അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി. സുല്‍ത്താന്‍പൂര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ഭാരത് ജോഡ് ന്യായ് യാത്രക്കിടെയാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുല്‍ ഗാന്ധി കോടതിയില്‍ നിന്നും മടങ്ങി.
2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നല്‍കിയത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. നേരത്തെ കേസില്‍ സമന്‍സ് അയച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല.
ചികിത്സ, ഡ്രോണുകള്‍, ജനകീയ സമിതി, പട്രോളിംഗ് സ്‌ക്വാഡ്: വയനാട്ടിലെ വന്യജീവിശല്യം പരിഹരിക്കാന്‍ തീരുമാനം
വന്യജീവി ശല്യം പരിഹരിക്കാന്‍ വയനാട്ടില്‍ രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്‌ക്വാഡുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.
വന്യജീവി ശല്യം പരിഹരിക്കാന്‍ രണ്ട് തരത്തിലാണ് നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചത്. വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ജനകീയ സമിതി രൂപീകരിക്കും. ഈ സമിതിയുടെ കോര്‍ഡിനേറ്റായി കളക്ടര്‍ പ്രവര്‍ത്തിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുമെന്നും വനം മന്ത്രി പറഞ്ഞു.
വയനാട്ടിലെ വിഷയം ജനങ്ങളുടെ ജീവല്‍പ്രശ്‌നമാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. വനമേഖലയില്‍ കൂടുതല്‍ ഡ്രോണുകളെ വിന്യസിച്ച് നിരീക്ഷണം തുടരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി പറഞ്ഞു. വനമേഖലയില്‍ 250 പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇതിനോടകം നടപടി തുടങ്ങി. അതിര്‍ത്തി മേഖലയില്‍ 13 പട്രോളിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.
വനത്തില്‍ അടിക്കാടുകള്‍ വെട്ടാന്‍ വയനാടിന് പ്രത്യേകം ഇളവ് ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. സ്വാഭാവിക ആവാസ വ്യവസ്ഥ നിര്‍മ്മിക്കാന്‍ തൊഴിലുറപ്പില്‍ പദ്ധതിക്ക് രൂപം നല്‍കും. വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് യോഗത്തിലുയര്‍ന്ന മറ്റൊരു ആവശ്യം. ഇങ്ങനെയുള്ള റിസോര്‍ട്ടുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്തികളുടെ കാടുമൂടിയ സ്ഥലം വൃത്തിയാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളില്‍ തീരുമാനം; പൊന്നാനിയില്‍ ഇ.ടിയും മലപ്പുറത്ത് സമദാനിയും
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളില്‍ തീരുമാനം. യു.ഡി.എഫില്‍ ലീഗിന് അനുവദിച്ച രണ്ടു സീറ്റുകളില്‍ നിലവിലെ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസമ്മദ് സമദാനിയും മത്സരിക്കും. എന്നാല്‍, ഇരുവരുടേയും മണ്ഡലങ്ങളില്‍ മാറ്റമുണ്ടാവും.
നിലവില്‍ മലപ്പുറം എം.പിയാണ് അബ്ദുസമദ് സമദാനി. ഇത്തവണ അദ്ദേഹം പൊന്നാനിയില്‍ മത്സരിക്കും. പൊന്നാനി എം.പിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തായിരിക്കും ജനവിധി തേടുക. ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
അതേസമയം, ലീഗിന് ഇത്തവണയും ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭയില്‍ രണ്ടാം സീറ്റ് നല്‍കാനാണ് യു.ഡി.എഫിലെ ധാരണയെന്നാണ് വിവരം. ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ യു.ഡി.എഫിന് വിജയിക്കാന്‍ സാധിക്കും. ഇത് ലീഗിന് നല്‍കിയേക്കും. നിലവില്‍ പി.വി. അബ്ദുള്‍വഹാബാണ് ലീഗിന്റെ രാജ്യസഭാംഗം.
