തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരത്തിനൊരുങ്ങുന്നു. കരമനയില്‍ ഷൈന്‍ലാലിനെ അനുകൂലിക്കുന്നവരുടെ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. സംഘടനാതലത്തിലെ അവഗണനയില്‍ പ്രതിഷേധിച്ചാണ് മത്സരത്തിനിറങ്ങുന്നതെന്നാണ് ഷൈനിന്റെ വിശദീകരണം.
സംഘടനാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തക്ക് ഷൈന്‍ മത്സരിച്ചിരുന്നു. ഗ്രൂപ്പിന്റെ അതിപ്രസരം കാരണം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സ്ഥാനം എന്ന ഉപാധിയിലായിരുന്നു അത്. എന്നാല്‍ സെക്രട്ടറിയായിട്ടും പാര്‍ട്ടി തലങ്ങളില്‍ പരിഗണന കിട്ടുന്നില്ല, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷൈനിന്റെ രാജി.
കരമനയില്‍ ഷൈനിന്റെ നേതൃത്വത്തില്‍ നടത്തിയ അനുഭാവികളുടെയും സുഹൃത്തുക്കളുടേയും യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. എന്നാല്‍ കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ പ്രാദേശിക ഘടകങ്ങളില്‍ അംഗത്വമുള്ളവരാരും യോഗത്തിലുണ്ടായിരുന്നില്ല.
2025ല്‍ കേരളം പരമ ദരിദ്രരില്ലാത്ത സംസ്ഥാനമാകും, ബിജെപി ഭരണത്തോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങള്‍ കൂടി: പിണറായി
തൊടുപുഴ : ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്നും അതിന് കാരണം ഇടതു ഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇന്ത്യയെ ബിജെപി സര്‍ക്കാര്‍ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. വാഗ്ദാനം ചെയ്ത പല കാര്യങ്ങളും അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കിയില്ല. ബിജെപി രാജ്യം ഭരിക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക സാഹചര്യമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിച്ചപ്പോള്‍ വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. അതിനായി കോണ്‍ഗ്രസിന്റെ അംഗബലം കൂട്ടണമെന്നായിരുന്നു പ്രചാരണം. പക്ഷേ തെരഞ്ഞെടുത്തവര്‍ നാടിന്റെ ശബ്ദം പ്രകടിപ്പിച്ചില്ല. ഏകീകൃത വ്യക്തി നിയമത്തെ എതിര്‍ക്കാന്‍ കേരളത്തിലെ യുഡിഎഫ് എംപിമാര്‍ക്ക് കഴിഞ്ഞില്ല. അന്വേഷണ ഏജന്‍സികളെ വിട്ട് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ ബിജെപി കസ്റ്റഡിയിലെടുക്കുന്നതിലും കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസിനെയും വേട്ടയായിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ക്കെതിരെയാണ് നടപടിയെങ്കില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണ്.
അരവിന്ദ് കേജരിവാള്‍ കേസ് തന്നെ ഇതിനുദാഹരണമാണെന്നും പിണറായി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ഏറ്റവും കൂടുതല്‍ ആക്ഷേപിക്കുന്നത് കിഫ്ബിയെയാണ്. കേരളത്തിലെ ഏറ്റവും അധികം വികസനം ഉണ്ടാക്കിയത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. ഇഡിയുടെ കൂടെ ചേര്‍ന്ന് തോമസ് ഐസക്കിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പ്രളയ കാലത്ത് അര്‍ഹമായ കേന്ദ്രസഹായം നിഷേധിച്ചപ്പോഴും കോണ്‍ഗ്രസ് മിണ്ടിയില്ല. അപ്പോഴും ബിജെപിക്ക് ഒപ്പമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കാന്‍ ശ്രമിച്ചപ്പോഴും എംപിമാര്‍ പാര്‍ലമെന്റില്‍ മിണ്ടിയില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം കൊടുക്കാനൊ ഒന്നിച്ചു കാണാനൊ പോലും എംപിമാര്‍ തയ്യാറായില്ല. വന്യജീവി സങ്കര്‍ഷം പരിഹരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് കൂടി സഹായിക്കണം. ഇതിനായി യുഡിഎഫ് എംപിമാര്‍ ഒന്നും ചെയ്തില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
പ്രഥമ ഇന്നസെന്റ് പുരസ്‌ക്കാരം ഇടവേള ബാബുവിന്
ഏവരുടേയും ഹൃദയത്തിലിടം നേടിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍.ബിന്ദു. ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്‌ക്കാര – ആദരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്ത്പിടിച്ച, സമൂഹത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്നും, പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ആത്മിശ്വാസം പകരുന്ന വലിയ പ്രചോദനമാണ് ഇന്നസെന്റേട്ടന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകമെന്നും പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.
കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും, മികച്ച സംഘാടകനുമായ ഇടവേള ബാബുവിനെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം നല്‍കി മന്ത്രി ആര്‍.ബിന്ദു ആദരിച്ചു. ഇടവേള ബാബു, ജുനിയര്‍ ഇന്നസെന്റ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച ഡി.ജെ, സംഗീത-നൃത്തവിരുന്നും ഫാഷന്‍ഷോയും തുടര്‍ന്നു ഉണ്ടായിരുന്നു.
കാലങ്ങളായി മലയാളത്തിന്റെ താര സംഘടനയായ അമ്മയെ മുന്നില്‍ നിന്നും നയിക്കുന്ന സാരഥിയാണ് ഇടവേള ബാബു. സിനിമകള്‍ ചെയ്യുന്നത് വിരളമാണെങ്കിലും എല്ലാ കാര്യത്തിനും മുന്നില്‍ തന്നെയുണ്ട് ഇടവേള ബാബു.
മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറായാണ് ഇടവേള ബാബുവിനെ സിനിമാലോകം വിശേഷിപ്പിക്കുന്നത്. സംഘടനയ്ക്ക് വേണ്ടി ബാബു നടത്തുന്ന പ്രവര്‍ത്തനങ്ങളെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുകഴ്ത്തി പറഞ്ഞിട്ടുമുണ്ട്.
അമ്മനത്ത് ബാബു ചന്ദ്രന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. 1982ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ഇടവേളയില്‍ അഭിനയിച്ചതോട് കൂടിയാണ് ഇടവേള ബാബു എന്ന പേര് താരത്തിന് ലഭിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ ഉപയോഗിക്കുന്ന ഇന്റര്‍വെല്‍ ബാബു എന്ന പേര് തന്നെ ആദ്യം സ്‌നേഹത്തോടെ വിളിച്ച താരം മമ്മൂട്ടിയാണെന്ന് അടുത്തിടെ ബാബു വെളിപ്പെടുത്തിയിരുന്നു. സ്‌നേഹത്തോടെ പണ്ടുമുതലെ ഇന്റര്‍വെല്‍ ബാബു എന്ന് വിളിക്കുന്നത് മമ്മൂക്കയാണെന്നും അത് ആസ്വദിക്കുന്നതായുമാണ് ഇടവേള ബാബു പറഞ്ഞത്. അഭിനയത്തില്‍ സജീവമായി നില്‍ക്കാത്തതിനെ കുറിച്ചും താരം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. അഭിനയത്തില്‍ എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന കാര്യത്തിലൊക്കെ കൃത്യമായ ധാരണയുണ്ടെന്നും 30 വര്‍ഷം കൊണ്ട് 250 സിനിമകളില്‍ അഭിനയിച്ചതായും ഒരു ടെന്‍ഷനുമില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. താരങ്ങളുടെ സ്റ്റേജ് ഷോകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരേയും ഏകോപിപ്പിച്ച് ഷോ ഗംഭീരമാക്കാറുള്ളത് ഇടവേള ബാബു അടക്കമുള്ളവര്‍ നേതൃത്വം കൊടുക്കുന്ന സംഘമാണ്.
