സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരന്‍ ടി.സി. ഹര്‍ഷാദ് നടത്തിയത് ദിവസങ്ങള്‍ നീണ്ടുനിന്ന ആസൂത്രണം. സുഹൃത്തും നാട്ടുകാരനുമായ യുവാവ് കഴിഞ്ഞ ഒന്‍പതിന് രാവിലെ 10.30-ന് ഹര്‍ഷാദിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. ജയില്‍ചാടാനുള്ള പദ്ധതി ഇവിടെനിന്നാണ് തയ്യാറാക്കിയതെന്ന് പറയുന്നു.
മാത്രമല്ല. ഹര്‍ഷാദിന് ജയില്‍ സന്ദര്‍ശകരായി ആരും എത്താറില്ല. ഈ സുഹൃത്ത് മാത്രമാണ് ഇടയ്ക്ക് എത്തുന്നത്. സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യം ജയിലില്‍ എത്താറുള്ള സുഹൃത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ സുഹൃത്ത് നാട്ടിലില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ജയില്‍ ചാട്ടം ഇങ്ങനെ………….
• ജയിലിലെ ഏഴാം നമ്പര്‍ ബ്ലോക്കിലെ തടവുകാരനായ ഹര്‍ഷാദ് രാവിലെ 5.30-ന് ഉണരുന്നു.
• ആറോടെ വെല്‍ഫെയര്‍ ഓഫീസില്‍ എത്തി. 30 മിനിറ്റ് ജോലികള്‍ ചെയ്യുന്നു.
• 6.35-ന് പത്രക്കെട്ട് എടുക്കാന്‍ പുറത്തിറങ്ങുന്നു.
• ഗാന്ധി പ്രതിമയ്ക്ക് സമീപത്തുള്ള പത്രക്കെട്ട് എടുക്കാനെന്ന വ്യാജേന കുനിയുന്നു.
• ചുറ്റുപാട് നിരീക്ഷിച്ച ശേഷം പടികളിലൂടെ റോഡിലേക്ക് ഇറങ്ങിയോടുന്നു.
• പടവുകള്‍ ഇറങ്ങുന്നതിനിടെ തെന്നിവീഴാന്‍ പോകുന്നു.
• റോഡിലിറങ്ങി ബൈക്കുമായി കാത്തുനില്‍ക്കുന്ന സുഹൃത്തിന്റെ കൂടെ രക്ഷപ്പെടുന്നു.
• കണ്ണൂര്‍ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോകുന്നു.
• താണയില്‍ നിന്ന് ഇടതുഭാഗത്തേക്കുള്ള റോഡിലേക്ക് ബൈക്ക് ഇറക്കി ഓടിച്ചുപോയി.
ജയില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് തേടി
തടവുകാരന്‍ ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡി.ജി.പി. ജയില്‍ ഡി.ഐ.ജി.യോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡി.െഎ.ജി. ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജയില്‍ ജീവനക്കാര്‍ തടവുകാരനോടൊപ്പം അകമ്പടി പോകാത്തതിനുള്ള കാരണം ഉള്‍പ്പെടെയുള്ള വിശദീകരണമാണ് ജയില്‍ ഡി.ജി.പി. തേടിയത്. സുരക്ഷാവീഴ്ചയില്‍ ജീവനക്കാര്‍ക്കെതിരേ നടപടിക്കും സാധ്യതയേറി.
പൂജകള്‍ക്കോ ചടങ്ങുകള്‍ക്കോ വിവാഹങ്ങള്‍ക്കോ തടസ്സം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി; തൃപ്രയാറും സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി 17 ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഗുരുവായൂരിലെ ചടങ്ങുകള്‍ക്ക് ശേഷം വലപ്പാട് ഗവ. ഹൈസ്‌കൂളിലെ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ വാഹനവ്യൂഹത്തോടൊപ്പമാണ് ക്ഷേത്രത്തിലെത്തുക. ഇറങ്ങുന്ന ഗ്രൗണ്ട്, കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിന്റെ ഇരുഭാഗങ്ങള്‍, പടിഞ്ഞാറെനട, ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ എന്നിവിടങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കും. 10.10 മുതല്‍ 11.10 വരെ പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാകും.
പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇന്നലെ വൈകിട്ട് കലക്ടര്‍ പി.ആര്‍.കൃഷ്ണതേജ, റൂറല്‍ പൊലീസ് മേധാവി നവനീത് ശര്‍മ, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍.ശങ്കര്‍, വലപ്പാട് സിഐ കെ.എസ്.സുശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സംഘം ക്ഷേത്രത്തിലെത്തി പ്രാഥമിക വിലയിരുത്തല്‍ നടത്തി. എസ്പിജിയുടെ കേരളത്തിന്റെ ചുമതലയുള്ള സുരേഷ് രാജ് പുരോഹിത് വലപ്പാട് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ക്ഷേത്രത്തില്‍ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയില്‍ നാദോപാസന സമിതിയുടെ നേതൃത്വത്തില്‍ ബ്രഹ്‌മസ്വം മഠത്തില്‍ വേദപഠനം നടത്തുന്ന 21 വിദ്യാര്‍ഥികളുടെ വേദാര്‍ച്ചന, രാമായണത്തെ ആസ്പദമാക്കിയുള്ള ഭജന എന്നിവയുണ്ടാകും. ചര്‍ച്ചയില്‍ ദേവസ്വം മാനേജര്‍ എ.പി.സുരേഷ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്‍ശനന്‍, ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ കമ്മിഷണര്‍മാരായ കെ.മനോജ്കുമാര്‍, സി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബുധനാഴ്ച മോദി ഗുരുവായൂര്‍ സന്ദര്‍ശിക്കുമ്പോള്‍ കനത്ത സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ചു സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) എഡിജിപി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ക്ഷേത്രത്തിലെ പൂജകള്‍ക്കോ ചടങ്ങുകള്‍ക്കോ വിവാഹങ്ങള്‍ക്കോ തടസ്സം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പുരോഹിത് യോഗത്തെ അറിയിച്ചു.
കാലത്ത് 7.40ന് മോദി ക്ഷേത്രത്തില്‍ എത്തുമെന്നാണ് ഇപ്പോഴത്തെ വിവരം. തന്ത്രി, മേല്‍ശാന്തി, ഉദയാസ്തമനപൂജ ചെയ്യുന്ന ഓതിക്കന്മാര്‍, കീഴ്ശാന്തി എന്നിവരും ദേവസ്വം ചെയര്‍മാന്‍, ഭരണസമിതി അംഗങ്ങള്‍, അഡ്മിനിസ്‌ട്രേറ്റര്‍, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങി അവശ്യം വേണ്ടവര്‍ മാത്രമാകും ക്ഷേത്രത്തില്‍ ഉണ്ടാവുക. ക്ഷേത്ര ദര്‍ശനത്തിനു ശേഷം 8.45ന് ക്ഷേത്രത്തില്‍സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് 9ന് മടങ്ങും.
ജോഡോ യാത്രയ്ക്ക് മുമ്പ് അപ്രതീക്ഷിത തിരിച്ചടി
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പാര്‍ട്ടി വിടുന്നത്. ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. അതു മാത്രമല്ല കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന്റെ തലേദിവസമാണ് താന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുന്നതും. ദിവസങ്ങള്‍ നീണ്ട അഭ്യുഹങ്ങള്‍ക്കൊടുവിലാണ് മിലിന്ദ് പാര്‍ട്ടി വിട്ടത്. ഇനി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലാണ് മിലിന്ദ് ഇനി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു പാര്‍ട്ടി പ്രവേശം.
നേട്ടങ്ങളുടെ രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് പാര്‍ട്ടി പ്രവേശനത്തിന് പിന്നാലെ മിലിന്ദ് പ്രതികരിച്ചത്. ഞാന്‍ നേട്ടങ്ങളുടെ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. അല്ലാതെ വേദനയുടേയും വ്യക്തിപരമായ വിമര്‍ശനങ്ങളുടേയും നീതികേടിന്റേയും നിഷേധാത്മകതയുടേയും രാഷ്ട്രീയത്തിലല്ലെന്നും മിലിന്ദ് പറഞ്ഞു. മോദിജിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തെ പിന്തുണയ്ക്കാനും മുംബൈയെയും മഹാരാഷ്ട്രയെയും ശക്തിപ്പെടുത്താനുമാണ് താന്‍ ശിവേസനയ്ക്കൊപ്പം കൈകോര്‍ത്തതെന്നുമാണ് മിലിന്ദിന്റെ പ്രതികരണം.
