രാമക്ഷേത്രമുയർന്നു നാളുകൾക്കകം കാശി ഗ്യാൻവാപി മസ്ജിദ് കേസിൽ നിന്നും സുപ്രധാനമായൊരു വാർത്ത വന്നിരിക്കുകയാണ്.
അയോധ്യയിലെ രാമ ജന്മ ഭൂമിയിൽ രാമക്ഷേത്രമുയരണമെന്ന വാദം രാജ്യത്തെ ഹിന്ദുത്വ സംഘങ്ങൾ ഉയർത്തിയ കാലം മുതൽ അതിനോട് ചേർന്നുയർന്നു വന്ന വാദമായിരുന്നു അയോധ്യയോടൊപ്പം കാശിയും മഥുരയും ബാക്കിയുണ്ടെന്നുള്ളത്. അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുകയും പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവിടെ രാമ ക്ഷേത്രമുയരുകയും ചെയ്യുമ്പോഴും ആ മുദ്രാവാക്യങ്ങൾ ലക്‌ഷ്യം വെച്ചിരുന്ന മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനും വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനും നേരെയുള്ള പോരാട്ടങ്ങൾ രാജ്യത്തെ ഹിന്ദുത്വ സംഘങ്ങൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അതിനെ കുറിച്ചുള്ള ഒടുവിലത്തെ വാർത്തയാണ് ഗ്യാൻവാപി പള്ളിക്കടിയിൽ ക്ഷേത്രാവശിഷ്ടങ്ങളുണ്ടെന്ന് അർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയിൽ കണ്ടെത്തിയെന്ന ഹിന്ദു ഭാഗത്തിന്റെ വക്കീൽ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പ്രസ്താവന.
1669 ൽ മുഗൾ ഭരണാധികാരിയായ ഔരംഗസേബ് നിര്മിച്ചിട്ടുള്ളതാണ് ഗ്യാൻവ്യാപി മസ്ജിദ്. അതിനു മുൻപേ അവിടെയുണ്ടായിരുന്ന കാശി വിശ്വനാഥ ക്ഷേത്രം തകർത്തതിന് ശേഷം തൽസ്ഥാനത്താണ് മസ്ജിദിന്റെ നിര്മിതിയെന്നതാണ് ഹിന്ദു സംഘടനകളുടെ വാദം. 1984 ൽ ഡൽഹിയിൽ വെച്ച് നടന്നിട്ടുള്ള 558 ഹിന്ദു സന്യാസിമാർ പങ്കെടുത്തിട്ടുള്ള റിലീജ്യസ് പാര്ലമെന്റിലാണ് വാരാണസി അയോദ്ധ്യ മഥുര എന്നീ ഹിന്ദു പുണ്യ സ്ഥലങ്ങളുടെ വീണ്ടെടുപ്പിനെ കുറിച്ചുള്ള ആവശ്യമുയരുന്നത്. പിന്നീട് ബാബരി മസ്ജിദ് രാമ ജന്മ ഭൂമി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന 90 കളിൽ അയോധ്യക്കൊപ്പം വീണ്ടെടുക്കേണ്ട ക്ഷേത്ര പട്ടികയുടെ മുൻ നിരയിലേക്കും മുദ്ര വാക്യങ്ങളിലേക്കും കാശിയും മഥുരയും എത്തിച്ചേരുകയും ചെയ്തു. എന്നാൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര സർക്കാർ 1991ൽ ദ പ്ലേസസ് ഒഫ് വർഷിപ്പ് ആക്ട് പാസ്സാക്കുകയുണ്ടായി. 1947 ആഗസ്ത് 15 നു എങ്ങനെയായിരുന്നു ഉണ്ടായിരുന്നത് അതിൽ നിന്നും മത ഗേഹങ്ങൾ പരിവർത്തനം ചെയ്യാൻ പാടില്ലെന്നായിരുന്നു അത്.
