കട്ടപ്പനയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത മറനീങ്ങുന്നില്ല. അയല്‍വാസികളില്‍ നിന്നടക്കം ലഭിക്കുന്ന വിവരങ്ങള്‍ ഒന്നിന് പുറകെ ഒന്നൊന്നായി കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. ഒരു വര്‍ക്ക് ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോള്‍ വലിയ വഴിത്തിവിലെത്തിയിരിക്കുന്നത്. മോഷണക്കേസില്‍ പിടിയിലായ കക്കാട്ടുകടയില്‍ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ടിരിക്കുന്ന നിലയില്‍ രണ്ട് സ്ത്രീകളെ കണ്ടെത്തിയത്. വിഷ്ണുവിന്റെ അമ്മയും സഹോദരിയുമായിരുന്നു വീട്ടിലുണ്ടായിരുന്നു.
വീട്ടില്‍ സ്ത്രീകള്‍ ഉണ്ടായിരുന്ന വിവരം പുറത്താര്‍ക്കും അറിയില്ലായിരുന്നുവെന്ന് പഞ്ചായത്ത് മെമ്പര്‍ രമ മനോഹരനും വിശദീകരിച്ചു. പലതവണ വീട്ടില്‍ വന്നപ്പോഴും വീട്ടിലുളളവരെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ സമയവും വീട് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളില്‍ വിഷ്ണുവിന്റെ അമ്മയും സഹോദരിയുമുളള വിവരം അറിയില്ലായിരുന്നു. അച്ഛനും മകനും മാത്രമാണുള്ളതെന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്കെടുത്തത്. വിഷ്ണുവിനെ മാത്രമേ തങ്ങള്‍ക്ക് അറിയൂ എന്നും പഞ്ചായത്ത് മെമ്പര്‍ രമ മനോഹരന്‍ പറഞ്ഞു.
പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ അമ്മയെയും സഹോദരിയെയും മോചിപ്പിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് പൊലീസ് കൂടുതല്‍ ജാഗരൂപരായത്. രണ്ട് കൊലപാതകങ്ങളുടെ വിവരങ്ങളാണ് സ്ത്രീകള്‍ പൊലീസിന് മുന്നില്‍ വെളിപ്പെടുത്തിയത്. ആറുമാസം മുമ്പ് ഇവരുടെ അച്ഛന്‍ വിജയനും മകന്‍ വിഷ്ണുവിന്റെ കൂട്ടുകാരന്‍ നിതീഷും തമ്മിലുണ്ടായി അടിപിടിയില്‍ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടുവെന്നും സഹോദരി മൊഴി നല്‍കിയിട്ടുണ്ട്. വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തില്‍ 2016 ല്‍ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോള്‍ കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിന്റെ ഭാഗമണെന്നും സംശയമുണ്ട്.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ ആര് ജയിച്ചാലും തോറ്റാലും ഉപതെരഞ്ഞെടുപ്പ് ഉറപ്പ്
വടകര ലോക്‌സഭാ മണ്ഡലത്തിലെ ഫലം എന്തായാലും കേരളത്തില്‍ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പ്. അത് പാലക്കാട് ആണോ മട്ടന്നൂര്‍ ആണോ എന്ന് വടകരക്കാര്‍ തീരുമാനിക്കും. രണ്ട് എംഎല്‍എമാര്‍ തമ്മിലുളള പോരാട്ടമാണ് വടകരയെ കാത്തിരിക്കുന്നത്.
മൂന്നു തവണ തുടര്‍ച്ചയായി ജയിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തില്‍നിന്ന് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് മാറിയാണ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഫിയുടെ വിജയം 3859 വോട്ടുകള്‍ക്കായിരുന്നു. ഷാഫി വിജയിക്കുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താല്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസിന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.