ശനിയാഴ്ച രാത്രി എക്സിലൂടെയാണ് മിലിന്ദ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതായി അറിയിച്ചത്. കുടുംബപരമായി കഴിഞ്ഞ 55 വര്‍ഷത്തോളമായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തിന് അവസാനമാവുകയാണ് എന്നാണ് ട്വീറ്റിലൂടെ മിലിന്ദ് അറിയിച്ചത്. ‘എന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാനമായ ഒരേടിന് ഇന്ന് അവസാനമാവുകയാണ്. രാജിക്കത്ത് നല്‍കി കോണ്‍ഗ്രസില്‍ നിന്നുള്ള അംഗത്വം അവസാനിപ്പിച്ചു. കുടുംബപരമായി കഴിഞ്ഞ 55 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി നിലനിന്നിരുന്ന ബന്ധം അങ്ങനെ അവസാനിച്ചു. എല്ലാവിധ പിന്തുണയുമായി ഇത്രയും വര്‍ഷം കൂടെയുണ്ടായിരുന്ന നേതാക്കളോടും സഹപ്രവര്‍ത്തകരോടും ഞാന്‍ എന്നും കൃതജ്ഞത ഉള്ളവനായിരിക്കും’, മിലിന്ദ് ട്വീറ്റില്‍ കുറിച്ചു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന മുരളി ദേവ്റയുടെ മകനാണ് 47-കാരനായ മിലിന്ദ് ദേവ്‌റ. കോണ്‍ഗ്രസിന്റെ മുന്‍ മുംബൈ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമാണ് മിലിന്ദ്. ദക്ഷിണ മുംബൈയില്‍ നിന്ന് സ്ഥിരമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്ന മുരളി ദേവ്റയുടെ മരണശേഷമാണ് മിലിന്ദ് ദേവ്റ ഇവിടെ മത്സരിക്കുന്നത്.
2004-ലും 2009-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുംബൈയിലെ സൗത്ത് സീറ്റില്‍ നിന്ന് മിലിന്ദ് വിജയിച്ചിരുന്നു. ശിവസേന പിളരുന്നതിന് മുമ്പ്, 2014-ലും 2019-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ അരവിന്ദ് സാവന്ദിനെതിരെ മത്സരിച്ച മിലിന്ദിന് രണ്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞിരുന്നുള്ളൂ. മുംബൈയിലെ സൗത്ത് സീറ്റ് ഉദ്ധവ് താക്കറെ പക്ഷത്തിന് ലഭിച്ചതിലുള്ള അമര്‍ഷം മിലിന്ദ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
ഉദ്ധവ് പക്ഷത്തെ അരവിന്ദ് സാവന്താണ് സൗത്ത് മുംബൈ മണ്ഡലത്തില്‍ നിന്നുളള സിറ്റിങ് എംപി. ബിജെപിയും ശിവസേനയും സഖ്യമായി മത്സരിച്ച കഴിഞ്ഞ 2 തവണയും മിലിന്ദിനെ പരാജയപ്പെടുത്തിയ നേതാവാണ് ഇദ്ദേഹം. ശിവസേന പിളരുകയും ഷിന്‍ഡെ പക്ഷം ബിജെപിയുമായും ഉദ്ധവ് വിഭാഗം കോണ്‍ഗ്രസുമായും കൈകോര്‍ക്കുകയും ചെയ്തിരിക്കെ സമാവാക്യങ്ങള്‍ മാറി. മിലിന്ദിനെക്കാള്‍ വിജയസാധ്യത തൊഴിലാളി യൂണിയന്‍ നേതാവും വോട്ടര്‍മാരുമായി കൂടുതല്‍ അടുപ്പം സൂക്ഷിക്കുന്ന സിറ്റിങ് എംപിയുമായ അരവിന്ദ് സാവന്തിനാണെന്ന് ഉദ്ധവ് പക്ഷം കരുതുന്നു. സീറ്റിനുമേല്‍ ഉദ്ധവ് പക്ഷനേതാക്കള്‍ ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിക്കുന്നതില്‍ മിലിന്ദ് അസന്തുഷ്ടനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബി.ജെ.പിയ്ക്കൊപ്പമുള്ള ശിവസേനാ ഷിന്ദേ പക്ഷത്തേക്ക് ചേക്കേറിയാലും ദക്ഷിണ മുംബൈ സീറ്റില്‍ മിലിന്ദ് ദേവ്റയ്ക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും ഉറപ്പില്ല. ബി.ജെ.പിയാകും ഇവിടെ മത്സരിക്കാന്‍ സാധ്യതയുള്ളത്.