അതേവർഷം തന്നെയാണ് ഗ്യാൻവാപിയുമായി ബന്ധപ്പെട്ട നിയമ യുദ്ധങ്ങളും ആരംഭിക്കുന്നത്. വിജയ് ശങ്കർ രസ്തോങ്ങി എന്ന അഡ്വക്കേറ്റ് ക്ഷേത്രത്തിനു മുകളിലാണ് ഔരംഗസേബ് പള്ളി പണിതതെന്നു കാണിച്ചു കേസ് നൽകുന്നു. പകുതി തകർത്ത ക്ഷേത്രത്തിനു മുകളിലാണ് പള്ളി പണിതതെന്നും അതിനാൽ 1991 ലെ ദ പ്ലേസസ് ഒഫ് വർഷിപ്പ് ആക്ട് ഈ കേസിൽ സാധുവല്ലെന്നുമായിരുന്നു വാദം. എന്നാൽ ഹരജി പരിഗണിച്ച വാരണാസിയിലെ കോടതി ഇത് അംഗീകരിച്ചില്ല. ഹൈക്കോടതി ഈ കേസുമായി ബന്ധപ്പെട്ട കീഴ് കോടതി വ്യവഹാരങ്ങളെ സ്റ്റേ ചെയ്യുകയും ചെയ്തു. പിന്നീട് 2019 ൽ അയോദ്ധ്യ കേസിൽ വിധി വന്നത്തിനു ശേഷം ഇതേ വിജയ് ശങ്കർ രസ്തോങ്ങി ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജി സർവ്വേ നടത്തണമെന്ന ആവശ്യവുമായി കോടതിക്ക് മുന്പിലെത്തുകയുണ്ടായി. ഇത് കൂടാതെ വാരാണസി സിവിൽ കോടതി മുതൽ സുപ്രീം കോടതി വരെ നീണ്ടു നിന്ന മറ്റു പല ഹർജികളും ഈ വിഷയത്തിൽ ഉണ്ടാവുകയും ചെയ്തു. 2023 ജൂലൈ 21 ലെ വാരാണസി ജില്ലാ കോടതി വിധിയും അതേവർഷം ആഗസ്ത് 3 ലെ അലഹബാദ് ഹൈക്കോടതി അനുമതിയും ആഗസ്ത് 4 നുള്ള സുപ്രീം കോടതി അംഗീകാരത്തോടും കൂടിയാണ് 90 ദിവസം നീണ്ടു നിന്ന ആധുനിക യന്ത്ര സംവിധാനങ്ങളുപയോഗിച്ചുള്ള ഖനനം നടത്താതെയുള്ള ജി പി ആർ അഥവാ ഗ്രൗണ്ട് പെനട്രെറ്റിങ് റഡാർ സർവേ എ എസ് ഐ സംഘടിപ്പിക്കുകയും കോടതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നത്. ഈ റിപ്പോർട്ടിലെ വിവരങ്ങൾ ആണ് ഹിന്ദു ഭാഗത്തിന് വേണ്ടി ഹാജരായിട്ടുള്ള സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജൈൻ മാധ്യമങ്ങളോട് പങ്കു വെച്ചിട്ടുള്ളത്. ഗ്യാൻ വ്യാപി മസ്ജിദ് തകർക്കപ്പെട്ട ക്ഷേത്ര അവശിഷ്ടങ്ങൾക്ക് മുകളിലാണ് നിർമിക്കപെട്ടതെന്നാണ് റിപ്പോർട്ടിലുള്ളത് ഇത് തകർക്കപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടമാണെന്നും ക്ഷേത്രം തകർത്താണ് പള്ളി നിര്മിക്കപെട്ടതെന്നുമാണ് സർവേ നൽകുന്ന സൂചനയെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എ എസ് ഐ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ഗ്യാൻവാപി മസ്ജിദിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ദ പ്ലേസസ് ഒഫ് വർഷിപ്പ് ആക്ട് നില നിൽക്കുമ്പോൾ നിലവിലെ സർവേ കണ്ടത്തലുകളെ കോടതി എങ്ങനെ കാണുന്നെന്നു കണ്ടറിയേണ്ടി വരും. സമീപ കാല ഇന്ത്യയിലെ കോടതി വിധികൾ ഭൂരിപക്ഷ രാഷ്ട്രീയത്തിനനുകൂലമായി സംഭവിക്കുന്നുവെന്ന ആരോപണങ്ങൾ ഉച്ചസ്ഥായിയിൽ നിലകൊള്ളുമ്പോൾ ഗ്യാൻ വാപിയിലെന്തു നീതിയെന്നു ചോദ്യത്തിനുത്തരം തരേണ്ടത് രാജ്യത്തെ പരമോന്നത നീതി പീഠമാണ്
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഹജ്ജിനു പോകുന്നവർക്ക് ഇത്തവണ ചിലവേറും
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഈ വര്ഷം ഹജ്ജിന് പോകാൻ ചെലവേറും . കേരളത്തിലെ വിമാന താവളങ്ങളായ കൊച്ചി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം ടിക്കറ്റ് നിരക്ക് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ ചെലവാക്കേണ്ടി വരും. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്നും ഹജ്ജിനായുള്ള വിമാന സർവീസ് നടത്തുക. ഈ വിഷയത്തിലെ തീർഥാടകരുടെ ആശങ്ക പരിഹരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ആവശ്യപെട്ടു. ഈ വർഷത്തെ ഹജ്ജിനായുള്ള വിമാന സർവീസിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ടെണ്ടർ ക്ഷണിച്ചിരുന്നു.
കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ നിയന്ത്രണമുള്ളതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവീസ് നടത്താൻ തയ്യറായിട്ടുള്ളത്. കൊച്ചിയിലും കണ്ണൂരിലും നിന്ന് സൗദി എയർ ലൈൻസാണ് സർവീസ് നടത്തുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്ഷം ഹജ്ജിന് പോകുന്നതിൽ പകുതിയിലധികം പേരും കരിപ്പൂരാണ് എംപാർക്കേഷൻ പോയന്റായി നൽകിയിരിക്കുന്നത്. അതിനാൽ വലിയൊരു വിഭാഗം ഹജ്ജ് യാത്രികർക്കും വിമാനടിക്കറ്റ് ഇനത്തിൽ മറ്റ് വിമാനത്താവളത്തിൽ നിന്നും പോകുമ്പോൾ ചിലവാക്കുന്നതിനേക്കാൾ 75,000 രൂപ അധികം നൽകേണ്ടി വരും. ഈ വിഷയത്തിൽ ഇടപെടണമെന്നും വീണ്ടും ടെണ്ടർ വിളിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് മലപ്പുറം എം.പിയും കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി ചെയർമാനുമായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി കത്തെഴുതിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിൽ നിന്നും ഹജ്ജിന് പോയി വരാൻ സൗദി എയർലൈൻസ് 86,000 രൂപയും കണ്ണൂരിൽ നിന്നും 89,000 രൂപയുമാണ് ഈടാക്കുക . എന്നാൽ കരിപ്പൂർ നിന്നും എയർ ഇന്ത്യ 16,5000 രൂപയാണ് ഈടാക്കുന്നത് . യാത്രികർക്ക് 53 കിലോ ലഗേജ് കൊണ്ടുപോകാൻ സൗദി എയർലൈൻസ് അനുമതി നൽകുമ്പോൾ . എയർ ഇന്ത്യയിൽ 37 കിലോ ലഗേജിനു മാത്രമാണ് അനുമതിയുള്ളത് . പ്രശ്നത്തിൽ കേന്ദ്ര ഹജ്ജ് കമ്മറ്റി ഇടപെടുമെന്ന പ്രതീക്ഷയിലാണ് തീർഥാടകർ.
മഹാരാജാസ് കോളേജിലെ സംഘർഷം ; 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് 21 വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. കെഎസ്‍യു, ഫ്രറ്റേണിറ്റി എസ്എഫ്ഐ പ്രവർത്തകര്‍ക്കുമെതിരെയാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്. കഴിഞ്ഞ 15-ാം തീയതി മുതലാണ് കോളേജിൽ സംഘർഷമുണ്ടാവുകയും ഇതിനെ തുടർന്ന് ആകെ 8 കേസുകൾ സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ് . കോളേജിലെ കെഎസ്‍യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ആണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമണത്തിലേക്കും കത്തിക്കുത്തിലേക്കും നയിച്ചതെന്നാണ് എഫ്ഐആറിൽ പോലീസ് രേഖപെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരത്ത് അമ്മയെ തീ കൊളുത്തി കൊന്നു : മകൻ അറസ്റ്റിൽ
തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറടയിൽ വൃദ്ധയെ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട മകനെ കസ്റ്റഡിയിലെടുത്തു പൊലീസ്. ആനപ്പാറ കാറ്റാടി സ്വദേശി നളിനി (62) ആണ് മരണപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മൂത്ത മകൻ മോസസ് ബിബിൻ(37)നെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നളിനിയുടെ ഭർത്താവ് പൊന്നുമണി 9 വർഷം മുമ്പ് മരണപ്പെട്ടിരുന്നു.
നളിനിയോടൊപ്പം മകൻ മോസസ് വിപിനും മോസസ് ബിബിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. പീഡനകേസില്‍ മോസസ് അറസ്റ്റിലയതോടെ ഭാര്യ ഇയാളുമായി പിണങ്ങി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ നളിനിയുടെ ഇളയ മകനായ ജെയിൻ ജേക്കബ് അമ്മയ്ക്കുള്ള പ്രഭാത ഭക്ഷണവുമായി വീട്ടിലേക്കെത്തിയപ്പോൾ വീട്ടിനുള്ളിൽ നിന്ന് തീ പടരുന്നത് കാണുകയായിരുന്നു.
എന്നാൽ വീടിനു മുന്നിൽ നിന്നിരുന്ന മകൻ മോസസ് വീട്ടിനുള്ളിലേക്ക് ആരെയും കടത്തിവിട്ടില്ല.
തുടർന്ന് വെള്ളറട പൊലീസെത്തി തീയണച്ചശേഷം മോസസ് ബിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നളിനിയുടെ ഇരുകാലുകളും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കാലുകൾ ഒഴികെ പൂർണമായും കത്തിയ നിലയിലാണ് മൃതദേഹം . വെള്ളറട പൊലീസ് മേൽനടപടി സ്വീകരിച്ചു