2016 ലെ ഷാഫിയുടെ 17483 വോട്ടുകളുടെ ഭൂരിപക്ഷം ആണ് കഴിഞ്ഞ തവണ ഇ ശ്രീധരനോടുളള മത്സരത്തില്‍ കുത്തനെ ഇടിഞ്ഞത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് യുഡിഎഫിന് അഗ്‌നിപരീക്ഷയാകും. എല്ലാ കാലത്തും ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായ മട്ടന്നൂരില്‍ കെ കെ ശൈലജയ്ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം 60,963 വോട്ടുകളുടേതാണ്. ഇത്തവണ വടകര ലോക്‌സഭാ മണ്ഡലത്തില്‍ ശൈലജ വിജയിച്ചാല്‍ മട്ടന്നൂരില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും. അങ്ങനെ വന്നാല്‍ പാര്‍ട്ടിക്ക് ഒട്ടും ആശങ്ക വേണ്ടാത്ത മണ്ഡലമാണ് മട്ടന്നൂര്‍ എന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.
കണ്ണീരോടെ നീതി തേടി സിദ്ധാര്‍ത്ഥന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലേക്ക്
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നീതി തേടി വിദ്യാര്‍ഥിയുടെ അച്ഛനും മറ്റ് ബന്ധുക്കളും മുഖ്യമന്ത്രിയെ കാണും. സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ആവശ്യപ്പെടും. ഉച്ചയ്ക്ക് മുമ്പ് കൂടിക്കാഴ്ച നടക്കാന്‍ സാധ്യത.
രക്ഷിതാക്കള്‍ ആവശ്യപ്പെടുന്ന അന്വേഷണം സര്‍ക്കാര്‍ നടത്തുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിന്‍ജോ ജോണ്‍സന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആണെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.
കൈവിരലുകള്‍ കൊണ്ട് സിന്‍ജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ത്ഥന് ദാഹജലം പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയായി. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലര്‍ ഉള്‍പ്പെടാനുള്ള സാധ്യതയും കൂടിയുണ്ട്. സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിന് നല്‍കുന്ന മൊഴി.
കരാട്ടെയില്‍ ബ്ലാക്ക് ബെല്‍ട്ടുനേടിയ പ്രധാനപ്രതി സിന്‍ജോ ജോണ്‍സണ്‍ അഭ്യാസ മികവ് മുഴുവന്‍ സിദ്ധാര്‍ത്ഥന് മേല്‍ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരല്‍ പ്രയോഗം. മര്‍മ്മം നന്നായി അറിയാവുന്ന സിന്‍ജോയുടെ കണ്ണില്ലാ ക്രൂരത ആരെയും ഞെട്ടിക്കുന്നതാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥന്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. സിന്‍ജോ കൈവിരലുകള്‍വെച്ച് കണ്ഠനാളം അമര്‍ത്തിയിരുന്നു. ഇതുണ്ടാക്കിയ ആഘാതം ചെറുതല്ല. വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിന് മൊഴി നല്‍കിയെന്നാണ് വിവരം.
ആള്‍ക്കൂട്ട വിചാരണ പ്ലാന്‍ ചെയ്തതും സിഞ്ചോയാണ്. ഇത് തിരിച്ചിറിഞ്ഞാണ് സിന്‍ജോയെ പൊലീസ് മുഖ്യപ്രതിയാക്കിയതും. ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥനാണ്. എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാര്‍ത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീര്‍ത്തു എന്ന് വിദ്യാര്‍ത്ഥികളുടെ മൊഴികളില്‍ നിന്ന് പൊലീസ് വായിച്ചെടുത്തിട്ടുള്ളത്.
ഓപ്പറേഷന്‍ ഓവര്‍ലോഡ്’: പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേട്
അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേട്. ആറാം തീയതി ഒന്നര മണിക്കൂര്‍ നടത്തിയ പരിശോധനയില്‍ മാത്രം കണ്ടെത്തിയത് 1 കോടി 36 ലക്ഷം രൂപയുടെ ക്രമക്കേടുകകള്‍. ക്വാറി ഉല്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ വിജിലന്‍സിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ പരിശോധന നടത്തിയത്. ആറാം തീയതി പുലര്‍ച്ചേ 6.30 മുതല്‍ ഒന്നര മണിക്കൂറില്‍ 347 വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് 1.36 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 65 സ്ഥലങ്ങളിലായിരുന്നു പരിശോധന. സംസ്ഥാനമൊട്ടാകെ പരിശോധന നടത്തിയ വാഹനങ്ങളില്‍ 92 ശതമാനം വാഹനങ്ങളും അമിത ഭാരം കയറ്റിയ നിലയിലും, 30 ശതമാനം വാഹനങ്ങള്‍ പാസ്സില്ലാത്ത നിലയിലും, 12 ശതമാനം വാഹനങ്ങള്‍ അധിക ബോഡി ഉയര്‍ത്തി വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയ നിലയിലുമാണെന്ന് കണ്ട് വിജിലന്‍സ് പിടികൂടി. 347 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 319 എണ്ണവും അമിത ഭാരം കയറ്റിയ നിലയിലാണെന്നും ഇവയില്‍ 107 വാഹനങ്ങള്‍ പാസ്സില്ലാത്ത നിലയിലും 42 വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അധികമായി ബോഡി ഉയര്‍ത്തിയ നിലയിലുമാണെന്നും വിജിലന്‍സ് കണ്ടെത്തി.