(ഹോള്‍ഡ്)
മിലിന്ദ് ദിയോറ പാര്‍ട്ടി വിട്ടതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പുമായി ബിജെപിയും രംഗത്തെത്തി. രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതാക്കളോട് ‘ന്യായം’ ചെയ്യൂ എന്നാണ് ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ എക്സിലൂടെ പ്രതികരിച്ചത്.’ഭാരത് ജോഡോ ന്യായ് യാത്ര’ ഇന്ന് മണിപ്പുരില്‍ നിന്ന് ആരംഭിക്കാനിരുന്നപ്പോഴാണ് യാത്രയുടെ പേര് തന്നെ ഉപയോഗിച്ച് ബി.ജെ.പി. രാഹുലിനെ വിമര്‍ശിച്ചത്. ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് കരുത്ത് പകരുന്ന രീതിയിലാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ രാജി. കോണ്‍ഗ്രസിലെ ചര്‍ച്ചകളില്ലായ്മയും കൂട്ടുത്തരവാദിത്തമില്ലായ്മയും വ്യക്തമാക്കുന്നതാണ് അടുത്തിടെ സംഭവിച്ച പ്രമുഖ നേതാക്കളുടെ രാജിയും. അവസാനം കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് പോയവരുടെ കൂട്ടത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മിലിന്ദ് ദിയോറയും.
ബിഷപ്പിന്റെ വാക്കുകള്‍ കാപട്യം നിറഞ്ഞത്, സിനഡ് തീരുമാനത്തിനെതിരേ പ്രതിഷേധിക്കും- അല്‍മായ മുന്നേറ്റം
എല്ലാവരേയും കേള്‍ക്കുമെന്നും കുര്‍ബാന തര്‍ക്കത്തില്‍ സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും പറഞ്ഞ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ വാക്കുകള്‍ കാപട്യം നിറഞ്ഞതെന്ന് അല്‍മായ മുന്നേറ്റം. സിറോ മലബാര്‍സഭയില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് സിനഡ് വൈദികര്‍ക്ക് സര്‍ക്കുലര്‍ അയച്ചതിന് പിന്നാലെയാണ് എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റത്തിന്റെ പ്രതികരണം.
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിനോട് ജനാഭിമുഖ കുര്‍ബാന ആവശ്യപ്പെടുന്ന വിശ്വാസി സമൂഹത്തിന്റെ നിലപാട് അറിയിച്ചിരുന്നതാണ്. അദ്ദേഹം ഞങ്ങളോട് പറഞ്ഞതും പൊതുവായി സംസാരിച്ചതും എല്ലാവരേയും കേള്‍ക്കുമെന്നും കുര്‍ബാന തര്‍ക്കത്തില്‍ സാധ്യമായ പരിഹാരം കണ്ടെത്തുമെന്നുമാണ്. സിനഡ് കഴിഞ്ഞയുടന്‍ തന്നെ ബിഷപ്പ് ഹൗസില്‍ സ്വീകരണവും നല്‍കിയിരുന്നു. അന്നും അദ്ദേഹം പറഞ്ഞത് നിങ്ങളെ മുഴുവന്‍ കേട്ടതിന് ശേഷം സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും അതിനാണ് തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നുമാണ്. എന്നാല്‍ അദ്ദേഹം കാപട്യം നിറഞ്ഞ വാക്കുകളാണ് പറഞ്ഞതെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. 13ാം തീയതി സിനഡ് തീരുമാനിച്ച് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്ത് വരാനിരിക്കെ ഇങ്ങനെയൊരു പ്രസംഗം നടത്തേണ്ടിയിരുന്നില്ലെന്നും അല്‍മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.
