്നത്. അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് വോട്ട് ചോദിക്കുന്നത്. മോദി ഇന്‍ഡ്യാ സഖ്യത്തോട് ചോദിക്കുന്നു ആരെ പ്രധാനമന്ത്രി ആക്കും എന്ന്. ഇത് താന്‍ തിരിച്ച് ബിജെപിയോട് ചോദിക്കുന്നു. മോദിക്ക് പ്രായം ആകുന്നു. ഉടന്‍ റിട്ടയര്‍ ആവും, പിന്നെ ആര്? ഉത്തരമുണ്ടോ നിങ്ങള്‍ക്ക്? താന്‍ ഇറങ്ങിയതിന്റെ കാറ്റാണ് ഇന്നലെ ദില്ലിയില്‍ വീശിയത്. ഒരിടത്തും ബിജെപിക്ക് സീറ്റ് വര്‍ധിക്കുന്നില്ല. 230 ല്‍ അധികം സീറ്റ് ലഭിക്കില്ല. അധികാരത്തില്‍ വരുന്നത് ഇന്‍ഡ്യാ സഖ്യം ആയിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
അധികാരത്തോട് ആര്‍ത്തിയുള്ളയാളല്ല താന്‍. തനിക്ക് മുഖ്യമന്ത്രി പദം പ്രധാനമല്ല. 20 വര്‍ഷം ദില്ലിയില്‍ എഎപി യെ പരാജയപ്പെടുത്താന്‍ കഴിയില്ല. ജനാധിപത്യത്തെ ജയിലില്‍ അടച്ചാല്‍ ജനാധിപത്യം ജയിലില്‍ ഇരുന്ന് പ്രവര്‍ത്തിക്കും. ജയിലില്‍ ഇരുന്ന് ഏകാധിപത്യത്തിന് എതിരെ പോരാടുമെന്നും കെജ്രിവാള്‍ പറഞ്ഞു.
പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി; പ്രത്യക്ഷ സമരവുമായി സിപിഐഎം
പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ നിക്ഷേപകരെ പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരവുമായി സിപിഐഎം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ സെക്രട്ടറി വി ജോയി ആവശ്യപ്പെട്ടു. പെരുമ്പഴുതൂരിലെ സാമ്പത്തിക പ്രതിസന്ധി സമരത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐഎം ശ്രമം. ഇതിന്റെ തുടക്കമാണ് ബാങ്കിന് മുന്നിലെ പ്രതിഷേധം.
കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപത്തുക തിരികെ കിട്ടാത്ത ആളുകള്‍ സമരത്തില്‍ പങ്കെടുത്തു. പതിനെട്ട് കോടി രൂപയുടെ ബാധ്യതയാണ് നിലവില്‍ പെരുമ്പഴുതൂര്‍ സഹകരണ ബാങ്കിനുള്ളത്. നിക്ഷേപകര്‍ക്ക് എങ്ങനെ പണം തിരിച്ചുനല്‍കുമെന്നറിയാതെ മാനംനോക്കി നില്‍ക്കുകയാണ് കോണ്‍ഗ്രസ് ഭരണസമിതി. ഇതിനിടയിലാണ് സമ്മര്‍ദ്ദവുമായി സിപിഐഎമ്മിന്റെ പരസ്യ സമരം.
ജീവനൊടുക്കിയ സോമസാഗരത്തിന്റെ വീടും സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചു. ധനസാഹയമായി കര്‍ഷക സംഘം സ്വരൂപിച്ച ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ജീവനൊടുക്കിയ സോമസാഗരത്തിന്റെ കുടുംബത്തിന് നിക്ഷേപം തിരികെ നല്‍കി തത്കാലം വിവാദം തണുപ്പിച്ചെങ്കിലും കൂടുതല്‍ നിക്ഷേപകര്‍ പണം ചോദിച്ച് ബാങ്കില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പണം നല്‍കാന്‍ തത്കാലം ബാങ്കിന് നിര്‍വാഹമില്ല. 2018ല്‍ ഹൈകോടതി സ്റ്റേ ചെയ്ത ബാങ്കിന്റെ ഓഡിറ്റ്, നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തി അനുകൂലമാക്കാനാണ് സഹകരണ വകുപ്പിന്റെ നീക്കം. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താനും നീക്കം തുടങ്ങിയിട്ടുണ്ട്.
‘രണ്ടുരൂപ’ ഡോക്ടര്‍ സേവനം നിര്‍ത്തി, വിശ്രമജീവിതത്തിലേക്ക്; നന്‍മയുടെ മറുവാക്കെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ആരോഗ്യകാരണങ്ങളാല്‍ ആതുര സേവനത്തില്‍ നിന്ന് ഇടവേളയെടുത്ത ഡോക്ടര്‍ രൈരു ഗോപാലിന് ആശംസയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ നന്മയുടെ മറു വാക്കെന്നാണ് ഡോക്ടര്‍ രൈരു ഗോപാലിനെ മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്. ആതുര സേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോക്ടറെന്നും കുറിപ്പിലുണ്ട്.
