ചെന്നൈയില്‍ കനത്ത മഴ: നാലു ജില്ലകളില്‍ പൊതുഅവധി
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴ തുടരുന്ന തമിഴ്നാട്ടില്‍ ചൊവ്വാഴ്ച നാലു ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
നാലുജില്ലകളിലേയും സ്വകാര്യസ്ഥാപനങ്ങളോട് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ രണ്ടുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. എന്‍.ടി.ആര്‍, കൃഷ്ണ ജില്ലകളിലാണ് അവധി.
ചെന്നൈ വിമാനത്താവളം തിങ്കളാഴ്ച രാത്രി 11 മണിവരെ അടച്ചിടുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. നേരത്തെ രണ്ടുമണിക്കൂര്‍ നേരത്തേക്കായിരുന്നു അടച്ചിട്ടത്. സബര്‍ബന്‍ തീവണ്ടികളും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
തമിഴ്നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലും മഴമുന്നറിയിപ്പുണ്ട്.
കനത്ത മഴ തുടരുന്ന ഇടങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ഗവര്‍ണര്‍ ആ.എന്‍. രവി അറിയിച്ചു. സാഹചര്യം സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ സുരക്ഷിതമായി അവരുടെ വീട്ടില്‍തന്നെ കഴിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള പല ട്രെയിനുകളും റദ്ദാക്കി
കനത്തമഴയെ തുടര്‍ന്ന് ചെന്നൈ ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള പല ട്രെയിനുകളും റദ്ദാക്കി. തിങ്കളാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്മോര്‍ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ടതും ചെന്നൈയിലേക്ക് വരുന്നതുമായ മറ്റുചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില സര്‍വീസുകള്‍ മറ്റുട്രെയിനുകളുടെ റേക്ക് ഉപയോഗിച്ച് കാട്പാഡി, ആരക്കോണം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് നടത്തും.
ഡിസംബര്‍ നാലാം തീയതി പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
22637 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്
12685 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
12671 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
12673 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
20601 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ബോഡിനായ്ക്കന്നൂര്‍ എക്സ്പ്രസ്
22639 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്സ്പ്രസ്
16021 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മൈസൂരു കാവേരി എക്സ്പ്രസ്
12623 ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍
12657 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍. ബെംഗളൂരു എക്സ്പ്രസ്
22649 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ഈറോഡ് യേര്‍ക്കാഡ് എക്സ്പ്രസ്
22651 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍- പാലക്കാട് എക്സ്പ്രസ്
12027 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കെ.എസ്.ആര്‍. ബെംഗളൂരു എക്സ്പ്രസ്
16102 കൊല്ലം-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ഞായറാഴ്ച(ഡിസംബര്‍ മൂന്ന്) രാത്രി മംഗളൂരുവില്‍നിന്ന് പുറപ്പെട്ട 22638 മംഗളൂരു സെന്‍ട്രല്‍- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് കാട്പാഡിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ 12601 ചെന്നൈ-മംഗളൂരു മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസായി തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് കാട്പാഡിയില്‍നിന്ന് യാത്രതിരിക്കും.
തിങ്കളാഴ്ച രാവിലെ മൈസൂരുവില്‍നിന്ന് യാത്രതിരിച്ച 12610 മൈസൂരു- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് കാട്പാഡിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ 12607 ചെന്നൈ-കെ.എസ്.ആര്‍. ബെംഗളൂരു ലാല്‍ബാഗ് എക്സ്പ്രസായി തിങ്കളാഴ്ച വൈകിട്ട് 5.45-ന് കാട്പാഡിയില്‍നിന്ന് യാത്രതിരിക്കും.
ഞായറാഴ്ച വൈകിട്ട് യാത്രതിരിച്ച 12163 ലോകമാന്യതിലക്- ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും. തിങ്കളാഴ്ചയിലെ 12164 ചെന്നൈ- ലോകമാന്യതിലക്
എക്സ്പ്രസായി തിങ്കളാഴ്ച രാത്രി 7.30-ന് ആരക്കോണത്തുനിന്ന് യാത്രതിരിക്കും.
