വോട്ടെടുപ്പ് തകൃതിയില്‍ പുരോഗമിക്കുകയാണ്. ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്. നിലവില്‍ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീന്‍ പട്‌നായിക്കിന്റെ ബിജെഡി, ജഗന്‍മോഹന്‍ റഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് സംസാരിക്കും.
നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. 225 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നില്‍ക്കുന്നത്. 297 മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസിന് നിലവില്‍ 97 സീറ്റുകളിലാണ് ലീഡുളളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ് ഇന്ത്യാ മുന്നണിയില്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാര്‍ട്ടി.
നിലവിലെ സാഹചര്യത്തില്‍ നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയും ഇന്ത്യാ മുന്നണിക്ക് ഒപ്പം നിന്നാല്‍ 30 സീറ്റുകള്‍ കൂടി ഇന്ത്യാ മുന്നണിയിലേക്ക് എത്തും. ജെഡിയു നേതാവ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഒരു ആവശ്യം മമത ബാനര്‍ജി അടക്കം ചില സഖ്യകക്ഷികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതല്ലെങ്കില്‍ ഇന്ത്യാ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം നിതീഷിന് നല്‍കി സര്‍ക്കാര്‍ രൂപീകരണ ശ്രമം നടത്തണമെന്നാണ് ആവശ്യം. സഖ്യകക്ഷികളുടെ ആവശ്യം പരിഗണിച്ച് അത്തരത്തിലൊരു നീക്കം നടത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
400 സീറ്റെന്ന പ്രതീക്ഷയിലായിരുന്ന എന്‍ഡിഎയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ കഴിഞ്ഞവട്ടം 19 ശതമാനമായിരുന്നു. ഇത് ഇത്തവണ 24.84 ശതമാനമായി മാറി. അഞ്ച് ശതമാനം വോട്ട് വിഹിതം കൂട്ടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍ അതേ സമയം, ബിജെപിക്ക് വോട്ട് ഷെയറില്‍ വലിയ മാറ്റമുണ്ടായിട്ടില്ല.
തീ പാറിയ പോരാട്ടത്തില്‍ നിറം മങ്ങി എന്‍ഡിഎ
രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞിരിക്കുകയാണ് രാജ്യം. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവില്‍ ജൂണ്‍ 4 നായിരുന്നു വോട്ടെണ്ണല്‍ തീരുമാനിച്ചിരുന്നത്.
വോട്ടെണ്ണല്‍ അവസാനിക്കുമ്പോഴും ബി.ജെ.പി നയിക്കുന്ന എന്‍ ഡി എ സഖ്യം കടുത്ത വെല്ലുവിളിയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയില്‍ നിന്നും നേരിടുന്നത്.400 സീറ്റ് പ്രതീക്ഷിച്ചിറങ്ങിയ എന്‍ ഡി എ ക്കു മുന്നില്‍ മികച്ച പ്രകടനമാണ് പ്രതിപക്ഷ സഖ്യം കാഴ്ചവച്ചിരിക്കുന്നത്. വിജയിക്കുമെന്ന് പ്രതീക്ഷിച്ച നിരവധി മണ്ഡലങ്ങളില്‍ നിന്ന ബിജെപിയ്ക്ക് പരാജയം രുചിക്കാന്‍ സാധിച്ചെന്ന് നിസംശംയ പറയാം. നിറം മങ്ങിയ വിജയമാണ് ബി ജോലി പി നേടിയെടുത്തിരിക്കുന്നത്. വാരണാസിയിലെ മോദിക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായായിട്ടുണ്ട്.
ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലന്ന് ഉറപ്പായപ്പോള്‍ അടുത്ത നടപടികളിക്ക് പോകുകയാണ് പാര്‍ട്ടി. ടിഡിപിയും ജെഡിയുവും പ്രതിപക്ഷ പാര്‍ട്ടിയിലേക്ക് പോകാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് പാര്‍ട്ടി. ഈ രണ്ടു പാര്‍ട്ടികളും പ്രതിപക്ഷ ചേരിയിലേക്ക് പോകാതിരിക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് ബിജെപി. അതിനു വേണ്ടിയുല്ള ശ്രമങ്ങലും പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു.
