സ്പീക്കര്‍ സ്ഥാനത്തേക്ക് വിജയം ഉറപ്പിച്ച് ബിജെപി നേതൃത്വം

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ ലോക്‌സഭയിലേക്ക് സ്പീക്കര്‍ സ്ഥാനത്തേക്ക് ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യത. എന്നാല്‍, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിച്ചതിനാല്‍ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കേണ്ടതില്ലന്ന നിലപാടാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ളത്.

ബിജെപി, സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യതയുള്ളത്. അതേസമയം എന്‍ഡിഎ പങ്കാളികളായ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് എന്‍ഡിഎ പങ്കാളികള്‍ സമവായ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണമെന്ന് ടിഡിപി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നാണ് ജെഡിയു നിലപാട്. തന്റെ പാര്‍ട്ടിയും ടിഡിപിയും എന്‍ഡിഎയുടെ ഭാഗമാണെന്നും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. സ്പീക്കര്‍ എല്ലായ്‌പ്പോഴും ഭരണകക്ഷിയുടേതാണ്, കാരണം സഖ്യകക്ഷികളില്‍ അവര്‍ക്കാണ് കൂടുതല്‍ സീറ്റുള്ളതെന്ന് ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞത്.

എന്നാല്‍ മറുവശത്ത് സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പങ്കാളികള്‍ സംയുക്തമായി തീരുമാനിക്കണമെന്നാണ് ടിഡിപി ദേശീയ വക്താവ് പട്ടാഭി റാം കൊമ്മാറെഡ്ഡി പറഞ്ഞത്. സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന് എന്‍ഡിഎ പങ്കാളികള്‍ ഒന്നിച്ചിരുന്ന് തീരുമാനിക്കും. ഒരു സമവായത്തിലെത്തിക്കഴിഞ്ഞാല്‍, ആ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ടിഡിപി ഉള്‍പ്പെടെ എല്ലാ പങ്കാളികളും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് കൊമ്മാറെഡ്ഡി പറഞ്ഞു.

ജൂണ്‍ 24 ന് ആരംഭിക്കുന്ന 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ സ്പീക്കറെ ഏകകണ്ഠമായി തിരഞ്ഞെടുക്കുന്നതിനായി ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ സമീപിക്കും. സര്‍ക്കാരിന്റെ നിര്‍ദേശം പ്രതിപക്ഷം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പ് വേണ്ടിവരില്ല. എന്നാല്‍ പ്രതിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍, പുതിയ സ്പീക്കര്‍ക്കായുള്ള വോട്ടെടുപ്പ് ജൂണ്‍ 26 ന് നടന്നേക്കും. അതേ ദിവസം തന്നെ പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കും.

മോദി സര്‍ക്കാരിന്റെ ആദ്യ ടേമില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ബിജെപി എംപി സുമിത്ര മഹാജന്‍ ലോക്‌സഭാ സ്പീക്കര്‍. രണ്ടാം ടേമില്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയായ ഓം ബിര്‍ളയായിരുന്നു സ്പീക്കര്‍. മോദി ഇറ്റലിയില്‍ നിന്ന് വന്നതിന് ശേഷം പുതിയ ലോക്‌സഭാ സ്പീക്കറുടെ പേര് ചര്‍ച്ച ചെയ്യുമെന്ന് സൂചന. ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ മത്സരത്തിന്റെ സാധ്യതയാണ് ബിജെപി തേടുന്നത്. ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഇന്ത്യസഖ്യം പിന്തുണയ്ക്കുമെന്നാണ് ശിവസേനയിലെ സഞ്ജയ് റാവത്ത് പറഞ്ഞത്. അത്തരമൊരു സാഹസം ടിഡിപി കാട്ടിയാല്‍ അവരെ എന്‍ഡിഎയില്‍ നിന്നും ബിജെപി പുറത്താക്കാനും സാധ്യതയുണ്ട്.

സ്പീക്കര്‍ സ്ഥാനത്ത് ബിജെപി പ്രതിനിധി വന്നാല്‍ ടിഡിപിയെയും ജെഡിയുവിനെയും പിളര്‍ത്തുമെന്നാണ് ഇന്ത്യാസഖ്യം നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, ഇതിനേക്കാള്‍ പ്രതിപക്ഷ സഖ്യം ഭയക്കുന്നത് സ്പീക്കര്‍ സ്ഥാനത്ത് ബിജെപി നേതാവ് വന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി ലക്ഷ്യമിടുമെന്നതാണ്.ഇ.ഡിയും സി.ബി.ഐയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ബിജെപി മന്ത്രിമാരുടെ കീഴില്‍ ആയതിനാല്‍ ഇതിനുള്ള സാധ്യത ഏറെയാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ പാര്‍ട്ടികളിലെ എം.പിമാരെ വലവീശി പിടിക്കാന്‍ ബിജെപി എല്ലാ ശ്രമവും നടത്തുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. 18-ാം ലോക്സഭയിലെ സ്പീക്കറെ ജൂണ്‍ 26 ന് തിരഞ്ഞെടുക്കും. ഇതിനായി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന പ്രമേയങ്ങള്‍ക്കുള്ള നോട്ടീസ് ഒരു ദിവസം മുമ്പ് ഉച്ചവരെ സമര്‍പ്പിക്കാം.

