വയനാട്ടില്‍ ആരാണ് മത്സരിക്കുന്നത്? ഇപ്പോള്‍ ഏവരെയും കുഴപ്പിക്കുന്ന ചോദ്യമാണിത്. വയനാട്ടില്‍ രാഹുല്‍ വീണ്ടും മത്സരിക്കുന്നതില്‍ പ്രതികരണത്തിനായി കാതോര്‍ത്തിരിക്കുകയാണ് എ.ഐസി.സി.സി. ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
വയനാട് ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തെലങ്കാനയിലേക്കോ രാഹുല്‍ നീങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. നല്‍ഗൊണ്ട മണ്ഡലം സുരക്ഷിതമാണെന്ന നിര്‍ദ്ദേശം തെലങ്കാന പിസിസി മുന്‍പോട്ട് വച്ചു. സുരക്ഷിത മണ്ഡലങ്ങളുടെ വിവരം കര്‍ണ്ണാടക പിസിസിയും കൈമാറിയിട്ടുണ്ട്.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലെ അതൃപ്തി സിപിഎം ആവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സജീവ ചര്‍ച്ചയായിരിക്കെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലെന്ന തരത്തിലുള്ള പ്രചരണവും ശക്തമാകുന്നത്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്ന സുരക്ഷിത മണ്ഡലത്തില്‍ രാഹുല്‍ വീണ്ടും ചേക്കേറുന്നുവെന്ന വിമര്‍ശനം ഉത്തരേന്ത്യയില്‍ ബിജെപി സജീവമാക്കുന്നുണ്ട്.
അമേത്തിയില്‍ മത്സരിക്കാനും രാഹുല്‍ ഗാന്ധിയെ ബിജെപി വെല്ലുവിളിക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിലെ കക്ഷിയായ സിപിഐ മത്സരത്തിനെത്തുമ്പോള്‍ സഖ്യത്തിന്റെ നായകന്മാരിലൊരാളായ രാഹുല്‍ അവര്‍ക്കെതിരെ മത്സരിക്കാനൊരുങ്ങുന്നതും വിമര്‍ശന വിധേയമാകുന്നുണ്ട്. രാഹുല്‍ മത്സരിക്കുന്നതിനോട് സിപിഐക്ക് താല്‍പര്യമില്ല. പോരാട്ടം ബിജെപിക്കെതിരെയാണെന്ന് പറഞ്ഞിട്ട് കേരളത്തിലെത്തി രാഹുല്‍ ഇടത് പക്ഷത്തിനെതിരെ മത്സരിക്കുന്നത് എന്ത് സന്ദേശമാകും നല്‍കുകയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചോദിച്ചിട്ടുണ്ട്. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ആനി രാജയാണ് മത്സര രംഗത്തുള്ളത്. ആനിരാജയ്ക്കുവേണ്ടി പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ച് ഒന്നിന് മാനന്തവാടിയില്‍ റോഡ്ഷോയോടെ അവരുടെ പ്രചാരണമാരംഭിക്കാനാണ് സാധ്യത.
(ഹോള്‍ഡ്)
വയനാട്ടില്‍ത്തന്നെ വീണ്ടും മത്സരിക്കാനാണ് രാഹുല്‍ഗാന്ധിയുടെ താല്‍പ്പര്യം. പക്ഷേ അദ്ദേഹം പിന്‍വാങ്ങിയാല്‍ ആരായിരിക്കും പകരമെന്ന ചര്‍ച്ചകളും കോണ്‍ഗ്രസില്‍ ചൂടു പിടിച്ചുതുടങ്ങി. കല്‍പ്പറ്റ കോണ്‍ഗ്രസിന് പൂര്‍ണമായി സുരക്ഷിത മണ്ഡലമല്ല. രാഹുല്‍ ഇവിടെ മത്സരിക്കും അതുകൊണ്ട് പകരം ഒരാളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. മറ്റു ചില പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും അത് വയനാട്ടിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ സ്വീകാര്യമല്ല.
രാഹുല്‍ അല്ലെങ്കില്‍ മുസ്ലിം സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന കടമ്പ കോണ്‍ഗ്രസിനു മുന്നിലുണ്ട്. അല്ലാതെ മുസ്ലിം സ്ഥാനാര്‍ഥിയല്ലാത്ത ഒരാളെ പരിഗണിക്കാനുള്ള സാധ്യത കുറവായി വയനാട്ടില്‍ ഇല്ലെങ്കില്‍ കേരളത്തില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിലും കോണ്‍ഗ്രസിന് മുസ്ലിം പ്രതിനിധിയില്ലാതെ പോവും.