വിജിലന്‍സ് പിടികൂടിയ വാഹനങ്ങളില്‍ നിന്നും മോട്ടോര്‍ വാഹന, മൈനിംഗ് ആന്റ് ജിയോളജി, ജി.എസ്.ടി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഒരു കോടി 36 ലക്ഷത്തില്‍ പരം (1,36,53,270/) രൂപ പിഴ ഈടാക്കി. അമിത ഭാരം കയറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ 319 വാഹനങ്ങളില്‍ നിന്നായി മോട്ടോര്‍ വാഹന വകുപ്പ് 65,46,113/ രൂപയും, റോയല്‍റ്റി ഇനത്തില്‍ വെട്ടിപ്പ് നടത്തിയതിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് 63,94,543/ രൂപയും, ജി.എസ്.ടി വെട്ടിപ്പ് നടത്തിയതിന് 7,12,614/ രൂപയുമാണ് പിഴ ഈടാക്കിയത്.
തിരുവനന്തപുരം ജില്ലയില്‍ 11,20,792/ രൂപയും, കൊല്ലം ജില്ലയില്‍ 4,90,979/ രൂപയും, പത്തനംതിട്ട ജില്ലയില്‍ 3,97,562/ രൂപയും, കോട്ടയം ജില്ലയില്‍ 9,67,240/ രൂപയും, ആലപ്പുഴ ജില്ലയില്‍ 11,82,271/ രൂപയും, ഇടുക്കി ജില്ലയില്‍ 9,73,651/ രൂപയും, എറണാകുളം ജില്ലയില്‍ 5,94,450/ രൂപയും, തൃശ്ശൂര്‍ ജില്ലയില്‍ 15,60,348/ രൂപയും, പാലക്കാട് ജില്ലയില്‍ 19,05,704/ രൂപയും, കോഴിക്കോട് ജില്ലയില്‍ 5,26,922/ രൂപയും, മലപ്പുറം ജില്ലയില്‍ 10,39,438/ രൂപയും, വയനാട് ജില്ലയില്‍ 7,34,900/ രൂപയും, കണ്ണൂര്‍ ജില്ലയില്‍ 17,61,451/ രൂപയും, കാസറഗോഡ് ജില്ലയില്‍ 3,97,562/ രൂപയും ഉള്‍പ്പടെ ആകെ 1,36,53,270/ രൂപയുടെ ഫൈന്‍ കണ്ടെത്തി.
പെര്‍മിറ്റിനു വിരുദ്ധമായി രൂപമാറ്റം വരുത്തിയും അധികഭാരം കയറ്റിയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിലെയും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെയും ജി.എസ്.ടി വകുപ്പിലേയും ചില ഉദ്ദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലാെയെന്നുമുള്ള രഹസ്യ വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. കൂടാതെ സംസ്ഥാന വ്യാപകമായി ടിപ്പറുകളിലും, ട്രക്കുകളിലും, ലോറികളിലും അമിത അളവില്‍ പെര്‍മിറ്റിന് വിരുദ്ധമായും, അധിക ബോഡി ഘടിപ്പിച്ച് വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയും, അമിത ഭാരം കയറ്റി നികുതി വെട്ടിപ്പ് നടത്തുന്നതിലേക്ക് ചില ക്വാറി ഉടമകള്‍ കൂട്ടുനില്‍ക്കുന്നതായും, മറ്റു ചില ക്വാറി ഉടമകള്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പാസ്സില്ലാത്തവര്‍ക്കും ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായും, പാസ്സുമായി വരുന്നവര്‍ക്ക് പാസ്സില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അളവില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതായും, അതുവഴി ജി.എസ്.ടി ഇനത്തിലും, റോയല്‍റ്റി ഇനത്തിലും സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്നതായുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന.
