കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് : പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കാനൊരുങ്ങി കോൺഗ്രസ്
കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചതായി വിവരം. 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ളതാണ് ആദായ നികുതിവകുപ്പിന്റെ പുതിയ നോട്ടീസ്. കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്‍റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നികുതിയുടെ പുനര്‍ നിര്‍ണ്ണയത്തിനുള്ള കാലാവധി വരാൻപോകുന്ന ഞായറാഴ്ച അവസാനിക്കുകയാണ്. സംഭവവുമായുള്ള അനുബന്ധ രേഖകളോ മറ്റ് വിശദാംശങ്ങളോ നല്‍കാതെയാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഹൈക്കോടതിയിലെ നിയമ പോരാട്ടം പരാജയപ്പെട്ടതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ആദായ നികുതി വകുപ്പ് അപ്ലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും വകുപ്പിന്‍റെ നടപടികള്‍ അവർ ശരി വയ്ക്കുകയായിരുന്നു. അതേസമയം ആദായ നികുതി വകുപ്പ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്തിനാലും, സംഭാവന വിവരങ്ങള്‍ മറച്ചു വച്ചതുകൊണ്ടുമാണ് ഭീമമായ പിഴ ഈടാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന പ്രതികരണം.
അതേസമയം, കേന്ദ്ര സർക്കാരിന്റേത് നീചമായ രാഷ്ട്രീയമെന്ന് കെ സി വേണുഗോപാൽ പ്രതികരിക്കുകയുണ്ടായി. ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും, കോണ്‍ഗ്രസിനെ പാപ്പരാക്കാനുള്ള സർക്കാരിന്റെ നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.
ആദായനികുതി വകുപ്പ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുകയാണ് കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും സ്ഥാനാർത്ഥികളും പണം സ്വയം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണന്നാണ് വിവരങ്ങൾ. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നറിയാതെ പരതുകയാണ് കോൺഗ്രസ്. യാത്രാ ചെലവുകളിലുൾപ്പെടെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കാനാണ് കോൺഗ്രസിന്റെ നീക്കം എന്നാണ് വിവരങ്ങൾ.
കേരളത്തെ ലോകത്തിന് മാതൃകയാക്കിയ വ്യക്തി : കെ കെ ശെെലജ ടീച്ചർക്ക് വോട്ടഭ്യർത്ഥിച്ച് കമൽഹാസൻ
രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഈ അവസരത്തിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസന്റെ ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. കേരളത്തിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ശ്രീമതി കെ കെ ശൈലജയ്ക്കു വോട്ടഭ്യർത്ഥനയുമായാണ് കമൽ ഹാസൻ രംഗത്തെത്തിയത്. കോവിഡ് കാലത്തും, നിപ്പ വൈറസ് കോഴിക്കോടിനെ പിടിച്ചുലച്ച കാലത്തുമൊക്കെ ആരോഗ്യമേഖലയ്ക്കു ശക്തി പകർന്ന ശൈലജയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വീഡിയോയിൽ സംസാരിക്കുകയുണ്ടായി.
കമൽ ഹാസന്റെ വാക്കുകൾ…
”കേരളത്തിലെ , പ്രത്യേകിച്ച് വടകരയിലെ പ്രിയപ്പെട്ട എന്റെ സഹോദരീ സഹോദരന്മാർക്കും നമസ്കാരം. നിങ്ങൾക്കറിയാവുന്നതുപോലെ രാജ്യം തിരഞ്ഞെടുപ്പുചൂടിലാണ്. നാളിതുവരെ നടന്ന തെരഞ്ഞെടുപ്പിനും, ഇത്തവണ നമ്മൾ വോട്ടു രേഖപ്പെടുത്താൻപോകുന്ന തിരഞ്ഞെടുപ്പിനും ഏറെ വ്യത്യാസമുണ്ട്. നമ്മൾ വോട്ട് ചെയ്യുന്നത് നമ്മുടെ രാജ്യത്തെത്തന്നെ നിലനിർത്താൻ കൂടിയാണ്. ആ പോരാട്ടത്തിൽ പ്രധാന കണ്ണിയാകാൻ പോകുന്ന നേതാക്കളിൽ ഒരാളാണ് വടകരയിൽ നിന്നും മത്സരിക്കുന്ന, ഇടതു സ്ഥാനാർഥിയായ, എന്റെ പ്രിയപ്പെട്ട സഹോദരി ശ്രീമതി കെ കെ ശൈലജ. ലോകം പകച്ചുനിന്നു കാലത്തുപോലും, കരുത്തും നേതൃപാടവവും തെളിയിച്ച നേതാവാണ് ശ്രീമതി കെ കെ ശൈലജ. വടകര മണ്ഡലത്തിനടുത്ത് കോഴിക്കോട് ജില്ലയിൽ, 2018 ൽ നിപ്പ വൈറസ് ആക്രമണം ഉണ്ടായപ്പോൾ ഓഫിസിലിരുന്ന് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയല്ല, അന്ന് സംസ്ഥാന ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതി കെ കെ ശൈലജ ചെയ്തത്. കോഴിക്കോട് ക്യാമ്പ് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അവശ്യ മരുന്നുകൾ എത്തിച്ചു, മാതൃകാപരമായി പ്രവർത്തിച്ചു.