ഉദ്ധവ് വിഭാഗം ശിവസേനയെ തിരികെ എന്‍.ഡി.എയിലേക്ക് കൊണ്ടുവരാന്‍, ആര്‍.എസ്.എസ് നേതൃത്വത്തിന്റെ സഹായത്തോടെയും ബി.ജെ.പി നീക്കം ആരംഭിച്ചു. പുതിയ സാഹചര്യത്തില്‍ ഇന്ത്യാ ഘടകകക്ഷികളെ ബി.ജെ.പി റാഞ്ചാതിരിക്കാന്‍ എം.പിമാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നതും. .
കേന്ദ്ര സര്‍ക്കാരുമായി പോര്‍മുഖ തുറന്ന് രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ മികച്ച പോരാട്ടം നയിക്കുമെന്ന് പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടിയ്ക്ക് പലയിടത്ത് കാലിടറിയ കാഴ്ചയും ഈ തിരഞ്ഞെടുപ്പില്‍ കണ്ടു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജാമ്യം ലഭിച്ച് ജയിലില്‍ നിന്നെത്തി പ്രചാരണം നയിച്ച അരവിന്ദ് കേജ്രിവാളിന് ഒരു സ്വാധീനവും തന്റെ തട്ടകത്തില്‍, ഡല്‍ഹിയില്‍ സൃഷ്ടിക്കാനായില്ല.
രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചടുത്തോളം ഇത്തവണത്തെ ഫലംരാഷ്ട്രീയക്കാരനെന്ന നിലയിലുള്ള പരിശ്രമത്തിന്‍രെ നേര്‍കാഴ്ചയാണ്. കഴിഞ്ഞ തവണ വയനാടിനൊപ്പം മത്സരിച്ച അമേടിയില്‍ പരാജയപ്പെട്ട രാഹുല്‍ ഇക്കുറി മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്.ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടന്നു കയറിയത് ജനഹൃദയങ്ങളിലേക്കാണ് എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. വയനാടന്‍ ചുരം കയറി കഴിഞ്ഞ തവണ വന്നപ്പോള്‍ വമ്പന്‍ ഭൂരിപക്ഷം കരുതിവച്ച ജനത ഇത്തവണയും രാഹുലിനെ കൈവിട്ടിട്ടില്ല.
കേരളത്തിലെ ലോക്സഭ വിജയം പരിശോധിച്ചാല്‍ യുഡിഎഫിന് 18, എല്‍ഡിഎഫ് 1, ബിജെപി ഒന്ന് എന്ന രീതിയിലാണ് സീറ്റ് നില. ചരിത്രത്തില്‍ ആദ്യമായി ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറന്നതു ഇത്തവണ തൃശൂരാണ്. ഒരിക്കലും ബിജെപി അക്കൗണ്ട് തുറക്കിലെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അക്കൗണ്ട് കേരളത്തില്‍ തുറന്നത് ബിജെപിയ്ക്ക് തന്നെ അഭിമാനമാണ്. നടന്‍ സുരേഷ്ഗോപിയാണ് മിന്നും വിജയം നേടിയിരിക്കുന്നത്. . അവസാന നിമിഷം വരെ ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ്ങ് എംപിയുമായ അടൂര്‍ പ്രകാശിന്റെ വിജയ കൈവരിക്കാനായതും ഇന്ന് കണ്ട കാഴ്ചയാണ് . ലീഡ് നില മാറി മാറിയുന്ന അവസ്ഥയാണ് അവസാന നിമിഷത്തില്‍ അടൂര്‍ പ്രകാശ് വിജയം കൈവരിച്ചു.