ചില ക്വാറി ഉടമകള്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അനുവദിച്ചിട്ടുള്ള പാസ്സുകള്‍ക്ക് വിരുദ്ധമായി അമിതമായി ലോഡ് കയറ്റി വിടുന്നുണ്ട്.
പാസ്സ് അനുവദിക്കാത്ത വാഹനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നു. ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡുകള്‍ നല്‍കുന്നുണ്ട്. തത്ഫലമായി ഓരോ ലോഡിനും ജി.എസ്.ടി ഇനത്തിലും റോയല്‍റ്റി ഇനത്തിലും സര്‍ക്കാര്‍ ഖജനാവിന് ലഭിയ്ക്കേണ്ട വന്‍തുക ദിനംപ്രതി നഷ്ടമാകുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം-7, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ 6 വീതവും, കൊല്ലം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ 5 വീതവും കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ 4 വീതവും പത്തനംതിട്ട, ആലപ്പുഴ, വയനാട് എന്നീ ജില്ലകളില്‍ 3 വീതവും ആകെ 65 സ്ഥലങ്ങളിലാണ് ആറാം തീയതി ഒരേ സമയം മിന്നല്‍ പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രേേമക്കാടുകളെ പറ്റി അപാകതകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി. കെ. വിനോദ്കുമാര്‍ ഐ പി എസ് അറിയിച്ചു.
18 പേര്‍ പലയിടങ്ങളിലായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചു, നടന്നത് ക്രൂരമായ പരസ്യവിചാരണയെന്ന് റിപ്പോര്‍ട്ട്
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ദ്ധന്റെ മരണത്തില്‍ ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത്. സര്‍വകലാശാലയില്‍ നടന്നത് പരസ്യ വിചാരണയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ഉറപ്പിക്കുന്നത്.
സിദ്ധാര്‍ത്ഥന് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നു, 18 പേര്‍ പലയിടങ്ങളില്‍ വച്ച് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചു, സര്‍വകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിന്‍ മുകളില്‍ വച്ചും മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാര്‍ത്ഥനെ നടത്തിച്ചെന്നും പ്രതിയായ സിഞ്ചോ ജോണ്‍ ആണ് സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചു എന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതെക്കുറിച്ച് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് അടക്കം പലരും ചോദിക്കുന്നുണ്ട്.
‘സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ്. മകന്റെ മരണത്തിലെ സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കോളേജില്‍ ഉണ്ടായ മരണങ്ങളില്‍ എല്ലാം അന്വേഷണം നടക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് പങ്ക് ഉണ്ട്, അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞ ജയപ്രകാശ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ കാണിച്ചെന്നും മുഖ്യമന്ത്രി എല്ലാം കേട്ടുവെന്നും വ്യക്തമാക്കി.
സിബിഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. എസ്എഫ്‌ഐക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മരിച്ചതല്ല കൊന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരൊക്കെയോ സമ്മര്‍ദ്ദം ചുലത്തുന്നുണ്ട്.
ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റം ചേര്‍ക്കണം. കേസിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാല്‍ മതി. ഒരു പാര്‍ട്ടി ഒഴിച്ച് ബാക്കി എല്ലാം പാര്‍ട്ടികളും സപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൂട്ടത്തിലുള്ള ഒരു വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നപ്പോള്‍ അവര്‍ക്ക് സഹിച്ചില്ല. യൂത്ത് കോണ്‍ഗ്രസും കെഎസ്യുമൊക്കെ നിരാഹാരം കിടന്നത് ഇപ്പോള്‍ ആണ് അറിഞ്ഞത്. മകന്റെ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ട്. അവരുടെ ആരോഗ്യസ്ഥിതി മോശമായി എന്നറിയുന്നു. അവരോടുള്ള ഏക അപേക്ഷ നിരാഹാരം അവസാനിപ്പിക്കണമെന്നാണെന്നും ജയപ്രകാശ് വിശദമാക്കി.