രാഹുല്‍ വയനാട്ടില്‍ നിന്ന് പോയാല്‍ കെ സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ആലപ്പുഴയില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കാനാവും. ഷാനിമോള്‍ ഉസ്മാന്‍, എം.എം. ഹസന്‍, ടി. സിദ്ദിഖ് എം.എല്‍.എ., മലപ്പുറത്തുനിന്നുള്ള കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലി എന്നീ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പക്ഷേ, സിദ്ദിഖിനെ മത്സരിപ്പിച്ച് കല്‍പറ്റയില്‍ കോണ്‍ഗ്രസ് ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടാക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്.
വയനാട് ലോക്‌സഭാ മണ്ഡലം രൂപവത്കരിച്ചശേഷം നാലാമത്തെ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ രണ്ടുതവണയും എം.ഐ. ഷാനവാസായിരുന്നു വിജയിച്ചത്. കഴിഞ്ഞതവണ രാഹുല്‍ ഗാന്ധിയായതു കൊണ്ടാണ് മുസ്ലിംസംഘടനകള്‍ എതിര്‍പ്പുന്നയിക്കാതിരുന്നത്.
കെ.പി. നൗഷാദലി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ഏറനാട് നിന്നുള്ളയാളാണെങ്കിലും ഷാനിമോള്‍ ഉസ്മാനാണ് സാധ്യത കൂടുതല്‍ കാണുന്നത്. അതേസമയം, വയനാട്ടില്‍ നിന്ന് കര്‍ഷകപ്രതിനിധിയെ പാര്‍ലമെന്റില്‍ എത്തിക്കണമെന്നാണ് താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ കല്‍പ്പറ്റയില്‍നിന്ന കാത്തലിക്ക് കോണ്‍ഗ്രസിന്റെ റാലിയില്‍ പ്രസംഗിച്ചത്. അതുകൊണ്ട് സഭ ആവശ്യമുന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിരുവമ്പാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും സഭയ്ക്ക് സ്വാധീനമുള്ള മേഖലകളാണ്. ബി.ജെ.പി.യില്‍ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ പേരാണ് പരിഗണനയിലുള്ളത്.
വയനാട് മണ്ഡലം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ്. രാഹുല്‍ മത്സരിക്കുമോ ഇല്ലയോയെന്നും ഉറ്റുനോക്കുകയാണ്. രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആര്‍ക്കാണ് നറുക്ക് വീഴുന്നതെന്ന് നോക്കാം.
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തും അബ്ദുസമ്മദ് സമദാനി പൊന്നാനിയിലും മല്‍സരിക്കും. സീറ്റ് നല്‍കണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല.
പാണക്കാട്ട് നടന്ന നേതൃയോഗത്തിന് ശേഷം ലീഗ് അധ്യക്ഷനാണ് കേരളത്തിലെയും തമിഴ് നാട്ടിലെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.രാജ്യസഭാ സീറ്റിലെക്കുള്ള സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും. ഇടിയുടെ പ്രായവും പാര്‍ട്ടി നേതാവെന്ന നിലയ്ക്കുള്ള തിരക്കുകളും പരിഗണിച്ചാണ് പൊന്നാനിക്ക് പകരം മലപ്പുറം നല്‍കിയത്.
സമദാനിയെ രാജ്യസഭയിലേക്ക് അയക്കുന്ന കാര്യം ആലോചിച്ചെങ്കിലും യൂത്ത് ലീഗ് കൂടി സീറ്റിനായി രംഗത്തെത്തിയതോടെ തര്‍ക്കം ഒഴിവാക്കാന്‍ സമദാനിയെ തന്നെ നിയോഗിക്കുകയാരുന്നു. ലീഗ് വിമതനാണ് പൊന്നാനിയിലെ എതിര്‍സ്ഥാനാര്‍ത്ഥിയെന്നതും സമദാനിക്ക് അനുകൂല തിരുമാനമെടുക്കാന്‍ കാരണമായി. സമുദായ സംഘടനകളുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാവാണ് സമദാനിയെന്നതും അനുകൂല ഘടകമായി. മൂന്നാം സീറ്റെന്ന ആവശ്യവുമായി മുന്നോട്ട് പോകാതിരുന്നതിന്റെ സാഹചര്യം ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിശദീകരിച്ചു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെക്കുള്ള ചര്‍ച്ചകളും നടത്തിയില്ല.
