ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ‘വംശീയ ന്യൂനപക്ഷങ്ങളുടെ’ അവകാശങ്ങള്‍ ഇന്ത്യ സംരക്ഷിച്ചില്ലെങ്കില്‍, ഒരു ഘട്ടത്തില്‍ രാജ്യം ശിഥിലമാകാന്‍ സാധ്യതയുണ്ടെന്നും ഒബാമ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാജ്നാഥ് സിങ് രംഗത്തെത്തിയത്.
ഇന്ത്യയിലെ ജനങ്ങള്‍ ‘വസുധൈവ കുടുംബകം’ എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരാണന്നും എല്ലാവരെയും ഒരു ആഗോള കുടുംബത്തിലെ അംഗങ്ങളായി കണക്കാക്കുന്നവരാണെന്ന കാര്യം ഒബാമ അറിയണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എത്ര മുസ്ലീം രാജ്യങ്ങളെയാണ് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോല്‍ ആക്രമിച്ചതെന്ന് ചിന്തിക്കണമെന്നും രാജ്‌നാഥ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ചു ജീവിക്കുന്നതിനാല്‍ ഇന്ത്യക്ക് മതേതര സ്വഭാവമുണ്ട്.’മുസ്ലീം രാജ്യങ്ങളില്‍ പോലും സമുദായത്തിലെ 72 വിഭാഗങ്ങളും ഉണ്ടാകില്ല എന്ന് എനിക്ക് ആത്മവിശ്വാസത്തോടെ നിങ്ങളോട് പറയാന്‍ കഴിയും. ഇന്ത്യയില്‍ മാത്രമേ നിങ്ങള്‍ അവരെയെല്ലാം കണ്ടെത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ചില ശക്തികള്‍ ഇന്ത്യയെക്കുറിച്ച് മോശമായ ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇന്ത്യ എത്ര മുസ്ലീം രാജ്യങ്ങള്‍ ആക്രമിച്ചു എന്ന് ജനങ്ങള്‍ അന്വേഷിക്കണം. ഒബാമയുടെ ഭരണകാലത്ത് ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് അമേരിക്ക ബോംബ് ഇട്ടിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒബാമയ്ക്കെതിരെ ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.
മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷത്തിന്റെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് കേന്ദ്രസര്‍ക്കാര്‍ മോശമായി പെരുമാറുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഒബാമ ഉന്നയിക്കുകയാണ്.
എല്ലാവരും ചേര്‍ന്ന് സംഘടിത പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ധനമന്ത്രി ആരോപിച്ചു.
കൈകള്‍ കൊണ്ട് ട്രെയില്‍ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കി തൊഴിലാളികള്‍, വീഡിയോയ്ക്ക് പിന്നാലെ നടപടി
വെറും കൈകൊണ്ട് ട്രെയിന്‍ ടോയ്ലറ്റുകള്‍ വൃത്തിയാക്കി മധുര റെയില്‍വേ ഡിവിഷനിലെ ശുചീകരണ തൊഴിലാളികള്‍. കരാറുകാര്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതിനാലാണ് വെറും കൈകൊണ്ട് ട്രെയിന്‍ ടോയ്ലറ്റുകള്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിതരായതായി തൊഴിലാളികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ദേശീയ കമ്മീഷന്‍ ഫോര്‍ സഫായി കരംചാരീസ് ചെയര്‍മാന്‍ എം വെങ്കിടേശന്‍ നടത്തിയ അവലോകന യോഗത്തിലാണ് ഞെട്ടിക്കുന്ന വീഡിയ പുറത്തുവിട്ടത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ കരാര്‍ കമ്പനികളുടെ എല്ലാ സൂപ്പര്‍വൈസര്‍മാരോടും മാനേജര്‍മാരോടും ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ വെങ്കിടേശന്‍ ആവശ്യപ്പെട്ടു. തൊഴിലാളികളോട് മാത്രമായി അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വളരെ തുച്ഛമായ ശമ്പളമാണ് കരാറുകാര്‍ തങ്ങള്‍ക്ക് നല്‍കിയിരുന്നതെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. അവധി നല്‍കാതെ മാസം മുഴുവനും തങ്ങളെ കരാറുകാര്‍ ജോലി ചെയ്യിപ്പിച്ചതായി അവര്‍ വെളിപ്പെടുത്തി. പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങളെ കുറിച്ച് കരാറുകാര്‍ തങ്ങളോട് വ്യക്തമാക്കിയിരുന്നില്ല. അത്തരം ആനുകൂല്യങ്ങളെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരായിരുന്നില്ലെന്നും ശുചീകരണ തൊഴിലാളികള്‍ വ്യക്തമാക്കി.
