കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയതിന് റിപ്പോർട്ടർ ടി വി കോ ഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതിക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. തൃക്കാക്കര പോലീസാനു കേസെടുത്തിരിക്കുന്നത്. കളമശ്ശേരി സ്വദേശി യാസർ അറാഫത്തിന്റെ പരാതിയിലാണ് IPC153, IPC 153A വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റിപ്പോർട്ടർ ചാനലിനെതിരെയും കേസെടുത്തിട്ടുണ്ട്.
കളമശേരി സ്ഫോടനത്തോടെ നിരവധി വ്യാജ വാർത്തകൾ ആയിരുന്നു സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ തക്കതായ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് യൂത്ത് കൊണ്ഗ്രെസ്സ് നേതാവിന്റെ പരാതിയിൽ ജനം ടിവിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാർക്കെതിരെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിൽ ജനം ടിവി റിപോർട്ടർക്കെതിരെ കൊച്ചി എളമക്കര പോലീസും കേസെടുത്തിട്ടുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പ്രമോദ് y t എന്നയാളുടെ പരാതിയെ തുടർന്ന് കേന്ദ്രമന്ത്രിയും ബിജെ പി നേതാവുമായ രാജീവ് ചന്ദ്ര ശേഖറിനെതിരെ ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായി മാത്രമെ സുജയ പാർവതിക്കെതിരെയുള്ള കേസിനെ കാണാൻ സാധിക്കുകയുള്ളു.
കളമശേരി സ്ഫോടനത്തെ തുടർന്ന് സമൂഹത്തിൽ കലാപമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയടക്കം സാറ്റലൈറ്റ് ചാനലുകളിലെ മുതിർന്ന മാധ്യമ പ്രവർത്തകരുൾപ്പടെ നിരുത്തരവാദ പരമായ സമീപനം കൈ കൊണ്ടിരുന്നു. ഇസ്രായേൽ പലസ്തീൻ പ്രശനം അന്താരാഷ്ട്ര രംഗത്ത് ചൂട് പിടിച്ച ചർച്ചയായി നില കൊണ്ട സാഹചര്യത്തിലായിരുന്നു കളമശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ബോംബ് പൊട്ടിയത്. ഇതിനു പിന്നിൽ പലസ്തീൻ ബന്ധമുണ്ടെന്ന രൂപത്തിലുള്ള നിറം പിടിപ്പിച്ച കഥകളായിരുന്നു പ്രചരിച്ചവയിൽ പലതും. കൊച്ചിയിലെ ജൂതരെ ലക്‌ഷ്യം വെച്ചുള്ള അക്രമണമാണിതെന്നു പോലും ഒരു വേള ട്വീറ്ററിലൂടെയടക്കം പ്രചരിക്കപ്പെട്ടിരുന്നു.
എന്നാൽ സമീപ കാലങ്ങളിൽ നിന്നും വ്യത്യസ്തതമായി വ്യാജ-വിദ്വേഷ പ്രചാരണങ്ങളടക്കം പ്രചരിപ്പിക്കുന്നതിനെതിരെ കേരള പോലീസ് ഉണർന്നു പ്രവർത്തിച്ച സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. തുടരെ തുടരെയുള്ള ഈ കേസെടുക്കലുകൾ അതിന്റെ ഭാഗമായിട്ടാണ് നമുക്ക് കാണാൻ സാദിക്കുന്നത്.
ഏറെ പ്രാധാന്യമുള്ള, സാമുദായിക സംഘര്ഷങ്ങൾക്കടക്കം കരണമായേക്കാവുന്ന കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടു തീർത്തും അപക്വ പരമായ സമീപനം പുലർത്തുന്ന നിലപാട് മലയാളത്തിലെ അറിയപ്പെടുന്ന ചാനലുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് ഒരു ന്യായീകരണവും അർഹിക്കാത്ത പ്രവർത്തനം തന്നെയാണ്. അതിനെതിരെയുള്ള പോലീസ് നടപടി തികച്ചും അനിവാര്യവും. തുടർന്നും ഈ വിഷയവുമായി ബന്ധപ്പെട്ടു കേസുകളെടുക്കാൻ സാധ്യതയുണ്ടെന്നാണു നിയമ വിദഗ്ദ്ധരടക്കം ചൂണ്ടി കാട്ടുന്നത്.
