കനത്ത മഴയും വെള്ളപ്പൊക്കവും കൊണ്ട് വലഞ്ഞ് ഡല്‍ഹി. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയും ഹരിയാനയിലെ ഹത്നി കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതുമാണ് ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാനുള്ള പ്രധാന ഘടകങ്ങളെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഡല്‍ഹി നേരിടുന്ന പ്രതിസന്ധിക്ക് മറ്റ് ഘടകങ്ങളും കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. യമുനയില്‍ ജലനിരപ്പ് ഉയരുകയാണ്.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. യമുനാ നദിയുടെ അടുത്തുള്ള മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. യമുനാതീരത്തുള്ള 16,000 പേരെ മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ 38 മരണം റിപ്പോര്‍ട്ട് ചെയ്തു.
ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വേഗത്തിലാണ് നഗരത്തില്‍ വന്ന് നിറയുന്നതെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒഴുകാന്‍ കൂടുതല്‍ ഇടമുണ്ടായിരുന്നു. മണ്‍സൂണ്‍ മഴ വലിയ നാശം വിതച്ച ഹിമാചല്‍ പ്രദേശിന്റെ വടക്കന്‍ മേഖലകളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് അണക്കെട്ട് നിറഞ്ഞത്.
ദേശീയ തലസ്ഥാനത്ത് നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ യമുനാനഗറിലെ അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഡല്‍ഹിയിലെത്താന്‍ ഏകദേശം രണ്ടോ മൂന്നോ ദിവസമെടുക്കും. യമുന നദിയിലെ നീരൊഴുക്കിന്റെ പ്രധാന കാരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്ത കനത്ത മഴയാണെന്ന് കണ്ടെത്തിയിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ഓളം ടീമുകള്‍ ഇതിനകം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നു, കാരണം കുടുംബ ഭാരം: പുരുഷന്മാർ ചെയുന്നത് സ്ത്രീകളുടെ പകുതി ജോലികൾ മാത്രമെന്ന് പഠനം
കുടുംബ ഭാരം മൂലം ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി ഉയരുന്നുണ്ടെന്ന് കണ്ടെത്തൽ. കേരള നോളജ് ഇക്കണോമി മിഷൻ നടത്തിയ സർവ്വേയിലാണ് പുരോഗതിയെ വീണ്ടും പിറകോട്ടടിക്കുന്ന വസ്തുതകൾ പുറത്തു വന്നിരിക്കുന്നത്. കുടുംബങ്ങളിൽ ഉണ്ടാകുന്ന അമിത ജോലി മറ്റൊരു തൊഴിൽ ചെയ്യാനും സ്ട്രീകളെ അനുവദിക്കുന്നില്ലെന്നും, കുട്ടികളെയും പ്രായമായവരെയും പരിചരിക്കേണ്ടി വരുന്നതിനാൽ തന്നെ സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 57% സ്ത്രീകളാണ് ഇതിനോടകം തന്നെ ജോലി ഉപേക്ഷിച്ച് വീടുകളിലേക്ക് ചുരുങ്ങിയത്. എല്ലാവർക്കും തുല്യ അവകാശമുള്ള തുല്യ ബാധ്യതകൾ ഉള്ള കുടുംബത്തിന് വേണ്ടി സ്ത്രീകൾ മാത്രം അവരുടെ ജീവിതം മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്.