ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; നില ഗുരുതരം
ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് മൂന്നുമണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സിദ്ധിഖിന്‍റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട് . ഇന്നോ നാളേയോ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംഭാവന ചെയ്ത സംവിധായകനും എഴുത്തുകാരനുമാണ് സിദ്ദീഖ്. ഹാസ്യത്തെ മുൻനിർത്തി ചെയ്ത ചിത്രങ്ങളെല്ലാം വിജയമായിരുന്നു. കൊച്ചിൻ കലാഭവനിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ സിദ്ദിഖ് ഒട്ടനവധി മനോഹര ചിത്രങ്ങൾ സംവിധാനം ചെയ്തു . സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളും മലയാളത്തിൽ ഏറെ ഓളം സൃഷ്ടിച്ചിരുന്നു.
വലിയൊരു ഇടവേളയ്ക്കു ശേഷം രാഹുൽ ഗാന്ധി ലോക്സഭയിലേക്ക്
വലിയൊരു ഇടവേളയ്ക്കു ശേഷം രാഹുൽ ഗാന്ധി ലോക്സഭയിൽ തിരിച്ചെത്തി. മോദി പരാമർശത്തിലുണ്ടായ സൂറത്ത് അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരുന്നു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ തൊഴുതതിന് ശേഷമാണ് രാഹുൽ ഗാന്ധി ലോക്‌സഭയിലേക്ക് തിരിച്ചുപ്രവേശിച്ചത്. വലിയ ശബ്ദാരവത്തോടെയാണ് പ്രതിപക്ഷം ലോക്സഭയിലേക്ക് രാഹുൽ ഗാന്ധിയെ വരവേറ്റത്. ബഹളത്തെ തുടർന്ന് ലോക്സഭ തൽക്കാലത്തേക്ക് പിരിയുകയും ചെയ്തു.
136 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുൽ ഗാന്ധി ലോക്സഭയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം രാവിലെ പാർലമെന്റ് ചേരുന്നതിന് മുമ്പുതന്നെ പുറത്ത് വന്നിരുന്നു. എന്നാൽ രാവിലെ സഭ ചേർന്ന ഉടൻതന്നെ പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടർന്ന് 12 മണി വരെ നിർത്തി വയ്ക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് രാഹുലിന്റെ തിരിച്ചുവരവ് 12 മണിവരെ നീണ്ടുപോയത്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലും രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. ലോക്സഭയിലെ അവിശ്വാസ പ്രമേയചർച്ചയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ രാഹുലിനെയും ചേർത്ത് സമർപ്പിക്കുമെന്നാണ് വിവരങ്ങൾ. അടിയന്തിര പ്രമേയം സഭയിൽ അവതരിപ്പിക്കുന്ന ഗൗരവ് ഗോഗോയിക്ക് ശേഷം പ്രതിപക്ഷ നിരയിൽ നിന്ന് ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധിയായിരിക്കുമെന്നാണ് പറയുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം വളരെയധികം ഗുണകരമായിരിക്കുമെന്നാണ് പ്രതിപക്ഷ സഖ്യം പ്രതീക്ഷിക്കുന്നത്.
ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിക്കാൻ ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. പാർലമെൻ്റ് സമ്മേളനം ആരംഭിക്കാൻ വളരെ കുറച്ചുസമയം മാത്രം ബാക്കിനിൽക്കെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. രേഖകളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം സ്പീക്കറുടെ അനുമതിയോടെയായിരുന്നു രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിക്കാനുള്ള ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനം. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ വിജ്ഞാപനം നേരത്തെ പുറത്തിറക്കിയതിനാൽ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം വന്നാൽമാത്രമെ രാഹുൽ ഗാന്ധിക്ക് ലോക്സഭാ നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളു. രാഹുലിൻ്റെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയതോടെ എഐസിസി ഓഫീസിൽ വലിയ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്.
വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം? എ.എന്‍ ഷംസീറിനെതിരെ വിമര്‍ശനവുമായി വി. മുരളീധരന്‍
ഗണപതിയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ നിരവധി വിമർശനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ സ്പീക്കർ മാപ്പ് പറയണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ ആ സാഹചര്യത്തിൽ സ്പീക്കറുടെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി
രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ‘മിത്തിനെ മുത്താക്കാന്‍’ എന്തിനാണ് ഷംസീറേ ലക്ഷങ്ങള്‍ എന്നും ഭഗവാനെ നെഞ്ചിലേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഇത്തരത്തിലുള്ള പ്രഹസനമെന്നും വി. മുരളീധരന്‍ ചോദിച്ചിട്ടുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
ഗണപതിയെക്കുറിച്ച് സ്പീക്കര്‍ നടത്തിയ പ്രസ്താവനയിൽ സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് ഇപ്പോഴും തെരുവിലുണ്ടെന്നും, കുളം കലക്കുന്ന സമീപനവും അവസരവാദ നാടകവും സിപിഎം അവസാനിപ്പിക്കേണ്ടതാണെന്നും മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാൻ ഹെെന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കുകയും വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കുകയും ചെയ്യുന്ന രീതിയാണ് സിപിഎമിന്റെയെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
തലശ്ശേരിയിലെ കാരാല്‍തെരുവില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഗണപതി ക്ഷേത്രത്തിനടുത്തുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. സമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പില്‍ സ്പീക്കര്‍ എ.എന്‍ ഷംസീർ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിട്ടുണ്ടായിരുന്നത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം…
“സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ ഭരണാനുമതി” ,” മിത്തിനെ മുത്താക്കാൻ ” എന്തിന് ലക്ഷങ്ങൾ ഷംസീറേ ?!. ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം? ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിൽ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ.
‘ഒന്നുകിൽ നിഷേധിക്കണം അല്ലങ്കിൽ തെറ്റ് സമ്മതിച്ച് സ്ഥാനമൊഴിയണം, പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല’ ; രഞ്ജിത്തിനോട് വിനയൻ
ചലച്ചിത്ര പുരസ്കാരനിർണയ വിവാദത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന വാർത്തകളാണ് ഇന്ന് പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ഈ സാഹചര്യത്തിൽ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. രഞ്ജിത്ത് മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതിനെതിരെ ശക്തമായ വിമർശനമാണ് വിനയൻ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ഒരു വ്യക്തി എന്ന നിലയിലോ, ചലച്ചിത്ര സംവിധായകൻ എന്ന നിലയിലോ പ്രതികരിക്കാൻ ബാധ്യതയില്ലെങ്കിലും സർക്കാരിന്റെ ചിലവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം മറുപടി നൽകാൻ ബാധ്യതയുണ്ടെന്നാണ് വിനയൻ രഞ്ജിത്തിനോട് പറയുന്നത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം..
ചലച്ചിത്ര അവാർഡ് വിവാദങ്ങളോട് പ്രതികരിക്കാതെ അക്കാദമി ചെയർമാൻ ഒഴിഞ്ഞുമാറുന്നു എന്നാണ് ഇന്നത്തെ പത്രങ്ങൾ എഴുതിയിരിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിലോ? ചലച്ചിത്രകാരൻ എന്ന നിലയിലോ താങ്കൾക്ക് പ്രതികരിക്കേണ്ട ബാദ്ധ്യത ഇല്ലായിരിക്കാം. പക്ഷേ സർക്കാർ ഖജനാവിൽ നിന്നു പണം മുടക്കി എല്ലാവിധ സൗകര്യങ്ങളും തന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവിയിൽ ഇരിക്കുന്ന താങ്കൾ ആ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ചെയർമാൻ പദവി ദുരുപയോഗം ചെയ്തു എന്ന് ഒന്നു രണ്ടു ജൂറി മെമ്പർമാർ തന്നെ പറയുമ്പോൾ മറുപടി പറയാതെ ഒളിച്ചോടിയിട്ടു കാര്യമുണ്ടോ? ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും പറയുന്ന കാര്യങ്ങൾ ഒന്നുകിൽ താങ്കൾ നിഷേധിക്കണം അല്ലങ്കിൽ തെറ്റുപറ്റി എന്നു സമ്മതിച്ച് സ്ഥാനം ഒഴിയണം.. അവർ പറയുന്ന പ്രധാന കാര്യങ്ങൾ ഒന്നു കൂടി താങ്കളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്..
1) അവാർഡിനായി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അക്കാദമി ചെയർമാന് അവർ തരുന്ന അവാർഡ് ജേതാക്കളുടെ ലിസ്റ്റ് സാംസ്കാരിക മന്ത്രിയുമായി ചേർന്ന് പ്രഖ്യാപിക്കുക എന്ന ചുമതലയേ ഉള്ളു.. ശ്രീ രഞ്ജിത് ചട്ടം ലംഘിച്ച് അവാർഡ് നിർണ്ണയ ചർച്ചയിൽ ചില അഭിപ്രായങ്ങൾ പറഞ്ഞു എന്ന് നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും പറയുന്നു അതു ശരിയാണോ? അങ്ങനെ നടന്നിട്ടുണ്ടോ?
