തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആൺസുഹൃത്ത് ഡോ. റുവൈസിന്റെ ഫോൺ സൈബർ പരിശോധനക്ക് നൽകാൻ പൊലീസ്. റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോൾ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും, ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് റുവൈസിന്റെ ഫോണിലെ വാട്‌സ് ആപ്പ് ചാറ്റ് ഉൾപ്പെടെയുള്ളവയിൽ വിശദമായ പരിശോധനക്കായി ഫോൺ സൈബർ പരിശോധനക്ക് നൽകാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.
സ്ത്രീധനം കൂടുതല്‍ ചോദിച്ചത് വാപ്പ’: ആരോപണവുമായി സഹോദരന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍ രംഗത്ത്. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്നാണ് ഡോ. ഷഹ്നയുടെ സഹോദരന്‍ ജാസിം നാസിമിന്റെ ആരോപണം. റുവൈസാണ് സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത്.
കഴിയുന്നത്ര നല്‍കാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതല്‍ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാന്‍ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. ഷഹ്നക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കില്‍ രജിസ്റ്റര്‍ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.
നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാന്‍ വഴിപാട്
നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാന്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ തഹസില്‍ദാരുടെ വക താമരമാല വഴിപാട്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കൂടിയായ മുകുന്ദപുരം തഹസില്‍ദാര്‍ കെ.ശാന്തകുമാരിയാണു താമരമാല വഴിപാട് നേര്‍ന്നത്. നവകേരള സദസ്സ് എന്ന പേരിലാണ് വഴിപാട് ബുക്ക് ചെയ്തത്. ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു ഇരിങ്ങാലക്കുടയിലെ സദസ്സ്. ഉച്ചയ്ക്കു മഴക്കാര്‍ കണ്ടപ്പോള്‍ വഴിപാടിന്റെ കാര്യം ക്ഷേത്രത്തില്‍ വിളിച്ച് തഹസില്‍ദാര്‍ ഉറപ്പുവരുത്തുകയും ചെയ്തു. എറണാകുളം ജില്ലയില്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലാണ് നവകേരള സദസ് നടക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് മണ്ഡലങ്ങളില്‍ ഇന്നും നാളെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യപിച്ചു.
മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഉത്തരവ്; ദിലീപിന് തിരിച്ചടി
നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരെന്നു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം നടത്തണം. ഒരുമാസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണു ഹൈക്കോടതി ഉത്തരവ്. ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടാം. പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്കു വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
നടിയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു നടിയുടെ ശ്രമമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2018 ജനുവരി 9നും ഡിസംബര്‍ 13നും 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായി ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു.
നടിയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു നടിയുടെ ശ്രമമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2018 ജനുവരി 9നും ഡിസംബര്‍ 13നും 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായി ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു.
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. രാജി നേരത്തെ നല്‍കിയിരുന്നെങ്കിലും മാര്‍പ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാനരീതിയെ ചൊല്ലി നാളുകളായി നിലനിന്ന ഭിന്നതയ്ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറക്കം എന്നതാണ് ശ്രദ്ധേയം. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ നടത്തിയത്.
‘മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബര്‍15-ന് വീണ്ടും സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് മാര്‍പ്പാപ്പ എന്നെ വിരമിക്കാന്‍ അനുവദിച്ചത്’, വാര്‍ത്തസമ്മേളനത്തില്‍ ആലഞ്ചേരി പറഞ്ഞു.
സഭയുടെ രീതിയനുസരിച്ച് പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയേപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതലയും നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വണ്ടി വരുന്നു; പെരുന്നാള്‍ കച്ചവടം വേണ്ട
നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന വഴിയിലെ താല്‍ക്കാലിക പെരുന്നാള്‍ കച്ചവടം നിര്‍ത്തണമെന്നു പൊലീസിന്റെ നിര്‍ദേശം. പത്തിനാണു മുട്ടം ഊരക്കുന്നു ക്നാനായ പള്ളിയിലെ തിരുനാളിന്റെ പ്രധാനദിവസം. അന്ന് ഉച്ചകഴിഞ്ഞു തൊടുപുഴയില്‍നിന്ന് ഇടുക്കിയിലേക്കു പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പെട്ടിക്കടകള്‍ യാത്രാതടസ്സം സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞാണ് ഒരു ദിവസത്തേക്ക് ഒഴിപ്പിക്കുന്നത്.
പ്രധാന പെരുന്നാളിനു കച്ചവടം നടന്നില്ലെങ്കില്‍ കട പൂട്ടിപ്പോകുമെന്നാണു വ്യാപാരികള്‍ സങ്കടം പറയുന്നത്. എല്ലാ വര്‍ഷവും തിരുനാള്‍ ദിനങ്ങളില്‍ റോഡരികില്‍ വ്യാപാരമുണ്ട്. ഇടുക്കിയിലെ നവകേരള സദസ് 10, 11, 12 തീയതികളിലാണ് നടക്കുന്നത്.
