അഞ്ച് പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ കൂടി എത്തുന്നു. ഇതാദ്യമായാണ് അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ ഒരേ ദിവസം സര്‍വീസ് ആരംഭിക്കുന്നത്. പുതിയ ട്രെയിനുകള്‍ ജൂണ്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.
അഞ്ച് ട്രെയിനുകള്‍ ഓടുന്ന റൂട്ടുകള്‍ ഇവയാണ്:
മുംബൈ-ഗോവ
ബാംഗ്ലൂര്‍-ഹൂബ്ലി
പട്ന-റാഞ്ചി
ഭോപ്പാല്‍-ഇന്‍ഡോര്‍
ഭോപ്പാല്‍-ജബല്‍പൂര്‍
1 Day to Go!#VandeBharatExpress is all set to connect all rail-electrified states across the nation. pic.twitter.com/lrrOK1yqJA
— Ministry of Railways (@RailMinIndia) June 26, 2023
ഒഡീഷ ദുരന്തത്തെ തുടര്‍ന്ന് മുംബൈ-ഗോവ വന്ദേ ഭാരത് പുതിയ ട്രെയിന്‍ ലോഞ്ച് റെയില്‍വേ മന്ത്രാലയം റദ്ദാക്കിയിരുന്നു.
ഐസിഎഫിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ നയത്തിന് അനുസൃതമായി നിര്‍മ്മിച്ച ഈ സെമി-ഹൈ-സ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുമെന്നാണ് റയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ പുതിയ ട്രെയിനുകള്‍ നിലവില്‍ വരുന്നതോടെ രാജ്യത്തെ റെയില്‍ ശൃംഖലയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 23 ആകും.
സുഖകരമായ ഇരിപ്പിടങ്ങള്‍, നൂതന സുരക്ഷാ സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ക്ക് പേരുകേട്ടതാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍. കൂടാതെ മെച്ചപ്പെട്ട യാത്രാ സേവനങ്ങളും യാത്രികര്‍ക്ക് നല്‍കുന്നുണ്ട്. ഉയര്‍ന്ന വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ ഈ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം വന്ദേഭാരത് കുറയ്ക്കുകയും ചെയ്യുന്നു.
നിര്‍ണായകം: മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരുമായി പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ യോഗം
ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
അമേരിക്കയിലെയും ഈജിപ്തിലെയും സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ക്യാബിനറ്റ് സഹപ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും യോഗം വിളിയ്ക്കുകയായിരുന്നു. യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവര്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സന്നിഹിതരായിരുന്നു. യുഎസിലെയും ഈജിപ്തിലെയും സന്ദര്‍ശനങ്ങള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെയാണ് പ്രധാനമന്ത്രി രാജ്യത്ത് തിരിച്ചെത്തിയത്.
കോയമ്പത്തൂരില്‍ നിന്ന് കുതിരാന്‍ വഴി തൃശ്ശൂരിലെത്താന്‍ 10 മിനിറ്റ്, വ്യാജ പ്രചരണവുമായി ബിജെപി
കുതിരാന്‍ തുരങ്കം വഴി കോയമ്പത്തൂരില്‍ നിന്ന് തൃശ്ശൂരിലെത്താന്‍ വെറും 10 മിനിറ്റ് മതിയെന്ന് വ്യാജ പ്രചരണവുമായി ബിജെപി. കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം കോയമ്പത്തൂരിനും തൃശ്ശൂരിനും ഇടയിലുള്ള യാത്രാ സമയം 2 മണിക്കൂറില്‍ നിന്ന് 10 മിനിറ്റായി കുറച്ചതായി സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യാജപ്രചരണം നടക്കുന്നത്.
