വിവാദ സിനിമ ‘ദ കേരള സ്റ്റോറി’യുടെ പ്രദര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സംഭവംവലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടുക്കി രൂപതയുടെ വിശദീകരണം വരുന്നത്. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.
ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തത്, അതിനെ കുറിച്ചുള്ള ബോധവത്കരണവും നല്‍കിയിട്ടുണ്ട്, സിനിമയിലെ പ്രമേയം പ്രണയം ആയത് കൊണ്ടാണ് ബോധവത്ക്കരണത്തിന് ഉപയോഗിച്ചത്. വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തതല്ലെന്നും വിശദീകരണം.
വിശ്വോത്സവത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖരും അല്ലാത്തവരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേത് എന്നാണ് പിണറായി അഭിപ്രായപ്പെട്ടിരുന്നത്.
നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഇത്തവണ കുന്നംകുളത്തേക്കാണ് മോദി എത്തുന്നതെന്നാണ് ലഭ്യമായ വിവരം. ഈ മാസം 15ന് കുന്നംകുളത്തെ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 11 മണിയ്ക്കാണ് പരിപാടിയില്‍ പങ്കെടുക്കുക.ഇതിനൊടൊപ്പം നടക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. തൃശൂര്‍ ജില്ലയിലെ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുന്നംകുളം.
ബിജെപി വളരെയേറെ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ് തൃശൂര്‍. നടന്‍ സുരേഷ് ഗോപിയാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മാത്രമല്ല, മറ്റ് മണ്ഡലങ്ങളില്‍ കൂടി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് മോദിയുടെ വരവിലൂടെ പാര്‍ട്ടിയും ലക്ഷ്യം. മുന്‍പ് ഗുരുവായൂരില്‍ പ്രധാനമന്ത്രിയെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നില്ലെന്നും തന്റെ മകളുടെ വിവാഹചടങ്ങിനായിരുന്നെന്നും സുരേഷ് ഗോപി മുന്‍പ് വ്യക്തമാക്കിയിരുന്നു.
ആലത്തൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ഡോ. ടി.എന്‍. സരസുവിന്റെ പ്രചാരണത്തിനും മോദിയെത്താന്‍ സാധ്യത. എസ്എഫ്‌ഐയ്‌ക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് പോരാടിയ ഒരാളാണ് ഡോ സരസു. അതു കൊണ്ട് തന്നെ സരസുവിനെ
ബിജെപി ദേശീയ നേതൃത്വത്തിന് വലിയ താത്പര്യമാണുള്ളത്. ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന ആലപ്പുഴയിലും പ്രചരണം വേണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. കഴിഞ്ഞദിവസമാണ് ആലപ്പുഴ ജില്ലയെ എ ക്ലാസ് മണ്ഡലത്തിലുള്‍പ്പെടുത്തിയത്. ഇതുവരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളായാരുന്നു എ ക്ലാസ് മണ്ഡലം.
ഇഡി അന്വേഷണവും ചോദ്യം ചെയ്യലുമൊക്കെയായി കൊഴുക്കുന്ന കരുവന്നൂര്‍ കേസില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ പ്രധാനമന്ത്രിയെ നേരിട്ട് രംഗത്തിറക്കുകയാണ് ബിജെപി ശ്രമം. കരുവന്നൂര്‍ ഉള്‍പ്പെടുന്ന പ്രദേശമായ ഇരിങ്ങാലക്കുടയിലേക്ക് മോദിയെ എത്തിക്കാന്‍ സംസ്ഥാന നേതൃത്വം നേരത്തെ മുതല്‍ ശ്രമിച്ചിരുന്നു. കരുവന്നൂര്‍ വിഷയം ആളിക്കത്തിക്കാനാണ് ബിജെപിയുടെ ശ്രമം. സിപിഎം മാത്രമല്ല കോണ്‍ഗ്രസിനെയും ലക്ഷ്യംവെച്ചാണ് ബിജെപി കരുക്കള്‍ നീക്കുന്നത്.
കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ ഇഡി മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. മുന്‍ എംപിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പികെ ബിജു, ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സിപിഎം കൗണ്‍സിലര്‍ എകെ ഷാജന്‍ എന്നിവരയൊണ് ഇഡി ചോദ്യം ചെയ്തത്.
ഇതിനിടെ സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ബാങ്ക് അക്കൗണ്ട് ലോക്കല്‍കമ്മിറ്റിയുടെ പേരിലാണെന്നുള്ള രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇഡിയും.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി നടത്തുന്ന നാടകമാണ് ഇഡിയുടെ അന്വേഷണമെന്നാണ് സിപിഎമ്മിന്റെ ആരോപണം. സാധാരണയി തിരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത് പ്രധാനമന്ത്രിയുടെ പതിവാണ്. അതു കൊണ്ട് തന്നെ കുന്നംകുളത്തെ പ്രസംഗത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രി ഉന്നയിക്കുമോയെന്നാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.
