കൊച്ചി: ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമകള്‍ക്കെതിരെ ബിഷപ് ജോസഫ് കരിയില്‍. സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ഇല്ലുമിനാറ്റി പാട്ട്’ സഭാ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും ഇത്തരം സിനിമകളെ നല്ല സിനിമ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയില്‍ കുട്ടികള്‍ക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലാണ് വിമര്‍ശനം ആന്റണി കരിയില്‍ വിമര്‍ശനമുന്നയിച്ചത്.
ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാല്‍ ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയില്‍ മുഴുവന്‍ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവന്‍ നേരവും. അക്രമവും അടിപിടിയുമാണ്. പാട്ട് പാടാമെന്ന് പറഞ്ഞാല്‍ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാല്‍ ഇല്ലുമിനാറ്റി എന്നത് നമ്മുടെ മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നില്‍ക്കുന്ന സംഘടനയാണ്. പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
കേരളത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്നാണ് സിറോ മലബാര്‍ സഭയുടെ നിലപാട്. ഈ നിലപാട് തന്നെയാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെന്ന വാദത്തില്‍ ബിഷപ്പ് ജോസഫ് കരിയിലും ഉയര്‍ത്തിപ്പിടിക്കുന്നത്. സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാര്‍ സമയം കൂട്ടുന്നതും അപലപനീയമാണെന്ന് സിറോ മലബാര്‍ സഭ വിമര്‍ശിച്ചിരുന്നു. ടൂറിസം വികസനത്തിന്റെ മറപിടിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും സിറോ മലബാര്‍ സഭ പിആര്‍ഒ ആന്റണി വടക്കേക്കര വിമര്‍ശിച്ചു.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റോടെ ഇടത്തരം മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. മിന്നലിനും സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ മെയ് 25 മുതല്‍ 27 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂന മര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറി അര്‍ധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാള്‍-തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പെരിയാറിലെ മത്സ്യക്കുരുതി; വെള്ളത്തില്‍ അപകടകരമായ അളവില്‍ രാസവസ്തുക്കള്‍, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി:പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്റെ പഠന സമിതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. പെരിയാറിലെ വെള്ളത്തില്‍ ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എത്തിയെന്നും എവിടെ നിന്ന് എത്തിയെന്നും അറിയാന്‍ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചതെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാസവസ്തുക്കളുടെ സാന്നിധ്യത്തിന് പുറമെ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നുവെന്നും സമിതി കണ്ടെത്തി. ചത്ത മത്സ്യത്തിന്റെ ആന്തരിക അവയവങ്ങളില്‍ രാസവസ്തു സാന്നിധ്യം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓക്‌സിജന്‍ പോരായ്മ മാത്രമല്ല കുരുതിക്ക് കാരണമായതെന്നാണ് രാസവസ്തുവിന്റെ സാന്നിധ്യം വ്യക്തമാക്കുന്നത്.
അമോണിയയും സല്‍ഫൈഡും എത്തിയത് എവിടെ നിന്ന് എന്നറിയാന്‍ കൂട്ടായ പരിശോധന വേണം. അമോണിയ, സള്‍ഫൈഡ് എന്നിവ കൂടിയ അളവില്‍ പുറംതള്ളുന്നത് ഏത് വ്യവസായമെന്ന് കണ്ടെത്തണം, ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കണം എന്നീ ആവശ്യങ്ങളും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്. ഹെവി മെറ്റല്‍ സാന്നിദ്ധ്യമറിയാന്‍ വിദഗ്ധ പരിശോധന തുടരുകയാണെന്നും ഇതടക്കം വിശദമായ പഠന റിപ്പോര്‍ട്ടിനുശേഷം രസവസ്തുക്കള്‍ എങ്ങനെ എത്തി എന്നതില്‍ കൂടുതല്‍ വ്യക്തത വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനിടെ, പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് മന്ത്രി പി.രാജീവന്റെ വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് വഴിയില്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറച്ചിടാന്‍ ശ്രമിച്ചു.