അതേസമയം കളമശേരി സ്‌ഫോടനക്കേസിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.എറണാകുളം സെഷൻസ് കോടതി മാർട്ടിനെ നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിയുമായി പോലീസ് വിശദമായ തെളിവെടുപടക്കം നടത്തിയിട്ടുണ്ടായിരുന്നു.
പണം തട്ടിയ സംഭവത്തിൽ സിബിഐ വരും കേസന്വേഷിക്കാൻ
കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അകൗണ്ടിൽ നിന്നും പണം തട്ടിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ കേസിന്റെ എഫ്‌ഐആർ സമർപ്പിച്ചു. കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നുൾപ്പെടെ 12.81 കോടി തട്ടിയെന്ന കേസിൽ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എംപി റിജിലിനെ പ്രതിയാക്കിയാണ് കേസ്. കഴിഞ്ഞ ജൂലായിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോർപ്പറേഷന്റെ ഓഡിറ്റിങ്ങിൽ പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ 2.53 കോടി രൂപയുടെ തിരിമറി നടത്തിയതായി സ്ഥിരീകരിച്ചു. തുടർന്ന് 17 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 21 കോടിയിലേറെ രൂപയാണ് റിജിൽ തിരിമറി നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനും ഓൺലൈൻ റമ്മി കളിക്കാനുമായിട്ടാണ് തിരിമറി നടത്തിയ പണം ഉപയോഗിച്ചതെന്നാണ് പ്രതി റിജിലിന്റെ മൊഴി
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയ യുവതിയെ മാറ്റി നിർത്തി പോലീസ്
കേരളീയം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയ യുവതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി പോലീസ്. ഉദ്ഘാടന ചടങ്ങ് പുരോഗമിക്കുന്നതിനിടെ യുവതി വേദിക്കരികിലേക്ക് എത്തുകയും നിലത്തിരിക്കുകയുമായിരുന്നു. ഇതോടെയാണ് പോലീസ് എത്തി ഇവരെ മാറ്റാന്‍ ശ്രമിച്ചത്. നിലത്ത് ഇരിക്കാതെ കസേരയിൽ ഇരിക്കാൻ യുവതിയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ നിലത്തിരുന്ന് കണ്ടോളാമെന്നാണ് യുവതി തന്നെ മാറ്റാൻ ശ്രമിക്കുന്ന വനിതാ പോലീസുകാരോടും പറഞ്ഞത്. പിന്നീട് ഉയർന്ന ഉദ്യോഗസ്ഥരെത്തി യുവതിയെ നിർബന്ധിച്ച് മാറ്റുകയായിരുന്നു. കസേര ആദ്യം കിട്ടിയില്ലെന്നും എന്നാൽ താൻ നിലത്തിരുന്നായാലും പരിപാടി കണ്ടോളാമെന്നും യുവതി പോലീസുകാരോട് പറഞ്ഞു.
എഴുത്തച്ഛൻ പുരസ്ക്കാരം പ്രൊഫസ്സർ എസ് കെ വസന്തന്
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം ഭാഷ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫസ്സർ എസ് കെ വസന്തന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള സർക്കാരിന്റെ സാഹിത്യ രംഗത്തുള്ള പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്ക്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്. പ്രൊഫസ്സർ എസ് കെ വസന്തന് 2007 ഇൽ കേരളം സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു
ഉപന്യാസം , നോവൽ, ചെറുകഥ, കേരളം ചരിത്രം വിവർത്തനം തുടങ്ങിയ സാഹിത്യ ശാഖകളിലെ എസ കെ വസന്തന്റെ കൃതികൾ മികച്ച ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. അധ്യാപകൻ, വാഗ്മി, ഗവേഷക മാർഗ ദർശി എന്ന നിലകളിലുള്ള സംഭാവനകൽ കൂടി പരിഗണിച്ചാണ് എസ് കെ വസന്തനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അവാർഡ് പ്രഖ്യാപന വേളയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി അറിയിച്ചിട്ടുള്ളത്.