പേയ്മെന്റ് സ്ലിപ്പുകള്‍ നല്‍കിയിരുന്നില്ല. എന്നാല്‍, ശമ്പളം അവരുടെ അക്കൗണ്ടിലേക്ക് നല്‍കിയ ശേഷം ഒരു രജിസ്റ്ററില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. റെയില്‍വേ അനുവദിച്ച തുകയും കരാറുകാരും തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത തുകയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് അവര്‍ പറഞ്ഞു.
#Conservancy workers under contract in #Madurai Railway Division made a shocking revelation that they were forced to clean train toilets with bare hands since contractors had not given them safety gear. pic.twitter.com/Y38jgdpaR3
— TOIChennai (@TOIChennai) June 26, 2023
കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ക്ക് ബോണസ് തുക ലഭിച്ചിട്ടില്ല. എന്നാല്‍ വ്യാജരേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചിരുന്നതായി സ്ത്രീ തൊഴിലാളികള്‍ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങള്‍ റെയില്‍വേ അധികൃതരോട് പറഞ്ഞാല്‍ കരാര്‍ കമ്പനികളുടെ സൂപ്പര്‍വൈസര്‍മാരും മാനേജര്‍മാരും ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള പീഡനങ്ങളെക്കുറിച്ച് പരാതി നല്‍കാന്‍ വനിതാ ജീവനക്കാര്‍ക്ക് സംവിധാനം ഉണ്ടോയെന്ന് യോഗം തുടരവേ വെങ്കിടേശന്‍ ചോദിച്ച ചോദ്യത്തിന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു തൊഴിലാളികളുടെ മറുപടി.
തുടര്‍ന്ന്, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പി ആനന്ദുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഡിവിഷനില്‍ ഒരു വനിതാ സെല്‍ ഉണ്ടെന്നും സ്ത്രീകള്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കരാറുകാര്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതിനാലാണ് തങ്ങള്‍ ട്രെയിന്‍ കോച്ചുകളിലെ ബയോ ടോയ്ലറ്റുകള്‍ കൈകള്‍ കൊണ്ട് വൃത്തിയാക്കാന്‍ നിര്‍ബന്ധിതരായതെന്ന് നാലോളം ശുചീകരണ തൊഴിലാളികള്‍ പരാതിപ്പെട്ടു. വീഡിയോ പുറത്തായതോടെ യോഗത്തിനിടെ സംഘര്‍ഷമുണ്ടായി. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. യോഗം നടക്കുമ്പോള്‍ തന്നെ സൂപ്പര്‍വൈസര്‍ ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തുന്നതായി ഒരു വനിതാ തൊഴിലാളി പരാതിപ്പെട്ടു. എന്നാല്‍, ഈ പരാതികള്‍ തുറന്നു പറഞ്ഞതിന് തങ്ങളുടെ ജോലിയക്ക് ഭീഷണിയൊന്നുമുണ്ടാകില്ലെന്നും ഡിആര്‍എം ഉറപ്പു നല്‍കി.
പുറത്തു വന്ന വീഡിയോയെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും വീഡിയോകള്‍ പരിശോധിച്ച ശേഷം കരാറുകാരനെതിരെ കേസെടുക്കുമെന്നും വെങ്കിടേശന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കരാര്‍ സ്ഥാപനത്തിന് നോട്ടീസ് നല്‍കും. സമഗ്രമായി അന്വേഷണം നടത്തി കരാര്‍ റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സെല്ലിനെക്കുറിച്ചും തങ്ങള്‍ തൊഴിലിടങ്ങലില്‍ അനുഭവിക്കുന്ന പീഡന ശ്രമങ്ങള്‍ക്കെതിരെയുള്ള സംവിധാനങ്ങലെ കുറിച്ച് ശുചീകരണ തൊഴിലാളികളെ ബോധവാന്മാരാക്കാന്‍ ബോധവല്‍ക്കരണ യോഗം നടത്താന്‍ ഡിവിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെങ്കിടേശന്‍ പറഞ്ഞു.