രാജ്യാന്തര അവയവ കച്ചവടകേസ്: പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി
കൊച്ചി:രാജ്യാന്തര അവയവ കച്ചവടക്കേസില്‍ മുഖ്യസൂത്രധാരനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.
കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്ന് എറണാകുളം റൂറല്‍ എസ്പി അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സജിത്തില്‍ നിന്ന് കുറ്റകൃത്യത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വഷണസംഘത്തിന് ലഭിച്ചു.
കേസില്‍ ഇതുവരെ രണ്ടു പേരാണ് അറസ്റ്റിലായത്. അവയവ കച്ചവടത്തിനു ആളുകളെ വിദേശ രാജ്യത്തേക്ക് കടത്തിയതിന് സബിത്ത് നാസര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അവയവ കടത്തിനു സാമ്പത്തിക ഇടപാടിന് നേതൃത്വം നല്‍കിയതിനാണ് സജിത്ത് ശ്യാം പിടിയിലാകുന്നത്. എന്നാല്‍ ഇവര്‍ക്ക് മുകളില്‍ ഒരാളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം കണ്ടെത്തിയത്.
രാജ്യാന്തര അവയവ മാഫിയയിലെ മുഖ്യ സൂത്രധാരനായി കേരളത്തിനകത്തും പുറത്തും പൊലീസ് വലവിരിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഉടനുണ്ടാകുമെന്ന് എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്‌സേന പറഞ്ഞു. എടത്തലക്കാരനായ സജിത്ത് ശ്യാമിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. അവയവ കച്ചവടവുമായി ബന്ധപ്പെട്ട് എല്ലാ സാമ്പത്തിക ഇടപാടുകളും സജിത്തിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തികമായി പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ തെറ്റിധരിപ്പിച്ചിച്ച് വിദേശത്തേക്ക് കയറ്റി അയക്കാനും സജിത് കൂട്ടുനിന്നു. ഇടപാടുകളുടെ രേഖകളടക്കമാണ് സജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ പുറത്തുവന്ന 40 പേര്‍ക്കപ്പുറം കുറ്റകൃത്യത്തില്‍ കൂടുതല്‍ ഇരകളുണ്ടെന്നും ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.
മദ്യനയം സംബന്ധിച്ച് പ്രാഥമികമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
ബാര്‍കോഴ ആരോപണം തളളി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. മദ്യനയം സംബന്ധിച്ച് പ്രാഥമികമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫ് നേതാക്കന്മാര്‍ക്ക് എട്ടു വര്‍ഷമായി അധികാരത്തില്‍ ഇല്ലാത്തതിന്റെ പ്രശ്‌നമാണ്.അവര്‍ക്ക് ചികിത്സ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച് എക്‌സൈസ് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴയില്‍ രണ്ട് മന്ത്രിമാര്‍ക്ക് പങ്ക്, ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരായി ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് യു ഡി എഫ്. ബാര്‍ കോഴയില്‍ രണ്ട് മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ ആവശ്യപ്പെട്ടു.
എക്‌സൈസ് മന്ത്രി എം ബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന് പറഞ്ഞ ഹസന്‍, ഇരുവരും രാജിവക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാറസോസിയേഷന്‍ പിരിവ് നടത്തില്ലെന്നും യു ഡി എഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.
