മന്ത്രിയോടല്ലല്ലോ ചോദിച്ചത് രഞ്ജിത്തിനോടല്ലേ, രഞ്ജിത്ത് ഉത്തരം പറയട്ടെ; മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ വിനയൻ
ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പിന്തുണച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് വിനയൻ. മന്ത്രിയോടല്ലല്ലോ ചോദിച്ചത് രഞ്ജിത്തിനോടല്ലേ , എന്നാണ് വിനയൻ ഈ വിഷയത്തിൽ ചോദിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.
”സംസ്ഥാന സിനിമാ അവാർഡ് ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞതും അതുപ്രകാരം ഞാൻ ആരോപിച്ചതുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാൻ അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്തിന് ക്ലീൻ ചിറ്റ് കൊടുത്തതായി വാർത്തയിൽ കണ്ടു. ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ.. അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് ശ്രീ രഞ്ജിത്തിനോടല്ലേ?.. രഞ്ജിത്ത് ഉത്തരം പറയട്ടെ എന്നിട്ടു ബാക്കി പറയാമെന്നാണ് അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നത്. അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ? ” എന്നാണ് ഫേസ്ബുക്കിൽ വിനയൻ പറയുന്നത്.
മന്ത്രിയുടെ പി എസ് ആയ മനു സി പുളിക്കനോട് അന്വേഷിച്ചിട്ടുപോരായിരുന്നോ ഈ ക്ളീൻ ചീട്ട് നൽകൽ എന്നും, അതറിഞ്ഞില്ലെങ്കിൽ എന്തൊരു കഷ്ടമാണെന്നും വിനയൻ ചോദിച്ചു. കൂടാതെ അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തതെന്നല്ല വിഷയമെന്നും , അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതാണ് ഗുരുതര വിഷയമെന്നും വിനയൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ രഞ്ജിത്ത് മറുപടി പറയട്ടെയെന്നും , നേമം പുഷ്പരാജിന്റെ ആരോപണത്തിൽ പറഞ്ഞപോലെ നടന്നിട്ടില്ലെന്ന് പറയാൻ രഞ്ജിത്തിന് ധൈര്യം വന്നാൽ ബാക്കി കാര്യങ്ങൾ നേമം പുഷ്പരാജ് തന്നെ നോക്കിക്കോളുമെന്നാണ് വിനയൻ പറഞ്ഞത്. അതിനു പിന്നാലെ മാത്രമേ താൻ വരേണ്ടതുള്ളുവെന്നും , അതിനു മുൻപായി ആരും മുൻകൂർ ജാമ്യം എടുക്കേണ്ടതില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.
നിഷ്പക്ഷമായ ജൂറിയാണ്, അതിൽ രഞ്ജിത്തിന് ഒരു റോളുമില്ല രഞ്ജിത്തിനെ പിന്തുണച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ
ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ രഞ്ജിത്തിന് ഒരു റോളുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി സജി ചെറിയാൻ. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നേരത്തെ തന്റെ പിഎസിനോട് മന്ത്രി റിപ്പോർട്ട് ആവിശ്യപ്പെട്ടിരുന്നു.
