മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മക്ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗര്‍ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാല്‍ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു.
നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് ആന സ്വമേധയാ എത്തുമെങ്കില്‍ അത് നല്ല കാര്യമാണെന്ന് കര്‍ണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡെ പറഞ്ഞു. കര്‍ണാടക വനംവകുപ്പിന്റെ ഫീല്‍ഡ് ഓഫീസര്‍മാര്‍ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയാ ആന നാഗര്‍ഹോളെയില്‍ എത്തിയാല്‍ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികള്‍ തുടരുമെന്നും കര്‍ണാടക പിസിസിഎഫ് വ്യക്തമാക്കി.
ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നല്‍കും
മാനന്തവാടി : മാനന്തവാടി പടമലയില്‍ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നല്‍കും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നല്‍കും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും ചര്‍ച്ചില്‍ സര്‍ക്കാരിനായി ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും. ഇന്ന് മയക്കുവെടിവെക്കാന്‍ സാധ്യത കുറവെന്നാണ് വിലയിരുത്തിയിരിക്കുന്നത്.
അജീഷിനെ കൊന്ന ആനയെ മയക്കുവെടി വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിലുളളത്. ആനയെ മയക്കുവെടിവെക്കാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയില്‍ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.
എന്നാല്‍ റേഡിയോ കോളര്‍ സിഗ്‌നല്‍ കര്‍ണ്ണാടകം തന്നില്ലെന്നാണ് കേരളത്തിന്റെ പരാതി. റേഡിയോ കോളര്‍ സിഗ്‌നല്‍ കിട്ടാന്‍ ആന്റിനയുടെയും റിസീവറിന്റെയും ആവശ്യമില്ലെന്ന് കര്‍ണാടക വനംവകുപ്പ് വ്യക്തമാക്കുന്നു. വനംമന്ത്രാലയത്തിന്റെ കേന്ദ്രീകൃതമോണിറ്ററിംഗ് സംവിധാനത്തില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയാല്‍ ട്രാക്കിംഗ് വിവരം ലഭിക്കുമെന്ന് കര്‍ണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡേയുടെ മറുപടി തര്‍ക്കങ്ങള്‍ തുടരുമ്പോഴും ഒരു ജീവന്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന ചോദ്യം മാത്രം ബാക്കി.
സാഹിത്യ അക്കാദമി വിവാദങ്ങള്‍: ജീവനക്കാര്‍ക്ക് പറ്റിയ തെറ്റുകള്‍ ഏറ്റെടുത്ത് അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍
തൃശ്ശൂര്‍: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എല്ലാ കുറ്റവുമേറ്റ് അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. മറ്റുള്ളവരുടെ തെറ്റുകള്‍ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവര്‍ത്തിയാണ്.
നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥന്‍ വഴി ആവശ്യപ്പെടുകയും അത് കാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാന്‍ ഏറ്റെടുക്കുന്നു. സെന്‍ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നിസാര പ്രതിഫലം നല്‍കിയതും ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാനം തിരസ്‌കരിച്ചതുമാണ് സാഹിത്യ അക്കാദമിയെ പ്രതിരോധത്തിലാക്കിയത്.
‘പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു; സിപിഎംഎം രാഷ്ട്രീയവത്കരിക്കുന്നു’; എന്‍ കെ പ്രേമചന്ദ്രന്‍ എംപി
പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു, സിപിഐഎം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. നരേന്ദ്ര മോദി ക്ഷണിച്ച് നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം ശ്രമമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടര്‍ന്നാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു.
വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഐഎം നീക്കം തന്നെ അറിയുന്നവര്‍ തള്ളിക്കളയും. താന്‍ ആര്‍ എസ് പിയായി തന്നെ തുടരുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി വ്യക്തമാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ കോണ്‍ഗ്രസ് നീക്കി. ഈ സാഹചര്യത്തില്‍ കമല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കമല്‍നാഥ് സോണിയഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് ആവശ്യം മുന്നോട്ട് വെച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥിന് എംഎല്‍എ ആയി മാത്രം സംസ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നാണ് വിവരം. എന്നാല്‍ രാജ്യസഭാ സീറ്റ് ആവശ്യം കോണ്‍ഗ്രസ് തളളിയെന്നാണ് സൂചന. ഇതോടെയാണ് ബിജെപിയില്‍ ചേരുമെന്ന സൂചന പുറത്ത് വന്നത്.
കമല്‍നാഥിനും മകനും ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. കമല്‍നാഥിനൊപ്പം മകന്‍ നകുല്‍ നാഥ്, രാജ്യസഭാ എംപിയായ വിവേക് തന്‍ഖ എന്നിവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും അനുനയ നീക്കവും പുരോഗമിക്കുകയാണ്.
മാര്‍ച്ച് 3 ന് ഭാരത് ന്യായ് യാത്ര മധ്യപ്രദേശിലെത്തുമ്പോള്‍ കമല്‍നാഥിനെയും അനുയായികളെയും മറുകണ്ടം ചാടിക്കാനാണ് ബിജെപി നീക്കം. സമാനമായ രീതിയില്‍ കമല്‍ നാഥ് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നുവെങ്കിലും തള്ളി കോണ്‍ഗ്രസില്‍ തുടരുകയായിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന പ്രചാരത്തില്‍ കമല്‍നാഥ് പ്രതികരിച്ചിട്ടില്ല.
ദില്ലിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് തടയാന്‍ ബിജെപി നേതൃത്വം: ഹരിയാന സര്‍ക്കാരിന്റെ ഒരുക്കം
ചൊവ്വാഴ്ച രാജ്യതലസ്ഥാനമായ ദില്ലിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് തടയാന്‍ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ നടത്തുന്നത് വന്‍ ഒരുക്കം. ഏഴ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി താല്‍ക്കാലികമായി റദ്ദാക്കി. മൊബൈല്‍ ഫോണുകളില്‍ നല്‍കുന്ന ഡോംഗിള്‍ സേവനങ്ങളും നിര്‍ത്തിവെച്ചു.
വോയ്സ് കോളുകള്‍ മാത്രമേ അനുവദിക്കൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളും ഉറപ്പുനല്‍കുന്ന നിയമം വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഇരുന്നൂറിലധികം സംഘടനകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ചൊവ്വാഴ്ച രാത്രി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഹരിയാനയില്‍ പ്രവേശിക്കാനാകില്ലെന്ന് ഉറപ്പാക്കാന്‍ ഹരിയാന-പഞ്ചാബ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ പൊലീസ് സന്നാഹമൊരുക്കി. സാധാരണ യാത്രക്കാര്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കുമെന്നും പൊലീസ് അറിയിച്ചു. ഹരിയാനയ്ക്കും ദില്ലിക്കും ഇടയിലുള്ള അതിര്‍ത്തികളില്‍, കര്‍ഷകരെ തടയാന്‍ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണല്‍ചാക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ജലപീരങ്കികളും ഡ്രോണുകളും എത്തിച്ചിട്ടുണ്ട്. ഹരിയാന പൊലീസിനെ സഹായിക്കാന്‍ 50 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന പൊലീസ് മേധാവി ശത്രുജീത് കപൂര്‍ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സമാധാനം ഉറപ്പാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജും പറഞ്ഞു. ചൊവ്വാഴ്ച റോഡുകള്‍ ഒഴിവാക്കണമെന്ന് ഹരിയാന പോലീസ് യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. പ്രതിഷേധം മൂലം ഗതാഗതം തടസ്സപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്രം നാളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 2020-21 ലെ കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന ബികെയു ഉള്‍പ്പെടെ ഒരുവിഭാഗം സമരത്തിനിറങ്ങുന്നില്ല. ചൊവ്വാഴ്ചത്തെ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകരെ അടിച്ചൊതുക്കിയാല്‍ എല്ലാ യൂണിയനുകളും തെരുവിലിറങ്ങുമെന്ന് ബികെയു മുന്നറിയിപ്പ് നല്‍കി.
ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ, തോട്ടം ഉടമയും പുത്രവധുവും അറസ്റ്റില്‍
ധര്‍മ്മപുരി: തമിഴ്‌നാട് ധര്‍മ്മപുരിയില്‍ ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ കൊടുത്ത 2 സത്രീകള്‍ അറസ്റ്റിലായി. ജാതി വിവേചനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളെ അറസ്റ്റു ചെയ്തത്. ഗൌണ്ടര്‍ വിഭാഗത്തിലുള്ള സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 60കാരിയായ ചിന്നതായി ഇവരുടെ പുത്ര ഭാര്യയും 32 കാരിയുമായി ബി ധരണി എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പൊളയംപാളയം സ്വദേശിയായ 50 കാരി ജി സെല്ലിയുടെ പരാതിയിലാണ് അറസ്റ്റ്. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് സെല്ലി. സെല്ലിക്കും ഒപ്പമുണ്ടായിരുന്നു 38 കാരി ശ്രീപ്രിയ, 55കാരി വീരമ്മാള്‍, 60കാരി മാരിയമ്മാള്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം ചിരട്ടയില്‍ പ്രതികള്‍ ചായ കൊടുത്തത്. നേരത്തെയും സമാനമായ രീതിയിലാണ് ഇവര്‍ ചായ നല്‍കിയിരുന്നത്.
ദളിത് വിഭാഗത്തില്‍ അല്ലാത്ത മിക്ക പണി സ്ഥലങ്ങളിലും സമാന അനുഭവമാണ് നേരിടുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ക്ഷേത്രങ്ങളില്‍ മാത്രമല്ല തൊഴില്‍ ഇടങ്ങളിലും തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. എന്നാ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമെന്നാണ് ഗൌഡര്‍ വിഭാഗത്തിലെ എം ശിവ എന്നയാള്‍ വിശദമാക്കുന്നത്.
ബിഹാറില്‍ കാണാനിരിക്കുന്ന ‘കളി’യെന്ത്: തിങ്കളാഴ്ച വിശ്വാസവോട്ട്; ജെഡിയു എംഎല്‍എമാരെ കാണാനില്ലെന്ന് അഭ്യൂഹം
പട്ന: നിന്നനില്‍പ്പില്‍ മറുകണ്ടം ചാടുന്നതില്‍ വിദഗ്ധനാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആ നിതീഷ് കുമാറിന് തിങ്കളാഴ്ച അഗ്‌നിപരീക്ഷയാണ്. മഹാസഖ്യംവിട്ട് വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ നാളെ ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്.
നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയുവിലെ അഞ്ച് എംഎല്‍എമാരെ പാര്‍ട്ടി നേതൃത്വത്തിന് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കളി കാണാനിരിക്കുന്നതേയുള്ളൂവെന്ന മുന്‍ ഉപമുഖ്യന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് നേരത്തെ പറഞ്ഞിരുന്നു. കളി കാണാമെന്ന് ഭരണപക്ഷവും മറുപടി നല്‍കിയിട്ടുണ്ട്.
എംഎല്‍എമാരെ പാര്‍ട്ടികള്‍ പരസ്പരം ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ ബിഹാറില്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് പാര്‍ട്ടികളെല്ലാം തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലും മറ്റും പാര്‍പ്പിച്ചിരിക്കുകയാണ്.
ആര്‍ജെഡി എംഎല്‍എമാര്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയില്‍ തമ്പടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ ദിവസങ്ങള്‍ക്ക് മുന്നേ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഇവര്‍ ഇന്ന് വൈകീട്ടോ തിങ്കളാഴ്ച രാവിലെയോ പട്നയിലെത്തും.
