മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു; ജന്മനാടിനെ മറക്കാത്ത കുഞ്ഞുഞ്ഞ്

ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.

 

രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകുയായിരുന്നു. സംസ്‌ക്കാരം പുതുപ്പള്ളിയില്‍. പൊതു ദര്‍ശനമടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാന്‍സര്‍ ബാധിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എയായിരുന്നു. രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാല്‍ രാജ്യത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗളൂരുവിലുണ്ട്. 2004ലാണ് ഉമ്മന്‍ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി 2004-ല്‍ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. പിന്നീട് 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍ക്കാറിനെ ഉമ്മന്‍ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളില്‍ സോളാര്‍, ബാര്‍ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചു.

1977-78 കാലത്ത് കെ കരുണാകരന്‍ മന്ത്രിസഭയിലും കരുണാകരന്‍ രാജിവെച്ച് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരില്‍ തൊഴില്‍ മന്ത്രി. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും 1991-ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്.സാന്ത്വനവും പ്രതീക്ഷയുമായിരുന്നു… പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല…
തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു.
ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട.

 

സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച നേതാവ്, നഷ്ടപ്പെട്ടത് സഹോദരനെ; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ചെന്നിത്തല

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച നേതായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

 

കഴിവുറ്റ ഭരണാധികാരി, ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മന്‍ചാണ്ടിയുടെ വിട പറയല്‍ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഒരേ വര്‍ഷമാണ് തങ്ങള്‍ ഇരുവരും നിയമസഭയില്‍ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയല്‍ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.

ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്‍ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം സമാജികരുടെ നിരയിലാണ് . ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.

1970 ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടര്‍ന്നു. പല കോണ്‍ഗ്രസ് നേതാക്കളും – കെ കരുണാകരനും എ കെ ആന്റണിയുമടക്കം – പാര്‍ലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.

എഴുപതുകളുടെ തുടക്കത്തില്‍ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരില്‍ മറ്റാര്‍ക്കും ലഭ്യമാവാത്ത ചുമതലകള്‍ തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തിനു കൈകാര്യം ചെയ്യാന്‍ സാധിച്ചു.
ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതല്‍ക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടി ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മന്‍ചാണ്ടി.

കെഎസ്യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മന്‍ചാണ്ടി സംസ്ഥാനതല കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്‍പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മന്‍ചാണ്ടി വിടവാങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ സന്തപ്ത കുടുംബാംഗങ്ങളുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും യു.ഡി. എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

ഉമ്മന്‍ചാണ്ടിയുടെ അപ്രതീക്ഷിത വിടവാങ്ങലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനുസ്മരിച്ചു. മുന്‍ കേരള മുഖ്യമന്ത്രിയും തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ദീര്‍ഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോണ്‍ഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 

‘എന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടം’; എകെ ആന്റണി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി. തന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മന്‍ചാണ്ടിയാണെന്നും ആന്റണി പറഞ്ഞു.

ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ്. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കല്‍ ആയിരുന്നു ലക്ഷ്യം. സഹായം തേടിവരുന്നവരെ നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ഭരണാധികാരിയാണ്. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മന്‍ചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മന്‍ചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ജന്മനാടിനെ മറക്കാത്ത കുഞ്ഞുഞ്ഞ്…

 

സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ വളര്‍ച്ചയുടെ കൊടുമുടി കയറുമ്പോഴും ജന്‍മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വ്യത്യസ്തനാക്കിയത്. തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതിയാണ് ആ ഹൃദയബന്ധത്തിനുളള സമ്മാനമായി പുതുപ്പളളിക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുത്തത്.

 

കുഞ്ഞുഞ്ഞിന് എന്നും പ്രിയപ്പെട്ടതായിരുന്നു പുതുപ്പളളി. അഞ്ചു പതിറ്റാണ്ട് പിന്നിട്ടപ്പോഴും പുതുമ നഷ്ടപ്പെടാത്തൊരു പാരസ്പര്യമായിരുന്നു ഉമ്മന്‍ചാണ്ടിയും പുതുപ്പളളിയും തമ്മിലുണ്ടായിരുന്നത്. മഞ്ചേശ്വരത്തിനും പാറശാലയ്ക്കുമിടയിലെ നിരന്തര യാത്രകളിലൂടെ രാഷ്ട്രീയ കേരളത്തോളം വളര്‍ന്ന ഉമ്മന്‍ചാണ്ടി പുതുപ്പളളിയില്‍ നിന്നായിരുന്നു ആ യാത്രകളത്രയും തുടങ്ങിയതും അവസാനിപ്പിച്ചതും. അത്രയും ഇഷ്ടമായിരുന്നു തന്റെ ജന്മനാടിനോട്.

 

പുതുപ്പളളി എംഎല്‍എയില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് വളര്‍ന്നപ്പോഴും തലസ്ഥാനത്തൊരു പുതുപ്പളളി ഹൗസ് തുറന്ന് ഉമ്മന്‍ചാണ്ടി ജന്‍മനാടിനെ കൂടെക്കൂട്ടി. അന്നു പുതുപ്പള്ളിക്കാര്‍ക്കു കൊടുത്ത വാക്കാണിത് എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയില്‍ എത്തും. 40 വര്‍ഷം മുടങ്ങാതെ ആ പതിവ് തുടര്‍ന്നിരുന്നു.