ഡോക്ടർ അനിൽ വള്ളത്തോൾ ചെയർമാനും, ഡോക്ടർ ധർമരാജ് അടാട്ട് , ഡോക്ടർ ഖദീജ മുംതാസ് ഡോക്ടർ പി സോമൻ, സിപി അബൂബക്കർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌ക്കാര നിർണയം നടത്തിയത്.
കേരളീയം ധൂർത്ത്; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സംസ്ഥാന തലസ്ഥാനത്ത് കേരളീയം ആഘോഷങ്ങൾ തുടരുന്നതിനിടെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ചരിത്രത്തിലിതുവരെയില്ലാത്ത കടക്കെണിയിൽ പെട്ടുഴലുന്ന ഇക്കാലത്ത് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് കേരളീയമെന്ന പേരിൽ നടത്തുന്നത് ധൂര്ത്താണെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാർ നിലവിൽ എത്തി നിൽക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ധാരണ ഭരണ പക്ഷത്തിനു നഷ്ട്ടപെട്ടിരിക്കുന്നുവെന്നും. മനസാക്ഷിയില്ലാതെ കോടി കണക്കിന് രൂപയാണ് സർക്കാർ ചിലവാക്കി കൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് നിലവിലുള്ളതെന്ന് അഭിപ്രായപ്പെട്ട സതീശൻ. കേരള പിറവി ദിനത്തിൽ സര്‍ക്കാരിന് അഴിമതിയുടെ പൊന്‍കിരീടം സമര്‍പ്പിക്കുന്നുവെന്നും കൊച്ചിയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കരുവന്നൂർ ; കുറ്റപത്രം സമർപ്പിച്ച് ഇ ഡി
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. കലൂർ പി എം എൽ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്
പതിമൂവായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ 55 പ്രതികളാണുള്ളത്.
ഏജന്റായിരുന്ന ബിജോയിയെയാണ് ഒന്നാംപ്രതിയായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ.ഡി. അറസ്റ്റ് ചെയ്ത സതീഷ്, ജിൽസ്, കിരൺ, സി പി എമ്മിന്റെ കൗൺസിലറായ അരവിന്ദാക്ഷൻ തുടങ്ങിയ പേരുകളും ആദ്യ ഘട്ട കുറ്റപത്രത്തിൽ ഉണ്ട്.
ഇവരുടെ കൂടെ ബാങ്കിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്നവർ, കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവർ എന്നിവരും പ്രതിപ്പട്ടികയിൽ ഉണ്ട്. ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ച ഇ ഡി ഇനി എ.സി. മൊയ്തീൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണമടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കും.
“ഊർജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള നഗരം” കോഴിക്കോടിനെ പ്രശംസിച്ച് നരേന്ദ്ര മോദി
യുനെസ്‌കോയുടെ സാഹിത്യ നഗരപദവി ലഭിച്ച കോഴിക്കോടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രശംസയറിയിച്ചത്
“യുനെസ്‌കോയുടെ ‘സാഹിത്യ നഗരം’ ബഹുമതി ലഭിച്ചതോടെ സാഹിത്യ കലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തിൽ ഇടം നേടിയിരിക്കുന്നു. ഊർജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്നേഹം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെ..” പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു.