രാജ്യത്തെ നടുക്കി വീണ്ടും ട്രെയിനുകള്‍ കൂട്ടിയിടിച്ച് ദുരന്തം;ഡാര്‍ജിലിങ് അപകടത്തില്‍ മരണം 15 ആയി, 60പേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 15 ആയി ഉയര്‍ന്നു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. അഗര്‍ത്തലയില്‍നിന്നും കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ പിന്നില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, കാഞ്ചന്‍ ജംഗ എക്‌സ്പ്രസിന്റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായിയെന്നും ബോഗികള്‍ക്കിടയില്‍ കുടുങ്ങിയവരെ എല്ലാം ആശുപത്രിയില്‍ എത്തിച്ചുവെന്നും റെയില്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായധനം നല്‍കുമെന്നും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതം സഹായവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ ഒന്‍പതരയോടെ ഡാര്‍ജിലിംഗ് ജില്ലയിലെ രംഗാപാനിക്ക് സമീപം രാജ്യത്തെ നടുക്കി വീണ്ടും ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ന്യൂ ജയ്പാല്‍ഗുരി സ്റ്റേഷന്‍ പിന്നിട്ട് മുന്നോട്ട് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസിന് പിന്നിലേക്ക് സിഗ്‌നല്‍ തെറ്റിച്ച് കുതിച്ചെത്തിയ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാഞ്ചന്‍ ജംഗ എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ തകര്‍ന്നു. മരിച്ചവരില്‍ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമുണ്ടെന്നാണ് വിവരം.

തകര്‍ന്ന ബോഗികള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ച രക്ഷാ പ്രവര്‍ത്തനം ഉച്ചയോടെയാണ് പൂര്‍ത്തിയായത്. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനയും, പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിനെത്തി.
മുതിര്‍ന്ന ഉദ്യോഗസ്ഥരെ അപകട സ്ഥലത്തേക്ക് അയച്ചെന്ന് റെയില്‍വേ അറിയിച്ചു. അപകട കാരണത്തെ കുറിച്ച് പരിശോധന തുടങ്ങി. ദില്ലി റെയില്‍ മന്ത്രാലയത്തിലും വാര്‍ റൂം സജ്ജമാക്കി. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിലെ മന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അതീവ ദുഖം രേഖപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പരിക്കേറ്റവര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പശ്ചിമബംഗാള്‍ സര്‍ക്കാറും റെയില്‍വേയും പ്രത്യേകം കണ്ട്രോള്‍ റൂമുകള്‍ തുറന്നു.

അതേസമയം, കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ 4 ബോഗികളും ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കണ്ടെയിനറുകളുമാണ് അപകടത്തില്‍ പെട്ടെന്ന് റെയില്‍വെ അറിയിച്ചു. ഉച്ചയോടെ കാഞ്ചന്‍ ജംഗ എക്‌സ്പ്രസ് അപകടത്തില്‍ പെടാത്ത ബോഗികളുമായി യാത്ര പുനരാരംഭിച്ചുവെന്നും യാത്രക്കാര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി എന്നും റെയില്‍വേ അറിയിച്ചു.

അതേസമയം, അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അശ്വിനി വൈഷ്ണവ് മന്ത്രിയായിരിക്കെയാണ് ഏറ്റവും കൂടുതല്‍ ട്രെയിന്‍ അപകടങ്ങള്‍ നടന്നതെന്നും മന്ത്രിരാജി വെയ്ക്കാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ തയാറാകില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റെയില്‍വേ മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു.

 

പോക്‌സോ കേസ്; ബിഎസ് യെദിയൂരപ്പയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം, മൂന്ന് മണിക്കൂര്‍ നീണ്ടു

 

പോക്‌സോ കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം യെദിയൂരപ്പയുടെ ചോദ്യം ചെയ്യല്‍ നീണ്ടു. സിഐഡി എഡിജിപി ബി കെ സിംഗ്, എസ്പി സാറ ഫാത്തിമ, എസ്‌ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

യെദിയൂരപ്പയുടെ മൊഴി ചോദ്യം ചെയ്യലില്‍ വിശദമായി രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മൊഴി കൂടി ചേര്‍ത്ത ശേഷം അതിവേഗകോടതിയില്‍ കുറ്റപത്രം എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്‌സ് കോളനിയിലുള്ള വസതിയില്‍ അമ്മയോടൊപ്പം പരാതി നല്‍കാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താന്‍ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.