തൃശൂരിൽ സുരേഷ് ഗോപിയുടെ മിന്നും വിജയം
തൃശൂരിന്റെ മണ്ണിൽ അവസാനം താമര വിരിഞ്ഞിരിക്കുകയാണ്. വമ്പിച്ച ഭൂരിപക്ഷം സ്വന്തമാക്കിക്കൊണ്ട് സുരേഷ്ഗോപി തൃശൂരിൽ വിജയം കൊയ്തു. പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമുണ്ടെന്നും തന്നെ ജയിപ്പിച്ച തൃശൂരിലെ ജനങ്ങളെ പ്രജാ ദെെവങ്ങൾ എന്നുമാണ് സുരേഷ്ഗോപി വിശേഷിപ്പിച്ചത്. വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ചാണ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി അഭിസംഭോധന ചെയ്തത്. തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ഗോപി വണങ്ങുകയും ചെയ്തു. അവർ മൂലം മാത്രമാണ് ഈ വിജയം സാധ്യമായതെന്നും അദ്ദേഹം പറയുകയുണ്ടായി. വമ്പൻ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ നിന്നും ലഭിച്ചത്.
സുരേഷ്ഗോപിയുടെ വാക്കുകൾ…
‘പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴിതെറ്റിച്ചുവിടാൻ, വക്രവഴിക്ക് തിരിച്ചുവിടാൻ നോക്കിയിടത്ത് നിന്നെല്ലാം ദൈവങ്ങൾ അവരുടെ മനസ് ശുദ്ധമാക്കി, തിരിച്ച് എൻ്റേയും എന്നിലൂടെ എൻ്റെ രാഷ്ട്രീയ കക്ഷിയിലേക്കും അവരുടെ നിശ്ചയങ്ങൾ തിരിച്ചുവിട്ടെങ്കിൽ, ഇത് അവർ എനിക്ക് നൽകുന്ന അനുഗ്രഹം കൂടിയാണ്. ഇത് അതിശയമെന്ന് തോന്നുന്നു, ഇതൊരു നേട്ടമായിരുന്നു എനിക്ക്. കല്ലുപോലെ കഴിഞ്ഞ 21ന് ശേഷം ഉറഞ്ഞുകൂടിയതാണ്. എനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിതന്നിരിക്കുന്നത്. കളിയാട്ടം, നാഷണൽ അവാർഡ്, എൻ്റെ മക്കൾ, എന്റെ കുടുംബം എല്ലാം എനിക്ക് വലിയ അനുഗ്രഹമാണ്. ആ അനുഗ്രഹമെന്ന് പറയുന്ന സ്ഥിതിയ്ക്ക് മുകളിൽ എത്ര കനത്തിലുള്ള വൃഷ്ടിയാണ് നടക്കുന്നതെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.
ഈ ഒരു വിജയം സ്വന്തമാക്കുന്നതിനായും, വിജയപക്ഷത്തേക്ക് കൊണ്ടുവരുന്നതിനായും പണിയെടുത്ത ആയിരത്തിലധികം ബൂത്തുകൾ, ബൂത്തുകളിലെ പ്രവർത്തകർ, വോട്ടർമാരടക്കം പ്രചരണത്തിനിറങ്ങിയിരുന്നു. എറണാകുളത്ത് നിന്നും മറ്റുജില്ലകളിൽ നിന്നു നിരവധി പ്രവർത്തകരാണ് പ്രചാരണത്തിന് മുന്നിട്ടിറങ്ങിയത്. ഡൽഹി, മധ്യപ്രദേശ്, മുംബൈയിൽ നിന്നും എത്രയോ വ്യക്തികൾ എത്തിയിരുന്നു. ഈ 42 ദിവസവും എൻ്റെ പ്രയത്നത്തിനിടയ്ക്ക് അവരാണ് എന്നെ പ്രൊജക്ട് ചെയത് നിർത്തിയത്. കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടി പ്രവർത്തകർ എന്തൊക്കെ ആവശ്യപ്പെട്ടോ, അവർ പ്രതീക്ഷിച്ചതിന്റെ നൂറിരട്ടിയായി തിരിച്ചുതന്നിട്ടുമുണ്ട്’, എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. ഈ വിജയം അതിശയം എന്ന നിലയ്ക്ക് ആർക്കുതന്നെ തോന്നിയാലും ഇതൊരു നേട്ടമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.