കോഴിക്കോടുൾപ്പെടെ 55 നഗരങ്ങളാണ് യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്കിൽ ചൊവ്വാഴ്ച ഇടംപിടിച്ചത്. ഇന്ത്യയിൽനിന്ന് ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്കിൽ ഇടം നേടിയ മറ്റൊരു നഗരം ഗ്വാളിയോർ മാത്രമാണ്. സംഗീതനഗരമെന്ന പദവിയാണ് ഗ്വാളിയോറിനെ തേടിയെത്തിയത്.
സംസ്കാരവും സർഗാത്മകതയും വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗപ്പെടുത്തുകയും. നഗര ആസൂത്രണത്തിൽ നവീനമായ രീതികൾ അവലംബിക്കുകയും ചെയ്യുന്നതിനുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നൽകുന്നത്.
ജെറ്റ് എയര്‍വേസിന്റെ സ്വത്ത് കണ്ടു കെട്ടി ഇ ഡി
പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഇന്ത്യ ലിമിറ്റഡിന്റെ 538.05 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ പി.എം.എല്‍.ആക്ട് പ്രകാരമാണ് ജെറ്റ് എയര്‍വേസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
കഴിഞ്ഞ ദിവസമാണ് ഇ.ഡി ജെറ്റ് എയര്‍വേസിന്റെയും ഉടമ നരേഷ് ഗോയലിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കനറാ ബാങ്ക് നല്‍കിയ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. ജെറ്റ് എയര്‍വേസിന് വായ്പയായി നല്‍കിയ 848 കോടി രൂപയിൽ 538 കോടി രൂപ തിരികെ കിട്ടാനുണ്ടെന്നാണ് കനറാ ബാങ്കിന്റെ പരാതി.
നരേഷ് ഗോയല്‍, ഭാര്യ അനിതാ ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ പേരിലുള്ള പാർപ്പിട വ്യവസായ സമുച്ഛയങ്ങലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലുമടക്കമുള്ള സ്വത്തുക്കളാണ് കണ്ടു കെട്ടിയത്.നിലവിൽ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന നരേഷ് ഗോയലിനെ സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇ.ഡി. അറസ്റ്റ് ചെയ്തത്.മറ്റ് രാജ്യങ്ങളില്‍ ട്രസ്റ്റുകള്‍ ഉണ്ടാക്കി പണം തട്ടിയെന്നും ഈ ട്രസ്റ്റുകള്‍ ഉപയോഗിച്ച് ഗോയല്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നുമാണ് ഇ.ഡി. പറയുന്നത്.
ആദ്യ ദിന തീയേറ്റർ റിവ്യൂ ഇനിയില്ല ; സിനിമ സംഘടനകളുടെ യോഗത്തിലെ തീരുമാനങ്ങൾ എന്തെല്ലാം ?
മനഃപ്പൂർവമുള്ള നെഗറ്റീവ് സിനിമ റിവ്യൂകൾക്കെതിരെ കേസ് എടുത്തതിന് പിന്നാലെ തുടർ നടപടികൾക്കായി സംയുക്ത യോഗം വിളിച്ച് സിനിമ സംഘടനകൾ. സംവിധാകൻ ബി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം കൊച്ചിയിൽ വെച്ച് നടന്നു. യോഗത്തിൽ സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷം വിഷയത്തിൽ തുടർ നിലപാടുകൾ സ്വീകരിച്ചു.
സിനിമ സംഘടനകൾ ചേർന്ന യോഗത്തിലെ പ്രധാന നിർദ്ദേശങ്ങൾ ….
1 സിനിമ റിലീസ് ആദ്യദിനം തിയറ്റർ റിവ്യൂ ഉണ്ടായിരിക്കില്ല,അത്തരം നടപടി സിനിമയെ മോശമായി
ബാധിക്കുന്നു.