16090 ജോലാര്‍പേട്ട-ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.
16089 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പേട്ട എക്സ്പ്രസ് തിങ്കളാഴ്ച രാത്രി 7.15-ന് ആരക്കോണത്തുനിന്ന് യാത്രതിരിക്കും
12606 കാരക്കുടി-ചെന്നൈ എഗ്മോര്‍ പല്ലവന്‍ എക്സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍ യാത്ര അവസാനിപ്പിക്കും
12605 ചെന്നൈ എഗ്മോര്‍- കാരക്കുടി പല്ലവന്‍ എക്സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് 4.50-ന് യാത്രതിരിക്കും.
12635 ചെന്നൈ എഗ്മോര്‍-മധുര ജങ്ഷന്‍ വൈഗ എക്സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.55-ന് ചെങ്കല്‍പ്പേട്ടില്‍നിന്ന് യാത്രതിരിക്കും.
12639 മധുര- ചെന്നൈ എഗ്മോര്‍ വൈഗ എക്സ്പ്രസ് ചെങ്കല്‍പ്പേട്ടില്‍ യാത്ര അവസാനിപ്പിക്കും
മിഷോങ്ങ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയില്‍ തമിഴ്‌നാടും ആന്ധ്രയും
മിഷോങ്ങ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയില്‍ തമിഴ്‌നാടും ആന്ധ്രയും. ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധിയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവര്‍ത്തിക്കും.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ അറിയിച്ചു. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്ന അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കുകയും ചെയ്തു.
മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ ബത്തേരി ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം തലവന്‍ ഡിവൈ.എസ്.പി. വി.വി.ബെന്നി എണ്‍പത്താലായിത്തി അറൂനൂറ് പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യല്‍ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുള്‍പ്പെടെ ആകെ 12 പ്രതികളാണുള്ളത്. കേസില്‍ 420 സാക്ഷികള്‍..
മുട്ടില്‍ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയില്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമായ 104 ഈട്ടിമരങ്ങള്‍ റോജിയും സംഘവും മുറിച്ചുകടത്തിയെന്നാണ് കേസ്. അന്വേഷണം തുടങ്ങി രണ്ടുവര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. സര്‍ക്കാരിലേക്ക് നിക്ഷിപ്തമായ മരങ്ങള്‍ മുറിച്ചതിന് ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ടും ചുമത്തിയിട്ടുണ്ട്.85 മുതല്‍ 574 വര്‍ഷംവരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡി.എന്‍.എ. പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന് ഇനി പഠനകാലം, ബിജെപിക്ക് തന്ത്രകാലം
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിജയ പരാജയങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് ബിജെപി ക്യാമ്പുകളില്‍ സജീവ ചര്‍ച്ച ഉയരുകയാണ്. 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന് ലഭിച്ച രാഷ്ട്രീയസന്ദേശമാണ് നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍. എല്ലാ ക്യാമ്പുകളിലും ചൂടേറിയ ചര്‍ച്ചകള്‍ മുഴുകുമ്പോള്‍ എവിടെയാണ് പാളിപോയതെന്നും, ഏത് അക്കൗണ്ടുകളിലേക്കാണ് വോട്ടുകള്‍ മറിഞ്ഞെന്നുമാണ്പാര്‍ട്ടി നേതാക്കളും ദേശീയ രാഷ്ട്രീയ നേതാക്കളും ഉറ്റുനോക്കുന്നത്.
