ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി പാളയത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. പാര്‍ട്ടി പാളയങ്ങളില്‍ ശക്തമായ തിരഞ്ഞെടുപ്പ് തീരുമാനങ്ങളുമായി ഒരുപടി മുന്നിലാണ് ബിജെപിയും. പ്രധാനമന്ത്രി മോദി തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെയും താരം. അതിന് മുന്നോടിയായി ദേശീയ തലത്തില്‍ സജീവമായി മുന്നേറുകയാണ് ബിജെപി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ പഞ്ചായത്ത് തലത്തിലുള്ള പ്രതിനിധികളെ വരെ ക്ഷണിച്ച് വന്‍ സമ്മേളനം വിളിക്കുകയാണ് ബിജെപി. ഫെബ്രുവരി 17,18 തീയതികളിലായിട്ടാണ് ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനും അത് താഴെത്തട്ടില്‍ നടപ്പിലാക്കുന്നതിനുള്ള ആലോചനകള്‍ക്കുമായുള്ള കണ്‍വെന്‍ഷനാണ് വിളിക്കുന്നത്. ദ്വിദിന കണ്‍വെന്‍ഷന്‍ ദേശീയ തലസ്ഥാനത്ത ഭാരത് മണ്ഡപത്തിലായിരിക്കും ചേരുന്നത്.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ സമ്മേളനം ഉദ്ഘാടനം ചെയ്യും. 18-ന് പ്രധാനമന്ത്രി സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതിന് മുന്നോടിയായി ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ, നഗര പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തലത്തിലുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും സെല്‍ കണ്‍വീനര്‍മാര്‍ക്കും മോര്‍ച്ച അധ്യക്ഷന്‍മാര്‍ക്കും കണ്‍വെന്‍ഷനിലേക്ക് ക്ഷണമുണ്ട്.
ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗണ്‍സില്‍ ഭാരവാഹികള്‍, രാജ്യത്തുടനീളമുള്ള ജില്ലാ പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍, ലോക്സഭാ ഭാരവാഹികള്‍, ക്ലസ്റ്റര്‍ ഭാരവാഹികള്‍, ലോക്സഭാ കണ്‍വീനര്‍മാര്‍, അച്ചടക്ക സമിതി, ധനകാര്യ സമിതി, സംസ്ഥാനങ്ങളുടെ മുഖ്യ വക്താക്കള്‍, മീഡിയ സെല്‍ കണ്‍വീനര്‍മാര്‍, ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള വിവിധ തലങ്ങളിലുള്ള ഐടി സെല്‍ പ്രവര്‍ത്തകര്‍ എന്നിവരെയും രണ്ട് ദിവസത്തെ സുപ്രധാന സമ്മേളനത്തില്‍ പങ്കെടുക്കും.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണത്തിന് കഴിഞ്ഞയാഴ്ച തന്നെ ബിജെപി തുടക്കമിട്ടിരുന്നു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ പ്രചരണ വിഡിയോയും പുറത്തുവിട്ടിരുന്നു. അതിനൊടൊപ്പം ബി.ജെ.പി.യുടെ പ്രചാരണത്തിന് ഞായറാഴ്ച മധ്യപ്രദേശില്‍ തുടക്കമാകുകയാണ്. ഗോത്രവര്‍ഗ ആധിപത്യമുള്ള ഝബുവയില്‍ സംഘടിപ്പിക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് ബി.ജെ.പി. യൂണിറ്റ് പ്രസിഡന്റ് വിഷ്ണു ദത്ത് ശര്‍മ അറിയിച്ചു. പരമ്പരാഗത ഗോത്ര ചിഹ്നങ്ങളായ വില്ലും അമ്പും ഡ്രമ്മും നല്‍കിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത്.
അതിനൊടൊപ്പം സംഘടനാച്ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാക്കളെ രാജ്യസഭാസ്ഥാനാര്‍ഥികളാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ദേശീയതലത്തിലെയും അടുത്തിടെ തിരഞ്ഞെടുപ്പുകഴിഞ്ഞ സംസ്ഥാനങ്ങളില്‍ സംഘടനാച്ചുമതലയിലുണ്ടായിരുന്ന നേതാക്കളെയും പരിഗണിക്കുന്നുണ്ട്. അവരുടെ അനുഭവപരിചയം രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയെന്നാണ് ബിജെപി കണക്കൂകൂട്ടല്‍. കേന്ദ്രമന്ത്രിമാരായ രാജ്യസഭാ എം.പി.മാരുടെ സീറ്റുകളടക്കം ഇതിനായി നേതൃത്വം ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
നാമനിര്‍ദേശംചെയ്യപ്പെട്ടവരടക്കം 68 രാജ്യസഭാംഗങ്ങളുടെ കാലാവധി ഈവര്‍ഷം അവസാനിക്കും. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയും ഒമ്പത് മന്ത്രിമാരും ഇതിലുള്‍പ്പെടുന്നു. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 56 രാജ്യസഭാസീറ്റിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള അവസാനതീയതി ഫെബ്രുവരി 15 ആണ്. ഇതില്‍ 29 സീറ്റ് ബി.ജെ.പി.യുടേതാണ്.