‘ആഘോഷമില്ല,ഇത് പോരാടേണ്ട സമയം’; സഞ്ജയ് സിങ് ജയില്‍മോചിതനായി,വരവേറ്റ് പ്രവര്‍ത്തകര്‍
ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് ജയില്‍മോചിതനായി. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ആറുമാസത്തോളമായി സഞ്ജയ് സിങ് ജയിലിലായിരുന്നു.ചൊവ്വാഴ്ചയാണ് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയത്. പുറത്തെത്തുന്ന സഞ്ജയ് സിങ്ങിനെ കാത്ത് നൂറുകണക്കിന് ആം ആദ്മി പ്രവര്‍ത്തകരാണ് തിഹാര്‍ ജയില്‍ പരിസത്ത് കാത്തുനിന്നിരുന്നത്. ആഘോഷിക്കാനുള്ള സമയം ആയിട്ടില്ലെന്നും പോരാടാനുള്ള സമയമാണിതെന്നും സഞ്ജയ്, പ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും ഇതേ കേസില്‍ അഴിക്കുള്ളിലാണ്. ജയിലിന്റെ താഴുകള്‍ പൊട്ടിച്ചെറിഞ്ഞ് അവര്‍ പുറത്തെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു.സുപ്രീംകോടതിക്കുമുന്നില്‍ വന്ന ജാമ്യാപേക്ഷയെ ഇ.ഡി. എതിര്‍ത്തിരുന്നില്ല. തുടര്‍ന്നായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പി.ബി. വരലെ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങില്‍നിന്ന് ഇ.ഡി. പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജസ്റ്റിസുമാര്‍ ചൂണ്ടിക്കാട്ടി.സഞ്ജയ് സിങ്ങിനെ കൂടാതെ മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും അരവിന്ദ് കെജ്രിവാളും തിഹാര്‍ ജയിലിലാണുള്ളത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ നാലിനാണ് സഞ്ജയ് സിങ്ങിനെ ഇ.ഡി. അറസ്റ്റുചെയ്തത്. കേസില്‍ അറസ്റ്റിലായ എ.എ.പി. നേതാക്കളില്‍ ആദ്യമായാണ് ഒരാള്‍ക്ക് ജാമ്യം ലഭിക്കുന്നത്.
ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ പരിശോധനയ്ക്കു പിന്നാലെയായിരുന്നു സഞ്ജയ് സിങ്ങിനെ അറസ്റ്റുചെയ്തത്. മദ്യനയക്കേസില്‍ അറസ്റ്റിലാകുകയും പിന്നീട് മാപ്പുസാക്ഷിയാകുകയും ചെയ്ത വ്യവസായി ദിനേശ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി.യുടെ നടപടി. ദിനേശ് അറോറയുടെ കൈയില്‍നിന്ന് രണ്ടുതവണയായി സഞ്ജയ് സിങ് രണ്ടുകോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്നായിരുന്നു ഇ.ഡി. ആരോപിച്ചത്. എന്നാല്‍, ഇ.ഡി. റെയ്ഡിലും ചോദ്യംചെയ്യലിലും ഇതിന് തെളിവുകള്‍ കണ്ടെത്താനായില്ല.
ബോംബ് നിര്‍മിച്ചത് പോലീസിനെ ലക്ഷ്യംവെച്ചോ?;കൈപ്പത്തി നഷ്ടമായി,നാലുപേരും ആശുപത്രിയിലെത്തിയത് ഓട്ടോയില്‍
മണ്ണന്തല: തിരുവനന്തപുരം മണ്ണന്തലയില്‍ യുവാക്കളുടെ നാലംഗസംഘം നാടന്‍ബോംബ് നിര്‍മിച്ചത് പോലീസിനെ ആക്രമിക്കാനാണോ എന്ന് സംശയം. ബുധനാഴ്ച വൈകിട്ട് നാടന്‍ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാള്‍ക്ക് ഇരുകൈപ്പത്തികളും സ്ഫോടനത്തില്‍ നഷ്ടമായി. യുവാക്കളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശി അനിജിത്ത് (18), വട്ടപ്പാറ വേങ്കവിള സ്വദേശി അഖിലേഷ് (19), നെടുമങ്ങാട് സ്വദേശി അനിരുദ്ധ് (18), വട്ടപ്പാറ സ്വദേശി കിരണ്‍ (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതില്‍ അനിരുദ്ധിനാണ് സ്ഫോടനത്തില്‍ കൈപ്പത്തികള്‍ നഷ്ടമായത്. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടുകൂടിയാണ് സ്ഫോടനമുണ്ടായത്. മണ്ണന്തല സ്റ്റേഷന്‍ പരിധിയില്‍ മുക്കോലയ്ക്കലില്‍ ഒരു പാര്‍ക്കിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് സംഭവം.