മന്ത്രി സജി ചെറിയാന്റെ വാക്കുകൾ ഇങ്ങനെ
“നിഷ്പക്ഷമായ ജൂറിയാണ്. വ്യത്യസ്ത മനോഭാവങ്ങളുള്ളവരെ പോലും നിഷ്പക്ഷമായി ഈ ജൂറി ഉൾപ്പെടുത്തിക്കൊണ്ടാണ് ജൂറി കോൺസ്റ്റിറ്റിയൂട്ട് ചെയുന്നത്. കേരളത്തിൽ മാത്രം പ്രസിദ്ധരല്ല ഇന്ത്യയിൽ, ലോകത്ത് അതിപ്രസിദ്ധരായ ആളുകളെയെല്ലാം ജൂറി അംഗങ്ങളായി നിയോഗിച്ചിട്ടുണ്ട്. ആ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ജൂറി തയ്യാറായത്. മുഴുവൻ അര്ഹതപ്പെട്ടവർക്കാണ് കിട്ടിയിരിക്കുന്നത്. ഇതിൽ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ല. കാരണം ഈ ജൂറിയിലെ അംഗമല്ല അദ്ദേഹം. അദ്ദേഹത്തിന് ഒരാളുമായി പോലും സംസാരിക്കാൻ കഴിയില്ല. അദ്ദേഹമല്ല ജൂറി സെലക്ട് ചെയ്തത്. അതിന്റെ നടപടി ക്രമങ്ങളിലൂടെയാണ് ജൂറി സെലക്ട് ചെയ്തത്. ഒരിക്കലും ഇടപെടാൻ പറ്റില്ല”
വിഷയത്തിൽ പ്രതികരിച്ച് പ്രേം കുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു ” പ്രേം കുമാറിന്റെ വാക്കുകൾ ഇങ്ങനെ “ഇത്തരം സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ തെറ്റ് തന്നെയാണ്. ഞാൻ ആ സമയത്തൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഞാൻ ആ സമയത്ത് ആശുപത്രിയിൽ ട്രീട്മെന്റിന് പോയതായിരുന്നു. ആദ്യം ഈ ജൂറി അംഗങ്ങളുടെ മീറ്റിംഗ് കൂടിയപ്പോൾ മാത്രമാണ് ഞാൻ ഉണ്ടായിരുന്നത്. പിന്നീട് ഈ കാര്യത്തിലൊന്നും ഞാൻ ഇടപെട്ടിട്ടില്ല. എന്തായലും രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കിൽ അത് ഗുരുതരമാണ്. ഇതുമായി ബന്ധപ്പെട്ട് ചെയർമാൻ ഉൾപ്പെടെയുള്ളവർ പ്രതികരിക്കട്ടെ. അതിന് ശേഷം ഞാൻ പ്രതികരിക്കാം” പ്രേം കുമാർ പറഞ്ഞു.
വലിയ രീതിയിലുള്ള ഇടപെടൽ ചെയർമാൻ രഞ്ജിത്ത് നടത്തിയെന്ന ഗുരുതരമായ ആരോപണം തന്നെയാണ് നേമം പുഷ്പരാജ് മൂവി വേൾഡുമായി നടത്തിയ ഫോൺ സംഭാഷണത്തിലൂടെ വ്യക്തമാക്കിയത്. എന്നാൽ ഈ വിഷയത്തിൽ രഞ്ജിത്തിനെ പിന്തുണച്ചുകൊണ്ടാണ് മന്ത്രി സജി ചെറിയാൻ രംഗത്ത് എത്തിയത്. മന്ത്രിയുടെ ഭാഗത്ത് നിന്നും അത്തരത്തിലുള്ളൊരു പ്രതികരണമല്ല പ്രതീക്ഷിച്ചത് എന്നാണ് പ്രേക്ഷക സംസാരം. എന്തായാലും ഇനിയും കൂടുതൽ വിശദീകരണവുമായി പല താരങ്ങളും അധികൃതരും രംഗത്ത് എത്താനുണ്ട്.
രഞ്ജിത്തിനെതിരെ വീണ്ടും വെളിപ്പെടുത്തൽ ; വലിയ വലിയ ആളുകൾ എഴുതിയ പാട്ടുകളെ രഞ്ജിത്ത് ചവറെന്ന് പറഞ്ഞിരുന്നു; ജെൻസി ഗ്രിഗറി
സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയത്തിൽ രഞ്ജിത്തിനെതിരെയുള്ള സംവിധായകൻ വിനയന്റെ വെളിപ്പെടുത്തലിനു പിന്നാലെ വീണ്ടും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂറി അംഗവും ഗായികയുമായ ജെൻസി ഗ്രിഗറി. മൂവി വേൾഡ് മീഡിയയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്.
