സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മൃതദേഹം നാളെ ഒൻപതു മണി മുതൽ 11.30 മണിവരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെയ്ക്കും. തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വന്തം വസതിയിലും പൊതുദർശനമുണ്ടാകും. പിന്നീട് ആറുമണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ 6.00മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.
സിദ്ധിഖിന്റെ ഉറ്റ സുഹൃത്തായ നടൻ ലാലും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ചിരുന്നു. എഗ്‌മോ സംവിധാനത്തിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
അനുകരണ കലയിലൂടെ മലയാള സിനിമാലോകത്തെത്തി നിരവധി വിജയചിത്രങ്ങളുടെ സാരഥിയായി മാറിയ സംവിധായകനാണ് സിദ്ധിഖ്. മലയാളത്തിനുമപ്പുറം എക്കാലവും ഓർത്തിരിക്കാവുന്ന, ഒത്തിരി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമകൾക്ക് കഥയൊരുക്കിയ എഴുത്തുകാരൻ ആണ് സിദ്ധിഖ്. ഹാസ്യത്തെ മുൻനിർത്തി ചെയ്ത ചിത്രങ്ങളെല്ലാം വിജയം കൊയ്തപ്പോൾ സിദ്ധിഖ് എന്ന സംവിധായകൻ മലയാളസിനിമയ്ക്ക് ഒരു മുതൽകൂട്ടായി മാറുകയായിരുന്നു.
എറണാകുളം ജില്ലയിലെ കലൂരിൽ ഇസ്മയിൽ റാവുത്തറുടെയും സൈനബയുടെയും മകനായാണ് സിദ്ധിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോൾസ് കോളേജിലും, എറണാകുളം മഹാരാജാസ് കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജുപഠനകാലത്തുതന്നെ കലാരംഗത്ത് പ്രവർത്തിച്ചിരുന്ന സിദ്ധിഖ് പിന്നീട് അനുകരണകലയിൽ സജീവമാവുകയായിരുന്നു.
1981ൽ കൊച്ചിൻ കലാഭവൻ തുടങ്ങിയ മിമിക്സ് പരേഡ് എന്ന പരിപാടി ആഗോളതലത്തിൽ ശ്രദ്ധനേടാൻതുടങ്ങിയതോടെ അതിന്റെ തലപ്പത്തുണ്ടായിരുന്ന സിദ്ധിഖും പ്രശസ്തിയിലെത്തി. നിരവധിയിടങ്ങളിൽ പരിപാടികളവതരിപ്പിച്ച് കെെവഴക്കം നേടിയ സിദ്ധിഖിനെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നത് സംവിധായകൻ ഫാസിലാണ്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ധിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. അങ്ങനെ 1983ൽ നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിൽ ഫാസിലിന്റെ സഹസംവിധായനായി ആണ് സിദ്ധിഖിന്റെ തുടക്കം. അതിനുശേഷം 1986 ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ, 87 ൽ നാടോടിക്കാറ്റ്, 88 ൽ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ തുടങ്ങി അന്നത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കഥ എഴുതിയത് സിദ്ധിഖ് ആയിരുന്നു.
പിന്നീട് 1989ലാണ് മലയാളത്തിന് ഒട്ടനവധി കലാമൂല്യമുള്ള വിജയചിത്രങ്ങൾ സമ്മാനിച്ച സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് പിറക്കുന്നത്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധനേടിയ ഇരുവരും സംവിധാനരംഗത്തും ഒന്നിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് എക്കാലത്തെയും സൂപർഹിറ്റ് കോമ്പോ ആയിരുന്നു. റാംജിറാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, 2 ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയെല്ലാം ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ്. ഈ കൂട്ടുകെട്ടിന്റെ വേർപിരിയൽ മലയാളസിനിമയ്ക്ക് ഒരു ഞെട്ടലായിരുന്നു. എന്നാൽ വലിയൊരു ഇടവേളയ്ക്കുശേഷം 2016 ൽ ‘കിങ് ലയർ’ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു. ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് സിദ്ധിഖ് ആയിരുന്നു.
മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമെല്ലാം സിനിമകൾ ചെയ്ത് ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട് സിദ്ധിഖ് . ദിലീപിനെ നായകനാക്കി മലയാളത്തിൽ വൻ വിജയം കൊയ്ത സിനിമയായിരുന്നു ബോഡിഗാർഡ്. ഇത് കാവലൻ എന്ന പേരിൽ തമിഴിൽ വിജയിയെ വെച്ചും, ഹിന്ദിയിൽ സൽമാൻ ഖാനെവെച്ചും റീമേക്ക് ചെയ്ത് അവിടെയും സൂപ്പർഹിറ്റുകളാക്കിമാറ്റി. കൂടാതെ ഹിറ്റ്ലർ എന്ന മമ്മൂട്ടി ചിത്രവും തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് അരവിന്ദ് സാമിയെ വെച്ച് ഭാസ്കർ ദി റാസ്കൽ എന്ന മമ്മൂട്ടി ചിത്രവും തമിഴ്ലേക്ക് റീമേക്ക് ചെയ്തു. 2022 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ബിഗ് ബ്രദർ ആണ് സിദ്ധിഖിന്റെ കഥ തിരക്കഥ സംവിധാനത്തിൽ എത്തിയ അവസാന ചിത്രം. അടുത്തകാലത്തായി നിരവധി ടെലിവിഷൻ പരിപാടികളിലും സിദ്ധിഖ് സജീവമായിരുന്നു. കോമഡി ഫെസ്റ്റിവൽ, കോമഡി സ്റ്റാർസ്, സിനിമ ചിരിമ എന്നിവയിലെല്ലാം വിധികർത്താവായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. നിരവധി കലാമൂല്യമുള്ള സിനിമകൾ കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം നേടിയ സിദ്ധിഖിന് പകരക്കാരനായി ഇനിയൊരാൾ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുമാത്രമായിരിക്കും മറുപടി.
‘റാംജിറാവുവിൽ തുടങ്ങി ബിഗ് ബ്രദർ വരെ’; സിദ്ധിഖിന്റെ സിനിമാവഴികൾ…
1969 ൽ ഫാ. ആബേലച്ചന്റെ നേതൃത്വത്തിൽ കൊച്ചിൻ കലാഭവൻ എന്ന പ്രസ്ഥാനം പിറവികൊണ്ടു. 42 വർഷങ്ങൾക്കു മുൻപ് സെപ്റ്റംബർ 21 ആദ്യ മിമിക്സ് പരേഡ് ആരംഭിക്കുമ്പോൾ തലപ്പത്ത് സിദ്ധിഖ്, കെ എസ് പ്രസാദ്, അൻസാർ, റഹ്‌മാൻ, ലാൽ, വർക്കിച്ചൻ എന്നീ 6 പേർ. മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് അങ്ങനെ തുടക്കം കുറിക്കുകയും ആഗോളതലത്തിൽ പ്രശസ്തമാവുകയും ചെയ്തു. അനുകരണകലയിൽ പയറ്റിത്തെളിഞ്ഞ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ സിദ്ധിഖ് ചലച്ചിത്രമേഖലയിലേയ്ക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു.
ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. 1983ൽ നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിൽ ഫാസിലിന്റെ സഹസംവിധായനായി ആണ് സിദ്ദിഖിന്റെ തുടക്കം. പിന്നീട് 1986 ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ, 87 ൽ നാടോടിക്കാറ്റ്, 88 ൽ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ തുടങ്ങിയ ചിത്രങ്ങളുടെ കഥ എഴുതിയത് സിദ്ധിഖ് ആയിരുന്നു. അന്നത്തെ സൂപ്പർഹിറ്റ് ചിത്രങ്ങൾ ആയിരുന്നു ഇവയൊക്കെ.
കഥാരചനയിൽ നിന്ന് സംവിധാനരംഗത്തേക്കു തുടക്കം കുറിക്കുമ്പോൾ ലാൽ എന്ന ഉറ്റസുഹൃത്തിനെയും കൂടെക്കൂട്ടി. അങ്ങനെ സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ 1989 ൽ റാംജിറാവു സ്പീക്കിങ് എന്ന എക്കാലത്തെയും കോമഡി എന്റെർറ്റൈനെർ ചിത്രം പുറത്തിറങ്ങുകയായിരുന്നു. മുകേഷ്, ഇന്നസെന്റ്, സായ്കുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഹിറ്റ് പട്ടികയിൽ ഇടം പിടിച്ചു.
പിന്നീടങ്ങോട്ട് സിദ്ധിഖ് എന്ന അതുല്യപ്രതിഭയ്ക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, മക്കൾ മാഹാത്മ്യം തുടങ്ങിയ ചിത്രങ്ങൾ സിദ്ധിഖ്-ലാൽ കോമ്പോയിൽ മികച്ച വിജയം കൈവരിച്ചു. ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ എന്ന സൈക്കോ ത്രില്ലർ ചിത്രത്തിന്റെ സെക്കന്റ് യൂണിറ്റ് സംവിധായകർ കൂടിയായിരുന്നു ഇരുവരും.