പൊന്നാനിയില്‍ അനുകൂല അന്തരീക്ഷമാണെന്ന് സമദാനി പ്രതികരിച്ചു.എതിരാളി ശക്തനാണെന്ന് കരുതുന്നില്ല.സമസ്തയുടെ ഉള്‍പ്പെടെ വോട്ടുകള്‍ ലീഗിന് തന്നെ കിട്ടും.ഒരു ഭിന്നിപ്പും ഉണ്ടാകില്ലെന്നും സമദാനി പ്രതീക്ഷ പ്രകടിപ്പിച്ചു.മലപ്പുറത്ത് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്വന്തം നാട്ടുകാരോട് വോട്ട് ചോദിക്കാനുള്ള അവസരമാണിത്. പാര്‍ട്ടി നിയോഗ പ്രകാരമാണ് സീറ്റുകള്‍ വെച്ച് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിമാചലില്‍ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍: മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു
ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു. വിമത നീക്കത്തിലൂടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നാലെയാണ് പാര്‍ട്ടിയും സര്‍ക്കാരും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മന്ത്രിയും പിസിസി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് സ്ഥാനം രാജിവെച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്. തന്റെ പിതാവിന്റെ പേര് ഉപയോഗിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അതൃപ്തി വ്യക്തമാക്കിക്കൊണ്ട് വിക്രമാദിത്യ സിങ് പറഞ്ഞു.
സുഖ്വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നീന്ന് മാറ്റി പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നാടകമെന്നാണ് സൂചന.
കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തിരുന്നു. ഇതോടെ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വി തോറ്റു.
ഇതിന് പിന്നാലെ ബിജെപി എംഎല്‍എമാര്‍ സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. തൊട്ടുപിന്നാലെയാണ് മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാകുകയായിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പ് ബിജെപി അവസരമാക്കി മാറ്റിയപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിന് സ്വന്തം പാളയത്തില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധി തിരിച്ചറിയാനായില്ല. കോണ്‍ഗ്രസില്‍ നിന്ന് ഹര്‍ഷ മഹാജനെ ബിജെപി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. അഭിഷേക് മനു സിങ് വിയെ നിര്‍ത്തുന്നതില്‍ ഹിമാചല്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ എതിര്‍പ്പ് അവഗണിച്ചതും കോണ്‍ഗ്രസിന് വിനയായി. സര്‍ക്കാര്‍ നിലംപൊത്തുമോ അതോ സുഖുവിനെ മാറ്റി പ്രതിഭ സിങ്ങിനെയോ വിക്രമാദിത്യ സിങ്ങിനെയോ മുഖ്യമന്ത്രിയാക്കി സമവായ ഫോര്‍മുല ഉണ്ടാകുമോ എന്ന് മാത്രമേ അറിയാനുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയാണ് ഉത്തരേന്ത്യയില്‍ ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനവും കോണ്‍ഗ്രസിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.
ഹിമാചലില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനേയും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്.
അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള 14 ബിജെപി എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. സ്പീക്കറുടെ ചേംബറില്‍ മുദ്രവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാരോപിച്ചാണ് നടപടി.
താന്‍ രാജിവെച്ചിട്ടില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു
ഷിംല: താന്‍ രാജിവെച്ചിട്ടില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു. രാജ്യസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാടകീയതകള്‍ക്കിടെയാണ് സുഖു രാജിവെച്ചതായ റിപ്പോര്‍ട്ട് വന്നത്. ‘ഞാന്‍ രാജിവെക്കില്ല,ഞാന്‍ പോരാളിയാണ്, പോരാട്ടം തുടരും’രാജി വാര്‍ത്ത തള്ളിക്കൊണ്ട് സുഖു പറഞ്ഞു.
ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തിയതോടെ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീവ്രശ്രമങ്ങളാണ് നടത്തിവരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിന് പിന്നാലെ പിസിസി അധ്യക്ഷന്‍ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
പിസിസി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.
കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തിരുന്നു. ഇതോടെ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വി അപ്രതീക്ഷിതമായി തോറ്റു.