രണ്ടു ബൈക്കുകളിലായെത്തിയ സുഹൃത്തുക്കള്‍ ഒരു മരച്ചുവട്ടിലിരുന്ന് ബോംബുനിര്‍മാണത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അധികം ആളനക്കമില്ലാത്ത സ്ഥലമായതിനാല്‍ സംഭവത്തെക്കുറിച്ച് ആദ്യം പുറത്തറിഞ്ഞില്ല. അനിരുദ്ധിന് ഇരു കൈപ്പത്തികളും നഷ്ടമായപ്പോള്‍ അനിജിത്ത്, അഖിലേഷ്, കിരണ്‍ എന്നിവരുടെ കൈപ്പത്തികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
സ്ഫോടനത്തിന് പിന്നാലെ ഓട്ടോറിക്ഷ വിളിച്ചാണ് നാല്‍വര്‍ സംഘം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു പോയത്. പാചകവാതകം ചോര്‍ന്ന് തീപിടിച്ച് പൊള്ളലേറ്റുവെന്നാണ് ഓട്ടോഡ്രൈവറോട് ഇവര്‍ പറഞ്ഞത്. സ്‌ഫോടനശബ്ദം കേട്ട് എത്തിയവരാണ് വിവരം മണ്ണന്തല പോലീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിനൊടുവില്‍ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബോംബുനിര്‍മ്മാണത്തിന് ഇവര്‍ കൊണ്ടുവന്ന കരിമരുന്നും മറ്റു സാധനസാമഗ്രികളും പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസിനെ ആക്രമിക്കാനാണോ ഇവര്‍ നാടന്‍ബോംബ് ഉണ്ടാക്കിയത് എന്നു സംശയിക്കുന്നതായി മണ്ണന്തല പോലീസ് അറിയിച്ചു.
ഒരുവര്‍ഷം ഒറ്റക്കൊമ്പനെ കാണാനെത്തിയത് 3 ലക്ഷം സഞ്ചാരികള്‍; 8.81 കോടി വരുമാനം നേടി കാസിരംഗ
ചരിത്രത്തിലെ ഏറ്റവും വലിയ സഞ്ചാരി പ്രവാഹത്തിലാണ് അസമിലെ ലോകപ്രശസ്ത വന്യജീവി സങ്കേതമായ കാസിരംഗ നാഷണല്‍ പാര്‍ക്ക്. 2023-24 കാലയളവില്‍ 327493 സഞ്ചാരികളാണ് കാസിരംഗയിലെത്തിയത്. ഇതില്‍ 313574 പേര്‍ സ്വദേശികളും 13919 പേര്‍ വിദേശികളുമാണ്. സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധവ് ഉദ്യാനത്തിന്റെ വരുമാനത്തിലും കാര്യമായ മുന്നേറ്റമുണ്ടാക്കി. 8.81 കോടി രൂപയാണ് ഇക്കാലയളവിലെ വരുമാനം.
ലോകത്തെ തന്നെ പ്രധാന വന്യജീവിസങ്കേതങ്ങളുടെ പട്ടികയില്‍ ഇടംനേടിയ വനമാണ് കാസിരംഗ. ബ്രഹ്‌മപുത്രാ നദിക്കരയിലാണ് കാസിരംഗ സ്ഥിതിചെയ്യുന്നത്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമാണ് കാസിരംഗയില്‍ സംരക്ഷിക്കപ്പെടുന്ന പ്രധാനമൃഗം. ആസാമിലെ ഗോലഘട്ട്, നാഗോവന്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കാസിരംഗയിലാണ് ലോകത്തിലെ ആകെയുള്ള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും വസിക്കുന്നത്. ലോകത്തിലെ അത്യപൂര്‍വങ്ങളായ വന്യജീവികളുടെ താവളം എന്ന നിലയ്ക്ക് യുനെസ്‌കോയുടെ ലോക പൈതൃകസ്ഥലം എന്ന അംഗീകാരത്തിനും ഈ ദേശീയ ഉദ്യാനം അര്‍ഹമായിട്ടുണ്ട്.
1905ലാണ് കാസിരംഗ വന്യജീവി സങ്കേതം സ്ഥാപിക്കപ്പെടുന്നത്. 1974ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 1985ല്‍ ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടി. 2006-ല്‍ ടൈഗര്‍ റിസര്‍വായും പ്രഖ്യാപിക്കപ്പെട്ടു. ഗോള്‍ഡന്‍ ലങ്കൂര്‍ കുരങ്ങുകള്‍, ബംഗാള്‍ ഫ്ലോറിക്കന്‍ പക്ഷികള്‍, പിഗ്മി ഹോഗ് എന്ന പന്നിവര്‍ഗം, വെളുത്ത തലയും ചിറകുകളോടും കൂടിയ വൈറ്റ് വിങ്ഡ് വുഡ് ഡക്ക് എന്നിങ്ങനെ അപൂര്‍വ പക്ഷിമൃഗാദികളെ കാസിരംഗയില്‍ കാണാനാകും. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മഴ തുടങ്ങുന്ന ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇവിടെ പ്രവേശനമില്ല.