തുല്യതകൾ നിലവിൽ വന്നിട്ടും സ്ത്രീകൾ ഇപ്പോഴും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിയിട്ടില്ല. വീടിന്റെ വിളക്കാണ്, അമ്മയാണ്, ദേവിയാണ് എന്നൊക്കെപ്പറഞ്ഞു ബാധ്യതകളുടെ ഭാരങ്ങൾ മുഴുവൻ ഇപ്പോഴും സ്ത്രീകളുടെ തലയിൽ കെട്ടിവയ്ക്കുന്ന സമൂഹത്തിലാണ് നമ്മളുടെയൊക്കെ ജീവിതമെന്ന് ഈ സർവേ ചൂണ്ടിക്കാട്ടുന്നു. വീടിന് വേണ്ടി ശരാശരി ഒരു സ്ത്രീ ദിവസത്തിൽ എട്ട് മണിക്കൂറോളം ജോലി ചെയ്യുന്നുണ്ടെന്നാണ് പഠനം പറയുന്നത്. കുടുംബത്തിലെ അംഗങ്ങൾ കൂടുന്നതിന് അനുസരിച്ചും, അവരുടെ പ്രായങ്ങൾ കണക്കിലെടുത്തും ഈ സമയം ഇനിയും കൂടാനാണ് സാധ്യതയുള്ളത്.ജോലി ചെയ്യാൻ കുടുംബത്തിൽ നിന്ന് സമ്മതിക്കുന്നില്ലെന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ടെന്നുമാണ് സർവേയോട് പ്രതികരിച്ച ഒട്ടുമിക്ക സ്ത്രീകളും പറഞ്ഞത്. കണക്കുകൾ പ്രകാരം ജോലി ഉപേക്ഷിച്ച സ്ത്രീകളിൽ 57 ശതമാനം പേരും കുട്ടികളെയും പ്രായമായവരെയും പരിചരിക്കാനുണ്ട് എന്നതാണ് കാരണം പറഞ്ഞത്. 20 ശതമാനം പേരാകട്ടെ വിവാഹവും താമസം മാറിയതും മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നവരാണ്. എന്നാൽ കണക്കുകളിൽ ഏറ്റവും സങ്കടകരം കുറഞ്ഞ വേതനം മൂലം ജോലി നിർത്തേണ്ടി വന്ന 10.32 ശതമാനം വരുന്നവരുടെയും, ജോലിയിൽ തുടരാൻ അനുവാദം ഇല്ലാത്തത് കൊണ്ട് വീടുകളിൽ മാത്രം ഒതുങ്ങിപ്പോയ 3.92 ശതമാനം വരുന്നവരുടെയും കാര്യം ഓർക്കുമ്പോഴാണ്.പുരോഗതിയുടെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി ന്യൂജൻ കുട്ടികൾ ഓടി നടക്കുന്ന ഒരു കാലത്താണ് കുടുംബത്തിന്റെ വേരുകൾ മൂലം ജോലി ചെയ്യാൻ പോലും അവകാശമില്ലാത്ത സ്ത്രീകൾ ജീവിക്കുന്നത്. വനിതാ മതിലുകൾ മുതൽ സ്ത്രീ തുല്യതയ്ക്ക് വേണ്ടിയുള്ള പല മുന്നേറ്റങ്ങളും നടക്കുന്നുണ്ടെങ്കിലും പലതും നാമമാത്രമായി അവശേഷിക്കുകയാണ്. സർവേ പ്രകാരം നഷ്ടപ്പെട്ട ജോലിയിലേക്ക് തിരികെ കയറാൻ ആഗ്രഹമുള്ളവരാണ് 96.5 ശതമാനം സ്ത്രീകളും. 25 മുതൽ 40 വയസ്സുവരെയുള്ളവരാണ് ജോലി നഷ്ടപ്പെട്ട സ്ത്രീകളിൽ ഭൂരിഭാഗവും, ഇവരിൽത്തന്നെ 30 മുതൽ 34 വരെ പ്രായപരിധി ഉള്ളവരിലാണ് തൊഴിൽ രഹിതർ അധികവും. ഒന്നുകിൽ വിവാഹശേഷം അല്ലെങ്കിൽ കുഞ്ഞുങ്ങൾ ജനിച്ചതിന് ശേഷമെല്ലാമാണ് ഇവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. 4458 സ്ത്രീകളാണ് കേരള നോളജ് ഇക്കോണമി മിഷന്റെ സർവേയിൽ പെങ്കെടുത്തത്.യോഗ്യതയുണ്ടെങ്കിലും പല സ്ത്രീകൾക്കും അവർ അർഹിക്കുന്ന ജോലികൾ ലഭിക്കുന്നില്ല എന്നത് സർവേയിലെ സുപ്രധാന കണ്ടെത്തലാണ്. ഉന്നത വിദ്യാഭ്യാസത്തിന് 52.3 ശതമാനം പെൺകുട്ടികൾ ചേരുന്നുണ്ടെങ്കിൽ വെറും 34.5 ശതമാനം ആൺകുട്ടികളാണ് തുടർ പഠനം നടത്തുന്നത്. എന്നാൽ, പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.9 ശതമാനമാണെങ്കിൽ സ്ത്രീകളുടേത് 17 ശതമാനമാണ്. അതിനർത്ഥം അൻപത് ശതമാനത്തിലധികം പെൺകുട്ടികൾ ജോലി നേടാൻ വേണ്ട കോഴ്സുകൾ പഠിച്ചു പുറത്തിറങ്ങുന്നുണ്ടെങ്കിലും അവരിൽ ഭൂരിഭാഗം പേരും തൊഴിൽ രഹിതരാണ്. ബിരുദാനന്തര ബിരുദം നേടിയ പുരുഷന്മാരിൽ 6.6 ശതമാനം പേർ തൊഴിൽരഹിതരാണെങ്കിൽ, 34 ശതമാനത്തോളമാണ് ബിരുദാന്തര ബിരുദം നേടിയിട്ടും ജോലിയില്ലാത്ത സ്ത്രീകളുടെ കണക്ക്.
