മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. ഇന്ന് പുലർച്ചെ ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു അദ്ദേഹത്തിന്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ നിന്നും അഞ്ച് തവണ നിയമസഭയിലേക്ക് ടി എച്ച് മുസ്തഫ എത്തിയിട്ടുണ്ട്. കൂടാതെ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോർഡ് വൈസ് ചെയർമാൻ, കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രൗഢോജ്വല തുടക്കം
ഇംഫാല്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രൗഢോജ്വല തുടക്കം. അക്രമസംഭവങ്ങളില്‍ തകര്‍ന്ന് പ്രതീക്ഷയറ്റ മണിപ്പുരില്‍ നിന്നായിരുന്നു രാഹുലിന്റെ യാത്ര. തൗബാല്‍ ജില്ലയിലെ സ്വകാര്യ മൈതാനത്തുനിന്ന് ആരംഭിച്ച യാത്ര, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്‌ളാഗ് ഓഫ് ചെയ്തു. ബി.എസ്.പി. പുറത്താക്കിയ ഡാനിഷ് അലി എം.പിയും ഭാരത് ജോഡോ ന്യായ് യാത്ര വേദിയില്‍ പങ്കെടുത്തു.
ഖോങ്‌ജോം വാര്‍ മെമ്മോറിയലിലെത്തി രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി മൈതാനത്തെത്തിയത്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രാജ്യത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യ മുന്നണിയിലെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സന്നിഹിതരായി.
നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് മണിപ്പുരില്‍ യാത്ര. ഇതിന് ശേഷം നാഗാലാന്‍ഡിലേക്ക് കടക്കും. ഉത്തര്‍പ്രദേശിലാണ് യാത്ര ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചെലവഴിക്കുക. 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റര്‍ പിന്നിട്ട് മാര്‍ച്ച് 20-ന് മുംബൈയില്‍ യാത്ര സമാപിക്കും. കഴിഞ്ഞ വര്‍ഷം കന്യാകുമാരിയില്‍ നിന്ന് കശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ജോഡോ ന്യായ് യാത്ര. 4080 കിലോമീറ്റര്‍ ദൂരം 150 ദിവസം കൊണ്ട് പൂര്‍ണ്ണമായും കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയത്. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയില്‍ ബസ്സിലും കാല്‍നടയായുമാണ് രാഹുല്‍ ഗാന്ധി സഞ്ചരിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കിടെയാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കമായത്. ഫ്‌ളാഗ് ഓഫ് ചടങ്ങ് ഒരുമണിക്കൂറില്‍ കൂടാന്‍ പാടില്ല, ചടങ്ങില്‍ പരമാവധി 3000 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ തുടങ്ങിയ നിയന്ത്രണങ്ങളാണ് തൗബാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇറക്കിയ ഉത്തരവിലുള്ളത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ പാടില്ല, സംഘാടകര്‍ സംസ്ഥാന അധികാരികളുമായി സഹകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
ഇംഫാല്‍ പാലസ് ഗ്രൗണ്ടില്‍ നിന്ന് യാത്ര ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് വേദി മാറ്റിയത്. പാലസ് ഗ്രൗണ്ടില്‍ പരമാവധി ആയിരം പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ എന്നാണ് മണിപ്പുരിലെ എന്‍. ബീരേന്‍ സിങ് നയിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
പ്രിയങ്ക രണ്ടിടത്ത് മത്സരിച്ചേക്കും; കര്‍ണാടകത്തിലെയും തെലങ്കാനയിലെയും മണ്ഡലങ്ങള്‍ പരിഗണനയില്‍
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രണ്ടിടങ്ങളില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോണ്‍ഗ്രസ് ഭരണമുള്ള തെലങ്കാനയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
കര്‍ണാടകയിലെ കൊപ്പല്‍ മണ്ഡലത്തിലും തെലങ്കാനയിലെ മറ്റൊരു മണ്ഡലത്തിലും പ്രിയങ്ക മത്സരിച്ചേക്കുമെന്നാണ് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കൊപ്പല്‍ മണ്ഡലത്തില്‍ എഐസിസി നേതൃത്വം സര്‍വെ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രാദേശികനേതൃത്വത്തെ അറിയിച്ചിട്ടില്ല.
