ചന്ദ്രനിൽ ഉദിച്ച് ഇന്ത്യ ചന്ദ്രയാൻ 3 ദൗത്യം വിജയകരം

ലോകമൊട്ടാകെ ഉറ്റുനോക്കിയ ഇന്ത്യൻ ചാന്ദ്രദൗത്യം വിജയകരം. ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രനിലിറങ്ങിയതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ പുതിയ ചരിത്രമാണ് ഇന്ത്യ കുറിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3. ചന്ദ്രയാൻ രണ്ടിന്റെ പരാജയത്തിൽ നിന്നുൾക്കൊണ്ട ഊർജമാണ് ചന്ദ്രയാൻ മുന്ന് ദൗത്യത്തിന്റെ കരുത്ത്.

ഇന്ന് വൈകിട്ട് കൃത്യം 6.04 നാണ് ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിങ് നടന്നത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 5.45 മുതലായിരുന്നു ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ് പ്രക്രിയ തുടങ്ങിയത്. 19 മിനിട്ടുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റാനായിരുന്നു ഐഎസ്ആർഒ ആദ്യം തീരുമാനിച്ചതെങ്കിലും അത് വേണ്ടിവന്നില്ല. പിന്നീട് ഇന്ന് തന്നെ ലാൻഡിങ് നടത്താൻ കഴിയുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. ലാൻഡിങ് വിജയകരമായി നടന്നതോടെ ചന്ദ്രോപരിതലത്തിലെത്തിയ ലാൻഡറിലെ റാമ്പ് തുറന്ന് അത് വഴി റോവർ പുറത്തുവരും. അതോടെ ചന്ദ്രനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചിത്രങ്ങൾ ഇത് പകർത്തും. പിന്നീടാണ് യഥാർത്ഥ ശാസ്ത്ര പര്യവേക്ഷണ ദൗത്യങ്ങൾക്ക് തുടക്കമാവുക.

അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിന് മുൻപ് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. ലാൻഡറും റോവറും സൗരോർജത്തിലാണ് പ്രവർത്തിക്കുക. ഒരു ചാന്ദ്രദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമേ ഇവ പ്രവർത്തിക്കുകയുള്ളു.

ചന്ദ്രയാൻ 2 പരാജയപ്പെട്ടതിനാൽ ഈ മൂന്നാം ദൗത്യം പരാജയപ്പെടാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഐഎസ്ആർഒ എടുത്തിരുന്നു. അതിന്റെ ഭാ​ഗമായാണ് പ്ലാൻ ബി പോലും തയ്യാറാക്കി വച്ചിരുന്നത്. ചന്ദ്രന്റെ ഉപരിതലം തൊടാൻ വെറും 200 മീറ്റർ മാത്രം ബാക്കിനിൽക്കെ ചന്ദ്രയാൻ രണ്ട് ഇടിച്ചറിങ്ങുകയായിരുന്നു. അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ആയ കെ ശിവൻ ഒരു കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. പ്രതീക്ഷയുടെ മുൾമുനയിൽ നിന്ന ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ദൃശ്യങ്ങളായിരുന്നു അത്. കാരണം ഇന്ത്യൻ ബഹിരാകാശയാത്രയിൽ ചരിത്രം സൃഷ്ടിക്കുമെന്ന് കരുതിയ ദൗത്യമായിരുന്നു അത്. എന്നാൽ ഇന്ന് ചന്ദ്രയാൻ മൂന്ന് ചരിത്രം സൃഷ്ടിച്ചപ്പോൾ ഇന്ത്യയുടെ പേര് സ്വർണലിപികളിൽ എഴുതപ്പെട്ടിരിക്കുകയാണ്.