18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. രണ്ടുരൂപ ഡോക്ടര്‍ എന്ന പേരിലാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല’. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച രൈരു ഡോക്ടര്‍ ലളിതമായി ജോലിയില്‍ നിന്ന് വിരമിച്ചത്.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്
നന്‍മയുടെ മറുവാക്കാണ് ഡോ. രൈരു ഗോപാല്‍.
പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന പരിശോധന. ദിവസേന വീട്ടിലേക്കെത്തിയിരുന്നത് നൂറുകണക്കിന് രോഗികള്‍. ആകെ വാങ്ങാറുള്ള ഫീസ് വെറും 2 രൂപ.
ആതുരസേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോ. രൈരു ഗോപാല്‍. അമ്പത് വര്‍ഷത്തോളമായി അദ്ദേഹം കണ്ണൂരുകാരുടെ പ്രിയപ്പെട്ട രണ്ടുരൂപ ഡോക്ടറായി ജീവിക്കുന്നു. തന്റെ ജീവിതം കൊണ്ട് ഈ സമൂഹത്തിന് അദ്ദേഹം നല്‍കുന്ന സന്ദേശം വളരെ വലുതാണ്. തനിക്ക് ആകുന്നത്രകാലം അദ്ദേഹം മനുഷ്യനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചു. ആരോഗ്യം അനുവദിക്കില്ലാത്തതിനാല്‍ ഇനി രണ്ടുരൂപാ ഡോക്ടറായി തുടരാനാകില്ലെന്ന ഡോ. രൈരുവിന്റെ വാക്കുകള്‍, അദ്ദേഹം ആശ്വാസം പകര്‍ന്ന എത്രയോ മനുഷ്യരുടെ നൊമ്പരമായി മാറിയിട്ടുണ്ടാകും. എങ്കിലും കഴിയുന്നത്രകാലം അദ്ദേഹം അതു തുടര്‍ന്നുവെന്നതുതന്നെ എന്തൊരാശ്വാസകരമായ വാര്‍ത്തയാണ്.
ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അനേകരുടെ ആശ്രയമാകാന്‍ ഇനിയും കരുത്തുണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു. രൈരു ഡോക്ടറെ ഇന്ന് നേരില്‍ വിളിച്ച് സ്‌നേഹം പങ്കുവച്ചു.
നിലമ്പൂരില്‍ യാത്രയ്ക്കിടെ 53കാരന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളി കുമിളകള്‍
മലപ്പുറം: നിലമ്പൂരില്‍ യാത്രയ്ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പന്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്. സുരേഷിന്റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം.
കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ നല്ലതോതില്‍ വേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ കൈകളിലും വയറിലും പൊള്ളലേറ്റ ഇടത്ത് കുമിളകള്‍ പൊങ്ങി. തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചു.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. അവിടെ നിന്ന് ഒരു ഓയിന്‍മെന്റ് നല്‍കിയെങ്കിലും അത് പുരട്ടിയിട്ടും വേദനയ്ക്കും പൊള്ളലിനും കുറവില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ
പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ട്. അവര്‍ കൃത്യമായും സത്യസന്ധമായുമാണ് കേസ് അന്വേഷിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിനാല്‍ കേസില്‍ ഇനി സബിഐ അന്വേഷണം ആവശ്യമില്ല. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി കേസ് സിബിഐക്ക് വിടാന്‍ അഭ്യര്‍ഥിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
ബിജെപി കര്‍ണ്ണാടക ഭരിക്കുമ്പോള്‍ ഒരു കേസെങ്കിലും സിബിഐക്ക് വിട്ടിട്ടുണ്ടോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്ത് ഡോ രവി കേസ്, ലോട്ടറി കേസ്, മന്ത്രി കെജി ജോര്‍ജിനെതിരായ ആരോപണങ്ങള്‍ എന്നിവയെല്ലം സിബിഐക്ക് വിട്ടു. ഈ കേസുകളില്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്നും സിദ്ധരാമയ്യ ചോദിച്ചു.
ബിജെപി മുമ്പ് സിബിഐയെ കറപ്ഷന്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ എന്നാണ് വിളിച്ചിരുന്നത്. ദേവഗൗഡ ചോര്‍ ബച്ചാവോ ഓര്‍ഗനൈസേഷനെന്ന് വിളിച്ചു. ഇപ്പോള്‍ അവര്‍ക്ക് സിബിഐയില്‍ വിശ്വാസമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമപരമായ കാര്യങ്ങളില്‍ ഇടപെടാറില്ല. രേവണ്ണ കേസില്‍ അന്വേഷണസംഘം ശരിയായി അന്വേഷണം നടത്തും. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിക്കില്ല. പൊലീസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രേവണ്ണക്കെതിരായ കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണവും സിദ്ധരാമയ്യ നിഷേധിച്ചു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതെന്ന് സിദ്ധരാമയ്യ ചോദിച്ചു.