വിശ്വാസികളുമായി യാതൊരു ചര്‍ച്ചയും നടത്താതെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. സിനഡിന്റെ ഏകീകൃത കുര്‍ബാനയെ ഒരു രീതിയിലും അംഗീകരിക്കാന്‍ തയാറല്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അല്‍മായ മുന്നേറ്റം വ്യക്തമാക്കുന്നു.
സിറോ മലബാര്‍ സഭ സിനഡിന്റെ അവസാന ദിനമായ ജനുവരി 13-ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച സിനഡില്‍ പങ്കെടുത്ത എല്ലാ മെത്രാന്മാരും ഒപ്പിട്ടാണ് ഏകീകൃത കുര്‍ബാന നടത്തണെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. 2023 ഡിസംബര്‍ 25 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ സഭയുടെ ഏകീകൃത രീതിയിലുള്ള കുര്‍ബാന അര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്ത് മുഖേനേയും വീഡിയോ സന്ദേശത്തിലൂടെ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. സഭയില്‍ നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ മറന്നുകൊണ്ട് മാര്‍പ്പാപ്പയുടെ ആഹ്വാനം നടപ്പിലാക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
സിനഡിന്റെ അഭ്യര്‍ത്ഥനയും സര്‍ക്കുലറും വരുന്ന ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാന മദ്ധ്യേ വായിക്കേണ്ടതാണെന്നും അതിരൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും ലഭ്യമാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സിനഡില്‍ പങ്കെടുത്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലടക്കം 49 മെത്രാന്മാര്‍ ഒപ്പുവെച്ച സര്‍ക്കുലറാണ് ഇപ്പോള്‍ വൈദികര്‍ക്ക് അയച്ചിരിക്കുന്നത്.
മോദി പ്രതിഷ്ഠ നടത്തുമ്പോള്‍ ഞങ്ങള്‍ പുറത്തിരുന്ന് കൈയ്യടിക്കണോ?- പുരി ശങ്കരാചാര്യര്‍
അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന നാല് ശങ്കരാചാര്യന്മാരുടെ തീരുമാനം ചര്‍ച്ചയാകുന്നതിനിടെ തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കി പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. രാമവിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് പാരമ്പര്യത്തില്‍ നിന്നുണ്ടായ വ്യതിചലനമാണ് തങ്ങളുടെ തീരുമാനത്തിന് കാരണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു.
‘ശങ്കരാചാര്യന്‍മാര്‍ അവരുടേതായ മാന്യത ഉയര്‍ത്തിപിടിക്കുന്നവരാണ്. ഇത് അഹങ്കാരത്തിന്റെ പ്രശ്നമല്ല. പ്രധാനമന്ത്രി രാമവിഗ്രഹ പ്രതിഷ്ഠ നടത്തുമ്പോള്‍ ഞങ്ങള്‍ പുറത്തിരുന്ന് കൈയ്യടിക്കണമെന്നാണോ പറയുന്നത്? മതേതര സര്‍ക്കാര്‍ എന്നതുകൊണ്ട് പാരമ്പര്യം മായ്ച്ചുകളയുന്നവര്‍ എന്നല്ല അര്‍ഥമാക്കുന്നത്’, അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നാലു ശങ്കരാചാര്യന്മാരും ചടങ്ങില്‍ പങ്കെടുക്കില്ലെന്നറിയിച്ചത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. പണിപൂര്‍ത്തിയാകാത്ത, അപൂര്‍ണമായ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നതുകൊണ്ടാണ് ശങ്കരാചാര്യര്‍ പങ്കെടുക്കാത്തതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. രാമക്ഷേത്രത്തിലെ ചടങ്ങിന് നമ്മുടെ നാലു ശങ്കരാചാര്യന്മാരും പങ്കെടുക്കുന്നില്ലെങ്കില്‍ പങ്കെടുക്കുക എന്നത് അത്ര പ്രാധാന്യമില്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോത്തും പറഞ്ഞിരുന്നു.