2 സിനിമയെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മുൻപോട്ട് പോകും
3 ഫെഫ്കയിൽ മെമ്പർഷിപ്പുള്ള പിആർഒമാർക്ക് മാത്രമാണ് ജോലി ചെയ്യാൻ സാധിക്കുക,
മെമ്പർഷിപ്പില്ലാത്തവർക്ക് ജോലിയിൽ തുടരാൻ സാധിക്കില്ല,ഇതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കും
4 യുട്യൂബ് ചാനലുകൾക്ക് നിയന്ത്രണം.തെരഞ്ഞെടുത്ത 45 യുട്യൂബ് ചാനലുകൾക്ക് മാത്രം സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിലും മറ്റും പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.നിലവിൽ മേല്പറഞ്ഞ കാര്യങ്ങളാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനമായും തീരുമാനിച്ചിരിക്കുന്നത്.രണ്ട് യോഗങ്ങൾക്ക് ശേഷമാണ് ഇക്കാര്യങ്ങൾ തീരുമാനമാവുക.ശേഷം തെരഞ്ഞെടുത്ത യുട്യൂബ് ചാനലുകൾക്ക് ഐഡി കാർഡ് ഉൾപ്പെടെ നൽകും.ഈ കാർഡ് ലഭിച്ചവർക്ക് മാത്രമാണ് ഇനി സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിലും മറ്റും പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
”ഫെഫ്കയിൽ ഉൾപ്പെട്ട എല്ലാ യൂണിയൻ ഭാരവാഹികളും അവരുടെ പ്രതിനിധികളുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു.ഒരുമിച്ച് പോരാടാനാണ് ഞങ്ങളുടെ തീരുമാനം.ലീഗലി പോരാടിക്കൊണ്ട് ഇത്തരം പ്രവണതകൾ നിയന്ത്രിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.പ്രധാനമായും തിയറ്ററുകളിൽ ആദ്യദിവസമുള്ള റിവ്യൂ ചെയ്യുന്ന സമ്പ്രദായം ഇനിയുണ്ടായിരിക്കില്ല.അത്തരത്തിൽ ചെയ്യുകയാണെങ്കിൽ തിയറ്റർ ഉടമകളൊട് പോലീസ് സഹായം തേടുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ടാമതായി ആർക്കൊക്കെ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാം എന്നതാണ് ഇതിനായി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.തെരഞ്ഞെടുത്തവർക്ക് മാത്രം പ്രൊമോഷൻ അപരിപാടികളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു .അതുപോലെ ഫെഫ്കയിൽ മെമ്പർഷിപ്പുള്ള പിആർഒമാർക്ക് മാത്രമാണ് ജോലി ചെയ്യാൻ സാധിക്കുക, മെമ്പർഷിപ്പില്ലാത്തവർക്ക് ജോലിയിൽ തുടരാൻ സാധിക്കില്ല,ഇതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കും എന്നും സിയാദ് കോക്കർ പറഞ്ഞത്.
സിനിമക്കെതിരെ മോശം റിവ്യൂ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ നൽകിയ പരാതിയിൽ ഒൻപത് പേർക്കെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തത് ഇന്നലെയാണ്.റിവ്യൂ ബോംബിങ് ആരോപിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസ് കൂടിയാണിത്.ഇതിന് മുൻപ് ബ്ലാക്മെയിലിങ്ങിനും ബോധപൂർവം സിനിമയെ നശിപ്പിക്കുന്നതിനുമായി റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്ന് ,സംവിധായകന്റെ പരാതിയിൽ, കേസ് പരിഗണിക്കവെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.ഇതിന് പിന്നാലെ ഇത്തരം സംഭവങ്ങളിൽ കേസെടുക്കുന്നതിന് ആവശ്യമായ പ്രോട്ടോകോളും ഡി ജി പി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.ഈ പ്രോട്ടോക്കോൾ പ്രകാരമാണ് ഒൻപത് യൂട്യൂബർമാർക്കെതിരെ കേസെടുത്തിരിക്കുന്നത്.