ഗ്രീഷ്മയ്ക്ക് ജാമ്യം: ഷാരോണിന്റെ കുടുംബം നിയമനടപടിക്ക്
തിരുവനന്തപുരം: കാമുകനായ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതിനെതിരെ ഷാരോണിന്റെ കുടുംബം നിയമനടപടിക്ക്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. സെപ്റ്റംബര്‍ 25ന് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. സര്‍ക്കാരിന്റെ സഹായത്തോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചന. കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അലംഭാവം കാട്ടിയതായി പിതാവ് പറഞ്ഞു. കുടുംബത്തിന് പറയാനുള്ള കാര്യങ്ങള്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞില്ല. നിയമപോരാട്ടം തുടരുമെന്നും പിതാവ് പറഞ്ഞു.
പ്രതി അന്വേഷണവുമായി സഹകരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഷാരോണ്‍ രാജിന്റ മരണ മൊഴിയില്‍ പ്രതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നതും കോടതി കണക്കിലെടുത്തു. പ്രതിക്കു ക്രിമിനല്‍ പശ്ചാത്തലമില്ല. 22 വയസു മാത്രമാണ് പ്രായം. വിചാരണയില്‍ പ്രതി ഇടപെടുമെന്ന ആശങ്കയ്ക്ക് ഇടയില്ലെന്നും കോടതി നീരിക്ഷിച്ചു. 2022 ഒക്ടോബര്‍ 31 മുതല്‍ കസ്റ്റഡിയിലാണെന്നതും കോടതി കണക്കിലെടുത്തു. ഒരു ലക്ഷംരൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ കോടതിയില്‍ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഹാജരാകണം.
പ്രണയ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനായ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14ന് രാവിലെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 2022 ഒക്ടോബര്‍ 25ന് മെഡിക്കല്‍ കോളജില്‍ മരിച്ചു. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനു ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റു ചെയ്തിരുന്നു.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’
മലയാളത്തിന്അ ഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഗിരിഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്. മോഹന്‍ലാല്‍ ചിത്രമായ ‘ഗുരു’വാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.
2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മോഹന്‍ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം ചാമന്‍ ചാക്കോ. സംഗീതം നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍ സൈലക്‌സ് അബ്രഹാം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങള്‍ സിനറ്റ് സേവ്യര്‍. വിഎഫ്എക്‌സ് മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ടൈറ്റില്‍ ഡിസൈന്‍ ആന്റണി സ്റ്റീഫന്‍. ഡിസൈന്‍സ് എസ്‌തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ബലാത്സംഗത്തിന് ഇരയായി പന്ത്രണ്ടുകാരി; ചോരയൊലിപ്പിച്ച് വാതിലില്‍ മുട്ടി, വാതില്‍ തുറക്കാതെ നാട്ടുകാര്‍
മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍. ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരിയെയാണ് സഹായം അഭ്യര്‍ഥിച്ച് എത്തിയപ്പോള്‍ നാട്ടുകാര്‍ ആട്ടിപ്പായിച്ചത്. പെണ്‍കുട്ടി അര്‍ധനഗ്‌നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു. സഹായം അഭ്യര്‍ഥിച്ച് എത്തിയപ്പോള്‍ ഒരാള്‍ പെണ്‍കുട്ടിയെ ആട്ടിപ്പായിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബാഗ്‌നഗര്‍ റോഡിലെ സിസിടിവിയിലാണ് ഇത്തരത്തില്‍ ദൃശ്യം ലഭിച്ചത്.
ഒരു തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ചിരുന്ന പെണ്‍കുട്ടി അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തി. അവിടെയുണ്ടായിരുന്ന പുരോഹിതനാണ്, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തിരിച്ചറിയുകയും അവളെ ഒരു ടവലില്‍ പൊതിഞ്ഞ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. മുറിവുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന്‍ ശര്‍മ അറിയിച്ചു.
പെണ്‍കുട്ടി എവിടെനിന്നാണെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശിലെ പ്രഗ്യരാജില്‍ നിന്നാണെന്നാണ് ഭാഷയില്‍നിന്നും മനസ്സിലാകുന്നതെന്നും പൊലീസ് അറിയിച്ചു.