ശമ്പളത്തിലെ അപാകതകള്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ ഉന്നയിക്കുന്ന എല്ലാ പരാതികളും കരാറുകാരുടെയും റെയില്‍വേ അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ അക്രമത്തിന്റെ സ്വഭാവം മാറുന്നതില്‍ അമിത് ഷായ്ക്ക് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്
മണിപ്പൂരിലെ അക്രമത്തിന്റെ സ്വഭാവം മാറുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി മണിപ്പൂര്‍ ബിരേന്‍ സിങ്.
നിലവില്‍ ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഇംഫാല്‍ താഴ്വരയിലെ ജില്ലകളിലേക്ക് ആക്രമണങ്ങളും ആഭ്യന്തര കലഹങ്ങളും പടരുന്നതായി അറിഞ്ഞതില്‍ ഏശങ്കയുണ്ടെന്നും അമിത്ഷാ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്റെ സ്വഭാവം മാറുന്നത് അമിത് ഷായെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ബിരേന്‍ സിങ്.
ബിജെപിയുടെ ആയുസ്സ് ഇനി വെറും ആറ് മാസം മാത്രം : മമത ബാനര്‍ജി
കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആയുസ് ആറുമാസം കൂടി മാത്രമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ജല്‍പായ്ഗുരി ജില്ലയില്‍ നടന്ന റാലിയില്‍ പങ്കെടുക്കവെയാണ് മമത ഇക്കര്യം വ്യക്തമാക്കിയത്. ‘നാളെ ബിജെപി അധികാരത്തില്‍ വരില്ല’ അതുകൊണ്ട് നമ്മുടെ പാര്‍ട്ടി ജനങ്ങല്‍ക്കിടയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു.
‘അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും. ബി.ജെ.പി സര്‍ക്കാരിന്റെ കാലാവധി വെറും ആറ് മാസമേയുള്ളു. പരാജയം മനസ്സിലാക്കി, വിവിധ ഗ്രൂപ്പുകളെയും സമുദായങ്ങളെയും സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നില്ല. 2019 ഏപ്രില്‍-മെയ് മാസങ്ങളിലാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. 2019 മെയ് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫ് നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും മമത ബാനര്‍ജി പ്രഖ്യാപിച്ചു.
‘ഞാന്‍ എല്ലാ ബിഎസ്എഫ് ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തുന്നില്ല, അവര്‍ നമ്മുടെ അതിര്‍ത്തികള്‍ കാക്കുന്നവരാണ്. എന്നാല്‍ ബിഎസ്എഫ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. നാളെ ബിജെപി അധികാരത്തില്‍ വരില്ല, പക്ഷേ അവര്‍ അവരുടെ ജോലി ചെയ്തുകൊണ്ടേയിരിക്കണം. ബിജെപിക്ക് വേണ്ടി അതിര്‍ത്തി പ്രദേശങ്ങളിലെ വോട്ടര്‍മാരെ ബിഎസ്എഫ് ഭീഷണിപ്പെടുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു.
കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ജമ്മുവിലെ പാകിസ്ഥാന്‍ പിന്തുണയുള്ള നിരോധിത ഭീകരസംഘടനകള്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കശ്മീരില്‍ റെയ്ഡ് നടത്തിയത്.
കശ്മീരിലെ കുല്‍ഗാം, ബന്ദിപോറ, ഷോപിയാന്‍, പുല്‍വാമ എന്നീ നാല് ജില്ലകളിലെ 12 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. നിരോധിത ഭീകര സംഘടനകളുടെ പുതുതായി രൂപീകരിച്ച സംഘങ്ങളുമായി ബന്ധമുള്ളവരും പ്രാദേശിക സംഘടനകളുമായി ബന്ധമുള്ളവരും താമസിക്കുന്ന സ്ഥലങ്ങളിലും മറ്റ് തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
നിരോധിത ഭീകര സംഘങ്ങള്‍ ഗ്രാനേഡുകള്‍, ഐഇഡി ബോംബുകള്‍, ലഹരി വസ്തുക്കള്‍, തോക്കുകള്‍, മറ്റ് ആയുധങ്ങള്‍, അനധികൃത പണം എന്നിവ ജമ്മു കശ്മീരില്‍ വിതരണം ചെയ്യുന്നുവെന്നാണ് എന്‍ഐഎയ്ക്ക് കിട്ടിയ വിവരം. ഭീകര സംഘങ്ങള്‍ ഒത്തുകൂടാനിടയുള്ള സ്ഥലങ്ങളിലടക്കം എന്‍ഐഎ സംഘം പരിശോധന നടത്തി. സൈബര്‍ ഇടങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഉപയോഗിക്കുന്നതായും ജമ്മു കശ്മീരില്‍ അക്രമം അഴിച്ചുവിടുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ ഭീകരവാദ സംഘ തലവന്മാരുടെ പിന്തുണയുള്ള ഈ സംഘടനകള്‍ യുവാക്കലെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ജമ്മു കശ്മീരിലെ സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ തൊഴിലാളികളെ അടക്കം കൂട്ടി ഭീകരപ്രവര്‍ത്തനങ്ങളും അക്രമങ്ങളും നടത്താന്‍ ഗൂഢാലോചന നടത്തുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.