ജിയോ ബേബിക്ക് പിന്തുണയുമായി ഡോ. ഖദീജ മുംതാസ്
സംവിധായകന്‍ ജിയോ ബേബിയെ ഒഴിവാക്കിയ ഫറൂഖ് കോളേജ് നിലപാടില്‍ പ്രതിഷേധിച്ച് സാഹിത്യകാരി ഡോ. ഖദീജ മുംതാസ്. ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യവുമായി ഫാറൂഖ് കോളേജിലെ പരിപാടിയില്‍ നിന്ന് ഖദീജ മുംതാസ് പിന്മാറി. ഇന്ന് നടക്കേണ്ട പെന്‍ ക്ലബ്ബ് ഉദ്ഘാടനത്തില്‍ നിന്നാണ് പിന്മാറിയത്.
ഇന്ന് ഫറൂക്ക് കോളേജിലെ പെന്‍ ക്ലബ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. വരുന്നില്ല എന്ന് എന്റെ പ്രതിഷേധ കുറിപ്പോടെ അവരെ അറിയിക്കലാണ് ഇന്ന് രാവിലെ ആദ്യം ചെയ്ത കാര്യം ഡോ. ഖദീജ മുംതാസ് കുറിച്ചു.
അതേസമയം സംവിധായകന്‍ ജിയോ ബേബിയെ വിളിച്ചു വരുത്തി അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി ഫാറൂഖ് കോളേജ് രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും സഹകരിക്കില്ലെന്നും അറിയിച്ചതിനാലാണ് പരിപാടി ഉപേക്ഷിച്ചതെന്ന് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. പരിപാടി ഉപേക്ഷിച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാനാണെന്നും കോളേജ് കൂട്ടിച്ചേര്‍ത്തു.
‘എന്നെ ആദരണീയ മോദിജി’ എന്ന് വിളിക്കരുത്
തന്നെ ‘മോദിജി’ എന്നോ ‘ആദരണീയ മോദിജി’ എന്നോ വിളിക്കരുതെന്ന് ബി.ജെ.പി. എം.പിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. ഇത്തരം വിശേഷണങ്ങള്‍ രാജ്യത്തെ ജനങ്ങളുമായി അകല്‍ച്ചയുണ്ടാക്കുമെന്നതിനാല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.
താന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനാണ്, ജനങ്ങള്‍ തന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായാണ് കരുതുന്നത്. ആളുകള്‍ തന്നെ അവരിലൊരാളായും മോദിയായും കരുതുന്നതിനാല്‍ ‘ശ്രീ’ അല്ലെങ്കില്‍ ‘ആദരണീയ’ പോലുള്ള വിശേഷണങ്ങള്‍ ചേര്‍ക്കരുതെന്ന് അദ്ദേഹം ബിജെപി എംപിമാരോട് പറഞ്ഞു.
രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ വിജയത്തിന് കാരണമായത് ഒത്തൊരുമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂട്ടായ മനോഭാവത്തോടെ മുന്നേറാന്‍ അദ്ദേഹം എംപിമാരോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന വികസിത ഭാരത് യാത്രയില്‍ പങ്കെടുക്കണമെന്നും എംപിമാരോട് ആവശ്യപ്പെട്ടു.
കളമശേരി സ്‌ഫോടനം: ഒരാള്‍ കൂടി മരിച്ചു, മരണം 8 ആയി
കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്കിടയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലില്ലി. ഇവരുടെ ഭര്‍ത്താവ് ജോണ്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.
ഡൊമിനിക് മാര്‍ട്ടിന്‍ ആണ് പ്രാര്‍ത്ഥന നടന്ന കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു. സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നുമെല്ലാം ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
വീട്ടില്‍ വെച്ചാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയത്. രണ്ട് മാസം മുമ്പേ സ്‌ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കി പഠിച്ചു. സ്‌ഫോടനത്തിന്റെ തലേദിവസം ബോംബ് നിര്‍മ്മിച്ചു. പുലര്‍ച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടില്‍ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലെ പ്രാര്‍ത്ഥനാ ഹാളിലെത്തി. സ്‌കൂട്ടറിലാണ് എത്തിയത്. കസേരകള്‍ക്കിടയിലാണ് ബോംബ് വെച്ചത്, ടിഫിന്‍ ബോക്‌സിലല്ല. നാല് റിമോട്ടുകള്‍ വാങ്ങിയിരുന്നു അതില്‍ രണ്ടെണ്ണം മാത്രമാണ് ഉപയോ?ഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിലുണ്ട്. ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
സ്‌ഫോടനം നടക്കവെ ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യമാതാവും സഹോദര ഭാര്യയും കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യ മിനിയുടെ മൊഴിയിലാണ് ഇക്കാര്യമുളളത്. കൊച്ചി എളംകുളം സ്വദേശിയാണ് ഡൊമിനിക് മാര്‍ട്ടിന്‍. താനാണ് സ്‌ഫോടനം നടത്തിയതെന്ന് അറിയിച്ച് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമാണ് സ്‌ഫോടനമുണ്ടായത്.
നവകേരള സദസ്സ് : സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി
വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്. പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.
നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.