മണിക്കൂറിൽ ആറായിരം കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ സെക്കൻഡിൽ രണ്ടു മീറ്ററെന്ന കുറഞ്ഞ വേഗത്തിൽ എത്തിക്കുന്നതിനിടയിലുണ്ടായ പാളിച്ചയാണ് ചന്ദ്രയാൻ രണ്ട് തകരാൻ കാരണം. എന്നാൽ അവസാന നിമിഷം സംഭവിച്ച ആ പിഴവ് പുതിയ പേടകത്തിൽ സംഭവിക്കാതിരിക്കാൻ സെക്കൻ‍ഡിൽ മൂന്ന് മീറ്ററെന്ന വേഗതയിൽ ഇറക്കാനും, കൂടാതെ ലാൻഡറിന്റെ കാലുകൾ കരുത്തുറ്റതാക്കാനും ഐഎസ്ആർഒ ശ്രദ്ധിച്ചിരുന്നു. ഒപ്റ്റിക്കൽ ലേസർ ഡോപ്ലർ മീറ്ററെന്ന പുതിയ ഉപകരണവും ലാൻഡറിൽ ചേർത്തിട്ടുണ്ട്. ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് മീറ്റർ അകലയെത്തിയപ്പോൾതന്നെ പേടകത്തിന്റെ വേഗത പൂജ്യമായിരുന്നു. റഫ് ബ്രേക്കിം​ഗ് എന്ന പ്രക്രിയിലൂടെയാണ് വേ​ഗത കുറച്ചത്.

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ലാൻഡർ മൊഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ലാൻഡിങ് മാറ്റി വെച്ചേക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞിരുന്നു, എന്നാൽ അത് വേണ്ടിവന്നില്ല. ഇല്ലായിരുന്നെങ്കിൽ ​ആഗസ്റ്റ് 27നായിരിക്കും ലാൻഡിങ് നടക്കുക എന്നാണ് ഐഎസ്ആർഒ പറഞ്ഞിരുന്നത്.

May be an image of text that says 'इसरे SFo CHANDRAYAAN'

ഒപ്റ്റിക്കൽ ലേസർ ഡോപ്ലർ മീറ്ററും ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ക്യാമറയുമാണ് ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ പകർത്തുക. ഇതാണ് ലാൻഡറിലെ സോഫ്റ്റ് വെയർ വിശകലനം ചെയ്ത് ഇറങ്ങേണ്ട സ്ഥലം തീരുമാനിച്ചത്. 30 സെന്റീമീറ്ററിൽ അധികം വലുപ്പമുള്ള പാറകളോ ഗർത്തങ്ങളോ ഉപരിതലത്തിൽ ഉണ്ടെങ്കിൽ മറ്റൊരിടത്ത് ഇറങ്ങാൻ വേണ്ടി അധിക ഇന്ധനവും പേടകത്തിൽ കരുതിയിട്ടുണ്ടായിരുന്നു. ചന്ദ്രയാൻ രണ്ടിന് ഇറങ്ങാനായി തിരഞ്ഞെടുത്തതിനേക്കാൾ വിശാലമായ സ്ഥലമാണ് ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നത്. തകർന്നു പോയ ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ചന്ദയാൻ 3 ന് ആശയവിനിമയ ബന്ധം സ്ഥാപിച്ചിരുന്നു. ഇതുവഴിയാണ് സന്ദേശങ്ങൾ കെെമാറിയിരുന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് മുഖേനയാണ് പേടകവുമായുള്ള ആശയവിനിമയം. കാരണം ചന്ദ്രയാൻ 3ന് സ്വന്തമായി ഓർബിറ്ററില്ല.

ലാൻഡിങ്ങിന് ശേഷം റോവർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങും. ചന്ദ്രനിലെ വെള്ളത്തിൻ്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. സോഫ്റ്റ്ലാൻഡിങ്ങിൻ്റെ ചരിത്ര നിമിഷങ്ങൾ ഐഎസ്ആർഒ ലൈവ് സ്ട്രീമിങ് നടത്തിയിരുന്നു.

ജൂലൈ 14നായിരുന്നു ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റ്ററിൽ നിന്നും വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള രണ്ടാമത്തെ ശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ വിജയം നേടിയിരിക്കുന്നത്. ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പേടകത്തിലെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്രമായി സഞ്ചാരം ആരംഭിച്ചത്.