കരുവന്നൂര്‍ തട്ടിപ്പ്; വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ചു തുടങ്ങി, സിപിഎം അങ്കലാപ്പില്‍: വി ഡി സതീശന്‍
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിലെ വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ചു തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സി.പി.എം നേതൃത്വമെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. വാര്‍ത്താക്കുറിപ്പിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും പണം മടക്കി നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൊള്ളക്കാരെ സംരക്ഷിച്ച് ഇ.ഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സി.പി.എമ്മും സര്‍ക്കാരും കേരളത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നതെന്നും സതീശന്‍ പ്രസ്താവനയില്‍ വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്…..
കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ വന്‍മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സി.പി.എമ്മിനെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സി.പി.എം നേതൃത്വം ഒന്നാകെ.
കൊള്ളക്കാരെ സംരക്ഷിക്കാനും ന്യായീകരിക്കാനും സി.പി.എം ഇപ്പോഴും ശ്രമിക്കുന്നത് അപഹാസ്യമാണ്. ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല സി.പി.എമ്മും സര്‍ക്കാരും. നിക്ഷേപകരെ കവര്‍ച്ച ചെയ്ത കൊള്ളക്കാര്‍ക്കൊപ്പമാണവര്‍. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണ്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കൊള്ളക്കാരെ സംരക്ഷിച്ച് ഇ.ഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സി.പി.എമ്മും സര്‍ക്കാരും കേരളത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്.
ഭരണത്തുടര്‍ച്ചയുടെ ഹുങ്കില്‍ നിയമവിരുദ്ധമായതൊക്കെയും ചെയ്തു കൂട്ടിയതിന്റെ പരിണിത ഫലമാണ് സി.പി.എം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. നേതാക്കള്‍ ബാങ്ക് കൊള്ളയടിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നിക്ഷേപകരെയാണ് നിങ്ങള്‍ ദുരിതത്തിലാക്കിയതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കരുവന്നൂരിലും കണ്ടലയിലും ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ഇത് മലയാളികള്‍ക്ക് കിട്ടിയ ഓസ്‌കര്‍ എന്‍ട്രി: സന്തോഷം പങ്കുവെച്ച് ജൂഡ് ആന്തണി ജോസഫ്
ഇത് മലയാളികള്‍ക്ക് കിട്ടിയ ഓസ്‌കര്‍ എന്‍ട്രിയെന്ന് ജൂഡ് ആന്തണി ജോസഫ്. ‘2018’ സിനിമയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ലഭിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാനായി മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് വിശേഷങ്ങള്‍പറഞ്ഞത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ലഭിച്ചു.
ജൂഡ് ആന്തണിയുടെ വാക്കുകള്‍….
സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ, നമ്മളാരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് രാവിലെ സിഎന്‍എന്‍ ചാനലില്‍ നിന്ന് വിളിച്ചപ്പോഴാണ് ഞാന്‍ അറിയുന്നത്. നമ്മുടെ കഷ്ടപ്പാടിന് ഫലം കണ്ടു, ഒന്നും വെറുതെയായില്ലെന്ന് സന്തോഷമുണ്ട്. ഔദ്യോഗിക തിരഞ്ഞെടുപ്പാണെന്ന് കരുതിയിരുന്നില്ല. എല്ലവര്‍ഷവും പോലെ സിനിമകള്‍ വരുന്നുണ്ട്. ജൂറിയ്ക്ക് കൊള്ളാമെന്ന് തോന്നീ തിരഞ്ഞെടുക്കുമെന്ന് കേട്ടിട്ടുണ്ട്. നമ്മുടെ സിനിമയ്ക്ക് അങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ സ്വപ്‌നം കണ്ടിരിന്നില്ല. കാരണം അതിനു മാത്രം ഒന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നൊരാളാണ്. ഒാസ്‌കാര്‍ വെറൊരു രീതിയാണല്ലോ?.