1989-ൽ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ മാന്നാർ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ കഥ-തിരക്കഥ -സംഭാഷണം ഒരുക്കിയത് സിദ്ധിഖ്- ലാൽ ആയിരുന്നു.1995-ലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായി മാറി ഈ ചിത്രം. അങ്ങനെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരാവുകയായിരുന്നു ഈ സംവിധായകപ്രതിഭകൾ.
പൊടുന്നനെയായിരുന്നു ഈ കൂട്ടുകെട്ടിന്റെ പിളർച്ച. ചലച്ചിത്രമേഖലയിൽ വലിയ കോളിളക്കം സംഭവിച്ച ഈ വേർപിരിയൽ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി മാറുന്നു. പിന്നീട് സിദ്ധിഖ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ഹിറ്റ്ലർ. ഹിറ്റ്ലർ മാധവൻകുട്ടിയുടെയും 5 സഹോദരിമാരുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം 90 കളിൽ മികച്ച നിരൂപകപ്രശംസ നേടി മുന്നേറി. ചിത്രത്തിന്റെ വന്‍വിജയത്തിന് ശേഷം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി ഹിറ്റ്‌ലര്‍ റീമേക്ക് ചെയ്തു. തെലുങ്കില്‍ ചിരഞ്ജീവിയും, ക്രോധില്‍ സുനില്‍ഷെട്ടിയും, മിലിട്ടറിയില്‍ സത്യരാജും, കന്നഡയില്‍ വര്‍ഷ എന്ന പേരിൽ ഇറങ്ങിയ ചിത്രത്തിൽ അഭിനയിച്ചത് വിഷ്ണുവർധൻ ആയിരുന്നു.
കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി എന്നിവർ മുഖ്യ വേഷത്തിലെത്തിയ ‘അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം ശ്രീനിവാസനും സിദ്ധിഖും ചേർന്നാണ് കഥയും തിരക്കഥയും എഴുതിയത്. സിദ്ധിഖിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം.
മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ തുല്യപ്രാധാന്യമുള്ള കഥാപാത്രമായെത്തി 1999 ൽ സിദ്ധിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന ചിത്രം മികച്ച വിജയം നേടുകയും പിന്നീട് തമിഴില്‍ ഈ സിനിമ റീമേക്ക് ചെയ്യുകയും ചെയ്തു. സിദ്ധിഖ് തന്നെയായിരുന്നു തമിഴ് പതിപ്പിന്റെയും സംവിധായകന്‍. വിജയ് ആയിരുന്നു തമിഴ് പതിപ്പിലെ നായകന്‍. തെലുങ്കില്‍ സ്‌നേഹമന്റെ ഐഡ്രയില്‍ നാഗാര്‍ജ്ജുന അക്കിനേനിയാണ് നായകന്‍. ഒഡിയയില്‍ ദോസ്തിയെന്ന പേരിലും ചിത്രം പുറത്തിറങ്ങി.
സിദ്ധിഖിന്റെ അടുത്ത ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടി നായകനായി 2003 ൽ പുറത്തിറങ്ങിയ ക്രോണിക് ബാച്ച്ലർ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും സിദ്ദിഖ് ആയിരുന്നു. ഈ ചിത്രത്തിന്റെ വാണിജ്യ വിജയത്തിന് ശേഷം ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. കഥ, തിരക്കഥ, സംഭാഷണം സിദ്ധിഖ് തന്നെയായിരുന്നു. പിന്നീട് തമിഴില്‍ വിജയ്കാന്ത് നായകനായ എങ്കൾ അണ്ണ എന്ന പേരിലും തെലുങ്കില്‍ ജഗപതി ബാബുവിനൊപ്പം കുഷി കുഷിഗ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തു.
തുടരെത്തുടരെയുള്ള ഹിറ്റുകൾക്കു ശേഷം സിദ്ധിഖ് തമിഴിൽ സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു സാധു മിരണ്ട. പ്രസന്ന, അബ്ബാസ് , കാവ്യാ മാധവന്‍ എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയത്. സിദ്ധിഖിന്റെ തന്നെ തെലുങ്ക് ചിത്രമായ മാരോയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം.