ലാൻഡിങ്ങ് പ്രക്രിയകൾ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാനഘട്ട നിർദേശങ്ങൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷണാണ് പേടകത്തിലെ സോഫ്റ്റ്‍വെയർ നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചതിനു ശേഷമാണ് ലാൻഡിംഗ് പൂർത്തിയാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ചെന്നിറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി ചന്ദ്രയാൻ തെരഞ്ഞെടുത്തിരുന്നത്. മുൻപത്തെ ദൗത്യമായ ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥലം തെരഞ്ഞെടുത്തിരുന്നത്.

ചന്ദ്രയാൻ 2-ന്റെ എല്ലാ പാളിച്ചകളും പരിഹരിച്ചുകൊണ്ട് രൂപം നൽകിയ ചന്ദ്രയാൻ-3ൻ്റെ വിജയം ഐഎസ്ആർഒയെയും ഇന്ത്യയെയും സംബന്ധിച്ചും ചരിത്രനേട്ടമാണ്. കാരണം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം വിജയകരമായി ഇറക്കാൻ സാധിച്ചിട്ടുള്ളത്. ചന്ദ്രനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതലറിയാനും പഠിക്കാനും ഈ ദൗത്യം ഇന്ത്യയെ സഹായിക്കും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഇന്ത്യയെ പ്രാപ്തമാക്കുന്നതാണ് ഈ ദൗത്യം.

ഇന്ത്യ ചന്ദ്രനെ തൊട്ട സന്തോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ പേര് ചരിത്രത്തിലെഴുതിയ ദൗത്യം, ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലം സ്പർശിച്ച നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ ദൗത്യം വിജയത്തോടടുക്കുന്ന സമയത്ത് ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ഓൺലെെനിലൂടെ ചേരുകയായിരുന്നു പ്രധാനമന്ത്രി.

ചന്ദ്രയാൻ വിജയിച്ച ആ സുവർണ നിമിഷത്തിൽ കയ്യിലുള്ള ദേശീയ പതാക വീശിയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്. ആ നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും തങ്ങളെയും അഭിസംബോധന ചെയ്യാണമെന്ന് പറഞ്ഞുകൊണ്ട് മോദിയെ ക്ഷണിക്കുകയായിരുന്നു ചെയ്തത്.

ഐഎസ്ആർഒയ്ക്ക് ആശംസകളുമായി മലയാളത്തിലെ താരാജാക്കന്മാരുൾപ്പെടെയുള്ള താരങ്ങൾ

May be an image of text that says 'इसरे SFo CHANDRAYAAN'

രാജ്യം കണ്ണുനട്ട് കാത്തിരുന്ന ‘ചന്ദ്രയാൻ 3 വിജയം കൈവരിച്ചപ്പോൾ ആശംസകളുമായി എത്തുന്നത് ഒട്ടനവധി താരങ്ങളാണ്.

രാജ്യത്തിന് ഏറ്റവും അഭിമാനകരമായ ഈ നിമിഷത്തിൽ ഒട്ടനവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം അറിയിച്ചെത്തുന്നത്. മലയാള സിനിമ ലോകത്തെ താരരാജാവ് മോഹൻലാൽ സന്തോഷം അറിയിച്ച് പറഞ്ഞത് ഇങ്ങനെയാണ്, ഒടുവിൽ, ദക്ഷിണധ്രുവം മനുഷ്യരാശിക്കായി തുറക്കുന്നു! ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രം തൊടാൻ ചന്ദ്രയാൻ 3 നേടിയതിന് isro-യിലെ ഓരോ ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും സ്റ്റാഫ് അംഗങ്ങൾക്കും അഭിനന്ദനങ്ങൾ! ഒരു ജനതയെ മുഴുവൻ അഭിമാനിപ്പിച്ച ജിജ്ഞാസയും സ്ഥിരോത്സാഹവും പുതുമയും ഇവിടെയുണ്ട്! ജയ് ഹിന്ദ്. എന്നാണ് നടൻ പറഞ്ഞത്.