കേരളത്തില്‍ വിവാദമായ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത
കേരളത്തില്‍ വിവാദമായസിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. ഏപ്രില്‍ നാലിനാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്.
സിനിമയെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ‘ദ കേരള സ്റ്റോറി’ തറ സിനിമയാണെന്നായിരുന്നു എംവി ഗോവിന്ദന്റെ ഒറ്റ വാക്കിലെ മറുപടി.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഔദ്യോഗിക നിലപാടിനെയാണ് എതിര്‍ക്കുന്നതെന്നും ആരെങ്കിലും വ്യക്തിപരമായി ചിത്രം കാണിച്ചു എന്ന് കരുതി അതില്‍ പാര്‍ട്ടി നിലപാട് എടുക്കേണ്ടതില്ല, സിനിമ ഔദ്യോഗിക സംവിധാനത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നതിന് എതിരെയാണ് തങ്ങള്‍ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദന്‍.
ഇതിനിടെ സംഭവം വിവാദമായപ്പോള്‍ വിശദീകരണമായി ഇടുക്കി രൂപത രംഗത്തെത്തി. ക്ലാസിലെ ഒരു വിഷയം പ്രണയമായിരുന്നുവെന്ന് ഫാ. ജിന്‍സ് കാരക്കാട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികള്‍ പ്രണയക്കൂരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തതെന്നും ഫാ. ജിന്‍സ് കാരക്കാട്ട് വിശദീകരിച്ചു.
എന്നാല്‍ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി. ഇടുക്കി രൂപതയുടെ സമീപനം യഥാര്‍ത്ഥ്യ ബോധത്തോടെയെന്ന് ബിജെപി മധ്യമേഖല പ്രസിഡണ്ട് എന്‍ ഹരി പറഞ്ഞു. കേരള സ്റ്റോറിക്കെതിരെയും അത് പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്തുകൊണ്ടുമുള്ള ഇടതുവലതു മുന്നണികളുടെ പ്രചാരണത്തിനുമേറ്റ തിരിച്ചടിയാണ് രൂപതയുടെ നിലപാടെന്നും എന്‍ ഹരി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളും ഇടുക്കി രൂപതയ്‌ക്കെതിരെ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പാര്‍ട്ടികള്‍ ‘ദ കേരള സ്റ്റോറി’ക്കെതിരെ നേരത്തെയും ശക്തമായി പ്രതികരിച്ചിട്ടുള്ളതാണ്.
പ്രതിഷേധങ്ങള്‍ക്കിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു. ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. നഗ്‌നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ദ കേരള സ്റ്റോറി സിനിമ ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ആദ ശര്‍മ്മയെ നായികയാക്കി സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിര്‍മ്മിച്ചത് ബോളിവുഡ് നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസായത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇതിന്റെ കണക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കേരള സ്റ്റോറി സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിരുന്നു. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രദര്‍ശിപ്പിക്കുന്നത് ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി സിപിഎം കുറ്റപ്പെടുത്തി. പ്രതിഷേധങ്ങള്‍ക്കിടെയും കഴിഞ്ഞ ദിവസം രാത്രി എട്ടിന് ദൂരദര്‍ശനില്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചു.
പാനൂര്‍ കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം
പാനൂര്‍ കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമല്‍ ബാബു, സായൂജ്, അതുല്‍ എന്നിവര്‍ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാല്‍ ഇവര്‍ സംഭവം അറിഞ്ഞ് ഓടികൂടിയവരാകാമെന്നും പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
‘അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോള്‍ ധാരാളം ആളുകളെത്തി. ആ കൂട്ടത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതൃ നിരയിലുളളവരുമെത്തി. അവര്‍ക്ക് ബോംബ് നിര്‍മ്മാണത്തില്‍ പങ്കുണ്ടെങ്കില്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി വ്യാപകമായനിലയില്‍ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും’ വി കെ സനോജ് കുറ്റപ്പെടുത്തി. അമല്‍ ബാബു, മിഥുന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ മാത്രം തള്ളിപ്പറഞ്ഞും കേസുമായി ബന്ധമുള്ള മറ്റുള്ളവരെ ന്യായീകരിച്ചുമുള്ള സിപിഎമ്മിന്റെ പുതിയ നിലപാട്.
