തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് മുന്‍ഗണനകള്‍ നിശ്ചയിച്ച് തിരുത്തല്‍ നടപടികള്‍ക്ക് തുടക്കമിടാന്‍ സിപിഎം. നയസമീപനങ്ങള്‍ക്ക് അടുത്ത ശക്തികേന്ദ്രങ്ങളില്‍ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോര്‍ച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങള്‍ക്കും അടുത്ത സംസ്ഥാന സമിതി രൂപം നല്‍കും. ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളില്‍ ഉയരുന്നത്.
ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതല്‍ താഴേക്കുള്ള പാര്‍ട്ടി ഘടകങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ് നേതാക്കളും അണികളും. ഗൗരവമുള്ള തിരുത്ത് സര്‍ക്കാരിനും സംഘടനയുടെ നയസമീപനങ്ങള്‍ക്കും നേതാക്കളുടെ പെരുമാറ്റ രീതിക്കും വേണമെന്ന പൊതു വികാരത്തിലേക്കാണ് സിപിഎമ്മില്‍ കാര്യങ്ങളെത്തുന്നത്. വോട്ട് ചോര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ബിജെപിയിലേക്ക് പോയ 90 ശതമാനം വോട്ടും പാര്‍ട്ടിയില്‍ നിന്ന് തന്നെയെന്ന് തിരുത്തല്‍ വാദികള്‍ അടിവരയിടുന്നു.
ക്ഷേമ പദ്ധതികള്‍ മുടങ്ങിയതിന് കാരണം കേന്ദ്ര നയങ്ങളാണെങ്കിലും ജനങ്ങള്‍ക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നും ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ തന്നെ ചെയ്യണമെന്നുമാണ് പാര്‍ട്ടിയിലെ ആലോചന. ഇതിനായി മുന്‍ഗണന ക്രമം തീരുമാനിച്ച് മുന്നോട്ട് പോകണം.
ക്ഷേമപെന്‍ഷന്‍ കൃത്യമായി നല്‍കുക, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക നല്‍കുക, സപ്ലൈകോ അടക്കമുള്ള, സാധാരണക്കാരെ സ്വാധീനിക്കുന്ന സ്ഥലങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുക, ഇതിനായിരിക്കും പ്രഥമ പരിഗണന. സര്‍ക്കാരിന്റെ പ്രവര്‍ത്തനമാറ്റത്തിനൊപ്പം, നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിലും മാറ്റണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന് കാത്തിരുന്നു കാണണം. അതുകൊണ്ട് തിരുത്തല്‍ രേഖ തയ്യാറാക്കുന്ന അടുത്ത സംസ്ഥാന കമ്മിറ്റി യോഗം കേരളത്തിലെ സിപിഎമ്മിന് നിര്‍ണായകമാണ്.
പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേര്‍ക്ക്
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേര്‍ക്കാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകരുടെ എണ്ണം പ്രസിദ്ധീകരിച്ചതോടെയാണ് ഈ കണക്ക് പുറത്തുവന്നത്. മലപ്പുറത്തു ഇനി ബാക്കി ഉള്ള സീറ്റുകള്‍ 6937 ആണ്. അതായത് പതിനായിരത്തിലേറെ സീറ്റുകള്‍ ഇനിയും കണ്ടെത്തണം. എന്നാല്‍ 7000 ത്തോളം പേര്‍ക്കാണ് സീറ്റ് വേണ്ടത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
അപേക്ഷകരുടെ എണ്ണം നോക്കി കൂടുതല്‍ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പക്ഷേ എല്ലാവര്‍ക്കും സീറ്റ് കിട്ടുമോയെന്ന ആശങ്ക ബാക്കിയാണ്.
ഭൂമിക്കടിയില്‍ നിര്‍മാണങ്ങളുണ്ടോയെന്ന് നോക്കും, അനിലിനെ എത്തിക്കുന്നത് വൈകും
മാന്നാര്‍: മാന്നാര്‍ കല കൊലപാതക കേസില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അനില്‍കുമാറിന്റെ വീടിന്റെ പരിസരത്ത് ഭൂമിക്ക് അടിയില്‍ ടാങ്കോ മറ്റെന്തെങ്കിലും നിര്‍മാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മേസ്തിരി പണിക്കാരനായതു കൊണ്ട് തന്നെ ഇത്തരം സാധ്യതകള്‍ പൊലീസ് തള്ളിക്കളയുന്നില്ല.