2) മത്സരത്തിനു വന്ന ഒരു സിനിമയായ പത്തൊൻപതാം നൂറ്റാണ്ട് ചവറു സിനിമ ആണന്നും അതൊന്നും സെലക്ട് ചെയ്യല്ലന്നും ശ്രി നേമം പുഷ്പ രാജിനോടും ശ്രീ ശ്രീകുമാരൻ തമ്പി എഴുതിയതുൾപ്പടെ ചിലപാട്ടുകൾ ചവറു പാട്ടുകളാണന്ന് ശ്രീമതി ജെൻസിയോടും താങ്കൾ പറഞ്ഞതായി അവർ പറയുന്നു… ആ വിവരം ശരിയാണോ?
3) ജൂറി അവാർഡ് നിർണ്ണയത്തിനായി ചിത്രങ്ങൾ കാണുമ്പോൾ മന്ത്രിയോ മുഖ്യമന്ത്രിയോ പോലും അതിലിരിക്കാൻ പറ്റില്ല എന്ന ചട്ടമൊക്കെ ലംഘിച്ച് അക്കാദമി ചെയർമാൻ അക്കൂട്ടത്തിൽ കയറി ഇരുന്ന് ചിത്രങ്ങൾ കണ്ടെന്നും അഭിപ്രായം പറഞ്ഞെന്നും ഇതേ ജൂറി അംഗങ്ങൾ പറയുന്നു… താങ്കൾ അങ്ങനെ ചെയ്തിട്ടുണ്ടോ?
4) പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ കലാസംവിധാനത്തെ കുറിച്ച് അതു കൊള്ളത്തില്ല എന്നു താങ്കളും കൊള്ളാം എന്നു നമം പുഷ്പരാജും തമ്മിൽ തർക്കവും വാദപ്രതിവാദവും ഉണ്ടായെന്നും ഒരു കലാ സംവിധായകനായ തന്നെ പഠിപ്പിക്കാൻ വരെണ്ട എന്ന് ശ്രീ പുഷ്പരാജ് രഞ്ജിത്തിനോടു പറയേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു അങ്ങനൊരു തർക്കം ഉണ്ടായന്നുള്ളത് സത്യമാണോ?
5) താങ്കളുടെ ശ്രദ്ധയിൽ പെടാതെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് സംഗീതത്തിനും പാട്ടിനും ഡബ്ബിംഗിനും ഉൾപ്പടെ മുന്ന് അവർഡ് കിട്ടിയപ്പോൾ.. ആ വിവരം അറിഞ്ഞ താങ്കൾ ക്ഷുഭിതനായെന്നും റൂമിലേക്കു പോയ ജൂറി അംഗങ്ങളേയും ജൂറി ചെയർമാനെയും തിരിച്ചു വിളിപ്പിച്ച് ആ അവാർഡുകൾ പുനർ ചിന്തിക്കാൻ പറഞ്ഞുവെന്നും ഒടുവിൽ പാട്ടിന്റെ അവാർഡിൽ തീരുമാനമെടുത്ത ജെൻസി ഗ്രിഗറി കരഞ്ഞുകൊണ്ട് ജൂറി ചെയർമാൻ ഗൗതം ഘോഷിനോട് ഈ നടപടി ശരിയല്ല എന്നു പറയുകയും ഒടുവിൽ ആ തീരുമാനങ്ങൾ മാറ്റേണ്ടതില്ല എന്ന് ജൂറി ചെയർമാൻ പറഞ്ഞുവെന്നും ശ്രീ നേമം പുഷ്പരാജ് വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു.. ഇതിന്റെ ഒക്കെ പിന്നിൽ രഞ്ജിത് ആയിരുന്നു എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.. ശരിയാണോ ഈ വിവരങ്ങൾ ?
രഞ്ജിത്തിനെതിരെ ഇതുവരെ പുറത്തുവന്ന തെളിവുകൾ അദ്ദേഹം നിഷേധിക്കുകയാണെങ്കിൽ ബാക്കി കാര്യങ്ങൾ വ്യക്തമാക്കാൻ ജിൻസി ഗ്രിഗറിയും, നേമം പുഷ്പാരാജും ബാധ്യസ്ഥരാണെന്നും അതല്ല അവസ്ഥയെങ്കിൽ ആ സ്ഥാനത്തുനിന്നും രാജിവെച്ചുപുറത്തുപോകേണ്ടതാണെന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നുണ്ട്. അതല്ലങ്കിൽ ഈ വർഷം പ്രഖ്യാപിച്ച അവാർഡുകൾ മൊത്തം സംശയത്തിന്റെ നിഴലിലാകുമെന്നും അത്രയും വലിയൊരു പദവി രഞ്ജിത്തിന് കൊടുത്ത സർക്കാർ വിഷമത്തിലാകുമെന്നും വിനയൻ കൂട്ടിച്ചേർത്തു.