ഈ സംഘടനകളുടെ അനുഭാവികളുടെയും കേഡര്‍മാരുടെയും താമസ സ്ഥലങ്ങളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെന്നും എന്‍ഐഎ പറഞ്ഞു.
സ്റ്റിക്കി/മാഗ്‌നറ്റിക് ബോംബുകള്‍, ഐഇഡികള്‍, മയക്കുമരുന്ന്-മറ്റു ലഹരി പദാര്‍ഥങ്ങള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തൊഴിലാളികളും സംഘടനാ പ്രവര്‍ത്തകരും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
റെയ്ഡിനിടെ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്‍ഐഎ കണ്ടെടുത്തു. തീവ്രവാദ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ ഇതില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. ദ റെസിസ്റ്റന്‍സ് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ജമ്മു & കശ്മീര്‍, മുജാഹിദ്ദീന്‍ ഗസ്വത്-ഉല്‍-ഹിന്ദ്, ജമ്മു കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് തുടങ്ങിയ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ 2022 ജൂണ്‍ 21 ന് സ്വമേധയാ കേസെടുത്ത ശേഷം എന്‍ഐഎ അന്വേഷണം ആരംഭിച്ചിരുന്നു.
കശ്മീര്‍ ടൈഗേഴ്‌സ്, പിഎഎഎഫ് എന്നീ സംഘടകള്‍ക്ക് ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, അല്‍-ബദര്‍, അല്‍-ഖ്വെയ്ദ തുടങ്ങിയ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ട്. ഈ സംഘടനകളെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നുകളും മറ്റും എത്തിക്കാന്‍ ഈ സംഘടനകള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എന്‍ഐഎ പ്രസ്താവനയില്‍ പറയുന്നു.2022 ജൂൺ 21-ന് എൻഐഎ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
ലോക അഭയാര്‍ത്ഥി ദിനത്തില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളൊരുക്കി ചെന്നൈ സര്‍ക്കാര്‍
ലോക അഭയാര്‍ത്ഥി ദിനം അഭയാര്‍ഥികളെ ഉള്‍പ്പെടുത്തി ആഘോഷമാക്കി ചെന്നൈയിലെ സെംമൊഴി പൂങ്കാവ്. വിവിധ രാജ്യങ്ങളിലെ 50 വ്യത്യസ്ത വിഭവങ്ങളുടെ മഹത്തായ വിരുന്നാണ് ഇവര്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയത്.
ശ്രീലങ്കയിലെ മീന്‍ ബണ്ണുകളും പോള്‍ സാംബോളും മുതല്‍ മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്പിരുലിന ജ്യൂസ്, ചപ്ലി കബാബ്, ദുല്‍ഫെഡ, ധൂയി പില എന്നിവ തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഊരും ഉണര്‍വും എന്ന ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എത്തിയവര്‍ക്ക് നല്‍കി. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണറുമായും (യുഎന്‍എച്ച്‌സിആര്‍) അഡ്വാന്റേജ് ഫുഡ്‌സ് പോലുള്ള ഓഹരി ഉടമകളുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഫെസ്റ്റിലെ 50 വിഭവങ്ങളും ഇപ്പോള്‍ തമിഴ്നാട്ടില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളാണ് തയ്യാറാക്കി വിളമ്പിയത്.
‘ഹോപ്പ് എവേ ഫ്രം ഹോം’ എന്നതാണ് ലോക അഭയാര്‍ത്ഥി ദിന പ്രമേയം. ജൂണ്‍ 24 ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത് കനിമൊഴി എംപിയായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത കനിമൊഴി അവിടെ ഉച്ചഭക്ഷണവും കഴിച്ചു.