അതിലും മികച്ചതായിരുന്നു കോവിഡ് കാലത്തെ ആരോഗ്യ മന്ത്രി എന്ന നിലയ്ക്ക് ശ്രീമതി കെ കെ ശൈലജയുടെ പ്രവർത്തനം. കോവിഡ് നിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃകയായിരുന്നു. അതിനു വഴിവെച്ചത് ശ്രീമതി ശൈലജയുടെ നേതൃത്വം തന്നെയാണ്. ലോകാരോഗ്യ സംഘടനയും സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുമൊക്കെ അവരുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചു, അവാർഡുകൾ നൽകി. ഐക്യരാഷ്ട്രസഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് ശ്രീമതി കെ കെ ശൈലജ യെ ക്ഷണിച്ചു. ലോകമാധ്യമങ്ങൾ ശ്രീമതി ശൈലജയുടെ കോവിഡ് കാലത്തെ പ്രവർത്തനങ്ങളെ പുകഴ്ത്തി എഴുതിയത് നമ്മൾ മറന്നിട്ടില്ല. ഇങ്ങനെ ചിന്തയും പ്രവൃത്തിയും കൊണ്ട് ലോകത്തിന്റെ ആദരം നേടിയ വ്യക്തിയാണ് ശ്രീമതി കെ കെ ശൈലജ.
കേന്ദ്രത്തിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടുമൊക്കെ.. ഈ വ്യവസ്ഥിതിക്കെതിരെ പാർലമെന്റിനു അകത്തും പുറത്തും ശബ്ദം ഉയർത്താൻ കെ കെ ശൈലജയെപ്പോലെ പോരാട്ടത്തിൽ വളർന്ന നേതാക്കൾ നമ്മുക്ക് വേണം. ശ്രീമതി കെ കെ ശൈലജയ്ക്ക് ചുറ്റിക അരിവാൾ നക്ഷത്രത്തിൽ നിങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ശ്രീമതി കെ കെ ശൈലജയ്ക്കു ഒരായിരം വിജയാശംസകൾ നേരുന്നു. എന്റെ മലയാളി സഹോദരി സഹോദരന്മാർക്കും എല്ലാ നന്മകളും നേരുന്നു. നമസ്കാരം ജയ്‌ഹിന്ദ്. ‘
നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു
നടി ജ്യോതിർമയിയുടെ അമ്മ പി സി സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. എറണാകുളം ലിസി-പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്. സംവിധായകനായ അമൽ നീരദാണ് മരുമകൻ. പരേതനായ ഡോ. കൃഷ്ണ മൂർത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി എന്നിവർ സരസ്വതിയുടെ സഹോദരങ്ങളാണ്. മലയാള സിനിമയിലെ വളരെ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ജ്യോതിർമയി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും, കൂടാതെ ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ജ്യോതിർമയിക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. വളരെ നാളുകളായി അഭിനയ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. 2013 ൽ റിലീസ് ചെയ്ത ‘സ്ഥലം’ എന്ന ചിത്രത്തിൽ ആണ് ജ്യോതിർമയി അവസാനം അഭിനയിച്ചത്.