അതേസമയം, ചര്‍ച്ചകള്‍ തുടരുകയാണെന്നും അതിന് ശേഷം മാത്രമേ മൂന്നാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കഴിയൂ എന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചര്‍ച്ചകള്‍ എവിടേയും വഴിമുട്ടിയിട്ടില്ല. യു.ഡി.എഫ്. യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ മറുപടി പറയേണ്ട വിഷയമല്ലെന്നായിരുന്നു മൂന്നാം സീറ്റില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തോട് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അതേസമയം, നിലവില്‍ കൊല്ലത്തും കോട്ടയത്തും യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജാണ് കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. കൊല്ലത്ത് ആര്‍.എസ്.പിയുടെ സിറ്റിങ് എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ യു.ഡി.എഫ്. ടിക്കറ്റില്‍ വീണ്ടും ജനവിധി തേടും.
പാര്‍ലമെന്റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണം, ‘ചലോ ദില്ലി’ മാര്‍ച്ചിലുറച്ച് കര്‍ഷക സംഘടനകള്‍
പ്രധാനമന്ത്രി ഒരു ദിവത്തേക്ക് പാര്‍ലമെന്റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. താങ്ങുവില സംബന്ധിച്ച് കേന്ദ്രനിര്‍ദ്ദേശം തള്ളിയതോടെ ചലോ ദില്ലി മാര്‍ച്ചിനായി തയ്യാറെടുക്കുകയാണ് കര്‍ഷകര്‍. .ഇതിനിടെ നോയിഡയില്‍ സമരം ചെയ്യുന്ന കര്‍ഷകരും ദില്ലിക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു
അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷം മിനിമം താങ്ങുവില എന്നതായിരുന്നു കേന്ദ്ര വാഗ്ദാനം. പയര്‍, ഉഴുന്ന്, തുവര, ചോളം, പരുത്തി എന്നിവ മിനിമം താങ്ങുവില നല്‍കി വാങ്ങും. നാഫെഡ്, എന്‍സിസിഎഫ് തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും വിളകള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുക. എന്നാല്‍ കേന്ദ്രം സമര്‍പ്പിച്ച ഈ ശുപാര്‍ശ കരാര്‍ കൃഷിയുടെ മറ്റൊരു രൂപമെന്നാണ് കര്‍ഷകസംഘടനകള്‍ പറയുന്നത്. യഥാര്‍ത്ഥആവശ്യങ്ങളില്‍ നിന്ന് കര്‍ഷകരെ വഴിതെറ്റിക്കാനുള്ള നീക്കമെന്നും സംഘടനകളുടെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 23 കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ആവശ്യമാണ്. ധാന്യങ്ങള്‍ക്കും, പരുത്തിക്കും മാത്രമല്ല താങ്ങുവില ആവശ്യമെന്നും കര്‍ഷകനേതാക്കള്‍ വ്യക്തമാക്കുന്നു . ഒരു ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് അടിയന്തരമായി നിയമം നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കര്‍ഷകര്‍.
കേന്ദ്രനിര്‍ദ്ദേശം സംയുക്ത കിസാന്‍ മോര്‍ച്ച ഔദ്യോഗികവിഭാഗവും തള്ളിയിരുന്നു. പഞ്ചാബിലെ കര്‍ഷകര്‍ക്ക് മാത്രമാണ് ഈ നിര്‍ദ്ദേശം ഗുണകരമെന്നാണ് കിസാന്‍ മോര്‍ച്ച വ്യക്തമാക്കുന്നത്. മാര്‍ച്ച് കണക്കിലെടുത്ത് ഹരിയാനയിലും സുരക്ഷ വീണ്ടും ശക്തമാക്കി. ഇതിനിടെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോയിഡിലെ കര്‍ഷകര്‍ ദില്ലിക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച്ചയാണ് മാര്‍ച്ച് നടത്തുക.
‘താന്‍ എത്താത്തതല്ല, പ്രശ്‌ന പരിഹാരമാണ് ആവശ്യം’; വയനാട്ടില്‍ എത്തിയില്ലെന്ന വിമര്‍ശനത്തോട് പ്രതികരിച്ച് മന്ത്രി
വയനാട്ടില്‍ എത്തിയത് ജനങ്ങളെ കേള്‍ക്കാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടില്‍ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാല്‍ പല സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് സാധിച്ചില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും സഹകരണം വേണം.