ജെൻസി ഗ്രിഗറിയുടെ വാക്കുകൾ…
”ചെയർമാൻ ഒരു സിനിമയുടെ വരികളെപ്പറ്റി എന്നോട് വന്നു പറഞ്ഞു. എന്നാൽ അതിനകം മൂന്നാല് സിനിമ കണ്ടതിൽവെച്ചും അതിനകത്തുള്ള ലിറിക്സിന്റെ വിഭാഗത്തിൽ നോക്കിയതുവെച്ചും എനിക്ക് റഫീഖ് അഹമ്മദിന്റെ വരികൾ തന്നെയായിരുന്നു ഇഷ്ടപ്പെട്ടത്, ഞാൻ അത് സെലക്റ്റ് ചെയ്ത് വച്ചു. അപ്പോൾ രഞ്ജിത്ത് വന്നിട്ട് പറഞ്ഞു, സിനിമയിൽ റഫീഖ് അഹമ്മദിന്റെ നല്ല വരികൾ ഉണ്ടോ? ഒന്നുകൂടി കേട്ടുനോക്കൂ..എന്നൊക്കെ. എല്ലാവരുടെയും മുൻപിൽ വച്ചാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
അപ്പോൾ ഞാൻ പറഞ്ഞു, ആൾറെഡി റഫീഖ് അഹമ്മദിന്റെ തന്നെയാണ് ഞാൻ തെരഞ്ഞെടുത്തത്, ഇനിയും നമുക്ക് സിനിമകൾ ഉണ്ടല്ലോ , അതും കൂടി കണ്ടിട്ടല്ലേ തീരുമാനിക്കാൻ പറ്റൂ. അങ്ങനെ അത് കഴിഞ്ഞിട്ട് ആവാം എന്ന് പറഞ്ഞിരുന്നു. അപ്പോൾ അങ്ങേർക്ക് ചില പാട്ടുകളൊക്കെ പറയുമ്പോൾ അത് ചവറാണെന്ന് പറയുകയും ഒക്കെ ചെയ്തു. വലിയ വലിയ ആളുകൾ എഴുതിയ പാട്ടുകളെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞിരുന്നു.
പിന്നെ ഞാൻ അധികം അങ്ങനെ അദ്ദേഹത്തെ ഇതിൽ ഇടപെടുത്താൻ ശ്രമിച്ചില്ല, കാരണം നമ്മൾ സംഗീതത്തെക്കുറിച്ച് അവാർഡ് നിശ്ചയിക്കാനാണല്ലോ പോയത്, അപ്പോൾ എനിക്കൊരു തീരുമാനം അവസാനം വരെ ഉണ്ടായിരുന്നു. വളരെ ശരിയായ രീതിയിൽ എന്റെ പൂർണ്ണതൃപ്തിയോടു കൂടിയാണ് ഞാൻ തെരഞ്ഞെടുത്തത്. എനിക്ക് ആരുടെയും സ്വാധീനം കിട്ടിയിട്ടില്ല. ഞാൻ എടുത്തിട്ടില്ല എന്ന് പറഞ്ഞു, ഒരു ചെയർമാൻ എന്നുള്ള രീതിയിൽ ഇതിൽ ഇടപെടേണ്ട കാര്യമില്ല അദ്ദേഹത്തിന്, അത് ചെയ്യാൻ പാടില്ല എന്നും പറഞ്ഞു.
അപ്പോൾ രണ്ടുമൂന്നു പ്രാവശ്യം ഇതൊന്നു കേട്ടുനോക്കൂ, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു. പറഞ്ഞതല്ലേ എന്ന് കരുതി ഞാൻ ഒന്ന് കേട്ടുനോക്കി, അതും വളരെ മനോഹരമായിരുന്നു. നല്ലത് പറഞ്ഞുകഴിഞ്ഞാൽ നമുക്ക് നല്ലത് എടുക്കുന്നതിന് കുഴപ്പമൊന്നുമില്ല. പക്ഷേ നമ്മുടെ കൂട്ടത്തിൽപ്പെട്ട ആര് പറഞ്ഞാലും നമ്മൾ അത് എടുക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല. അല്ലാതെ ഇങ്ങേരു അതിനകത്ത് ഇടപെട്ടത് ഒരു ശരിയായ രീതിയല്ലല്ലോ. ബാക്കി ഉള്ളവരാരും അങ്ങനെയുളള ഒരു ഇടപെടലും നടത്തിയിട്ടില്ല. അവിടുത്തെ സെക്രട്ടറി ആണെങ്കിലും അതിനോടനുബന്ധിച്ചുള്ള കുറേ ആൾക്കാരും അവരാരും ഇതിൽ ഒരു ഇടപെടലും നടത്തിയിട്ടില്ല. രഞ്ജിത്ത് മാത്രമാണ് ഇതൊക്കെ ചെയ്തത്.”
നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സെെബർ ആക്രമണം
കഴിഞ്ഞ ദിവസമായിരുന്നു നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഒരു ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നടനോ ബൈക്ക് യാത്രികനോ കാര്യമായ ഒന്നും സംഭവിച്ചില്ലായിരുന്നു. ഇപ്പോഴിതാ താരത്തിനെ മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. നടനെ ഫോണിൽ വിളിച്ച് അസഭ്യ വർഷം നടത്തിയെന്നാരോപിച്ച് സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ കേസെടുത്തിരിക്കുകയാണ് സൈബർ പൊലീസ്. കാക്കനാട് സൈബർ സൈബർ ക്രൈം പൊലീസ് ആണ് സുരാജിന്റെ പരാതിയിൽ കേസെടുത്തത്. കഴിഞ്ഞ മൂന്ന് ദിവസമായി തൻറെ ഫോണിലും വാട്ട്സ്ആപ്പ് കോൾ വഴിയും പരിചയമില്ലാത്ത നമ്പരുകളിൽ നിന്ന് അസഭ്യവർഷവും കൊലവിളിയും നടത്തുന്നുവെന്നാണ് നടന്റെ പരാതി. സംഭവത്തിൽ മൊബൈൽ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുരാജിന്റെ വാട്ട്സ്ആപ്പിലൂടെ വിദേശത്തു നിന്നടക്കം ഭീഷണി ഫോൺ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് പരാതി നടൻ നൽകിയത്. സുരാജിന്റെ ഫോൺ നമ്പർ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധപ്പപ്പെടുത്തി തെറിവിളിക്കാൻ ആഹ്വാനം ചെയ്തയാൾക്കെതിരയും പരാതി നൽകിയിട്ടുണ്ട്. ഫോൺ നമ്പരുകളും സോഷ്യൽ മീഡിയ അക്കൌണ്ടുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കാക്കനാട് സൈബർ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും പീഡനത്തിരയാക്കുകയും സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം വലിയ വാർത്തയായിരുന്നു. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു സുരാജിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നത്. എന്നാൽ പിന്നീട് സുരാജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനവും ഉടലെടുത്തു. എന്നാൽ ഫേസ്ബുക്ക് താനല്ല ഡിലീറ്റ് ചെയ്തതെന്നും ഫെയ്‌സ്ബുക്ക് കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമപ്രകാരം ഫെയ്‌സ്ബുക്ക് അധികൃതർ തന്നെ നീക്കം ചെയ്തതാണെന്നും വിശദീകരിച്ച് സുരാജ് തന്നെ രംഗത്തെത്തിയിരിക്കുന്നു. അതേസമയം ആലുവ സംഭവത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഫോൺ കോളുകൾ വരാൻ തുടങ്ങിയതെന്ന വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാൻ അനുവദിക്കണം; മണിപ്പൂർ മുഖ്യമന്ത്രിക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി
മണിപ്പൂരിലെ വടക്ക് കിഴക്കൻ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായ സാമഗ്രികൾ എത്തിക്കാൻ അനുവാദം നൽകണമെന്ന് മണിപ്പൂരിനോട് തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടു. മരുന്നുകൾ ഉൾപ്പെടെയുള്ള സഹായം അയയ്ക്കാൻ അനുവാദം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന് കത്തയച്ചു.
വടക്കുകിഴക്കൻ സംസ്ഥാനത്തിലെ നിലവിലെ സാഹചര്യം കാരണം അൻപതിനായിരത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സ്റ്റാലിൻ പറയുന്നു.