പാകിസ്ഥാനിൽ ട്രെയിനപകടം മുപ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും നൂറിലേപ്പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു
പാകിസ്ഥാനിൽ ട്രെയിനപകടത്തിൽ 30ലേറെ പേര്‍ കൊല്ലപ്പെട്ടതായി അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പാക്കിസ്ഥാനിലെ നവാബ്ഷായിൽ നടന്ന അപകടത്തിൽ നൂറിലേപ്പേര്‍ക്ക് പരിക്കേറ്റതായാണ് പൊലീസ് വൃത്തങ്ങൾ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കറാച്ചിയിൽ നിന്ന് അബോട്ടാബാദിലേക്ക് പോകുകയായിരുന്ന, ഹസാര എക്സ്പ്രസിന്റെ 8 ബോഗികളാണ് കറാച്ചിയില്‍ നിന്നും 275 കിലോമീറ്റര്‍ അകലെ വച്ച് പാളം തെറ്റി അപകടത്തിൽപ്പെട്ടത്.
രക്ഷാപ്രവർത്തനം ഞായറാഴ്ചയാണ് അവസാനിച്ചത്. പാളംതെറ്റിമറിഞ്ഞ കോച്ചുകളില്‍ യാത്രക്കാർ കുടുങ്ങി കിടക്കുന്ന അവസ്ഥയായതിനാൽ രക്ഷാപ്രവര്‍ത്തകര്‍ വളരെ കഷ്ടപ്പെട്ടാണ് കോച്ച് ഉയർത്തിയത്. അപകടത്തെതുടർന്ന് സിന്ധ് പ്രവിശ്യയിലേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട സാഹചര്യമായിരുന്നു. ട്രെയിന്‍ അമിത വേഗത്തില്‍ അല്ലായിരുന്നെന്നും സംഭവിച്ചതെന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുമെന്നും റെയില്‍വേ മന്ത്രി സാദ് റഫീഖ് വ്യക്തമാക്കി. അതേസമയം വെള്ളം കയറിയ നിലയിലായിരുന്നു റെയിൽവെട്രാക്കെന്ന പ്രചാരണം റെയില്‍വേ നിഷേധിച്ചിട്ടുണ്ട്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടറുകളില്‍ മികച്ച സൌകര്യങ്ങളുള്ള ആശുപത്രികളില്‍ സേന പ്രവേശിപ്പിച്ചിട്ടുണ്ട്. മുൻപ് 2021ൽ സിന്ധ് പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നാൽപതോളംപേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇകിനുമുൻപും പാകിസ്ഥാനിലുണ്ടായ വിവിധ ട്രെയിന്‍ അപകടങ്ങളില്‍ 150ഓളം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.
ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ ബിൽ പാസായി
വലിയ വിവാദങ്ങൾ സൃഷ്ടിച്ച ബിൽ ആയിരുന്നു ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ ബിൽ. ഏറെ ചർച്ചകൾക്കൊടുവിൽ 2023 ലോക്സഭയിൽ ഈ ബിൽ പാസായിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് സഭയിൽ ബിൽ പാസാക്കിയിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുകയും, നിയമപിന്തുണ ഉറപ്പാക്കുകയും കൂടാതെ നിയമവിധേയമായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കുക എന്നിവയാണ് ഈ ബില്ലിന്റെ ലക്ഷ്യം. ഇന്ത്യയിൽ ഓൺലൈൻ, ഓഫ്‌ലൈൻ ഡാറ്റകളുടെ നടപടിക്രമങ്ങൾക്ക് ഈ ബിൽ ബാധകമായിരിക്കും. ബില്ലിലെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 50 കോടി രൂപ മുതൽ 250 കോടി വരെ പിഴ ചുമത്താൻ ഈ ബില്ലിൽ നിയമമുണ്ട്. അതുകൂടാതെ ഇന്ത്യയിലേക്ക് ചരക്കുകളോ സേവനങ്ങളോ കൈമാറുന്ന സമയത്ത് ഇന്ത്യയ്ക്ക് പുറത്തും ഇത് ബാധകമായിവരും.