സീരിയലുകളിലൂടെ ആയിരുന്നു ജ്യോതിർമയി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് പെെലറ്റ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി. 2002ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ് ജ്യോതിർമയിയെ പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധയാകർഷിച്ചത്. പിന്നീട് നിരവധി സിനിമകളിൽ ജ്യോതിർമയി ഭാഗമായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. 2015 ഏപ്രിൽ നാലിന് ആയിരുന്നു സംവിധായകൻ അമൽ നീരദുമായുള്ള ജ്യോതിർമയിയുടെ വിവാഹം നടന്നത്.
റിലീസ് ചെയ്തിട്ട് ഒരു ദിവസത്തിനുള്ളിൽ പൃഥ്വിരാജ് ചിത്രത്തിന് വ്യാജൻ
തിയേറ്ററിലിരുന്ന് ‘ആടുജീവിതം’ മൊബൈലിൽ റെക്കോര്‍ഡ് ചെയ്തെന്ന ആരോപണം: ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ
‘ആടുജീവിതം’ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തുവെന്ന ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ചെങ്ങന്നൂരിൽ നിന്നും ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിൽ എടുത്തത്. അയാളുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയലാണ്. എന്നാൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കിയത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തിയറ്ററിലിരുന്ന് വീഡിയോ കാൾ ചെയ്യുകയായിരുന്നുവെന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ പോലീസിന് മൊഴി നൽകിയത്.
പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലസി സംവിധാനം നിർനഹിച്ച ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിൽ പ്രചരിക്കുന്നതിനെതിരെ ചിത്രത്തിന്റെ സംവിധായകനായ ബ്ലെസി പൊലീസിൽ പരാതി നൽകിയിരുന്നു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും, സൈബർ പൊലീസ് സ്റ്റേഷനിലുമാണ് അദ്ദേഹം പരാതി നൽകിയത്. മികച്ച അഭിപ്രായത്തോടെ ചിത്രം തിയേറ്ററിൽ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റർനെറ്റിൽ ചിത്രത്തിന്റെ വ്യാജൻ പ്രചരിച്ചത്. കാനഡയിൽ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത് എന്നാണ് വിവരങ്ങൾ. ഐപിടിവി എന്ന പേരിൽ ലഭ്യമാവുന്ന ചാനലുകളിലൂടെയാണ് വ്യാജപതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനൽ കേസുകൾ : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് കേസുകളെന്ന് ബിജെപി
ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനൽ കേസുകളെന്ന് വിവരം. വയനാട്ടിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർട്ടിയുടെ മുഖപത്രത്തിലാണ് കേസ് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2018 ലെ ശബരിമല പ്രക്ഷോഭകാലത്ത് രജിസ്റ്റർ ചെയ്തതാണ് മിക്ക കേസുകളും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബിജെപിയുടെ എറണാകുളം സ്ഥാനാർത്ഥിയായ കെ എസ് രാധാകൃഷ്ണനെതിരെ 211 കേസുകളാണ് ഇപ്പോഴുള്ളത്.
‘2018 ലെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഭൂരിപക്ഷം കേസുകളും നിലനിൽക്കുന്നത്. ഇതിൽ പലതും കോടതിയിൽത്തന്നെയാണുള്ളത്. പാർട്ടി നേതാക്കൾ സമരമോ പ്രതിഷേധമോ ആഹ്വാനം ചെയ്താൽ പോലും ഇതുമായി ബന്ധപ്പെടുത്തി പൊലീസ് കേസെടുക്കുന്ന സാഹചര്യമായിരുന്നു അതെന്നും, അതുകൊണ്ടാണ് ഇത്രയധികം കേസുകളെന്നും’ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 237 കേസുകൾ ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ടാണെന്നും അഞ്ചെണ്ണം കേരളത്തിൽ സംഘടിപ്പിച്ച പല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും കുര്യൻ മാധ്യമങ്ങളോട് പ്രതികരിക്കവെകൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഒരു ദേശീയവാദിയാകാൻ വളരെ പ്രയാസമാണെന്നും, അതിനായി ദൈനംദിന പോരാട്ടമാണ് നടക്കുന്നുകൊണ്ടിരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഈ കേസുകളെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് പ്രതികരിച്ചു. അതേസമയം, വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനാണ് തന്റെ മണ്ഡലത്തിലേക്ക് എത്തുന്നത്. അന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിച്ചേക്കും എന്നാണ് വിവരങ്ങൾ. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്.