ജൂലൈ 25,ന് ‘മൗലി’ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന വ്യാജ വാര്‍ത്ത ഇങ്ങനെയാണ്…
”കോയമ്പത്തൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള കുതിരാന്‍ തുരങ്കം തുറന്നു. 2 മണിക്കൂര്‍ യാത്ര ഇപ്പോള്‍ 10 മിനിറ്റായി കുറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നന്ദി. ഇത്തരം വാര്‍ത്തകളെ കുറിച്ച് ഒരു പത്രമാധ്യമങ്ങളും
സംസാരിക്കുന്നില്ല’. ട്വീറ്റിന് ഏകദേശം 9,100-ലധികം ലൈക്കുകളും 2,500-ലധികം റീട്വീറ്റുകളും ലഭിച്ചിരുന്നു. സമാനമായ ഒരു അവകാശവാദം 2021 ല്‍ ബിജെപി ഗുജറാത്ത് ജനറല്‍ സെക്രട്ടറി രത്‌നാകറും ഇതേ വീഡിയോ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകരടക്കം ഈ വ്യാജവാര്‍ത്ത സത്യാവസ്ഥ അറിയാതെ ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കുതിരാന്‍ തുരങ്കം തമിഴ്നാട്ടിലെ കോയമ്പത്തൂരിനും കേരളത്തിലെ തൃശ്ശൂരിനും ഇടയിലുള്ള റോഡ് യാത്രാ സമയം വെറും 10 മിനിറ്റായി കുറയ്ക്കുമെന്ന അവകാശവാദം ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് പൊളിച്ചുമാറ്റിയിരുന്നു. ദേശീയ മാധ്യമങ്ങളടക്കം സത്യാവസ്ഥ ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ അന്ന് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുതിരാന്‍ തുരങ്കത്തെ സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിക്കുകയാണ്.
തൃശൂര്‍-പാലക്കാട് റൂട്ടിലെ 1.6 കിലോമീറ്റര്‍ ദൂരം വരുന്ന കുതിരാന്‍ തുരങ്കം, റോഡ് ഗതാഗതത്തിനുള്ള കേരളത്തിലെ ആദ്യത്തെ തുരങ്കമാണ്.
പാലക്കാടിനും തൃശ്ശൂരിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് കുതിരാന്‍. കോയമ്പത്തൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തൃശ്ശൂരിലേക്ക് പോകുന്നവര്‍ കുതിരാന്‍ മല കടന്നു വേണം പോകാന്‍.
വര്‍ഷങ്ങളായി കുതിരാന്‍ മലയുടെ പ്രദേശത്ത് വാഹനാപകടം പതിവായിരുന്നു. സ്ഥലത്തിന്റെ ഭൂപ്രകൃതിയും അപകടങ്ങളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കുതിരാന്‍ മലകള്‍ക്കിടയിലൂടെ രണ്ട് തുരങ്കങ്ങള്‍ നിര്‍മ്മിച്ചത്. ഇതോടെ യാത്ര എളുപ്പമാകും എന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയത്. അങ്ങനെ രണ്ട് വര്‍ഷം മുമ്പ് 2021 ജൂലൈയിലാണ് ആദ്യത്തെ കുതിരാന്‍ തുരങ്കം യാത്രയ്ക്കായി തുറന്നത്.2022 ഓഗസ്റ്റില്‍ തുറന്ന രണ്ടാമത്തെ തുരങ്കവും തുറന്നു നല്‍കി.
1.6 കിലോമീറ്റര്‍ നീളമാണ് തുരങ്കത്തിന് ആകെയുള്ളത്. തൃശ്ശൂരും കോയമ്പത്തൂരും തമ്മിലുള്ള ആകെ ദൂരം (തുരങ്കം വഴി) 114 കിലോമീറ്ററാണ്. എന്നാല്‍ കുതിരാന്‍ തുരങ്കത്തിന് വെറും 1.6 കിലോമീറ്റര്‍ മാത്രമേ നീളമുള്ളൂ. യാത്രാവേളയില്‍ കുതിരാന്‍ മലയിലെ തിരക്ക് പരിഹരിക്കാനും, അപകടങ്ങള്‍ ഒഴിവാക്കുവാനും ലക്ഷ്യമിട്ടുള്ളതായിരുന്നു കുതിരാന്‍ തുരങ്കം. കുതിരാന്‍ മലയെ എളുപ്പത്തില്‍ മറികടക്കുക എന്നതല്ലാതെ രണ്ട് സംസ്ഥാനങ്ങലെയോ നഗരങ്ങളെയോ കുതിരാന്‍ തുരങ്കം ബന്ധിപ്പിക്കുന്നില്ല. തുരങ്കം നിര്‍മ്മിക്കുന്നതിന് മുന്‍പ് യാത്രക്കാര്‍ക്ക് ഈ റൂട്ടില്‍ വലിയ ഗതാഗതക്കുരുക്ക് നേരിടേണ്ടി വന്നിരുന്നു. മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെട്ട് വേണം കുതിരാന്‍ മല മറികടക്കാന്‍. ഈ ബുദ്ധിമുട്ടാണ് കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണത്തോടെ ഇല്ലാതായത്.