മലയാളികളുടെ കൂട്ടായ്മ കിട്ടിയ അംഗീകാരമായിട്ടും മലയാള സിനിമയ്ക്ക് കിട്ടിയ അംഗീകാരമായിട്ടും ഞാന്‍ ഇതിനെ കണക്കാക്കുന്നു. അഖിലും ഞാനും കൂടി ഒരുമിച്ച് പരസ്യ ചിത്രീകരണത്തിന് വേണ്ടി ലോക്കേഷന്‍ നോക്കാന്‍ പോകുന്ന സമയത്തായിരുന്നു ഓസ്‌കാര്‍ എന്‍ട്രിയെക്കുറിച്ചുള്ള വിവരമറിഞ്ഞത്. ഈ അവാര്‍ഡ് എല്ലാ മലയാളികള്‍ക്കും സമര്‍പ്പിക്കുന്നു. നമ്മള്‍ എടുത്ത മലയാള സിനിമ ഇന്ത്യ ഓസ്‌കാറിന് അയച്ചുവെന്ന് പറയുമ്പോള്‍ ഏതൊരു മലയാളിക്കും തോന്നണം ഇത് എനിക്ക് കിട്ടിയ ഓസ്‌കാര്‍ എന്‍ട്രി ആണെന്ന് തോന്നണം. നമ്മള്‍ ഇത്രയും മലയാളികള്‍, ഇതുവരെ ലോകത്ത് ഒരിടത്തും ഒരു ജനതയും ചെയ്തിട്ടില്ല, അങ്ങനെ ഒരു വാര്‍ത്തയും ഞാന്‍ ചെയ്തിട്ടില്ല.
ചെറിയ ചെറിയ ആള്‍ക്കാര്‍ പോലും ഒരുമിച്ച് ചേര്‍ന്ന് നിന്നിട്ടാണ് സഹകരിച്ചത്. ഈ ഓസ്‌കാര്‍ സാധാരണക്കാരില്‍ സാധാരണക്കാരന് കിട്ടുന്നത് പോലെയാണ് എനിക്ക് തോന്നീയിട്ടുള്ളത്. ഇതെല്ലാം മലയാളികള്‍ക്ക് സമര്‍പ്പിക്കുവാണ്. മനുഷ്യര്‍ ആരും എല്ലാം തികഞ്ഞവരല്ലല്ലോ? ഞാന്‍ പറയുന്നത് എല്ലാം ശരിയാകണമെന്നില്ലല്ലോ?. നല്ലതുണ്ടെങ്കില്‍ എടുക്കാന്‍ നോക്കുക. എന്നിട്ട് നമ്മളതിനെ എടുക്കുക. ശത്രുക്കളുണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കാതിരിക്കുക. നമ്മള്‍ ചെറിയ സിനിമ ചെയ്തു സ്വസ്ഥമായിരിക്കുകയാണ് ചെയ്യേണ്ടത്. അനാവശ്യമായ പേടിവന്നാലാണ് നമ്മുടെ കൈയ്യില്‍ നിന്ന് പോകുന്നത്. ഞാന്‍ നേരത്തെ പ്രഖ്യാപിച്ച സിനിമ തന്നെയാണ് ഇപ്പോഴും പ്ലാന്‍ ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയാണ് ചെയ്യുന്നത്.
അതേസമയം,മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഗിരിഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്. മോഹന്‍ലാല്‍ ചിത്രമായ ‘ഗുരു’വാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. മികച്ച വിദേശ സിനിമകളുടെ നോമിനേഷന്‍ പട്ടികയിലാണ് ചിത്രം പരിഗണിക്കപ്പെടുക.
പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ) ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. രാജമൗലി ചിത്രമായ ആര്‍ആര്‍ആറും നിര്‍മാതാക്കള്‍ സ്വന്തം നിലയില്‍ ഓസ്‌കര്‍ നോമിനേഷനിലേക്ക് അയയ്ക്കുകയുണ്ടായി. തുടര്‍ന്ന് നോമിനേഷനില്‍ നിന്നും ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രം പുറത്താകുകയും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആര്‍’ തിരഞ്ഞെടുക്കുകയും ചെയ്തു. അവസാനം മികച്ച ഒറിജിനല്‍ സോങിനുള്ള ഓസ്‌കര്‍ പുരസ്‌കാരവും ‘ആര്‍ആര്‍ആര്‍’ നേടി.
2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മോഹന്‍ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം ചാമന്‍ ചാക്കോ. സംഗീതം നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍ സൈലക്‌സ് അബ്രഹാം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങള്‍ സിനറ്റ് സേവ്യര്‍. വിഎഫ്എക്‌സ് മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ടൈറ്റില്‍ ഡിസൈന്‍ ആന്റണി സ്റ്റീഫന്‍. ഡിസൈന്‍സ് എസ്‌തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.