പിന്നീട് 2010 ൽ ദിലീപിനെ നായകനാക്കി ബോഡിഗാർഡ് എന്ന ചിത്രം സിദ്ധിഖ് സംവിധാനം ചെയ്തു. നയൻതാര ആയിരുന്നു ചിത്രത്തിൽ ദിലീപിന്റെ നായികയായെത്തിയത്. ചിത്രം മികച്ച ബോക്സ്ഓഫീസ് കളക്ഷൻ നേടുകയും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്യുകയും ചെയ്തു. വിജയ് നായകനായി കാവലന്‍ എന്ന പേരിൽ ചിത്രം തമിഴിലും ഗംഭീരവിജയം കൈവരിച്ചു. മലയാളത്തിലും തമിഴിലും സൂപ്പർഹിറ്റ് ആയ ചിത്രം സല്‍മാന്‍ഖാനെയും കരീന കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിന്ദിയിലും സിദ്ധിഖ് റീമേയ്ക്ക് ചെയ്തു. കന്നടയിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
സിദ്ധിഖ് എന്ന സംവിധായകനില്‍ നിന്നും മലയാളിക്ക് ലഭിച്ച മികച്ചൊരു എന്റര്‍ടെയ്‌നറായിരുന്നു മമ്മൂട്ടി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ഭാസ്കർ ദി റാസ്കൽ. അരവിന്ദ് സ്വാമി, അമല പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തമിഴിൽ ‘ഭാസ്കർ ഒരു റാസ്കൽ’ എന്ന പേരിൽ ചിത്രം പിനീട് റീമേയ്ക്ക് ചെയ്തു.
ഏറെക്കാലത്തെ വേർപിരിയലിന് ശേഷം സിദ്ധിഖ് ലാൽ കൂട്ടുകെട്ട് തിരിച്ചുവന്ന ചിത്രമായിരുന്നു കിംഗ് ലയർ. ദിലീപ്, മഡോണ എന്നിവരായിരുന്നു ചിത്രത്തിൽ നായികാനായകനായെത്തിയത്. പിന്നീട് ഫുക്രി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. മോഹൻലാൽ അഭിനയിച്ച ലേഡീസ് ആൻഡ് ജന്റിൽമാൻ, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങൾ സിദ്ധിഖ് സംവിധാനം ചെയ്യുകയും തിരക്കഥ രചിക്കുകയും ചെയ്ത ചിത്രങ്ങളായിരുന്നു. 3 പതിറ്റാണ്ടുകളിലേറെയായി മറക്കാനാവാത്ത ഒട്ടനവധി ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച് ചലച്ചിത്ര ആസ്വാദകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മഹാനുഭാവന് വിട. ഇന്ത്യൻ സിനിമാലോകത്തിന് നികത്താനാവാത്ത ഒരു സ്ഥാനം അവശേഷിപ്പിച്ചാണ് സിദ്ധിഖ് എന്ന കലാപ്രതിഭയുടെ വിടവാങ്ങൽ.
പ്രേക്ഷകമനസ്സിൽ ചിരിമഴ പെയ്യിച്ച സിദ്ദിഖ് ലാൽ കോംബോ
കാബൂളിവാലയിലെ കന്നാസിനെയും കടലാസിനേയും പ്രേക്ഷകർ മറന്ന് കാണില്ല.മലയാളി മനസ്സിനെ ഒരേസമയം കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ സിനിമ ഒരു മികച്ച കൂട്ടുകെട്ടിൽ നിന്നും പിറവികൊണ്ടതാണ്.മലയാളചലച്ചിത്ര രംഗത്തെ ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് .കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ ഇരുവരും പിന്നീട് സംവിധാന രംഗത്തും ഒന്നിക്കുകയായിരുന്നു. അങ്ങനെയാണ് ഹിറ്റ് കോംബോക്ക് തുടക്കം കുറിക്കുന്നത്.പിന്നീട് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരായി മാറുകയായിരുന്നു ഇരുവരും. മലയാള സിനിമ അന്നുവരെ കണ്ടതിൽ വെച്ച് ഏറെ വ്യത്യസ്തമായ സിനിമകളാണ് സിദ്ദിഖ് – ലാൽ ടീം പ്രേക്ഷകർക്ക് സമ്മാനിച്ചത്.1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ സിനിമ.കോമഡി ത്രില്ലറായി എത്തിയ സിനിമ പ്രതീക്ഷിച്ചതിലും സൂപ്പർ ഹിറ്റായിരുന്നു. മുകേഷ്, സായ് കുമാർ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയറ്ററുകളിൽ ചിരി മഴ പെയ്യിച്ചു.