പാനൂര്‍ സ്‌ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സംഭവത്തില്‍ പാര്‍ട്ടിക്കാരാരും ഉള്‍പ്പെട്ടിട്ടുമില്ലെന്നുമായിരുന്നു ഇന്നലെ വരെ ഈ വിഷയത്തില്‍ സിപിഎം എടുത്ത പരസ്യ നിലപാട്. എന്നാല്‍ പാനൂരില്‍ സ്‌ഫോടനം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമല്‍ ബാബുവിനെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കേന്ദ്രത്തിലെത്തി പൊലീസ് പിടികൂടിയ തോടെയാണ് പാര്‍ട്ടി സെക്രട്ടറി തന്നെ വിചിത്രമായ ന്യായീകരണവുമായി രംഗത്തെത്തിയത്. സ്‌ഫോടന വിവരം അറിഞ്ഞ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആളെ പൊലീസ് പിടികൂടിയെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ആളുടെ വീട്ടില്‍ പാര്‍ട്ടി നേതാക്കള്‍ പോയത് നാട്ടു മര്യാദ അനുസരിച്ച് എന്ന് പറഞ്ഞ മുഖ്യമന്ത്രിയും സ്‌ഫോടന വിവാദത്തില്‍ പ്രതിരോധത്തില്‍ ആയ പാര്‍ട്ടിക്ക് സംരക്ഷണവുമായി എത്തി.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായതെല്ലാം മണിപ്പൂരില്‍ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. അമിത് ഷാ മണിപ്പൂരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും അസമിലെ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി പറഞ്ഞത്. സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ സഹായം തുടരുന്നുണ്ട്. കലാപ ബാധിതര്‍ക്കുള്ള സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും മണിപ്പൂരില്‍ തുടരുന്നുണ്ടെന്നും മോദി പറഞ്ഞു. വടക്കുകിഴക്കന് സംസ്ഥാനങ്ങളില് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് മോദി വിശദമായി അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് : കേസ് സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടത്. അതീവരഹസ്യമായിട്ടായിരുന്നു ഇതുസംബന്ധിച്ച നടപടികള്‍. ഹൈറിച്ച് കേസ് സി.ബി.ഐ.ക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫന്‍സ് വിങ്ങിലെ ഡിവൈ.എസ്.പി. മുഖാന്തരം പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിര്‍ദേശം.
നേരത്തെ ഹൈറിച്ച് കേസില്‍ ഇ.ഡി. റെയ്ഡിനെത്തുന്ന വിവരങ്ങളടക്കം പ്രതികള്‍ക്ക് ചോര്‍ന്നുകിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐ.ക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ അതീവരഹസ്യമായി കൈകാര്യംചെയ്തതെന്നാണ് സൂചന. ഹൈറിച്ച് കേസിന് പുറമേ കൊച്ചി കേന്ദ്രീകരിച്ച് നടന്ന ‘മാസ്റ്റേഴ്സ് ഫിന്‍സെര്‍വ്’ സാമ്പത്തിക തട്ടിപ്പ് കേസും സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടിട്ടുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ മാതൃകയിലാണ് ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നായിരുന്നു പോലീസിന്റെയും ഇ.ഡി.യുടെയും റിപ്പോര്‍ട്ട്. ഏകദേശം 1630 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് കമ്പനി നടത്തിയതെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇ.ഡി. നടത്തിയ അന്വേഷണത്തിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ക്രിപ്‌റ്റോകറന്‍സിയായ എച്ച്.ആര്‍.കോയിന്‍ വഴി മാത്രം ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയതായാണ് കണ്ടെത്തല്‍. ക്രിപ്‌റ്റോ കറന്‍സി വഴി സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയതായും സംശയമുണ്ട്.
തൃശ്ശൂര്‍ സ്വദേശികളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനുമാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ ഉടമകള്‍. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപവും അന്വേഷണസംഘം മരവിപ്പിച്ചിരുന്നു.
പലചരക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളും ഉണ്ടെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡി.കള്‍ കമ്പനിയില്‍ ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ അമ്പതോളം ഐ.ഡി.കള്‍ സൃഷ്ടിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘മാസ്റ്റേഴ്സ് ഫിന്‍സെര്‍വ്’ എന്ന സ്ഥാപനത്തിന്റെ മറവിലാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്നത്. ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. കേസിനെ തുടര്‍ന്ന് സ്ഥാപന ഉടമകളായ എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവര്‍ ദുബായിലേക്ക് കടന്നിരുന്നു. ഇരുവരെയും പിന്നീട് ഡല്‍ഹിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഇ.ഡി.യും അന്വേഷണം ആരംഭിച്ചു. പ്രതികളുടെ 30 കോടി രൂപയുടെ സ്വത്ത് ഇ.ഡി. സംഘം കണ്ടുകെട്ടുകയുംചെയ്തു.