പുരോഗതി നേടിയെന്ന് എത്ര അഭിമാനിക്കുമ്പോഴും കേരളത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്മയിലും വീടകങ്ങളിലെ ദുരിത്തിലും ഇന്നും മാറ്റമില്ല. പുരുഷന്മാർ അടങ്ങുന്ന സമൂഹം കൽപ്പിച്ചു നൽകുന്ന വ്യവസ്ഥിതിയിൽ നിന്ന് മാറി നടക്കാനോ സ്വന്തം ഇഷ്ടങ്ങളെ ശ്രദ്ധിക്കാനോ കഴിയാത്തവരാണ് അവരിൽ ഭൂരിഭാഗം പേരും. സൗജന്യ വിദ്യാഭ്യാസമുണ്ട്, സ്‌കോളർഷിപ്പുകൾ ഉണ്ട്, ആനുകൂല്യങ്ങൾ ഉണ്ട് പക്ഷെ ജോലി ചെയ്യാനുള്ള അവകാശം മാത്രം ഇന്നും പൂർണ്ണമായും സ്ത്രീകൾക്ക് ലഭിച്ചിട്ടില്ല. പഠിച്ച പെൺകുട്ടിയെ കല്യാണം കഴിക്കാനം പക്ഷെ അവൾ ജോലിക്ക് പോകാൻ പാടില്ല, പഠിച്ച പെൺകുട്ടികൾ വേണം പക്ഷെ അവൾ അച്ഛനെയും അമ്മയെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കണം, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഇപ്പോഴും എത്താൻ ഏത് വഴി സ്വീകരിക്കണമെന്ന് കേരളത്തിലെ സ്ത്രീകൾക്കറിയില്ല, അവരിപ്പോഴും സമൂഹം കെട്ടിച്ചമച്ച വേലികൾക്കുള്ളിൽ തടവിലാണ്.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ജൂലൈയില്‍ ബംഗളൂരുവില്‍
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ജൂലൈ 13, 14 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും. ഈ വര്‍ഷത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗമാണ് ഈ മാസം നടക്കുന്നത്. ഷിംലയില്‍ യോഗം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹിമാചല്‍ പ്രദേശിലെ കനത്ത മഴയെത്തുടര്‍ന്ന് യോഗത്തിന്റെ
വേദി മാറ്റുകയായിരുന്നു.
രാജ്യത്തെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ അണിചേര്‍ന്ന ആദ്യ യോഗം 2023 ജൂണ്‍ 23 ന് ബീഹാറിലെ പട്നയില്‍ നടന്നിരുന്നു. ബീഹാറിലെ യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ (ബിജെപി) ഒരുമിച്ച് നേരിടണമെന്ന പ്രഖ്യാപനവും അന്ന് ഉണ്ടായി.
ജനതാദള്‍ തലവനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പട്നയില്‍ ചേര്‍ന്ന യോഗത്തിന് ആതിഥേയത്വം വഹിച്ചത്. വരുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗങ്ങളില്‍ ആദ്യത്തേതായിരുന്നു ഇത്.