മലയാളി മനസ്സിൽ ഇന്നും ഈ സിനിമ മായാതെ കിടപ്പുണ്ട് എന്നതാണ് അതിന്റെ ഏറ്റവും വലിയ വിജയം.മലയാള സിനിമ കണ്ടതിൽ വെച്ച് ഏറെ വ്യത്യസ്തമായ സിനിമകളാണ് സിദ്ദിഖ് – ലാൽ ടീം പ്രേക്ഷകർക്ക് സമ്മാനിച്ചത്.ഇതിന്റെ ഉദാഹരണങ്ങളാണ് ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ.വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയരായ സിദ്ദിഖ് ലാൽ സഖ്യം ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ച ഒരുപാട് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചെങ്കിലും ഇടക്കാലത്ത് ഇവർ പിരിയുകയായിരുന്നു, സിദ്ദിഖ് പൂർണമായും സംവിധാനത്തിലേക്കും ലാൽ അഭിനയം, നിർമ്മാണം, വിതരണം തുടങ്ങി വിവിധ മേഖലകളിലേക്കും തിരിയുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് .സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയായിരുന്നു. ഇരുവരുടെയും വേർപിരിയൽ.എന്തുകൊണ്ടാകും ഇവർ പിരിഞ്ഞത് എന്ന ചോദ്യം പ്രേക്ഷകർക്കിടയിൽ അന്നും ഇന്നും നിലനിൽക്കുന്നുണ്ട്.ഈ ചോദ്യം നിലനിൽക്കെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഏറെ നാളുകൾക്ക് ശേഷം 2016 ൽ ‘കിങ് ലയർ’ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സിദ്ദിഖ് ആയിരുന്നു. ഏറെ നാളുകൾക്ക് ശേഷം എത്തിയ സിദ്ദിഖ് ലാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.രണ്ടുപേർക്കും ഇടയിലെ സൗഹൃദത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നതിനുള്ള തെളിവായിരുന്നു ‘കിങ് ലയർ’ എന്ന ചിത്രം.വീണ്ടും ഒന്നിച്ചെങ്കിലും ഇത്രയും വർഷം രണ്ടുപേരും പിരിഞ്ഞു നിന്നത് എന്താണെന്ന് വ്യക്തമാക്കാൻ സിദ്ദിഖും ലാലും തയ്യാറായിരുന്നില്ല . ഒരിക്കൽ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടുകെട്ട് പിരിഞ്ഞതിനെ കുറിച്ച് സിദ്ദിഖും ലാലും സംസാരിച്ചിരുന്നെങ്കിലും വ്യക്തമായ മറുപടി രണ്ടുപേരും നൽകിയിരുന്നില്ല.
തങ്ങൾ പിരിഞ്ഞതിന്റെ കാരണം പറഞ്ഞാൽ അത് ചിലരെ വേദനിപ്പിക്കുമെന്നാണ് ലാൽ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്. എന്തിന് പിരിഞ്ഞു എന്നതിനേക്കാൾ പിരിഞ്ഞതുകൊണ്ട് എന്തുണ്ടായി എന്നാണ് ചിന്തിക്കേണ്ടതെന്നും എന്തിന് പിരിഞ്ഞു എന്നതിന് ഇന്ന് പ്രസക്തിയില്ല. ആ കാരണം ഇന്ന് നിലനിൽക്കുന്നില്ലെന്നും . അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് സിദ്ദിഖ് അന്ന് മറുപടി പറഞ്ഞത്.
ആദ്യത്തെ പിളർപ്പിന് ശേഷം പിറന്ന സിനിമകളാണ് ഹിറ്റലർ, ഫ്രണ്ട്‌സ് എന്നിവ. പിന്നീട് രണ്ടു പേരും ഒറ്റയ്ക്ക് നിരവധി സിനിമകളുടെ ഭാഗമായി.ക്രോണിക് ബാച്ചിലർ,ബോഡിഗാർഡ് ,ഭാസ്‌ക്കർ ദി റാസ്‌ക്കൽ ,ബിഗ് ബ്രദർ തുടങ്ങിയ സിനിമകൾ സിദ്ദിഖിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്കെത്തിയപ്പോൾ ഹണി ബീ,കോബ്ര,സാൾട്ട് ആൻഡ് പെപ്പർ ,പുലിമുരുകൻ എന്നീ സിനിമകളിലൂടെ ലാൽ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകുകയാണ് ഉണ്ടായത്.മിമിക്രിയിൽ നിന്നും തുടങ്ങിയ സൗഹൃദം പാതിവഴിയിൽ പിരിഞ്ഞപ്പോഴും എന്നെങ്കിലുമൊരിക്കൽ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ ഉണ്ടായിരുന്നത്.ഇതുപോലൊരു സൗഹൃദം മലയാളസിനിമയിൽ ഇനിയുണ്ടാകുമോ എന്നുപോലും സംശയമാണ്.