ബാർകോഴ ആരോപണമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന ബാർകോഴ ആരോപണത്തിന്റെ തനി ആവർത്തനമാണ് ഇപ്പോഴുള്ളത്. സംസ്ഥാന സർക്കാർ മദ്യനയത്തിൽ മാറ്റമുണ്ടാക്കാൻ തീരുമാനിച്ചിരുന്നോയെന്ന കാര്യം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി അറിയാതെയാണ് ബാർകോഴയെന്ന് വിശ്വസിക്കാൻ ന്യായമില്ല. ടൂറിസംവകുപ്പും എക്സൈസ് വകുപ്പും ബാർഉടമകളുമായി കൂടിക്കാഴ്ച നടത്താൻ എടുത്തതീരുമാനം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ്. ബാർകോഴ ഇടപാട് മുഖ്യമന്ത്രിയും സിപിഐഎമ്മും അറിഞ്ഞുകൊണ്ടാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിപിണറായി വിജയന്റെ മൗനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും സത്യം ജനങ്ങൾക്കുമുന്നിൽ തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെയും സർക്കാരിന്റെയും അറിവോടെയാണോ ഡ്രൈഡെ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കാനും ഉള്ള ആശയം ചർച്ചചെയ്തത്. നയംമാറ്റം അപ്പുറം കടന്നു ബീവറേജസ് ഔട്ട്ലെറ്റുകൾ സ്വകാര്യവൽക്കരിക്കാനും തീരുമാനിച്ചതായും അദ്ദേഹം ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് എക്സൈസ് മന്ത്രിയാണ്. ആരോപണം ഉയർന്ന എക്സൈസ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടാൽ സത്യംപുറത്തുവരില്ല. പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം വേണമെന്നു പറയുന്നത് എന്തിനാണെന്ന് മനസസ്സിലാകുന്നില്ല.
ഏതെങ്കിലും വിരമിച്ച ജഡ്ജിയെക്കൊണ്ട് നടത്തുന്ന ജുഡീഷ്യൽ അന്വേഷണം നീണ്ടുപോകും. അതിനാൽ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും മുഖ്യമന്ത്രി മൗനംവെടിയണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവകുപ്പിലും കൈയ്യിട്ടുവാരുന്ന മന്ത്രി മുഹമ്മദ് റിയാസ് നിഴൽമുഖ്യമന്ത്രിയാണ്. ഏതുവകുപ്പിലും ഇയാൾ ഇടപെടൽ നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മഴക്കെടുതിയുടെ കാലത്ത് മന്ത്രി എംബി രാജേഷ് വിദേശത്ത് പോയി. ഗ്രാമനഗരവ്യത്യാസമില്ലാതെ എവിടെയും മഴക്കാലപൂർവ്വ ശുചീകരണം നടത്തിയിട്ടില്ല. പകർച്ചവ്യാധികൾ പടരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി കോഴവിവാദത്തിൽ വിദേശത്ത് പോകുന്നത്. രാജേഷ് തിരിച്ചുവരുന്നത് ദുബായ് വഴിയാണോയെന്ന കാര്യമാണ് അറിയാനുള്ളത്. മുഖ്യമന്തിയും മന്ത്രിമാരും ഏത് വിദേശരാജ്യത്ത് പോയാലും മടക്കം ദുബായ് വഴിയാണെന്നും മന്ത്രിമാർ വിദേശത്ത് പോകുന്നത് കേന്ദ്രമോ ഗവർണറോ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.