രാജ്യത്ത് നിലവിലെ രാഷ്ട്രീയസാഹചര്യമെന്തെന്ന് പാര്‍ട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന പാഠപുസ്തകങ്ങളാണ് ഈ വിധിയെഴുത്തുകള്‍. ഈ ജനവിധി കൂട്ടിയും കിഴിച്ചും കരുനീക്കിയുമാണ് ഇനി വരുന്ന വരുന്ന നാലുമാസ ഭരണ-പ്രതിപക്ഷ മുന്നണികള്‍ സഞ്ചരിക്കുക. നാലുമാസത്തിനുശേഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള വര്‍ധിച്ച ആത്മവിശ്വാസം ബി.ജെ.പി. ക്യാമ്പിലും പ്രവര്‍ത്തകര്‍ക്കിടയിലും സജീവമാണ്. പക്ഷേ കോണ്‍ഗ്രസിന്റെ ക്യാമ്പുകളില്‍ വലിയ തോതിലുള്ള ആവേശമില്ല. അതുകൊണ്ട് അതൃപ്തിയുടെ മുഖാവരണമണിഞ്ഞ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ പുതിയ വഴികള്‍ തിരയുന്നു.
ബി.ജെ.പി.യും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷനിരയും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ പരീക്ഷണശാല എന്ന നിലയിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പ്രസക്തിയേറുന്നത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഈ ദേശീയ വിഷയങ്ങളുടെ പരിധിക്കപ്പുറം പ്രാദേശിക വിഷയങ്ങളുടെ അടിസ്ഥാനമാണ് നോക്കിയത്. നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രണ്ടുവഴിക്ക് സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് ഇന്നത്തെ വിജയ പരാജയങ്ങളില്‍ കണ്ടത്.
2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും നേടിയത് കോണ്‍ഗ്രസ്. എന്നാല്‍, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങള്‍ നല്‍കിയത് ബി.ജെ.പി.ക്ക് വന്‍ഭൂരിപക്ഷം. 2003-ല്‍ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് വന്‍ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ പാര്‍ട്ടിയെ ഉപദേശിച്ചു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മൂക്കുകുത്തി. യു.പി.എ. അധികാരത്തിലെത്തി. 2009-ല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി. വിജയിച്ചെങ്കിലും ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് യു.പി.എ. ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന നിര്‍ദേശവുമായി ഭരണപക്ഷം രംഗത്തിറങ്ങിയതിനുപിന്നില്‍ ഇത്തരം ചില വസ്തുതകളും വായിക്കേണ്ടതുണ്ട്.
എന്‍.ഡി.എ.യും ഇന്ത്യ സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലിനപ്പുറം കോണ്‍ഗ്രസും ബി.ജെ.പി.യും നേരിട്ട് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പാണ് അരങ്ങേറിയത്. ഒമ്പതുവര്‍ഷത്തെ ഭരണത്തിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോട മോദി പ്രഭാവം വിജയത്തിലേക്ക് നയിച്ചു. അതുകൊണ്ട് ബിജെപി ക്യാമ്പില്‍ മോദി പ്രഭാവത്തിന്റെ അലയൊലികള്‍ മുഴങ്ങുന്നു. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിന് പുതിയ മാര്‍ഗങ്ങളും അജന്‍ഡയും തേടേണ്ടിവരും. ഈ തിരഞ്ഞെടുപ്പോടുകൂടി പുതിയ പാഠങ്ങളും പഠിക്കേണ്ടിയിരിക്കുന്നു കോണ്‍ഗ്രസിന്.
കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ച രാഹുലും പ്രിയങ്കയും ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കും. പക്ഷേ ആള്‍ക്കൂട്ടം ഒരിക്കലും വോട്ടായി മാറുന്നില്ലെന്നാണ് സത്യം. ഈ കാര്യം പാര്‍ട്ടി പ്രവര്‍ത്തകരും മനസിലാക്കേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെ 2024-ല്‍ മോദിയെ നേരിടുന്ന പ്രതിപക്ഷനേതാവാരെന്ന ചോദ്യത്തിന് ഇന്ത്യ ക്യാമ്പില്‍ മറുപടി എളുപ്പമല്ല. കോണ്‍ഗ്രസില്‍നിന്ന് അവകാശവാദം തട്ടിയെടുക്കാന്‍ മറ്റ് പ്രതിപക്ഷകക്ഷികള്‍ ശ്രമിക്കുകയോ ഇന്ത്യ ക്യാമ്പ് കെട്ടഴിഞ്ഞ കൂടാരമായി മാറുകയോ ചെയ്യാം.