ഇസ്രായേല്‍ യുദ്ധ മന്ത്രിസഭ പിരിച്ചുവിട്ട് ബെഞ്ചമിന്‍ നെതന്യാഹു

 

 

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് സംഘാംഗങ്ങള്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്ന് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നാലെ ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധം ഇന്ന് ഗാസയുടെയും റഫായുടെയും ഏതാണ്ട് പൂര്‍ണ്ണനാശത്തിലാണ് എത്തി നില്‍ക്കുന്നത്. യുദ്ധത്തിനെതിരെ അന്താരാഷ്ട്രാ സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് ഇസ്രയേല്‍, റഫാ ആക്രമണം കടുപ്പിച്ചതും. ഇതിനിടെ യുദ്ധത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഇസ്രായേല്‍ യുദ്ധമന്ത്രിസഭയെ ബെഞ്ചമിന്‍ നെതന്യാഹു പിരിച്ചുവിട്ടു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

അതേസമയം അടിയന്തരാവസ്ഥാ സര്‍ക്കാരില്‍ നിന്ന് ബെന്നി ഗാന്റ്‌സിന്റെ രാജിക്ക് പുറകെയാണ് നെതന്യാഹു യുദ്ധ മന്ത്രിസഭ പിരിച്ച് വിട്ടതെന്നും എന്നാല്‍, പിന്നാലെ തീവ്രവലതുപക്ഷ സഖ്യകക്ഷികള്‍ പുതിയ യുദ്ധ മന്ത്രിസഭയ്ക്കായി നെതന്യാഹുവിന്റെ നേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മിതവാദി രാഷ്ട്രീയക്കാരനും ദേശീയ ഐക്യ പാര്‍ട്ടിയും കഴിഞ്ഞ വര്‍ഷമാണ് അടിയന്തര സഖ്യത്തില്‍ ചേരുകയും യുദ്ധകാല സര്‍ക്കാറിന്റെ ഭാഗമാവുകയും ചെയ്തത്. ബെന്നി ഗാന്റ്‌സിന്റെ രാജിയോടെ യുദ്ധ മന്ത്രിസഭയുടെ ആവശ്യമില്ലെന്ന് നെതന്യാഹു മന്ത്രിമാരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ആറംഗ യുദ്ധ കാബിനറ്റിലെ ഒരംഗമായ ഗാന്റ്‌സ്, മന്ത്രിസഭയിലെ മൂന്ന് നിരീക്ഷകരില്‍ ഒരാളായ ഗാഡി ഐസെന്‍കോട്ടിനൊപ്പം അടുത്തിടെ രാഷ്ട്രീയ സഖ്യത്തില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന നെതന്യാഹു, തീവ്ര വലതുപക്ഷ പാര്‍ട്ടികളെ ഒപ്പം കൂട്ടിയാണ് മന്ത്രിസഭ രൂപീകരിച്ചത്.

പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, യുദ്ധ കാബിനറ്റില്‍ ഉണ്ടായിരുന്ന തന്ത്രപ്രധാനകാര്യ മന്ത്രി റോണ്‍ ഡെര്‍മര്‍ എന്നിവരുള്‍പ്പെടുന്ന ആളുകളുമായി നെതന്യാഹു ഗാസ യുദ്ധത്തെക്കുറിച്ച് കൂടിയാലോചനകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം യുദ്ധ കാബിനറ്റ് പിരിച്ചുവിടുന്നത് കൊണ്ട് സംഘര്‍ഷത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ കാബിനറ്റായിരിക്കും. നെതന്യാഹുവിന്റെ തീരുമാനം ഇസ്രേലില്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നെതന്യാഹുവും മുതിര്‍ന്ന ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് കമാന്‍ഡര്‍മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടയിലാണ് അസാധാരണമായ ഇത്തരമൊരു നീക്കമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

തിരുവല്ലയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

 

തിരുവല്ലയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജ്കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഇയാളെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ആശുപത്രിയിലും ബഹളം ഉണ്ടാക്കിയെന്ന് എഫ്‌ഐആര്‍.

രാജകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇയാളെ സ്ഥലം മാറ്റണമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവ ദിവസം രാജ്കുമാറിന് സ്റ്റേഷനില്‍ ഡ്യൂട്ടിയുണ്ടായിരുന്നു. രാത്രി മദ്യപിച്ച് സ്റ്റേഷനിലെത്തിയ ഇദ്ദേഹം സഹപ്രവര്‍ത്തകരോട് ബഹളം വെച്ചെന്നാണ് പരാതി. സിഐയുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ഇത് തന്നെ തുടര്‍ന്നു. കേരള പൊലീസ് ആക്ട് 2011 ലെ 118 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Free Online Slot Gamings No Download: The Ultimate Guide

Are you a fan of slot video games but...

Playing Online Slots For Real Money

The best place bet sala to play real money...

Every little thing You Required to Understand About Slot Machine Offline

Slots have been a popular type of entertainment for...

Same Day Loans No Credit Report Checks: A Comprehensive Overview

When unforeseen costs develop and you require immediate financial...