ജെഡിയുവിന് പുറമെ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം, ലാലു പ്രസാദ് യാദവ് എന്നിവരുള്‍പ്പെടെ, സഖ്യകക്ഷിയായ കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളായ യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) [സിപിഐ(എം)] എന്നിവരും പങ്കെടുത്തു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എഎപി) തുടങ്ങിയ ബിജെപി ഇതര സഖ്യകക്ഷികളും യോഗത്തിലുണ്ടായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്), ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി), അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എന്നിവരാണ് ഈ സഖ്യത്തില്‍ നിന്ന് വിട്ടുനിന്നത്. എച്ച് ഡി ദേവഗൗഡ നയിക്കുന്ന ജനതാദള്‍ (സെക്കുലര്‍) [ജെഡി(എസ്)], ഒറീസ്സ മുഖ്യമന്ത്രി നവീന്‍ പട്നായിക് നയിക്കുന്ന ബിജു ജനതാദള്‍ (ബിജെഡി) എന്നിവരും യോഗത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു.
ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെച്ചൊല്ലി കോണ്‍ഗ്രസും എഎപിയും കഴിഞ്ഞ ഏതാനും ആഴ്ചകളായി വാക്‌പോരിലാണ്. ബിഹാറിലെ പട്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഓര്‍ഡിനന്‍സ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുന്നത് പാര്‍ട്ടിയെ വളരെ ബുദ്ധിമുട്ടാക്കുമെന്ന് പ്രതിപക്ഷ യോഗത്തിന് ശേഷം എഎപി പറഞ്ഞു.
പട്ന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍, പങ്കെടുത്ത എല്ലാ നേതാക്കളും സഖ്യത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. എന്നാല്‍, അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും അഭാവം വിമര്‍ശനങ്ങള്‍ക്കിടയായിരുന്നു. ഡല്‍ഹിയിലെ ഓര്‍ഡിനന്‍സ് വിഷയവും കോണ്‍ഗ്രസിന്റെ നിലപാടും എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് കാരണമായതായി വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 29 വ്യാഴാഴ്ച ശരദ് പവാറാണ് സ്ഥലം മാറ്റത്തിന്റെ പ്രഖ്യാപനം നടത്തിയത്.
ഹൈദരാബാദിലെ മണമുള്ള ബിരിയാണി പ്രണയം
ബിരിയാണിയോടുള്ള പ്രണയം പെട്ടെന്നൊന്നും അവസാനിക്കില്ലെന്നാണ് ഹൈദരാബാദ് പറയുന്നത്. അത് ബിരിയാണി ഓര്‍ഡറുകളില്‍ നിന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഹൈദരാബാദ് നിവാസികള്‍ 72 ലക്ഷം ബിരിയാണികള്‍ ഓര്‍ഡര്‍ ചെയ്തതായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ ആപ്പുകളില്‍ പ്രമുഖരായ സ്വിഗ്ഗി വ്യക്തമാക്കുന്നു. ഇതിനര്‍ത്ഥം സ്വിഗ്ഗിയിലെ അഞ്ച് ബിരിയാണികളില്‍ ഒന്ന് ഓര്‍ഡര്‍ ചെയ്യുന്നത് ഹൈദരാബാദില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകള്‍ പറയുന്നത്.
ജൂണ്‍ 26 ന് ലോക ബിരിയാണി ദിനത്തിനോടനുബന്ധിച്ച് 2023 ജനുവരി 23 മുതല്‍ ജൂണ്‍ 15 വരെ നടത്തിയ പരിപാടിയിലാണ് രസകരമായ ബിരിയാളി പ്രണയം പുറത്തായത്. കഴിഞ്ഞ ആറ് മാസത്തിനിടെ 9 ലക്ഷത്തിലധികം ഓര്‍ഡറുകളുമായി ദം ബിരിയാണിയാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബിരിയാണി ഓര്‍ഡറുകളില്‍ 8.39% വളര്‍ച്ചയുണ്ടായത്. ഹൈദരാബാദി ഓര്‍ഡറുകളില്‍ ആധിപത്യം പുലര്‍ത്തി, തൊട്ടുപിന്നാലെ മിനി ബിരിയാണിയുമുണ്ട് (5.2 ലക്ഷം).