തിങ്കളാഴ്ച നിയമസഭ ചേരുമ്പോള്‍ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഇരുപക്ഷത്തിനും ആദ്യ ബലപരീക്ഷണമാകും. മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി ഇതുവരെ സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ ജെഡിയു-ബിജെപി സഖ്യം സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അവാദ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ വിജയിക്കാനായില്ലെങ്കില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ താഴെവീഴുമെന്നുറപ്പാണ്. മുന്നണികള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂവെന്നതിനാല്‍ എംഎല്‍എമാരെ പാര്‍ട്ടി വലിയ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ജെഡിയു ചീഫ് വിപ്പ് ശര്‍വണ്‍കുമാറിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടെ വിരുന്നില്‍ 40 എംഎല്‍എമാര്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ എന്നതാണ് ശ്രദ്ധേയം. ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്. ബിമ ഭാരതി, സഞ്ജീവ്, ഷാലിനി മിശ്ര, സുദര്‍ശന്‍, ദിലീപ് റായ് എന്നീ എംഎല്‍എമാരാണ് വിരുന്നില്‍ പങ്കെടുക്കാതിരുന്നത്. ഇവരെ ബന്ധപ്പെടാന്‍ ജെഡിയു നേതൃത്വത്തിന് ആയിട്ടില്ലെന്നാണ് വിവരം.
മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ എംഎല്‍എമാരുടെ യോഗത്തില്‍ അഞ്ച് മിനിറ്റ് മാത്രം ചെലവഴിച്ച് മടങ്ങുകയും ചെയ്തു. എന്നാല്‍, ആശങ്കപ്പെടാനില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ വരാത്തവരുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ശര്‍വണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തിഗതമായ കാരണങ്ങളെ തുടര്‍ന്നാണ് ഇവര്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വിജയ് കുമാര്‍ ചൗധരിയുടെ വസതിയിലാണ് ജെഡിയുവിന്റെ നിയമസഭാ കക്ഷി യോഗം ചേരുന്നത്. ജെഡിയു തങ്ങളുടെ എല്ലാ എംഎല്‍എമാരോടും പട്‌നയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിപ്പ് നല്‍കിയിട്ടുണ്ട്.
ബിജെപിയും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്വീകരിക്കേണ്ട തന്ത്രങ്ങളുടെ പരീശീലനം എന്ന പേരിലാണ് ഇവരെ റിസോര്‍ട്ടിലാക്കിയിരിക്കുന്നത്. 78 എംഎല്‍എമാരുള്ള ബിജെപിയുടെ രണ്ട് അംഗങ്ങള്‍ ഇവിടെയില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയുടെ 79 എംഎല്‍എമാരും റാബ്റി ദേവിയുടെ വസതിയിലാണുള്ളത്. ഇവരെ കൂടാതെ സിപിഐ(എംഎല്‍)ന്റെ 12 എംഎല്‍എമാര്‍ ഉള്‍പ്പടെ ഇടതുപാര്‍ട്ടികളിലെ 14 അംഗങ്ങളും ഇവിടേക്കെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 16 എംഎല്‍എമാരാണ് ഹൈദരാബാദിലെ റിസോര്‍ട്ടിലുള്ളത്. മറ്റുള്ളവര്‍ കുടുംബപരമായ അത്യാവശ്യമുള്ളതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇതിനിടെ, മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എസ്)യുടെ നേതാവുമായ ജിതന്‍ റാം മാഞ്ജിയുമായി സിപിഐ(എംഎല്‍) നേതാവ് മഹബൂബ് ആലം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. നിലവില്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ മാഞ്ജിയുടെ പാര്‍ട്ടി മന്ത്രിസ്ഥാനത്തേച്ചൊല്ലി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, മാഞ്ജിയുടെ അതൃപ്തി മറികടക്കാന്‍ അദ്ദേഹത്തിന് ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായാണ് വിവരം.