മഹാരാഷ്ട്രയില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; യുവാവിനെ തല്ലിക്കൊന്നു, സുഹൃത്തുക്കള്‍ക്ക് പരിക്ക്
പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു പശു സംരക്ഷകര്‍ എന്നവകാശ വാദം ഉന്നയിച്ചെത്തിയ ഒരുകൂട്ടമാളുകള്‍ യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചത്.
ജൂണ്‍ 10 നായിരുന്നു താനെ ജില്ലയിലെ പദ്ഗയില്‍ ലുക്മാന്‍ സുലൈമാന്‍ അന്‍സാരി (25) എന്ന യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഇതോടെയാണ് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞത്. ഇയാളുടെ സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 11 പേരെ ഇഗത്പുരി പൊലീസ് അറസ്റ്റ് ചെയ്തതായി ലോക്കല്‍ പൊലീസ് അറിയിച്ചു.
താനെ ജില്ലയിലെ ഘടാന്‍ദേവി മേഖലയില്‍ 150 മീറ്റര്‍ താഴ്ചയുള്ള തോട്ടിലാണ് അന്‍സാരിയുടെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 8 നായിരുന്നു കൊല്ലപ്പെട്ട അന്‍സാരി തന്റെ സുഹൃത്തുക്കളായ അതിഖ് പാഡി, അക്വീല്‍ ഗവണ്ടി എന്നിവര്‍ക്കൊപ്പം ഷഹാപൂരിലെ ഒരു കര്‍ഷക സ്ത്രീയില്‍ നിന്ന് 18,000 രൂപയ്ക്ക് ഒരു കാളയെയും രണ്ട് പശുക്കളെയും ഒരു കാളക്കുട്ടിയെയും വാങ്ങിയത്. തുടര്‍ന്ന് പളുക്കളെയും കാളകളെയും വാഹനത്തില്‍ കൊണ്ടുപോയ വഴി ഒരു കൂട്ടമാളുകളെത്തി വാഹനം തടഞ്ഞ് ഇവരെ ആക്രമിക്കുകയായിരുന്നു.
മൂന്ന് കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായി എത്തിയ 15-ലധികം ആളുകള്‍ ഷാഹാപൂരിലായിരുന്നു ഇവരെ തടഞ്ഞുവച്ചത്. ഭീഷണിപ്പെടുത്തിയ സംഘം അന്‍സാരിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ അന്‍സാരിയേയും സൂഹൃത്തുക്കളേയും
ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
അന്‍സാരിയുടെ സുഹൃത്തുക്കളായ പാഡിയും ഗവണ്ടിയും ഓടി രക്ഷപ്പെട്ടു. എന്നാല്‍, അന്‍സാരിയ്ക്ക് രക്ഷപ്പെടാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് അന്‍സാരിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, അന്‍സാരി തോട്ടില്‍ വീണാണ് മരിച്ചതെന്ന് രാഷ്ട്രീയ ബജ്റംഗ് ദളിലെ അംഗങ്ങള്‍ കൂടിയായ പ്രതികള്‍ അവകാശപ്പെടുന്നത്. പരിക്കേറ്റ അന്‍സാരിയുടെ സുഹൃത്തുക്കളുടെ മൊഴി പരാതി രേഖപ്പെടുത്തിയെന്നും 11 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായും പാലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സമ്മതിച്ച് നിഖില്‍ തോമസ്, നിര്‍മ്മിച്ചത് മറ്റൊരു എസ്എഫ്‌ഐ നേതാവ്
കായംകുളം എംഎസ്എം കോളേജില്‍ എംകോം പ്രവേശനത്തിന് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സമ്മതിച്ച് എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ്. എംകോം കോഴ്സിന് പ്രവേശനം നേടാന്‍ തന്നെ സഹായിച്ചത് മുന്‍ എസ്എഫ്ഐ നേതാവ് അബിന്‍ രാജ് ആണെന്നും ഇയാളാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നും നിഖില്‍ തോമസ് കായംകുളം പൊലീസിനോട് വെളിപ്പെടുത്തി.