കര്‍ണാടകയിലെ എട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പിന്നാക്ക ജില്ലകളില്‍ ഒന്നാണ് കൊപ്പല്‍. ആറ് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ്. സര്‍വെയില്‍ കൊപ്പല്‍ സുരക്ഷിതമായ സീറ്റ് എന്നാണ് എഐസിസി നേതൃത്വത്തിന്റെ വിയിരുത്തല്‍. നിലവില്‍ കൊപ്പല്‍ മണ്ഡലത്തില്‍ ബിജെപിയുടെ കാരാടി സങ്കണ്ണയാണ് എം.പി.
1978-ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്ന് മത്സരിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. 1999-ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് മത്സരിച്ച് സോണിയാ ഗാന്ധിയും ജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ പ്രിയങ്കാ ഗാന്ധിയേയും കര്‍ണാടകയില്‍ നിന്ന് മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നത്.
പ്രിയങ്കാ ഗാന്ധി കര്‍ണാടകയില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് അത് വന്‍തോതിലുള്ള സ്വാധീനം ഉണ്ടാക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ 55 രാജ്യങ്ങളില്‍നിന്ന് നൂറോളം വിശിഷ്ടാതിഥികള്‍
ജനുവരി 22-ന് അയോധ്യ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം വിശിഷ്ടാതിഥികള്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും അധ്യക്ഷനുമായ സ്വാമി വിജ്ഞാനാനന്ദ് ഞായറാഴ്ച അറിയിച്ചു.
’55 രാഷ്ട്രങ്ങളില്‍ നിന്ന് അംബാസഡര്‍മാരും പാര്‍ലമെന്റംഗങ്ങളും ഉള്‍പ്പെടെ നൂറോളം പ്രമുഖവ്യക്തികള്‍ പ്രതിഷ്ഠാച്ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേരും. ശ്രീരാമപ്രഭുവിന്റെ വംശജയാണെന്ന് കരുതപ്പെടുന്ന കൊറിയന്‍ രാജ്ഞിയേയും ഞങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്’, സ്വാമി വിജ്ഞാനാനന്ദ് എഎന്‍ഐയോടു പറഞ്ഞു.
അര്‍ജന്റീന, ഓസ്ട്രേലിയ, ബെലറൂസ്, ബോട്സ്വാന, കാനഡ, കൊളംബിയ, ഡെന്‍മാര്‍ക്ക്, ഡൊമിനിക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഫിജി, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഘാന, ഗയാന, ഹോങ് കോങ്, ഹംഗറി, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, ജമൈക്ക, ജപ്പാന്‍, കെനിയ, കൊറിയ, മലേഷ്യ, മലാവി, മൗറീഷ്യസ്, മെക്സികോ, മ്യാന്‍മര്‍, നെതര്‍ലന്‍ഡ്സ്, ന്യൂസീലന്‍ഡ്, നൈജീരിയ, നോര്‍വേ, സിയെറാ ലിയോണ്‍, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, ശ്രീലങ്ക, സുരിനാം, സ്വീഡന്‍, തായ്വാന്‍, ടാന്‍സാനിയ, തായ്ലന്‍ഡ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വെസ്റ്റ് ഇന്‍ഡീസ്, യുഗാണ്‍ഡ, യുകെ, യുഎസ്എ, വിയറ്റ്നാം, സാംബിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമയച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ജനുവരി 20-ന് ലഖ്നൗവിലും അടുത്ത ദിവസം വൈകുന്നേരം അയോധ്യയിലും എത്തിച്ചേരുമെന്ന് സ്വാമി വിജ്ഞാനാനന്ദ് പറഞ്ഞു. മൂടല്‍മഞ്ഞും മോശം കാലാവസ്ഥയും നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് വിദേശത്തുനിന്നുള്ള പ്രതിനിധികളോട് നേരത്തെ എത്തിച്ചേരാനാവശ്യപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങ് നടക്കുന്ന അയോധ്യയിലെ ക്ഷേത്രപരിസരത്ത് സ്ഥലപരിമിതിയുള്ളതിനാല്‍ അതിഥികളുടെ എണ്ണം ചുരുക്കേണ്ടി വന്നതായി സ്വാമി വിജ്ഞാനാനന്ദ് നേരത്തെ പറഞ്ഞിരുന്നു.
