വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍:രേവത് ബാബുവിനെതിരെ സൈബര്‍ ആക്രമണം, ഒടുവില്‍ മാപ്പപേക്ഷ

വ്യാജ ആരോപണം ഉന്നയിച്ച് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; രേവത് ബാബുവിനെതിരെ സൈബര്‍ ആക്രമണം, ഒടുവില്‍ മാപ്പപേക്ഷ

ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട കുരുന്നിന് അന്ത്യകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ രേവത് ബാബുവിനെതിരെ സൈബര്‍ ആക്രമണം. ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്നാണ് ശേഷക്രിയക്ക് പിന്നാലെ രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ഇദ്ദേഹത്തിന്റെ തന്നെ പ്രതികരണം പുറത്തുവരുന്നിരുന്നു. ചെറിയ കുട്ടികള്‍ക്ക് ശേഷക്രിയ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞെന്നാണ് രേവത് പറയുന്നത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്നാണ് ശേഷക്രിയക്ക് പിന്നാലെ രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ഇദ്ദേഹത്തിന്റെ തന്നെ പ്രതികരണം പുറത്തുവരുന്നിരുന്നു. ചെറിയ കുട്ടികള്‍ക്ക് ശേഷക്രിയ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞെന്നാണ് ഇയാളിപ്പോള്‍ പറയുന്നത്.

അതേസമയം സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ തന്റെ വാദത്തില്‍ മാപ്പപേക്ഷയുമായി രേവദ് ബാബു തന്നെ രംഗത്തെത്തി. തെറ്റുപറ്റിയെന്നും വായില്‍നിന്ന് അറിയാതെ വന്നുപോയ വാക്കാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും ഇയാള്‍ പറയുന്നു. എത്രയോ കാലങ്ങള്‍ പൂജ പഠിച്ച്, എത്രയോ ത്യാഗം ചെയ്ത് കൊണ്ടാണ് ഒരാള്‍ പൂജാരിയാകുന്നത്. ആ പൂജാരി സമൂഹത്തെ അടച്ചാക്ഷേപിച്ചാണ് താന്‍ സംസാരിച്ചത്. ഇതില്‍ ക്ഷമ ചോദിക്കുകയാണെന്നും രേവദ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ രാത്രിതന്നെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പ്രതികരിച്ചിരുന്നു. സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ് രേവദ് ബാബു തന്നെ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. മറ്റ് പൂജാരിമാരെ വിളിച്ചിരുന്നുവെന്നും ആരും വന്നില്ലെന്ന് അയാള്‍ മാധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് താനും അറിഞ്ഞതെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഒരാള്‍ നുണ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.

പൊതുശ്രദ്ധ പിടിച്ചുപറ്റാനായി മുന്‍പും നിരവധി വിവാദ വിഷയങ്ങളില്‍ ഇടപെട്ടിട്ടുള്ള വ്യക്തിയാണ് തൃശൂര്‍ ചാലക്കുടി സ്വദേശിയായ രേവദ് ബാബു. അരിക്കൊമ്പനെ കേരളത്തില്‍ എത്തിക്കാന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതായി പ്രഖ്യാപിച്ച് ഇയാള്‍ രംഗത്തുവന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും സാമൂഹിക മാദ്ധ്യമABങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.

പ്രിയാ വര്‍ഗീസിസന്റെ നിയമനം : തല്‍ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന് നിയമനം നല്‍കികൊണ്ടുള്ള തല്‍ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അന്തിമ വിധിവരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ യുജിസി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.

പ്രിയാ വര്‍ഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിയമന ഉത്തരവു മായി മുന്നോട്ട് പോകാന്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശവും ലഭിച്ചിരുന്നു. ജൂലൈ നാലിന് നിയമന ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് പ്രിയ ജോലിയില്‍ പ്രവേശിക്കുയും ചെയ്തു.

ഗവേഷണവും, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതല്ലെന്ന് വിലയിരുത്തിയാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിയമനത്തിന് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍, പ്രിയാ വര്‍ഗീസ് കേസില്‍ ഹൈകോടതിയുടെ വിധി 2018-ലെ അസോസിയേറ്റ് പ്രഫസര്‍ നിയമനവും ആയി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കുമെന്ന് ചൂണ്ടികാണിച്ചാണ് യുജിസി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹര്‍ജിയില്‍ആവശ്യപ്പെട്ടത്.
പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചത്. അതേസമയം പ്രിയ വര്‍ഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍വകലാശാല വാദിച്ചു.

അതേസമയം,അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം എട്ടുവര്‍ഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ചശേഷം പ്രിയ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നുവര്‍ഷത്തെ പിഎച്ച്.ഡി. ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ടുവര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചുവര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് യു.ജി.സി.യുടെ നിലപാട്.

 

അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.

കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസ നിധി വഴി ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്. അതേസമയം കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കിയാല്‍ പോരെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. കുടുംബത്തിന് സര്‍ക്കാര്‍ വീടും സ്ഥലവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ആലുവയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ആലുവയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും അത് പൊലീസിന്റെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വിമര്‍ശിച്ചു.

കുട്ടിയെ കാണാതായെന്ന് പൊലീസിന് പരാതി ലഭിച്ചത് സംഭവ ദിവസം വൈകിട്ട് ഏഴര മണിക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി 9 മണിക്ക് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിന് തെറ്റായ വിവരം നല്‍കി. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ഇതിനകത്ത് ആരും രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു.