ഐഎസ്ആർഒയ്ക്ക് ആശംസയറിയിച്ച് താരരാജാവ് മമ്മൂട്ടിയും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, “ഈ ചരിത്ര നേട്ടത്തിൽ #ISRO യിലെ ഓരോ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിൽ ഞാൻ രാജ്യത്തോടൊപ്പം ചേരുന്നു. ഇത് വലിയൊരു അഭിമാന നിമിഷം” എന്നാണ് മമ്മൂട്ടി കുറിച്ചത്.

അതേസമയം “ഇന്ത്യൻ സംസ്കാരത്തിന്റെ വിജയം. ശാസ്ത്രം ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ്സ് ചെയ്തു. “മിഥ്യ”യുടെയും ശാസ്ത്രത്തിന്റെയും വിജയം കോടിക്കണക്കിന് ഇന്ത്യക്കാർക്ക് അഭിമാന നിമിഷം” എന്നാണ് മലയാളികളുടെ ആക്ഷൻ കിംഗ് സുരേഷ് ഗോപി കുറിച്ചത്. “കൊള്ളാം!! ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കാലുകുത്തിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയത് ചരിത്ര നിമിഷം!അഭിനന്ദനങ്ങൾ ഇന്ത്യ” എന്നാണ് ടോവിനോ കുറിച്ചത്. എത്ര മഹത്തായ നാഴികക്കല്ല്! നന്ദിയുണ്ട് ഐഎസ്ആർഒ എന്ന് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. “നമ്മൾക്ക് ചന്ദ്രനിൽ എത്താൻ കഴിഞ്ഞു എന്നത്, ലോകത്തെ മുഴുവൻ പ്രചോദിപ്പിക്കാൻ കഴിയുന്ന ഒന്നാണ്” എന്ന് ബേസിൽ ജോസഫ് പറഞ്ഞത്.

ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ ആശംസകൾ അറിയിച്ച് ദുൽഖർ

ലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ തന്റെ സന്തോഷവും ആശംസയും അറിയിച്ച് എത്തിയിരിക്കുകയാണ് നടൻ. ഈ ദൗത്യത്തിൽ പ്രവർത്തിച്ചവരെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് അഭിമാനമുണ്ടെന്നാണ് ദുൽഖർ തന്റെ ഫേസ്ബുക് പേജിലൂടെ പറഞ്ഞത്.

ദുൽഖർ കുറിച്ചത് ഇങ്ങനെ…

ഐഎസ്ആർഒയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി.  നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരെക്കുറിച്ച് ഓർത്ത് ഞാൻ വളരെയധികം അഭിമാനിക്കുന്നു!

ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഐഎസ്ആർഒ വിജയകരമായി ലാൻഡ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, ലാൻഡർ വിക്രമും കമാൻഡ് സെന്ററും തമ്മിൽ ആശയവിനിമയ ലൈൻ സ്ഥാപിച്ചതായി ബഹിരാകാശ ഏജൻസി അറിയിച്ചു. ചന്ദ്രോപരിതലത്തിന്റെ ഏറ്റവും പുതിയ ചില ചിത്രങ്ങളും ബഹിരാകാശ ഏജൻസി പങ്കിട്ടു. ഇന്ന് വൈകുന്നേരം 5:45 ന് ആരംഭിച്ച ലാന്ഡര് ഹൊറിസോണ്ടല് വെലോസിറ്റി ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്. ലാൻഡറും റോവറും അടങ്ങുന്ന ചന്ദ്രയാൻ -3 വൈകുന്നേരം 6:04 ആണ് ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്.