ബിരിയാണിക്ക് പേരുകേട്ട ഒരു നഗരത്തില്‍, ബിരിയാണി വിളമ്പുന്ന 15,000-ത്തിലധികം റെസ്റ്റോറന്റുകള്‍ ഉണ്ടെന്നതില്‍ അതിശയിക്കാനില്ല. കുക്കട്ട്പള്ളി, മദാപൂര്‍, അമീര്‍പേട്ട്, ബഞ്ചാര ഹില്‍സ്, കോതപേട്ട്, ദില്‍സുഖ്‌നഗര്‍ എന്നിവിടങ്ങളിലാണ് ബിരിയാണി വിളമ്പുന്ന റെസ്റ്റോറന്റുകള്‍ ഏറ്റവും കൂടുതലുള്ളതെന്ന് സ്വിഗ്ഗിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, മദാപൂര്‍, ബഞ്ചാര ഹില്‍സ്, ഗച്ചിബൗളി, കൊണ്ടാപൂര്‍ എന്നിവയ്ക്ക് തൊട്ടുപിന്നാലെ കുക്കട്ട്പള്ളിയിലാണ് ബിരിയാണി ഓര്‍ഡറുകള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത്.
ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ്‌വേയിലെ യാത്രക്കാര്‍ സൂക്ഷിക്കുക, ലൈസന്‍സ് നഷ്ടമായേക്കാം
ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ്‌വേയിലെ യാത്രക്കാര്‍ക്ക് ഇനി ലൈസന്‍സ് നഷ്ടപ്പെട്ടേക്കാം. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കാണ് ഇനി എട്ടിന്റെ പണി കിട്ടുക. എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് ശേഷം അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
2023 മാര്‍ച്ചിലായിരുന്നു എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടന്നത്. അമിതവേഗതയും ട്രാഫിക് നിയന്ത്രണങ്ങളുടെ ലംഘനവും മൂലം 91 അപകട മരണങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 100 കിലോമീറ്റര്‍ വേഗപരിധി കവിഞ്ഞ് പോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ഇന്റര്‍സെപ്റ്ററുകള്‍ ഘടിപ്പിക്കാനും ജില്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ പദ്ധതിയിടുന്നുണ്ട്.
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അമിത വേഗതയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമായി പൊലീസ് വിരിച്ച വലയില്‍ നിയമലംഘകര്‍ കുടുങ്ങുമെന്നതില്‍ സംശയമില്ല. കരശന നിയമനടപടികളിലേയ്ക്കാണ് പോലീസ് പോകുന്നത്.
രാമനഗര ജില്ലയിലെ എക്സ്പ്രസ് വേയില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടു. എഡിജിപി (ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി) അലോക് കുമാര്‍ ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കുന്ന രീതിയില്‍ കര്‍ശന നടപടികളിലേയ്ക്ക് കടന്നത്.
ചെറിയ വാഹനങ്ങള്‍ പോലും അമിത വേഗത്തില്‍ സഞ്ചരിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനുകളിലും എതിരെ വരുന്ന വാഹനങ്ങളിലും ഇടിച്ച് അപകടം ഉണ്ടകുന്നത് പതിവാണ്. ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗ് റോഡ് സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും എഡിജിപി പറഞ്ഞു.
അപകടങ്ങളുടെ പ്രധാന കാരണമായി വിദഗ്ധര്‍ പറഞ്ഞത്, അമിതവേഗത, റോഡിന്റെ നിര്‍മ്മാണത്തിലുള്ള പിഴവ്, റോഡ് നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ എന്നിവയാണ്. ആ കണ്ടെത്തലിന് ശേഷം അപകടസാധ്യത ലഘൂകരിക്കുന്നതിനായി എക്സ്പ്രസ് വേയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
മുഴുവന്‍ ഭാഗത്തും വ്യക്തവും ദൃശ്യവുമായ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ റോഡ് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൈവോക്കുകള്‍ നിര്‍മ്മിക്കുക, അമിതവേഗതയില്‍ വരുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി സ്പീഡ് ഡിറ്റക്റ്റിംഗ് ക്യാമറകള്‍ സ്ഥാപിക്കുക, പ്രധാന പാതയില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക എന്നിവ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നുെവന്നും അദ്ദേഹം പറഞ്ഞു.
എക്സ്പ്രസ് വേയില്‍ അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ജൂണ്‍ 23ന് കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു. മോട്ടോര്‍വേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളുണ്ടാകാമെന്നും അത് അറിയിക്കുമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
ബെംഗളൂരു-മൈസൂരു യാത്രാ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ നിന്ന് ഏകദേശം 75 മിനിറ്റായി കുറയ്ക്കുന്നതിനാണ് പുതിയ ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ 9,000 കോടി രൂപ മുതല്‍മുടക്കില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന് കീഴില്‍ രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനുമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) യുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.