സുഖ്വിന്ദര്‍ സിങ് സുഖുവിനെതിരായ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പിലെ കൂറുമാറ്റം. സുഖുവിനെ നീക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ എംഎല്‍എമാര്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡി.കെ.ശിവകുമാറിനേയും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയേയും അനുനയ നീക്കങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിലപാട്. എന്നാല്‍ വിമത നീക്കം ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചതോടെ നേതൃമാറ്റമടക്കം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
ഹിമാചല്‍ മന്ത്രിസഭയ്ക്കെതിരേ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. സ്പീക്കറുടെ ചേംബറില്‍ മുദ്രവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാരോപിച്ചാണ് നടപടി.
ഹിമാചലില്‍ കര്‍ശന നടപടി, വ്യക്തികള്‍ക്ക് അതീതമാണ് പാര്‍ട്ടി- കോണ്‍ഗ്രസ്
ഹിമാചല്‍ പ്രദേശില്‍ ക്രോസ് വോട്ടിങ് ഉണ്ടായെന്ന വസ്തുത നിരാകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്. എല്ലാവരോടും തുറന്നമനസ്സോടെ സംസാരിക്കാനും കോണ്‍ഗ്രസ് സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ കാലാവധി തികയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിരീക്ഷകരോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു.
രണ്ടു കാര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് നിരീക്ഷകരില്‍നിന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജയറാം രമേശ് വ്യക്തമാക്കി. ‘ഒന്ന്, ക്രോസ് വോട്ടിങ്ങിന് ഉത്തരവാദികളായവരെ കണ്ടെത്തുക. രണ്ട്, സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പരിപാടികള്‍ അറിയിക്കുക’, അദ്ദേഹം വ്യക്തമാക്കി.
താന്‍ കോണ്‍ഗ്രസിനൊപ്പമല്ലെന്ന് ഒരു എം.എല്‍.എ. പ്രസ്താവിച്ചിട്ടുണ്ട്. നിരീക്ഷകര്‍ അദ്ദേഹവുമായും സംസാരിക്കും. കോണ്‍ഗ്രസിനാണ് ജനവധി, അയാള്‍ക്കല്ല. വ്യക്തി താത്പര്യങ്ങള്‍ക്കപ്പുറമാണ് പാര്‍ട്ടിയെന്നും ജയറാം രമേശ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല
നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറഞ്ഞത്. ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി അറിയിച്ചു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും മുന്‍പു പലതവണ കോടതി തള്ളിയതുമാണെന്ന് ദിലീപ് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. വിചാരണക്കോടതി 259 പ്രോസിക്യൂഷന്‍ സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞെന്നും ഇനി വിസ്തരിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍, ഫൊറന്‍സിക് ലാബിലെ ജോയിന്റ് ഡയറക്ടര്‍ എന്നിവരെ താന്‍ സ്വാധീനിക്കുമെന്നു കരുതാന്‍ ന്യായമില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.
കേസില്‍ നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അതിജീവിതയ്ക്കു കൈമാറാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി. അന്വേഷണം നടത്തിയ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. ജനുവരി തുടക്കത്തിലാണ് ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കൈവശമിരിക്കെ ചോര്‍ന്ന കേസില്‍ ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുന്നതില്‍ ദിലീപിന്റെ എതിര്‍പ്പ് തള്ളിയായിരുന്നു അന്ന് നടിക്ക് അനുകൂലമായി കോടതി നടപടി.
കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ഹണി എം വര്‍ഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയതിന് പിറകെയാണ് ഈ കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്റെ അവകാശം ലംഘിക്കുകയാണെന്നായിരുന്നു ഉപഹര്‍ജിയിലെ വാദം. എന്നാല്‍ റിപ്പോര്‍ട്ട് രഹസ്യ രേഖയാക്കണമെന്നും പകര്‍പ്പ് നടിയ്ക്ക് കൈമാറരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം ജസ്റ്റിസ് കെ ബാബു തള്ളി. 2018 ജനുവരി ഒന്‍പത് രാത്രി 9.58, 2018 ഡിസംബര്‍ 13 ന് രാത്രി 10.58 എന്നീ സമയങ്ങളിലാണ് മെമ്മറി കാര്‍ഡില്‍ പരിശോധന നടന്നത്. ഇത് അനധികൃതമെന്നാണ് അതിജീവിതയുടെ ഹര്‍ജിയിലുണ്ടായിരുന്നത്.