അജീഷിന്റെയും പോളിന്റെയും വീട്ടിലേക്ക് പോകും. വാകേരിയില്‍ പ്രജീഷിന്റെ വീട്ടില്‍ നേരത്തെ എത്തേണ്ടതായിരുന്നു. മന്ത്രി എത്തുന്നതിനേക്കാള്‍ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണ്. വയനാട്ടിലെ പ്രതിഷേധത്തില്‍ കേസെടുത്തതില്‍ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ഷോണ്‍ ജോര്‍ജ് കൂടുതല്‍ രേഖകള്‍ എസ്.എഫ്.ഐ.ഒ.-യ്ക്ക് കൈമാറി
സി.എം.ആര്‍.എല്‍-എക്‌സാലോജിക്- കെ.എസ്.ഐ.ഡി.സി. എന്നിവര്‍ക്കെതിരെ എസ്.എഫ്.ഐ.ഒ (SFIO) നടത്തുന്ന അന്വേഷണത്തിലേയ്ക്ക് പരാതിക്കാരനായ അഡ്വ. ഷോണ്‍ ജോര്‍ജ് കൂടുതല്‍ രേഖകള്‍ മാറി. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നും ഖനനം നടത്തുന്നതിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും അതില്‍ കെ.എസ്.ഐ.ഡി.സി. കാണിച്ച താല്‍പര്യങ്ങളും അതോടൊപ്പം തന്നെ കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരായി വിരമിച്ചതിന് ശേഷം സി.എം.ആര്‍.എല്‍-ന്റെ ഉദ്യോഗസ്ഥരായി മാറിയ മൂന്ന് ഉദ്യോഗസ്ഥരുടെ മാസ്റ്റര്‍ ഡേറ്റ ഉള്‍പ്പെടെയുള്ള രേഖകളും ഷോണ്‍ ജോര്‍ജ് എസ്.എഫ്.ഐ.ഒ -യ്ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൈമാറി.
മാര്‍ക്കറ്റില്‍ മുപ്പതിനായിരം രൂപയില്‍ അധികം വിലയുള്ള ഇലുമിനേറ്റ്, ടൈറ്റാനിയം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ 464 രൂപയ്ക്കാണ് കെ.എം.എം. എല്ലിന് സര്‍ക്കാര്‍ നല്‍കിയത്.അതിന്റെ പിന്നിലും കെ.എം.എം. എല്ലിന്റെ ഉല്‍പാദന രംഗത്തും സമഗ്രമായ അന്വേഷണം ആവശ്യമാണ്. വലിയ രീതിയിലുള്ള ധാതുമണല്‍ കൊള്ളയാണ് കേരളത്തില്‍ നടന്നിട്ടുള്ളതെന്നും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിനായി കൈപ്പറ്റിയിട്ടുള്ള അഴിമതി പണത്തെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
‘ഒപ്പം താമസിച്ച യുവാവുമായി അകന്നു, ജോലിക്ക് പോകാന്‍ കുഞ്ഞ് തടസ്സം’: അമ്മ റിമാന്‍ഡില്‍
പതിനൊന്നു മാസം പ്രായമുള്ള ശിഖന്യ എന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശില്‍പയെ (29) റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശില്‍പയെ റിമാന്‍ഡ് ചെയ്തത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ശില്‍പയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് ആലപ്പുഴ മാവേലിക്കരയിലായതിനാല്‍ മാവേലിക്കര പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിലെ വാടക വീട്ടില്‍ വച്ചാണ് കുറ്റകൃത്യം നടന്നത്.
ശനിയാഴ്ച പുലര്‍ച്ചെ മാവേലിക്കരയിലെ വാടകവീട്ടില്‍ വച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്‍പയുടെയും പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി അജ്മലിന്റെയും മകളാണ് കൊല്ലപ്പെട്ട ശിഖന്യ. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന അജ്മലും ശില്‍പയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു. ജോലിക്കു പോകുന്നതിനു കുഞ്ഞ് തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നാണു ശില്‍പ മൊഴി നല്‍കിയത്.
