രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന, രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. കോണ്‍ഗ്രസ് നല്‍കിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷനോട് വിശദീകരണം നേടിയത്. 29 ന് രാവിലെ 11 മണിക്കുള്ളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ബിജെപി പരാതിയില്‍ രാഹുല്‍ ഗാന്ധിക്കും കമ്മീഷന്‍ നോട്ടീസ് നല്‍കി. കേരളത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗമാണ് നടപടികള്‍ക്ക് ആധാരം. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നുമുളള പ്രധാനമന്ത്രിയുടെ പരാമര്‍ശമാണ് വിവാദമായത്.
കേരളത്തിലടക്കം വെച്ച് നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരിലാണ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. ഭാഷയുടെ പേരില്‍ ബിജെപി രാജ്യത്തെ വിഭജിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപത്തിയേഴാം വകുപ്പ് അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരായ നടപടി.
വയനാട്ടിലെ കിറ്റില്‍ വെറ്റിലയും മുറുക്കും പുകയിലയും?. പിന്നില്‍ ബിജെപിയെന്ന് സിപിഎമ്മും കോണ്‍ഗ്രസും
വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വ്യാപകമായി കിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് – വലത് മുന്നണികള്‍. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉള്‍പ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. നേരെ ചൊവ്വേ മത്സരിച്ചാല്‍ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.
ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഇന്നലെ ഒരു ലോറിയില്‍ നിന്നാണ് ഗോഡൗണില്‍ നിന്ന് കിറ്റുകള്‍ കണ്ടെത്തിയത്. പിന്നീട് കെല്ലൂരിലെ കിറ്റ് വിതരണ ആരോപണത്തെ തുടര്‍ന്നാണ് ഇവിടെ പ്രതിഷേധം തുടര്‍ന്നത്. കടയ്ക്ക് അകത്ത് കയറി പരിശോധിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘നടന്നത് ഗുരുതര വീഴ്ച’; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ നടപടി, ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
പത്തനംതിട്ടയില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥനെ നടപടിയെടുത്തത്. സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റില്‍ ആന്റോ ആന്റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കളക്ടറുടെ നടപടി.
നടപടിയെടുക്കാന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. നടപടി നേരിട്ട ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫ്‌ലെക്‌സ് അടിക്കാന്‍ പിഡിഎഫ് ആയി നല്‍കിയ പട്ടിക അബദ്ധത്തില്‍ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.
വിവരം അറിഞ്ഞപ്പോള്‍ രാത്രി തന്നെ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി പ്രശ്‌നം പരിഹരിച്ചിരുന്നു എന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വിശദീകരിച്ചു. കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കാന്‍ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും വീഴ്ചയില്‍ ക്രിമിനല്‍ നിയമ നടപടി എടുക്കുമെന്നും സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്നും ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും രാത്രി തന്നെ പുനര്‍വിന്യസിച്ചുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി രംഗത്തെത്തിയത്.പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തിയെന്നായിരുന്നു ആന്റോ ആന്റണിയുടെ ആരോപണം. ഇന്ന് പോളിംഗ് സാമഗ്രികള്‍ വാങ്ങുമ്പോള്‍ മാത്രം ഉദ്യോഗസ്ഥര്‍ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നും ആന്റോ ആന്റണി പറഞ്ഞു.
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്‌സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്റെ നീക്കമാണിത്. ആരോപണത്തില്‍ തെളിവും ആന്റോ ആന്റണി പുറത്തുവിട്ടു. അനില്‍ ആന്റണിക്ക് വേണ്ടി ഗവര്‍ണര്‍മാര്‍ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആന്റോ ആന്റണി ആരോപിച്ചു.
ആന്റോ ആന്റണിയുടെ ആരോപണത്തിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയുണ്ടായത്. അതേസമയം, ഒരു ഉദ്യോഗസ്ഥനില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും വലിയൊരു നെറ്റ് വര്‍ക്കാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ആന്റോ ആന്റണി ആവര്‍ത്തിച്ചു.
പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 25 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
-പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
-ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.
-ധാരാളമായി വെള്ളം കുടിക്കുക.
-അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
-കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.
-നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.
-വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
-കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.
-എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.
പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉയര്‍ന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലര്‍ട്ട്
2024 ഏപ്രില്‍ 25 മുതല്‍ 29 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41ത്ഥഇ വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39ത്ഥഇ വരെയും, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38ത്ഥഇ വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ത്ഥഇ വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36ത്ഥഇ വരെയും (സാധാരണയെക്കാള്‍ 2 – 4ത്ഥഇ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 25 മുതല്‍ 29 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഏപ്രില്‍ 25 മുതല്‍ 27 വരെ ഉഷ്ണതരംഗ സാധ്യത.
സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചില്ലെന്ന് തോന്നുന്നു, അതാണിങ്ങനെയെന്ന് തുറന്നടിച്ച് ഇ പി
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ കെ സുധാകരനെതിരെ രൂക്ഷപ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് ഇന്നുരാവിലെ അതിന്റെ തകരാറു പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന സുധാകരന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സുധാകരന്‍.
കെ സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നതിനായി തയാറെടുത്തിരിക്കുകയാണ്. സുധാകരന്‍ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും ഇ പി പറഞ്ഞു. കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു. അതൊന്നും പഴയതുപോലെ ക്ലച്ചുപിടിക്കുന്നില്ല. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവര്‍ക്കെതിരെ പൊരുതി വന്നവനാണ് താനെന്നും ഇപി കൂട്ടിച്ചേര്‍ത്തു. കെ സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപി ജയരാജന്റെ വാക്കുകള്‍………
കെ സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നതിനായി തയാറെടുത്തിരിക്കുകയാണ്. സുധാകരന്‍ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഞങ്ങള്‍ ഈ നിലപാട് സംബന്ധിച്ച് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു. അതൊന്നും പഴയതുപോലെ ക്ലച്ചുപിടിക്കുന്നില്ല, എനിക്ക് തോന്നുന്നത് സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ല എന്നാണ്. അതുകൊണ്ട് ഇന്നുരാവിലെ അതിന്റെ തകരാറു പ്രകടിപ്പിച്ചു. അതാണ് ഞാന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞത്. എനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. ഞാന്‍ അവര്‍ക്കെതിരെ പൊരുതി വന്നവനാണ്.
എന്നെ കൊല്ലാന്‍ ശ്രമിച്ചവരാണ് ആര്‍എസ്എസുകാര്‍. അദ്ദേഹത്തിന് അല്‍ഷിമേഴ്സ് ഉണ്ടോ? എന്തോ ഒരു തകരാറുണ്ട്. ഇങ്ങനെ പോയാലെങ്ങനെ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയും? അതുകൊണ്ട് നല്ലൊരു രാഷ്ട്രീയ നേതാവാകാന്‍ ശ്രമിക്ക്. സത്യങ്ങളില്‍ ഊന്നി നില്‍ക്കൂ. നിലവാരമില്ലാത്തവരാണ് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കില്ല. തോക്കിന്റെ പക ഇപ്പോഴും സുധാകരന് തീര്‍ന്നിട്ടില്ല അല്ലേ? നിലവാരമില്ലാത്ത ആരോപണത്തിന് മറുപടി ഇല്ല. ശോഭാ സുരേന്ദ്രനെ അറിയില്ല. കെ സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കും. നിയമ നടപടി സ്വീകരിക്കും. മാന നഷ്ടത്തിന് കേസ് കൊടുക്കും.
ഇന്‍ഡ്യ മുന്നണി എന്ന് പരസ്യം നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ‘കണ്‍ഫ്യൂഷന്‍’ ആകുമെന്ന ആശങ്കയില്‍ യുഡിഎഫ്
ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥി എന്ന പേരില്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കി കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. ഇന്നിറങ്ങിയ മിക്ക പത്രങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് കെ ജോര്‍ജിന്റെയും പരസ്യമുണ്ട്.
അഡ്വക്കറ്റ് ഫ്രാന്‍സിസ് കെ ജോര്‍ജ് യുഡിഎഫ് മുന്നണി സ്ഥാനാര്‍ഥിയെ ഓട്ടോറിക്ഷ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക എന്ന് മാത്രം പറഞ്ഞിരിക്കുമ്പോള്‍ എല്‍ഡിഎഫ് ഒരു പടികൂടി കടന്ന് ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ ഫ്രാന്‍സിസ് ജോര്‍ജ് ആണോ എല്‍ഡിഎഫിന്റെ തോമസ് ചാഴികാടനാണോ എന്ന് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കും എന്നാണ് ആശങ്ക.
രാഹുല്‍ ഗാന്ധി കോട്ടയത്ത് പ്രചാരണത്തിന് എത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് പോലും പറഞ്ഞു വോട്ട് ചോദിച്ചില്ലെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. രാഹുല്‍ വോട്ട് ചോദിച്ചത് ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ആണെന്ന് കൂടി പറഞ്ഞുവച്ചു സിപിഐഎമ്മും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും. ആരൊക്കെ എങ്ങനെയൊക്കെ പ്രചരിപ്പിച്ചാലും ജനങ്ങള്‍ക്ക് സത്യം അറിയാമെന്നും വിജയം സുനിശ്ചിതമാണെന്നുമാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.