പ്രതിഷ്ഠാച്ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. രാമക്ഷേത്രത്തിന്റെ ഗര്‍ഭഗൃഗത്തില്‍ ജനുവരി 22-ന് ഉച്ചയ്ക്ക് ശ്രീരാമവിഗ്രഹപ്രതിഷ്ഠ നടത്താനാണ് ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള വേദാനുഷ്ഠാനച്ചടങ്ങുകള്‍ ജനുവരി 16-നാരംഭിക്കും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിന് അധ്യക്ഷത വഹിക്കും. പ്രതിഷ്ഠാച്ചടങ്ങുമായി ബന്ധപ്പെട്ട് പതിനൊന്ന് ദിവസം അനുഷ്ഠാന്‍ ആയി ആചരിക്കുമെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
മുന്‍കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്റ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്ന് മുന്‍കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്റ. വികസനത്തിന്റെ പാതയിലൂടെ നടക്കാനാണ് ഇനി തന്റെ തീരുമാനമെന്ന് മിലിന്ദ് ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.
ഞായറാഴ്ച രാവിലെ എക്സിലൂടെയാണ് മിലിന്ദ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതായി അറിയിച്ചത്. കുടുംബപരമായി കഴിഞ്ഞ 55 വര്‍ഷത്തോളമായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തിന് അവസാനമാവുകയാണ് എന്നാണ് ട്വീറ്റിലൂടെ മിലിന്ദ് അറിയിച്ചത്.
‘എന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാനമായ ഒരേടിന് ഇന്ന് അവസാനമാവുകയാണ്. രാജിക്കത്ത് നല്‍കി കോണ്‍ഗ്രസില്‍ നിന്നുള്ള അംഗത്വം അവസാനിപ്പിച്ചു. കുടുംബപരമായി കഴിഞ്ഞ 55 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി നിലനിന്നിരുന്ന ബന്ധം അങ്ങനെ അവസാനിച്ചു. എല്ലാവിധ പിന്തുണയുമായി ഇത്രയും വര്‍ഷം കൂടെയുണ്ടായിരുന്ന നേതാക്കളോടും സഹപ്രവര്‍ത്തകരോടും ഞാന്‍ എന്നും കൃതജ്ഞത ഉള്ളവനായിരിക്കും’, മിലിന്ദ് ട്വീറ്റില്‍ കുറിച്ചു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന മുരളി ദേവ്റയുടെ മകനാണ് മിലിന്ദ്. 2004-ലും 2009-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുംബൈയിലെ സൗത്ത് സീറ്റില്‍ നിന്ന് മിലിന്ദ് വിജയിച്ചിരുന്നു. ശിവസേന പിളരുന്നതിന് മുമ്പ്, 2014-ലും 2019-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ അരവിന്ദ് സാവന്ദിനെതിരെ മത്സരിച്ച മിലിന്ദിന് രണ്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞിരുന്നുള്ളൂ.
മുംബൈയിലെ സൗത്ത് സീറ്റ് ഉദ്ധവ് താക്കറെ പക്ഷത്തിന് ലഭിച്ചതിലുള്ള അമര്‍ഷം മിലിന്ദ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കൊപ്പമാണ് ഉദ്ധവ് താക്കറെ പക്ഷമുള്ളത്.
മാര്‍ച്ച് 15-നകം സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാലദ്വീപ്; ആവശ്യം ചൈനാ സന്ദര്‍ശനത്തിനുപിന്നാലെ
ഇന്ത്യയോട് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ്. മാര്‍ച്ച് 15-നകം മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോടെ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 88 ഇന്ത്യന്‍ സൈനികരാണ് മാലദ്വീപിലുള്ളത്.
ഇന്ത്യന്‍ സൈന്യത്തിന് മാലദ്വീപില്‍ തുടരാനാവില്ല. ഇത് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന്റെയും സര്‍ക്കാരിന്റെയും നയമാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അഞ്ചുദിവസം നീണ്ട ചൈനാ സന്ദര്‍ശനത്തിനുപിന്നാലെയാണ് മാലദ്വീപ് നിലപാട് കടുപ്പിച്ചത്.
തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു നിലവിലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു അധികാരത്തില്‍ എത്തിയത്. ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവുകൂടിയാണ് മൊയ്‌സു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ കെ ശൈലജ എം.എല്‍.എ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ട്. നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്ന് ചോദിച്ച കെ കെ ശൈലജ, സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്നും പറഞ്ഞു.
നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടുപോയ വിഭാഗമാണ് സമൂഹത്തില്‍ സ്ത്രീകള്‍. അവരെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ വളറെ സഹായിച്ചിട്ടുണ്ട്. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരണം. അതിനുള്ള നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും കെ കെ ശൈലജ പറഞ്ഞു. കെഎല്‍എഫ് വേദിയിലായിരുന്നു പ്രതികരണം.
തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്ത് അവരെ മത്സരിപ്പിക്കണം. തെരഞ്ഞെടുപ്പുകളില്‍ വിജയസാധ്യതയെല്ലാം നോക്കി ചര്‍ച്ചകളൊക്കെ ചെയ്താണ് അവസാനം ചിലപ്പോഴൊക്കെ സ്ത്രീകള്‍ മാറ്റനിര്‍ത്തപ്പെടുന്നത്. അങ്ങനെ മാറ്റനിര്‍ത്താന്‍ ഇട വരരുത്. ജയിക്കുന്ന സീറ്റുകളില്‍ തന്നെ സ്ത്രീകളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും കെ കെ ശൈലജ പറഞ്ഞു.
വീണാ വിജയന്റെ എക്സാലോജിക് അടച്ചുപൂട്ടിയത് ചട്ടങ്ങള്‍ പാലിക്കാതെ; നേരത്തെയും കമ്പനിക്കെതിരെ നടപടിയുണ്ടായി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോര്‍പറേറ്റകാര്യ മന്ത്രാലയം മുന്‍പും നടപടിയെടുത്തതിന്റെ വിവരങ്ങള്‍ പുറത്ത്. ചട്ടങ്ങള്‍ പാലിക്കാതെ കമ്പനി അടച്ചുപൂട്ടിയതിന് പിഴ ചുമത്തിയിട്ടുണ്ട്. 2021 ഫെബ്രുവരിയിലായിരുന്നു ഈ നടപടി. എക്സാലോജിക്കിനും വീണാ വിജയനും ഓരോ ലക്ഷം രൂപ വീതമാണ് അന്ന് പിഴ ചുമത്തിയത്. ഉത്തരവിന്റെ പകര്‍പ്പ് 24ന് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് വീണയുടെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ രാഷ്ട്രീയ വിവാദം കത്തിത്തുടങ്ങുമ്പോള്‍ തന്നെയാണ് എക്സാലോജിക്കിനെതിരെ ഇതിന് മുന്‍പും അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. കമ്പനികാര്യ മന്ത്രാലയത്തെ അറിയിക്കാതിരുന്നടക്കമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് എക്സാലോജിക് കമ്പനി അടച്ചുപൂട്ടിയത്. ഇത് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയത്.
2019-2020ല്‍ കമ്പനി 17 ലക്ഷം രൂപയുടെ നഷ്ടത്തിലായിരുന്നെന്നും 2020ല്‍ കമ്പനി അടച്ചുപൂട്ടുന്നത് വരെ ഏഴ് ലക്ഷം രൂപ നഷ്ടമുണ്ടായിരുന്നെന്നുമാണ് അന്ന് എക്സാലോജിക് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ രണ്ട് ലക്ഷം രൂപ പിഴത്തുക അടച്ചോ എന്നതില്‍ വ്യക്തതയില്ല. കൊവിഡ് സമയത്ത് അടച്ചുപൂട്ടുകയായിരുന്നെന്നാണ് എക്സാലോജിക് അറിയിക്കുന്നത്. എന്നാല്‍ കൊവിഡ് സമയത്ത് ഐടി കമ്പനികള്‍ക്ക് വര്‍ക്കം അറ്റ് ഹോം അടക്കം ഇളവ് സംവിധാനങ്ങള്‍ അനുവദനീയമായിരുന്നു. എന്നിട്ടും കമ്പനി അടച്ചുപൂട്ടുകയും ചട്ടം പാലിക്കുകയും ചെയ്തിരുന്നില്ല.