ബാര്‍ കോഴ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്ന് പറഞ്ഞ ഹസന്‍, ക്രൈം ബ്രാഞ്ച് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരില്ലെന്നും വിവരിച്ചു. എക്‌സൈസ് മന്ത്രി എം ബി രാജേഷ് നേരിട്ട് പരാതി നല്‍കിയത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ സഹായിക്കാനാണ്. കുറഞ്ഞ പക്ഷം ജുഡീഷ്യല്‍ അന്വേഷണമെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഹസന്‍ വ്യക്തമാക്കി. ബാര്‍കോഴയില്‍ പങ്കുള്ള എക്‌സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജിവച്ച് മാറിനിന്നുവേണം അന്വേഷണം നേരിടാനെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴ വിവാദം: എക്‌സൈസ് മന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങള്‍ തെറ്റ്, 97 ബാര്‍ ലൈസന്‍സ് അടക്കം കയ്യഴിച്ച് സഹായം
തിരുവനന്തപുരം: ബാറുടമകളെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങള്‍ തെറ്റ്. 97 ബാര്‍ ലൈസന്‍സ് നല്‍കിയതടക്കം രണ്ടാം പിണറായി സര്‍ക്കാര്‍ ബാറുടമകള്‍ക്ക് കയ്യയച്ചാണ് ഇളവുകള്‍ നല്‍കിയത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് പൊതു അവധികള്‍ ബാധകമാക്കിയത് മുതല്‍ ടേണ്‍ഓവര്‍ ടാക്‌സ് വെട്ടിപ്പ് നടത്തിയ ബാറുകള്‍ക്ക് മദ്യം നല്‍കരുതെന്ന നികുതി വകുപ്പ് നിര്‍ദ്ദേശം അട്ടിമറിച്ചത് അടക്കമുള്ള സഹായങ്ങള്‍ വേറെയും.
രണ്ടാം ബാര്‍ കോഴ ആരോപണത്തില്‍ ആകെ പ്രതിരോധത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പുതിയ മദ്യ നയത്തെ കുറിച്ച് പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലെന്ന് മാത്രമല്ല ബാറുടകമകളെ സഹായിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അക്കമിട്ട് നിരത്തിയായിരുന്നു എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാല്‍ കാര്യം അങ്ങനെ അല്ല. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ നടപ്പാക്കിയതെല്ലാം ബാറുടമകളുടെ താല്‍പര്യം. സംസ്ഥാനത്ത് നിലവില്‍ 801 ബാറുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രം ലൈസന്‍സ് അനുവദിച്ചത് 97 ബാറുകള്‍ക്കാണ്. ത്രീ സ്റ്റാറും അതിനിനുമുകളിലും ക്ലാസിഫിക്കേഷന്‍ നേടിയ 33 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി കൊടുക്കുക കൂടി ചെയ്തതോടെ ഫലത്തില്‍ സംസ്ഥാനത്ത് അധികം തുറന്നത് 130 ബാറുകളാണ്.
ദൂരപരിധി മാനദണ്ഡഘങ്ങള്‍ കര്‍ശനമാക്കാനോ പുതിയ ബാറുകള്‍ വേണ്ടെന്ന തീരുമാനം എടുക്കാനോ സര്‍ക്കാര്‍ തുനിയാത്തത് ബാറുകള്‍ തമ്മിലുള്ള കിടമത്സരത്തിനും ചട്ടം ലംഘിച്ചുള്ള വിഷപ്പനക്കും എല്ലാം കാരണമായിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പിന്റെ തന്നെ കണ്ടെത്തലുണ്ട്. നിയമലംഘനങ്ങളില്‍ കര്‍ശന നടപടി എടുത്തെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ടേണ്‍ഓര്‍ ടാക്‌സ് വെട്ടിച്ച ബാറുടമകള്‍ക്ക് മദ്യം വിതരണം ചെയ്യേണ്ടെന്ന നികുതി വകുപ്പ് നിലപാടും അട്ടിമറിച്ചു. കൃത്യമായ റിട്ടേണ്‍സ് സമര്‍പ്പിക്കാത്ത 328 ബാറുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. പൊതുമേഖല സ്ഥാപനങ്ങള്‍ക്കൊപ്പം ബെവ്‌കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും മദ്യ വില്‍പനക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ ബാറുകളടക്കം എല്ലാം അടച്ചിടുന്ന പതിവിനും മാറ്റമുണ്ടായത് രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്താണ്. അവധി ബെവ്‌കോ ഔട്‌ലറ്റുകള്‍ക്ക് മാത്രം പരിമിതപ്പെടുത്തുമ്പോള്‍ തുറന്നിരിക്കുന്ന ബാറുകള്‍ക്ക് എന്നും ചാകരയാണ്.