കൊലപാതകത്തിനുശേഷം, വാടകയ്ക്കെടുത്ത കാറില്‍ മൃതദേഹവുമായി, അജ്മലിനെ കാണാന്‍ ഷൊര്‍ണൂരിലെത്തുകയായിരുന്നു. യുവാവു ജോലിചെയ്യുന്ന ഷൊര്‍ണൂരിലെ തിയറ്ററില്‍ ശനിയാഴ്ച രാവിലെ ഒന്‍പതരയോടെ എത്തിയ ശില്‍പ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കിയിരുന്നു. പൊലീസിനെ അറിയിച്ചപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു.
എന്നാല്‍, കുഞ്ഞ് മണിക്കൂറുകള്‍ക്കു മുന്‍പേ മരിച്ചുവെന്നാണു ഷൊര്‍ണൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ശില്‍പയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തില്‍ ക്ഷതങ്ങള്‍ കാണാതിരുന്നതും യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു സമ്മതിച്ച യുവതി പിന്നീടു മാറ്റിപ്പറഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണു മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.
കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരികാവയവ പരിശോധനയിലും പോസ്റ്റ്മോര്‍ട്ടത്തിലും കണ്ടെത്തിയതാണു വഴിത്തിരിവായത്. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയില്‍ ശില്‍പ അന്നു പുലര്‍ച്ചെ അജ്മലിന് അയച്ച സന്ദേശവും നിര്‍ണായക തെളിവായി. ഇന്നലെ ഷൊര്‍ണൂര്‍ പൊലീസ് മാവേലിക്കര കോട്ടയ്ക്കകത്തുള്ള വാടകവീട്ടില്‍ ശില്‍പയെ എത്തിച്ചു തെളിവെടുപ്പു നടത്തി.
കൊട്ടാരക്കര സ്വദേശി വാടകയ്ക്കെടുത്ത വീട്ടില്‍ രണ്ടാഴ്ചയായി ശില്‍പ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വീട് വാടകയ്ക്കെടുത്തയാളുടെ ഫോണ്‍ ഓഫാണെന്നും വീട്ടിലെത്തുമ്പോള്‍ കതകു തുറന്നുകിടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി.സി.ഹരിദാസന്‍, ഇന്‍സ്‌പെക്ടര്‍ ജെ.ആര്‍.രഞ്ജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്
കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെയാണ് കമല്‍നാഥ് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തത്. ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലേക്ക് എത്തുന്നത് സംബന്ധിച്ച കൂടിയാലോചന യോഗമായിരുന്നു . മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിത്തു പട്‌വാരി അധ്യക്ഷത വഹിച്ച യോഗത്തിലാണ് കമല്‍നാഥ് പങ്കെടുത്തത്.
പാര്‍ട്ടി വിടുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ രാഹുല്‍ഗാന്ധി കമല്‍നാഥുമായി സംസാരിച്ചതായാണ് പുറത്ത് വരുന്ന വിവരം. മകനും ചിന്ദ്വാര എംപിയുമായ നകുല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി തുടരുകയാണ്. നിലവില്‍ രണ്ട് പേരും മധ്യപ്രദേശില്‍ നിന്ന് ദില്ലിയില്‍ എത്തിയിട്ടുണ്ട്. കമല്‍നാഥും നകുല്‍നാഥുമായി അടുപ്പം പുലര്‍ത്തുന്ന മൂന്ന് എംഎല്‍എമാരും ദില്ലിയില്‍ തുടരുന്നുണ്ട്.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ കമല്‍നാഥിനെ മാറ്റി പിസിസി അധ്യക്ഷ സ്ഥാനം ജിത്തു പട്‌വാരിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. രാജ്യസഭ സീറ്റും കമല്‍നാഥിന്റെ താല്‍പ്പര്യത്തിന് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകാന്‍ കമല്‍നാഥ് താല്‍പ്പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.എന്നാല്‍ ഇതുവരെ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ കമല്‍നാഥ് തള്ളിയിട്ടില്ലെന്നതാണ് വസ്തുത.