 

കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വക്കത്ത്. 3 തവണ സംസ്ഥാന മന്ത്രിസഭയിലും 2 തവണ ലോക്‌സഭയിലും അംഗമായിരുന്ന വക്കം ആന്‍ഡമാനിലും മിസോറമിലും ത്രിപുരയിലും ഗവര്‍ണറായി. 5 തവണ നിയമസഭാംഗമായിരുന്നു. 2 തവണകളിലായി ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായിരുന്നുവെന്ന റെക്കോര്‍ഡും വക്കത്തിന്റെ പേരിലാണ്. കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നല്‍കിയതും ഏലാ പ്രോഗ്രാം, സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ്, റഫറല്‍ ആശുപത്രി സമ്പ്രദായം തുടങ്ങിയവ നടപ്പിലാക്കിയതും സര്‍ക്കാരിന്റെ സംസ്ഥാനതല ഓണാഘോഷത്തിന് തുടക്കം കുറിച്ചതും വക്കം പുരുഷോത്തമനാണ്.

1928 ഏപ്രില്‍ 12 ന് വക്കം കടവിളാകത്തു വീട്ടില്‍ കെ. ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമന്‍ 1946 ല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. 1952 ല്‍ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി. 1956 ല്‍ ഹൈക്കോടതി ബഞ്ചിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു ബിരുദവും അലിഗഡ് സര്‍വകലാശാലയില്‍നിന്ന് എംഎയും എല്‍എല്‍ബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആര്‍.ശങ്കറിന്റെ നിര്‍ബന്ധം കാരണമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തിയത്.

1967 ലും 1969 ലും നിയമസഭയിലേക്കു മത്സരിച്ച വക്കം പരാജയപ്പെട്ടു. 1970 ല്‍ ആറ്റിങ്ങലില്‍ കാട്ടായിക്കോണം ശ്രീധറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കുള്ള ആദ്യ വിജയം നേടിയത്. 1971 മുതല്‍ 1977 വരെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി. അക്കാലത്താണ് കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നല്‍കിയത്. അഞ്ചുവര്‍ഷം നിയമമന്ത്രിയുടെ ചുമതലയും വഹിച്ചു.

1977,1980,1982 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആറ്റിങ്ങലില്‍നിന്നു വിജയിച്ചു. 1980 ല്‍ ഇ.കെ.നായനാര്‍ മന്ത്രസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി. 1996 ല്‍ ആനത്തലവട്ടം ആനന്ദനോടു പരാജയപ്പെട്ടെങ്കിലും 2001ല്‍ കടകംപള്ളി സുരേന്ദ്രനെ തോല്‍പിച്ച് വീണ്ടും നിയമസഭയിലെത്തി. 2004 ലെ ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്‌സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതല ലഭിച്ചു. 1982-84, 2001-2004 കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു.
1984 ല്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയത്. ആലപ്പുഴയിലെ കന്നിമല്‍സരത്തില്‍ സുശീലാ ഗോപാലനെ പരാജയപ്പെടുത്തി പാര്‍ലമെന്റില്‍ എത്തി. 89 ല്‍ വിജയം ആവര്‍ത്തിച്ചെങ്കിലും 91 ല്‍ ടി.ജെ.ആഞ്ചലോസിനോടു പരാജയപ്പെട്ടു. എംപിയായിരിക്കെ മൂന്നു വര്‍ഷം പബ്‌ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ലോക്‌സഭാംഗമായിരുന്ന കാലം മുഴുവന്‍ അദ്ദേഹം സഭയുടെ പാനല്‍ ഓഫ് ചെയര്‍മാനില്‍ ഉള്‍പ്പെട്ടിരുന്നു.

1993 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ല്‍ ത്രിപുര ഗവര്‍ണറുടെ ചുമതലയും വഹിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും കെപിസിസി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 25 വര്‍ഷം എഐസിസി അംഗമായിരുന്നു. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, സിന്‍ഡിക്കറ്റ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
ഭാര്യ: മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.ലില്ലി. മക്കള്‍: ബിനു, ബിന്ദു, പരേതനായ ബിജു.

 

 

യൂട്യൂബ് ചാനല്‍ വഴി മതവിദ്വേഷം: മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് വരെ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് വരെ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തു എന്നും തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഷാജന്‍ സ്‌കറിയ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജന്‍ കോടതിയെ അറിയിച്ചു.

 

ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂറായി നോട്ടീസ് നല്‍കി വിളിപ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പൊലീസ് പത്ത് ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നുവെന്നും നോട്ടീസ് നല്‍കാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്. പൊലീസിനോട് എതിര്‍സത്യവാങ്മൂലം നല്‍കാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സമയം അനുവദിച്ചു. ഇതുവരെ ഉള്ള കേസുകള്‍ക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്നു രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ അപ്പോള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഷാജന്‍ സ്‌കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയിുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞു. ഫോണ്‍ പിടിച്ചെടുത്ത നടപടിയില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസില്‍ അന്വേഷണം നടത്താം, എന്നാല്‍ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ എങ്ങനെ സാധിക്കും? മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും മൊബൈലുകള്‍ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു. ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Ideal Roulette Bonus Offer: Just How to Discover the Perfect Deal

When it comes to playing live roulette online, locating...

Discover the very best Neteller Casino Sites for a Seamless Gaming Experience

Neteller is an extremely safe and extensively approved repayment...

Slots online for money to play

In this guide , we will be discussing USA...