വിവര ശേഖരണത്തിന്റെ ഭാഗമായി പോലിസ് പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങി. അതേസമയം ഇസ്രയേലിലുള്ള ഒന്നാംപ്രതി അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ കുറച്ചധികം സമയമെടുക്കുമെന്നാണ് വിവരം. കസ്റ്റഡിയില്‍ ഉള്ള ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികള്‍ നല്‍കിയ മൊഴികളില്‍ ഉള്ള സ്ഥലങ്ങളില്‍ മൂവരെയും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍ പ്രതികളുടെ മൊഴികളുടെ വൈരുധ്യമാണ് പൊലീസിനെ കുഴക്കുന്നത്.
വിഴിഞ്ഞം തുറമുഖം: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. 2100 കോടി രൂപ നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കാന്‍ തുറമുഖ വകുപ്പില്‍ ധാരണയായി. അദാനി ഗ്രൂപ്പിന് നല്‍കേണ്ട പദ്ധതി വിഹിതത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി 3000 കോടി രൂപയാണ് ആകെ വേണ്ടത്. പുലിമുട്ട് നിര്‍മാണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയതിന് അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കാനുള്ളത് 520 കോടി രൂപയാണ്.
ഗ്യാപ് വയബിലിറ്റി ഫണ്ടിലെ സംസ്ഥാനവിഹിതം അദാനിക്ക് 490 കോടി രൂപ, റെയില്‍, ദേശീയപാത പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിന് 360 കോടി രൂപ, കെഎഫ്‌സിയില്‍നിന്ന് എടുത്ത ഇടക്കാല വായ്പ തിരിച്ചടവ് 425 കോടിരൂപ, വിഴിഞ്ഞം- ബാലരാമപുരം ഭൂഗര്‍ഭ റെയില്‍പ്പാത നിര്‍മാണം 1200 കോടി രൂപ ഇങ്ങനെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ഇനി വേണ്ടത് 2995 കോടി രൂപയാണ്.
ഇതിലെ അടിയന്തര ചെലവുകളിലേക്കാണ് 2100 കോടി രൂപ നബാര്‍ഡില്‍ നിന്ന് വായ്പ എടുക്കാനുള്ള തീരുമാനം. വായ്പയ്ക്കുള്ള അനുമതി നേരത്തെ മന്ത്രിസഭായോഗം നല്‍കിയിരുന്നു. 8.4% ആണ് പലിശനിരക്ക്. ഹെഡ് കോയില്‍ നിന്ന് വായ്പ കൊടുക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും പലിശ നിരക്ക് കുറവായതിനാല്‍ നബാര്‍ഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ കമ്പനിയായ വിസിലിന്റെ പേരിലാണ് വായ്പയെടുക്കുന്നത്. വായ്പാ തിരിച്ചടവ് ബജറ്റില്‍ വകയിരുത്തണമെന്ന് നിര്‍ദ്ദേശം അംഗീകരിച്ചപ്പോളാണ് വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറായത്. ഈ മാസം തന്നെ നബാര്‍ഡുമായുള്ള വായ്പ കരാറില്‍ വിസില്‍ ഒപ്പിടും. വേണ്ടിവരുന്ന ബാക്കി തുക പിന്നീട് കടമെടുക്കാനാണ് തീരുമാനം.
അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലൈ 12-ന് നടക്കും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദര്‍ഷിപ്പാവും ആദ്യം വിഴിഞ്ഞത്തെത്തുക. അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയ്‌നര്‍ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഇതിന്റെ മുന്നോടിയായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘാടകസമിതി യോഗം വിഴിഞ്ഞത്ത് ചേരും. ബാര്‍ജുകളിലെത്തിക്കുന്ന കണ്ടെയ്‌നറുകള്‍ ഇറക്കിയും കയറ്റിയുമാണ് ട്രയല്‍ റണ്‍ നടത്തുന്നത്. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവര്‍ത്തനം.
ട്രയല്‍ വിജയകരമായാല്‍ ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യുന്നത് സര്‍ക്കാര്‍ ആലോചിക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തുറമുഖ വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മലയാളികള്‍ക്ക് ഓണസമ്മാനമായി തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കെത്താവുന്ന സൗകര്യം വിഴിഞ്ഞത്തുണ്ട്.