വാര്‍ത്തകള്‍ ചുരുക്കത്തില്‍: കുഴിമന്തിയില്‍ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു; സംഭവം തൃശ്ശൂര്‍ പെരിഞ്ഞനത്ത്

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്‌സല്‍ വാങ്ങിക്കഴിക്കുകയായിരുന്നു.

കുഴിമന്തിക്കൊപ്പമുള്ള മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ 3 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

178 പേരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. പെരിഞ്ഞനം വടക്കേ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു

മഴ ശക്തമാകുന്നു; കൊച്ചിയില്‍ കനത്ത മഴ, വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് രൂക്ഷം

തിരുവനന്തപുരം /കൊച്ചി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങള്‍ കുടുങ്ങി. ആലുവ ഇടക്കാളി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളം കയറി. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നഗരത്തില്‍ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് രാവിലെ തന്നെയുണ്ടാകുന്നത്.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രചാരണത്തിന് ശേഷം ധ്യാനമിരിക്കാന്‍ നരേന്ദ്ര മോദി കന്യാകുമാരിയിലേക്ക്: ധ്യാനത്തിനെന്ന് സൂചന

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും. വിവേകാനന്ദ പാറയിലാണ് രണ്ടു ദിവസത്തെ ധ്യാനത്തിനായി വരുന്നതെന്ന സൂചന. അദ്ദേഹം 2019ല്‍ കേദാര്‍നാഥില്‍ ധ്യാനമിരുന്നിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പരിഗണിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷ
മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച് ദില്ലിയിലേക്ക് പോയേക്കും. 2019ല്‍ കേദാര്‍നാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്. രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്.

അതിനിടെ ജൂണ്‍ നാല് പുതിയ കാലഘട്ടത്തിന്റെ തുടക്കമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്‌ലിം ലീഗിന്റേതാണെന്ന് മോദി ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച് താന്‍ ജനങ്ങളെ ബോധവന്മാരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും:മന്ത്രി കെ ബി ഗണേഷ് കുമാര്‍

 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഗഡുക്കളായി ശമ്പളം നല്‍കുന്ന രീതി ഒഴിവാക്കാന്‍ ഫോര്‍മുല കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. യാത്രക്കാര്‍ യജമാനന്‍മാരാണെന്ന് ജീവനക്കാര്‍ മനസ്സിലാക്കണം. ബസ്സില്‍ കയറുന്ന ജനങ്ങളോട് മാന്യമായി പെരുമാറണം. സ്വിഫ്റ്റിലെ ചില ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

‘എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടില്‍ കെഎസ്ആര്‍ടിയിലെ ഓരോ വിഭാഗങ്ങള്‍ക്കായി (കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, മിനിസ്റ്റീരിയല്‍) നാല് എപ്പിസോഡുകളുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം ഇന്ന് പുറത്തിറക്കി. ആദ്യ എപ്പിസോഡ് കണ്ടക്ടര്‍മാര്‍ക്ക് വേണ്ടിയാണ്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നും ഇരുവര്‍ക്കും കോടതില്‍ നിര്‍ദ്ദേശം നല്‍കി. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടയക്കണം എന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ രാഹുലിന്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാര്‍ത്തികയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ എത്തിയിരുന്നില്ല. അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാഹുലിന്റെ കേരളത്തിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

കേസില്‍ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ശരത്‌ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പൊലീസ് റിപ്പോര്‍ട്ടിനായാണ് ഹര്‍ജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

കോട്ടയത്ത് ഉരുള്‍പൊട്ടല്‍, ഭരണങ്ങാനം വില്ലേജില്‍ ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം; 7 വീടുകള്‍ തകര്‍ന്നു, ആളപായമില്ല

കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതല്‍ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുള്‍പ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. ആളപായമില്ലെന്നത് ആശ്വാസമായി.

കോട്ടയത്ത് വിവിധ മേഖലകളില്‍ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടെ മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലര്‍ട്ട് തുടരുകയാണ്.

നമ്മുടെ കുട്ടികളുടെ ജീവന് എന്ത് വില ?

 

ദില്ലിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായി 7നവജാതശിശുക്കളാണ് വെന്ത് മരിച്ചത്. ഒരു കുഞ്ഞടക്കം ആറ് പേര്‍ വെന്റിലേറ്ററില്‍.ആശുപത്രിക്ക് പുറമേ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലെ രണ്ട് നിലകളിലും തീപിടിത്തമുണ്ടായി. 12 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ ഉള്ളപ്പോഴാണ് ബേബി കെയര്‍ ആശുപത്രിയില്‍ തീപിടിച്ചത്. രണ്ട് വലിയ കെട്ടിടങ്ങള്‍ക്കിടയിലുള്ള പരിമിതമായ സ്ഥലത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ ആശുപത്രിയിലാണ് ഈദാരുണസംഭവമുണ്ടായത്. ആരുടെ അനാസ്ഥ കൊണ്ടായാലും 7 കുരുന്നു ജീവനുകള്‍നഷ്ടപ്പെട്ടു. വിവേക് വിഹാര്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ ചിഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതിനുത്തരവാദിയാരാണ് എന്നുള്ള ചോദ്യം മാത്രം ബാക്കിയാവുയാണ്?