ലോക്‌സഭാസീറ്റുകളില്‍ മത്സരിക്കാനാണ് നേതൃത്വം മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. കേന്ദ്രമന്ത്രിയെന്നനിലയിലെ ജനകീയത പ്രയോജനപ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് പാര്‍ട്ടി പദ്ധതിയിടുന്നു. മലയാളികളായ മന്ത്രിമാര്‍, വി. മുരളീധരന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും കാലാവധി ഏപ്രിലില്‍ അവസാനിക്കും. മുരളീധരന്‍ മഹാരാഷ്ട്രയില്‍നിന്നും രാജീവ് കര്‍ണാടകയില്‍നിന്നുമായിരുന്നു രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ ബിജെപി ഒരുങ്ങി. ആറ്റിങ്ങലില്‍ മുരളീധരന്‍, തൃശൂരില്‍ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാകും. മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാലക്കാട് ചേരുന്ന ബിജെപി ഇന്‍ ചാര്‍ജുമാരുടെ യോഗത്തില്‍ ധാരണയായി. ബിജെപി ദേശീയ കൗണ്‍സിലിന് മുമ്പ് ആറോ ഏഴോ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ പ്രഖ്യാപനമുണ്ടാകും.ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളാകും ആദ്യ പട്ടികയില്‍ സ്ഥാനം പിടിക്കുക. രണ്ടിടത്തും ആദ്യ പട്ടികയില്‍ പേരുകളായി.കേന്ദ്രമന്ത്രി വി മുരളീധരന്‍ ആറ്റിങ്ങലില്‍ ഇതിനോടകം പ്രചാരണം നടത്തിയും കഴിഞ്ഞു.
ബിജെപി കേരളത്തിലെ എ പ്ലസ് മണ്ഡലമെന്ന് കരുതുന്ന തൃശൂരില്‍ സുരേഷ് ഗോപി കളത്തിലിറങ്ങും. വലിയ പ്രതീക്ഷയുള്ള തൃശൂരില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ലാവലിന്‍: മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വാദം കേള്‍ക്കണമെന്ന് സിബിഐ ; കേസില്‍ താത്പര്യമില്ലെന്ന ആരോപണം നിഷേധിച്ചു
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ എസ്.എന്‍.സി. ലാവലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തണമെന്ന് സി.ബി.ഐ. എന്നാല്‍, കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. തങ്ങള്‍ക്ക് കേസില്‍ താത്പര്യം നഷ്ട്ടപെട്ടു എന്ന ആരോപണം സി.ബി.ഐ. സുപ്രീം കോടതിയില്‍ നിഷേധിച്ചു.
ലാവലിന്‍ ഹര്‍ജി ചൊവ്വാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ വി.എം. സുധീരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത്, കേസ് മുപ്പതിലധികം തവണ മാറ്റിവച്ചതാണെന്ന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ആവശ്യപ്പെട്ടിട്ടാണ് ഏറ്റവും തവണ കേസ് മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ.ക്ക് കേസില്‍ താത്പര്യം നഷ്ടപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു. ദേവദത്ത് കാമത്തിന് പുറമെ അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബുവും സുധീരന് വേണ്ടി ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ ഹാജരായിരുന്നു.
കാമത്തിന്റെ ആരോപണം കോടതിക്ക് പുറത്തുള്ളവര്‍ക്ക് വേണ്ടിയാണെന്ന് കെ.ജി. രാജശേഖരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ആരോപിച്ചു. സുധീരന്‍ കേസില്‍ കക്ഷി അല്ലെന്നും രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി. ദേവദത്ത് കാമത്തിന്റെ ആരോപണത്തെ സി.ബി.ഐ.ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ്.വി. രാജുവും തള്ളി. കേസ് ഗൗരവത്തോടെയാണ് കാണുന്നത്. സുപ്രീം കോടതി നിശ്ചയിക്കുന്ന ദിവസം കേസില്‍ വാദം ഉന്നയിക്കാന്‍ തയ്യാറാണെന്നും എസ്.വി. രാജു കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജൂലൈ 10-ന് അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു. എന്നാല്‍, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ നടത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മെയ് ഒന്നിന് അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ഹര്‍ജി ഇതുവരെ മാറ്റിവച്ചത് 31 തവണയാണ്.
ലാവലിന്‍ കേസിലെ ഹര്‍ജികളില്‍ മെയ് ഒന്നിന് അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കുമെങ്കിലും കേസില്‍ കക്ഷി ചേരാന്‍ സുധീരന്‍ നല്‍കിയ അപേക്ഷ മെയ് 7-ന് മാത്രമേ സുപ്രീംകോടതി പരിഗണിക്കൂ. കേസില്‍ കക്ഷി ചേരാനുള്ള സുധീരന്റെ ആവശ്യം ഇതുവരെയും അംഗീകരിച്ചിട്ടില്ലെന്ന് സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സുധീരന്റെ അപേക്ഷ മെയ് 7-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയത്.