വിമർശനങ്ങൾ കൊണ്ട് നിലപാടിൽ മാറ്റം വരില്ല; ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ ആശംസ അറിയിച്ച് പ്രകാശ് രാജ്

 

നവമാധ്യമങ്ങളിൽ ഏറ്റവും അധികം ചർച്ചക്ക് വഴിവെച്ച ഒരു പോസ്റ്റായിരുന്നു പ്രകാശ് രാജ് പങ്കുവെച്ച ചായക്കാരന്റേത്. ഇത് ഐഎസ്ആർഒയെയും അതിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെയും അപമാനിക്കുകയാണ് എന്ന രീതിയിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഇതിനെ തുടർന്ന് ഈ ചിത്രത്തിന് പുറകിലുള്ള കഥ പ്രകാശ് രാജ് തന്നെ പിന്നീട് സോഷ്യൽ മീഡിയയിലൂടെയേ തുറന്നു പറയുകയും ചെയ്തിരുന്നു. യഥാർത്ഥത്തിൽ നീൽ ആംസ്‌ട്രോങിനെ ചേർത്ത് കൊണ്ട് ആദ്യം മുതലേ കേൾക്കുന്ന ഒരു കഥയാണ് അത്.

ആദ്യമായി നീൽ ആംസ്ട്രോങ് ചന്ദ്രനിൽ പോയപ്പോൾ അവിടെ ചായക്കട നടത്തുന്ന ഒരു മലയാളിയെ കണ്ടു. അവർ അവിടെ നിന്നും പഴംപൊരിയും ബോണ്ടയുമൊക്കെ വാങ്ങി കഴിച്ചു എന്നതാണ് ആ കഥ. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് അത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടത് എന്നാണ് പ്രകാശ് രാജ് പറഞ്ഞിരുന്നത്. ഇതിനെ വളച്ചൊടിച്ച് തനിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നു എന്നാണ് താരം വ്യക്തമാക്കിയത്.

ഇപ്പോഴിതാ ചന്ദ്രയാൻ 3 വിജയിച്ച സാഹചര്യത്തിൽ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രകാശ്‌രാജ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: “ഇന്ത്യയ്ക്കും മനുഷ്യരാശിക്കും അഭിമാന നിമിഷം.. ഐഎസ്ആർഒ, ചന്ദ്രയാൻ 3, വിക്രം ലാൻഡർ ഇത് സാധ്യമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി … നമ്മുടെ പ്രപഞ്ചത്തിന്റെ നിഗൂഢത പര്യവേക്ഷണം ചെയ്യാനും ആഘോഷിക്കാനും ഇത് നമ്മളെ നയിക്കട്ടെ…” ഇങ്ങനെയാണ് പറഞ്ഞത്. ഇതിനെ തുടർന്നും അദ്ദേഹത്തിന് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു.

തോൽക്കുമെന്നാണ് കരുതിയത് എന്നാൽ ജയിച്ചു , ഈ കാര്യത്തിൽ ഒരിക്കൽ വളരെ അധികം വിഷമിച്ചിരുന്ന അല്ലെങ്കിൽ കളിയാക്കിയിരുന്നു വ്യക്തി ഇപ്പോൾ ചന്ദ്രയാൻ 3 വിജയിച്ചപ്പോൾ അതിൽ സന്തോഷമുണ്ട് എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല, പ്രകാശ് രാജ് ഇന്ത്യയിൽ നിന്നും ഇറങ്ങി പോകണം, കരഞ്ഞു കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്, തുടങ്ങി നിരവധി വിമർശനങ്ങളാണ് പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Kasyno Online Na Prawdziwe Pieniądze I Automaty Do Gry Za Kas

Kasyno Online Na Prawdziwe Pieniądze I Automaty Do Gry...

Mejores Internet Casinos Online Con Fortuna Real En Ee Uu En 2024

Mejores Internet Casinos Online Con Fortuna Real En Ee...

Mejores Internet Casinos Online Con Fortuna Real En Ee Uu En 2024

Mejores Internet Casinos Online Con Fortuna Real En Ee...

“Les 10 Meilleurs Casinos Bitcoin Et Crypto-monnaies 202

"Les 10 Meilleurs Casinos Bitcoin Et Crypto-monnaies 2024Les Casinos...