ജൂണ്‍ 24നായിരുന്നു എംകോം പ്രവേശനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് നിഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളേജില്‍ മാസ്റ്റേഴ്സ് കോഴ്സിന് നിഖില്‍ തോമസ് പ്രവേശനം നേടിയെന്ന് മറ്റൊരു എസ്എഫ്ഐ അംഗം തന്നെയാണ് നിഖിലിനെതിരെ ആരോപിച്ചത്. 2018 നും 2020 നും ഇടയില്‍ കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എംഎസ്എം കോളേജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷയില്‍ വിജയിച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതേ കോളേജില്‍ തന്നെ നിഖില്‍ എംകോമിന് ചേരുകയായിരുന്നു.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ അബിന്‍ രാജ് രണ്ട് ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ തുക അബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും നിഖില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. നിഖിലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അബിന്‍ രാജിനെയും കേസില്‍ പ്രതിയാക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു. അബിന്‍ രാജ് ഇപ്പോള്‍ മാലിദ്വീപില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമായി അബിനെ മാലിദ്വീപില്‍ നിന്ന് കേരളത്തിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി ജി.അജയ്‌നാഥ് പറഞ്ഞു.
ആദ്യം നിഖിലിനെ പിന്തുണച്ച് എസ്എഫ്ഐ എത്തിയെങ്കിലും പിന്നീട് നിഖിലിനെ അറിയില്ലെന്നും നിഖില്‍ തോമസ് എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥിയും പ്രസ്തുത കാലയളവില്‍ അവിടെ പഠിച്ചിട്ടില്ലെന്നും കലിംഗ സര്‍വകലാശാല വ്യക്തമാക്കിയതോടെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഈ ആഴ്ച ആദ്യം എംഎസ്എം കോളേജ് നിഖിലിനെ സസ്‌പെന്‍ഡ് ചെയ്യുകയും കേരള യൂണിവേഴ്‌സിറ്റി എംകോം കോഴ്‌സ് റദ്ദാക്കുകയും ചെയ്തിരുന്നു.
കഞ്ചാവ് കൃഷിയും വില്‍പ്പനയും: മലയാളി അടക്കം അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ശിവമോഗ പോലീസ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ മൂന്നുപേര്‍ ശിവമോഗ നഗരത്തിലെ വാടകവീട്ടില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നതായി പൊലീസിന് സൂചന ലഭിച്ചു.
ഇടുക്കി സ്വദേശി വിനോദ് കുമാര്‍ (27), തമിഴ്നാട് കൃഷ്ണഗിരി സ്വദേശി വിഗിഹ്ന രാജ് (28) തമിഴ്നാട് ധര്‍മപുരി സ്വദേശി പാണ്ടിദൊറൈ (27) എന്നിവര്‍ക്കെതിരെയാണ് രഹസ്യ വിവരം ലഭിച്ചത്. ശിവമോഗയിലെ സുബ്ബയ്യ മെഡിക്കല്‍ കോളേജിന് സമീപമുള്ള ശിവഗംഗ ലേഔട്ടില്‍ വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇവര്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. വിവരമറിഞ്ഞത്തിയ പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 227 ഗ്രാം ഉണങ്ങിയ കഞ്ചാവും 1.5 കിലോ പച്ച കഞ്ചാവും 10 ഗ്രാം ചരസും കഞ്ചാവ് വിത്തുകളും ഹുക്ക പൈപ്പുകളും 19,000 രൂപയും പിടിച്ചെടുത്തു.
മറ്റൊരു കേസില്‍ വിജയപുര സ്വദേശി അബ്ദുള്‍ ഖയ്യ് (25), മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അര്‍പിത (23) എന്ന യുവതിയേയും ജൂണ്‍ 22 ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ നഗരത്തിലെ ഹലേ ഗുരുപുരയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. 466 ഗ്രാം കഞ്ചാവും മറ്റ് നിരോധിത വസ്തുക്കളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. നാട്ടുകാര്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്നു പ്രതികള്‍.
കഞ്ചാവ് കൃഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിജിനരാജ്, വിനോദ് കുമാര്‍, പാണ്ടിദൊറൈ എന്നിവര്‍ വെബ്സൈറ്റുകളില്‍ തിരഞ്ഞതായും
ശിവമോഗ പോലീസ് സൂപ്രണ്ട് ജികെ മിഥുന്‍ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീട്ടിനുള്ളിലെ കൃഷിക്ക് ആവശ്യമായ ടെന്റ്, ഫാനുകള്‍, എല്‍ഇഡി ലൈറ്റുകള്‍, വിത്തുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതാണെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്നര മാസമായി ഇവര്‍ കഞ്ചാവ് കൃഷി ചെയ്യുകയും ഉണങ്ങിയ കഞ്ചാവ് ചെറിയ പൊതികളിലാക്കി നാട്ടിലും പുറത്തും വില്‍ക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍, ഇത് അയല്‍ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ ശിവമോഗ റൂറല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.