ലാവലിന്‍ കേസില്‍ ഇനിമുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അഭിഭാഷകന്‍ കൃഷ്ണ ദേവ് ജഗര്‍ലമു ആയിരിക്കും. ആന്ധ്ര സ്വദേശിയാണ് കൃഷ്ണ ദേവ് ജഗര്‍ലമു. രാജ്യസഭാ അംഗവും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ സീനിയര്‍ അഭിഭാഷകന്‍ എസ്.നിരഞ്ജന്‍ റെഡ്ഡിയുടെ ജൂനിയറായിരുന്നു. കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ വി.ഗിരിയുടെയും സീനിയര്‍ അഭിഭാഷകന്‍ സെന്തില്‍ ജഗദീശന്റെയും ജൂനിയറായിരുന്നു കൃഷ്ണദേവ്.
ഇതുവരെ സെന്തില്‍ ജഗദീഷനായിരുന്നു പിണറായി വിജയന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്. സെന്തില്‍ ജഗദീശന് സീനിയര്‍ അഭിഭാഷക പദവി ലഭിച്ചതിനെ തുടര്‍ന്നാണ് പിണറായി വിജയന് വേണ്ടി പുതിയ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് വക്കാലത്ത് ഇട്ടത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്.ജഗദീശന്റെ മകനാണ് സെന്തില്‍ ജഗദീഷ്. കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡും മാറി. ഇരുവര്‍ക്കും വേണ്ടി വക്കാലത്തിട്ടിരുന്നത് അഭിഭാഷക ലിസ് മാത്യുവായിരുന്നു.
ലിസ് മാത്യുവിന് സീനിയര്‍ അഭിഭാഷക പദവി ലഭിച്ചതോടെ വക്കാലത്ത് ഒഴിഞ്ഞു. കസ്തൂരിരംഗ അയ്യര്‍ക്ക് വേണ്ടി രശ്മി നന്ദകുമാറും കെ.ജി. രാജശേഖരന് വേണ്ടി ആര്‍. നവനീതുമാണ് പുതുതായി വക്കാലത്ത് ഇട്ടത്. കസ്തൂരിരംഗ അയ്യര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്തും കെ.ജി. രാജശേഖരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്തും ആണ് ഹാജരാക്കുന്നത്.
കേസിലെ മറ്റൊരു കക്ഷിയായ കെ.മോഹനചന്ദ്രന് വേണ്ടി ഗൗരവ് അഗര്‍വാള്‍ ആയിരുന്നു അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്. ഗൗരവ് അഗര്‍വാളിനും സീനിയര്‍ അഭിഭാഷക പദവി ലഭിച്ചിരുന്നു. എന്നാല്‍, മോഹനചന്ദ്രന്റെ പുതിയ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് വക്കാലത്ത് ഇട്ടിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച മാറ്റിയത്.
മന്ത്രി കെ. ബി ഗണേഷ്‌കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ 20 പേര്‍; നിയമന ഉത്തരവിറങ്ങി
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. 20 പേരാണ് പേഴ്‌സണല്‍ സ്റ്റാഫിലുള്ളത്. പരമാവധി 25 പേരെ നിയമിക്കാമെന്നാണ് എല്‍ഡിഎഫിലെ ധാരണ.
ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴാണ് കെ.ബി.ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൈമാറിയത്. ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയവരെ നിയമിച്ചത്.തനിക്ക് അര്‍ഹതയുള്ള പേഴ്‌സണല്‍ സ്റ്റാഫിനെ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റേത് ഒരു ചെറിയ പാര്‍ട്ടിയാണ്. മന്ത്രി അധികാരത്തില്‍ വരുമ്പോള്‍ പാര്‍ട്ടിക്കാരെ അല്ലാതെ വേറെ ആരെയെങ്കിലും വെയ്ക്കുമോ? അര്‍ഹതപ്പെട്ട പേഴ്‌സണല്‍ സ്റ്റാഫ് എല്ലാവര്‍ക്കുമുണ്ട്. ഞാന്‍ കുറച്ചുപേരെ മാത്രമേ എടുത്തുള്ളുവെങ്കില്‍ അത് മറ്റ് മന്ത്രിമാരെ കളിയാക്കുന്നതുപോലെയാകും. പിന്നെ അധികം യാത്രകള്‍ പോകാതിരിക്കുകയും സര്‍ക്കാര്‍ വസതിക്കു പകരം സ്വന്തം വസതി ഉപയോഗിക്കുകയും ചെയ്യുന്നു. സ്വന്തം വീടില്ലായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ വസതിയില്‍ താമസിച്ചേനെ. ഇത്രയൊക്കെയല്ലേ ചെയ്യാനാകൂവെന്നും മന്ത്രി ചോദിച്ച.