“ദുരിതബാധിതർക്ക് ചില വസ്തുക്കളുടെ ആവശ്യം കൂടികൊണ്ടിരിക്കുകയാണ്. ഈ നിർണായക സമയത്ത്, ടാർപോളിൻ ഷീറ്റുകൾ, ബെഡ് ഷീറ്റുകൾ, കൊതുകുതിരി തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ നൽകി താങ്കളുടെ സംസ്ഥാനത്തിന് പിന്തുണ നൽകാൻ തമിഴ്നാട് സർക്കാർ തയ്യാറാണ്. പ്രധാനപ്പെട്ട മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ, പാൽപ്പൊടി എന്നിവ ഏകദേശം 10 കോടി രൂപ വിലമതിക്കുന്നുവെന്നും” സ്റ്റാലിൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് ഈ സഹായം വളരെ ഉപയോഗമാകുമെന്നും ആവശ്യമെങ്കിൽ അവരെ എയർലിഫ്റ്റ് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.
ഈ സഹായത്തിന് മണിപ്പൂർ സർക്കാരിന്റെ സമ്മതം നൽകാൻ അഭ്യർത്ഥിക്കുന്നുവെന്നും കൂടാതെ, അക്കാര്യത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ച് അറിയിക്കണമെന്നും കത്തിൽ ആവശ്യപെടുന്നു. എങ്കിൽ മാത്രമേ അവരുടെ ആളുകളുമായി ബന്ധപ്പെടാൻ കഴിയൂവെന്ന് സ്റ്റാലിൻ പറഞ്ഞു.
വംശീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ കായിക താരങ്ങൾക്ക് തമിഴ്‌നാട്ടിൽ പരിശീലന സൗകര്യം ഒരുക്കാമെന്ന് സ്റ്റാലിൻ വാഗ്ദാനം ചെയ്തത് നേരത്തെ വാർത്തയായിരുന്നു.
മെയ് 3 ന് മണിപ്പൂരിൽ നടന്ന വംശീയ സംഘർഷത്തിന് ശേഷം 160-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ അൻപത്തിമൂന്നു ശതമാനത്തോളം വരുന്ന മെയ്തി വിഭാഗം കൂടുതലും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്.
അലക്ഷ്യമായി വാഹനമോടിച്ചെന്ന് ആരോപണം നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പോലീസ് കേസെടുത്തു
പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചെന്ന് ആരോപിച്ചാണ് കേസ്. കാറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകുവാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു, ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്.
നടൻ സുരാജ് സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം പാലാരിവട്ടത്ത് വച്ച് അപകടത്തില്‍ പെടുകയായിരുന്നു. മലപ്പുറം സ്വദേശിയായ ശരത്തിനാണ് അപകടത്തില്‍ പരിക്കേറ്റിരുന്നത്. അപകടത്തില്‍ ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിരുന്നു, സുരാജിന് പരിക്കുകൾ ഒന്നുമില്ല.
ഹരിയാനയിൽ വീണ്ടും സംഘർഷം;കടകൾക്ക് തീയിട്ടു
ചൊവ്വാഴ്ച ഹരിയാനയിലെ ഗുഡ്ഗാവിലെ ബാദ്ഷാപൂർ പ്രദേശത്ത് ഒരു പുതിയ അക്രമണം പൊട്ടിപ്പുറപ്പെട്ടു. ഒരു സംഘം ആളുകൾ പ്രദേശത്തെ കടകൾക്ക് നേരെ ആക്രമണം നടത്തുകയും തുടർന്ന് ഗുഡ്ഗാവ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
ഹരിയാനയിലെ നുഹിൽ ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും നടത്തിയ ഘോഷയാത്രയ്ക്കിടെ തിങ്കളാഴ്ച്ചയുണ്ടായ സംഘർഷത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച പോലീസുകാരായ നീരജ്, ഗുർസേവക് എന്നിവരെ ഗുഡ്ഗാവ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് അവർ ഗുഡ്ഗാവിലെ ഖേർക്കി ദൗല പോലീസ് സ്റ്റേഷനിൽ ഉള്ളവരാണെന്ന് വ്യക്തമായി. കൂടാതെ സംസ്ഥാനത്ത് ഇന്നലെ വെടിയേറ്റ് പരിക്കേറ്റ മൂന്ന് പോലീസുകാർ ഇപ്പോൾ വെന്റിലേറ്ററിലാണ്.