1970 ല്‍ തനിക്ക് ആദ്യമായി വോട്ടു ചെയ്ത പുതുപ്പളളിക്കാരുടെ മക്കളിലേക്കും പേരക്കുട്ടികളിലേക്കും അവരുടെ മക്കളിലേക്കും വേരുപടര്‍ത്തിയൊരു വ്യക്തി ബന്ധമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. സംസ്ഥാന രാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് വളര്‍ന്നു കയറാനുളള ഉമ്മന്‍ചാണ്ടിയുടെ അടിത്തറയെന്ന് പറയുന്നത് പുതുപ്പള്ളി തന്നെയാണ്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ പോലും ആഴ്ചയിലൊരിക്കല്‍ പുതുപ്പള്ളിയില്‍ വരാറുണ്ടായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുടെ കാലത്ത് യാത്ര മുടങ്ങിയപ്പോഴും രോഗം പിടിമുറുക്കിയപ്പോഴും മാത്രമാണ് ഈ ഒരു രീതീയ്ക്ക് മാറ്റം വന്നത്. പുതുപ്പള്ളിയിലെ വീട്ടില്‍ ഏത് സമയത്തും സഹായം ചോദിച്ച് ചെന്നാലും അദ്ദേഹം ആ വീട്ടിലുണ്ടെങ്കില്‍ ഒരാളെയും മടക്കി അയക്കില്ല. അതു കൊണ്ട് തന്നെ ആ വീട്ടില്‍ രാവിലെ തന്നെ പ്രവര്‍ത്തകരും നിവേദനം നല്‍കാനുള്ളവരും എത്തും.

 

എത്രദൂരത്ത് നിന്ന് വന്നാലും ആരെയും മടക്കിവിടാറില്ല അദ്ദേഹം.
ഏത് പ്രശ്നങ്ങളിലും കഴിയുന്നത്രയും പരിഹരിക്കാന്‍ അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാകുകയും, പഴയതുപോലെ സജീവമാകാന്‍ കഴിയാതെ വരികയും ചെയ്തതിനാല്‍, തന്റെ വീടിന്റെ ജനാലകള്‍ തുറന്നിട്ടാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം കേട്ടത്. അത്രയും പ്രാധാന്യമുണ്ട് പുതുപ്പള്ളിക്കാര്‍ക്ക്.

പുതുപ്പള്ളിയിലെയും കോട്ടയത്തെയും ഏത് വീടുകളിലും നിറസാന്നിധ്യമാണ് ഉമ്മന്‍ചാണ്ടി. കല്യാണവീടുകളായാലും മരണവീടുകളായാലും ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന വ്യക്തിയാണ് സ്വന്തം കുഞ്ഞുഞ്ഞ്. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ചയെന്നൊരു ദിവസമുണ്ടെങ്കില്‍ കാരോട്ട് വളളക്കാലിലെ വീട്ടില്‍ കുഞ്ഞൂഞ്ഞുണ്ടാവുമെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും അന്നൊരു പരിഹാരം കാണുമെന്നുമുളള ഉറപ്പിലായിരുന്നു ശരാശരി പുതുപ്പളളിക്കാരന്റെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തെ ജീവിതവും. അതുകൊണ്ടു തന്നെയാണ് 1970 നും നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി മാറി വന്നിട്ടും ഉമ്മന്‍ചാണ്ടിയല്ലാതൊരു പേര് പുതുപ്പളളിക്കാരുടെ മനസിലേക്കു കയറാതിരുന്നതും. പുതുപ്പളളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി ആലോചിക്കാതിരുന്നതും.

പുതുപ്പളളിക്കാര്‍ക്കൊപ്പം പുതുപ്പളളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന ചിന്തയായിരുന്നു പ്രതിസന്ധി കാലങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം. രാഷ്ട്രീയമായി വേട്ടയാടിയവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയ കാലത്ത് പുതുപ്പളളി പളളിക്കു മുന്നില്‍ ഏകനായി പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രമായിരുന്നു ആരാധകരുടെ മറുപടി. ഒരിക്കല്‍ കൂടി കുഞ്ഞൂഞ്ഞ് പുതുപ്പളളിയിലേക്കു വരും. കാരോട്ട് വളളക്കാലിലെ വീട്ടില്‍ തന്നെ കാണാന്‍ കൂടി നില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ സ്നേഹമറിയും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കെട്ടിയ വടം കഴുത്തില്‍...

Free Slot Games and Video Slots For Your iPhone – How to Increase Your Chances of Winning

Sweepstakes casinos have long been a favourite way of...

Free Slots No Download No Enrollment: Delight In Immediate Video Gaming without Trouble

In to Pagina apuestas csgoday's busy electronic age, online...

Free Slots: No Download or Enrollment, Simply Fun and Enjoyment

Are you a fan of gambling establishment games and...