ഇനി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി അരയും തലയും മുറിക്കിയിറങ്ങുകയാണ്. തീക്ഷ്ണ മുദ്രാവാക്യങ്ങള്‍ അണിയറയിലൊരുങ്ങും. മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയത്തിന്റെ വാദവിവാദങ്ങള്‍ ഇനിയും കനംവെക്കും. അയോധ്യയിലെ രാമക്ഷേത്രം വീണ്ടും മുദ്രാവാക്യങ്ങളില്‍ നിറയും. പുതിയ അജന്‍ഡകളുടെ കൊടിയുയര്‍ത്താന്‍ ബി.ജെ.പി.യും അജന്‍ഡകള്‍ മാറ്റിയെഴുതാന്‍ പ്രതിപക്ഷവും ശ്രമിക്കും.
അതേസമയം,നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുക ചെറുതല്ലാത്ത ചലനങ്ങളാണ്. കര്‍ണ്ണാടകയ്ക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തില്‍ 2019 ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്.
ബിജെപിയില്‍ നിന്നും കര്‍ണ്ണാടക പിടിച്ചപ്പോള്‍, പാര്‍ട്ടി തിരുച്ചുവരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. അയല്‍ സംസ്ഥാനത്തെ ജയം കേരളത്തിലും കോണ്‍ഗ്രസ്സിനും യുഡിഎഫിനും നല്‍കിയത് വലിയ ആത്മവിശ്വാസമായിരുന്നു. നാല് സംസ്ഥാനങ്ങളിലും നേട്ടം ആവര്‍ത്തിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് കരുതല്‍. പക്ഷെ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടൈ ഇത്ര വലിയ തിരിച്ചടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. സെമിയില്‍ നേട്ടമുണ്ടാക്കി വയനാട്ടിലെ രാഹുലിന്റെ രണ്ടാം വരവോടെ കേരളത്തില്‍ മിന്നും വിജയം ആവര്‍ത്തിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കകൂട്ടല്‍.
തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയം രാഹുല്‍ ഗാന്ധിയുടെ പ്രഭാവത്തിനും മങ്ങലേല്‍പ്പിക്കും. ബിജെപിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന ശക്തമായ പ്രചാരണത്തിലേക്ക് സിപിഎം കടക്കും. ഫലത്തില്‍ ന്യൂനപക്ഷ വോട്ടുകളെ അത് ആശയക്കുഴപ്പത്തിലാക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി, നിയമസഭയിലേക്ക് ആത്മവിശ്വാസം കൂട്ടാമെന്ന കോണ്‍ഗ്രസ് തോന്നലിന് തിരിച്ചടിയാണ് ഈ തോല്‍വികള്‍.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 13 പേര്‍ കൊല്ലപ്പെട്ടു
ദില്ലി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്നൗപാല്‍ ജില്ലയില്‍ തിങ്കളാഴ്ച നടന്ന അക്രമത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തെങ്നൗപാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായത്. വെടിവെപ്പിന്റെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സുരക്ഷാ സേനയുടെ ക്യാമ്പ്. സേന സ്ഥലത്തെത്തിയപ്പോള്‍ ലീത്തു ഗ്രാമത്തില്‍ 13 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ക്കരികില്‍ ആയുധങ്ങളൊന്നും സൈന്യം കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവര്‍ ലീത്തു മേഖലയില്‍ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ പുറത്തുവിട്ടിട്ടില്ല.
പൊലീസ് സ്ഥലത്തെത്തിയെന്നും സംഭവം അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മെയ് 3 മുതല്‍ മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. അക്രമസംഭവങ്ങളില്‍ 182 പേര്‍ കൊല്ലപ്പെടുകയും 50000-ത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കിയത് ഞായറാഴ്ച മാത്രമാണ്.