 

 

പരസ്പരം പഴിചാരുകയാണ് രാഷ്ട്രീയപാര്‍ട്ടികളും. അപകടത്തിന് ഉത്തരവാദി ആംആദ്മി പാര്‍ട്ടിയും സര്‍ക്കാരുമാണെന്നാണ് ബിജെപിയുടെ ആരോപണം. ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. പ്രധാനമന്ത്രിയുടെ ആശ്വാസവാക്കുകളും ധനസഹായമൊന്നും ഒരു ജീവന് പകരമാവില്ലല്ലോ? തീപിടിച്ചതിന് പിന്നാളെ ഒളിവില്‍ പോയ ആശുപതി ഉടമ നവീന്‍ കിച്ചിയെ ദില്ലി പൊലീസ് പതിനഞ്ച് മണിക്കൂറിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇത്രയും സംഭവം നടന്നിട്ടും തീര്‍ത്തും ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തിയെന്ന് നിസംശയം പറയാം.ഇയാള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയെങ്കിലും സംസ്ഥാനത്ത് കുരുന്നുകളുടെ ജീവന് ഇത്ര വിലയുള്ളെന്ന് കരുതാം. തുടര്‍ച്ചയായി ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കടുത്ത നിയമലംഘനങ്ങള്‍ നടത്തിയാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അതിനൊടൊപ്പം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചട്ടങ്ങള്‍പാലിച്ചില്ല. റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റാണ് ആശുപത്രിയാക്കി മാറ്റിയത്. ആശുപത്രിയുടെ ലൈസന്‍സ് മാര്‍ച്ച് 31 ന് അവസാനിച്ചതെന്നും അടിയന്തിര സാഹചര്യങ്ങളില്‍ പുറത്തിറങ്ങാനുള്ള വാതിലുകള്‍ ഇല്ലെന്നുംപൊലീസ് കണ്ടെത്തി. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് ആരാണ് എന്നുള്ള ചോദ്യം ബാക്കിയാവുകയാണ്. ദാരുണ സംഭവങ്ങള്‍ വാര്‍ത്തകള്‍ വരുമ്പോള്‍ ഉണരുന്ന ചില ഗവണ്‍മെന്റ് വകുപ്പുകള്‍ ഉണരുകയും ഉടനടി പ്രഖ്യാപനങ്ങള്‍ നടത്തും. ഈസംഭവത്തിന് ശേഷം ദില്ലിയിലും ഇതേ അവസ്ഥ അരങ്ങേറി. ചെറുകിട ആശുപത്രികളിലും മെഡിക്കല്‍ ക്ലിനിക്കുകളിലും ശക്തമായ പരിശോധന നടത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം.

രാജ്യത്ത് വീണ്ടും തീപിടുത്തം തുടര്‍ക്കഥയാവുകയാണ് ,കഴിഞ്ഞദിവസം ദില്ലിയിലാണെങ്കില്‍ ഇന്ന് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആശുപത്രി കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ ടെറസിലാണ് തീപിടിത്തമുണ്ടായത്. തീ ആളിപ്പടര്‍ന്നതോടെ കുട്ടികളുള്‍പ്പെടെ 12 രോഗികളെ രക്ഷിച്ച് പുറത്തെത്തിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് തീപിടിത്തതിന് കാരണമെന്നാണ് സൂചന.

ആശുപത്രി പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യം പോലുമില്ലെന്ന് പറയുമ്പോഴാണ് വിഷയത്തിന്‍െ ഗൗരവം മനസിലാക്കേണ്ടത്. യാതൊരു മുന്‍കരുതലുകളും സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്നതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടിയന്തിര നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു, എന്നാല്‍ ഇത് സര്‍ക്കാര്‍ പാലിച്ചിരുന്നില്ല. പൊലീസിന്റെ കണ്ടെത്തലുകളിലൂടെ അടിസ്ഥാനത്തില്‍ ഒരു സുരക്ഷയുമില്ലാതെയാണോ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഓരോരുത്തരും ചോദിക്കുന്നത്. ഓരോ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം നടപടിയെടുക്കുന്നതിനെക്കുറിച്ച് ജനങ്ങളും രോഷത്തിലാണ്. ഒരു സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലാണ് കുട്ടികളെ ചികിത്സിക്കുന്നതെന്ന് പറയുമ്പോള്‍ എത്രത്തോളം വിഷയം ഗൗരവമേറിയതാണന്ന് ചിന്തിക്കണം. ഇതിനെതിരെ ഒരു രാഷ്ട്രീയപാര്‍ട്ടി പോലും പ്രതികരിക്കുന്നുമില്ല.

ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ ആശുപത്രി ഉടമകളും ബില്‍ഡിംഗ് ഉടമകളും മാത്രം അറസ്്റ്റിലാവുന്ന കാഴ്ചയാണ് കാണുന്നത്. അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് വലിയൊരു വീഴ്ചയാണ്. ഈ തീപിടിത്തത്തിന് കാരണമായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്ക. ഇനി ഒരിക്കലും ഇങ്ങനെയുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാവാതിരിക്കാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയെടുക്കണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളത്. ഉത്തരവാദിത്തത്തില്‍ ഒഴിഞ്ഞുമാറാന്‍ ഒരു ഗവണ്‍മെന്റിനും സാധിക്കില്ല

കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കെ.സുധാകരന്‍, അച്ചടക്ക നടപടി വേണെമെന്ന് എന്‍എസ്‌യുവിനോട് ശുപാര്‍ശ ചെയ്യും

 

തിരുവനന്തപുരം:കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു.തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവിയറില്‍ നിന്നുണ്ടായി എന്നാണ് പരാതി. കെഎസ്‌യു ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസിയുടെ അന്വേഷണ സമിതിയോട് ഇന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

കടുത്ത അച്ചടക്ക നടപടി വേണമെന്ന നിലപാടില്‍ അയവുവരുത്താതെ, കെഎസ്‌യു പ്രസിഡന്റിനെ ഉന്നംവച്ചാണ് കെപിസിസി അധ്യക്ഷന്റെ നീക്കം. നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാംപിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്ന് കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സ്വതന്ത്ര സംഘടനയെന്ന നിലയിലാണ് കെഎസ്‌യു പ്രവര്‍ത്തിക്കുന്നത്. നാലുപേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ലെന്നും പരാതിപറഞ്ഞു. അതേസമയം കെപിസിസി അന്വേഷണ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കേണ്ട നേതാക്കളുടെ പട്ടികസഹിതമാവും എംഎം നസീറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് നല്‍കുക. അലോഷ്യസ് സേവിയര്‍ പ്രതികാരപൂര്‍വം പെരുമാറിയെന്ന് സസ്‌പെന്‍ഷനിലായ സുധാകര പക്ഷക്കാരനായ കെഎസ് യു സംസ്ഥാന ജനറല്‍സെക്രട്ടറി പറഞ്ഞു

ക്യാംപ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെപിസിസി അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവും അച്ചടക്കനടപടിക്ക് എന്‍എസ്‌യുവിനോട് കെപിസിസി അധ്യക്ഷന്‍ ശുപാര്‍ശ ചെയ്യുക. എന്നാല്‍ തന്റെ അനുയായിയായ സംസ്ഥാന അധ്യക്ഷനെ സംരക്ഷിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കെഎസ് യുവിന്റെ പേരിലും കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തമ്മിലെ പോര് മുറുകുന്ന സ്ഥിതിയാണ്

കഴിഞ്ഞദിവസം, കെ.എസ്.യു സംസ്ഥാന പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ല സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്റഫ്, ജില്ല ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ക്യാമ്പില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയും ഉണ്ടാക്കിയതിനാണ് അല്‍ അമീന്‍ അഷറഫ്, ജെറിന്‍ ആര്യനാട് എന്നിവര്‍ക്കെതിരായ നടപടി. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് അനന്തകൃഷ്ണനും ആഞ്ചലോ ജോര്‍ജിനുമെതിരായ ആരോപണം. കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. നാലുപേരുടെയും പ്രവര്‍ത്തനം സംസ്ഥാന കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി സമ്പത്ത് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദമായ സംഘടനാതല അന്വേഷണം നടത്താനും തീരുമാനമുണ്ട്.

നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തെക്കന്‍ മേഖലാ ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പാര്‍ട്ടിയിലെ ഗ്രൂപ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. നടപടി നേരിട്ടവരില്‍ സംഘര്‍ഷത്തിലുള്‍പ്പെട്ട ഇരുവിഭാഗത്തിലും പെട്ടവരുണ്ട്. ഒരു വിഭാഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും മറുവിഭാഗം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായും അടുപ്പം പുലര്‍ത്തുന്നവരാണ്.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എ.എം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എ.കെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Um Dos Cassinos Mais Convenientes Perform Brasil Pin-up: Bônus Generosos Para Recém-lan?ados Jogadores!

Um Dos Cassinos Mais Convenientes Perform Brasil Pin-up: Bônus...

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെ: കെ മുരളീധരന്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത്...

സൂപ്പര്‍ കോച്ചും താരവും; കേരള മുന്‍ ഫുട്‌ബോളര്‍ ടി കെ ചാത്തുണ്ണി അന്തരിച്ചു

കേരള മുന്‍ ഫുട്‌ബോള്‍ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി കെ...

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വകുപ്പു വിഭജനം പൂര്‍ത്തിയായതിനു പിന്നാലെ, തൃശൂര്‍...