രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ഇതിനിടെ വിശദമായ അന്വേഷണത്തിനായി പത്തംഗസംഘത്തെ എറണാകുളം റൂറല്‍ പൊലീസ് നിയോഗിച്ചു.
രാജ്യാന്തര അവയവക്കച്ചവട റാക്കറ്റില്‍പ്പെട്ടയാള്‍ നേരത്തെ മുംബൈയില്‍ പിടിയിലായതോടെയാണ് മലയാളിയായ സബിത് നാസര്‍ കേന്ദ്ര ഏജന്‍സികളുടെ റഡാറിലേക്ക് വരുന്നത്. കൊച്ചി കുവൈറ്റ് ഇറാന്‍ റൂട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് എമിഗ്രേഷന്‍ തടഞ്ഞ് പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനങ്ങളുളള സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര ഏജന്‍സികള്‍ ആലോചിക്കുന്നത്.
എന്‍ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു. കേസിലെ പല പ്രധാന സംഭവങ്ങളും നടന്ന സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിക്കും പുറത്താണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എന്‍ ഐ എ പരിശോധിക്കുന്നുണ്ട്. ഇതിനിടെ അന്വേഷണ സംഘത്തെ വിപുലമാക്കിയതായി എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്‌സേന അറിയിച്ചു.
അവയവ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ഇറാനിലേക്ക് പോയ പാലക്കാട് സ്വദേശി ഷമീര്‍ ഇപ്പാള്‍ ബാങ്കോക്കില്‍ ഉണ്ടെന്നാണ് സൂചന. ഇയാളെപ്പറ്റി ഒരു വര്‍ഷമായി വിവരമില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. വ്യത്യസ്ഥമായ മൊഴികളാണ് ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ സബിത് നാസര്‍ പൊലീസിനോട് പറഞ്ഞ്. ഹൈദരാബാദിലാണ് അവയവ മാഫിയയെ പരിചയപ്പെട്ടതെന്നും ഇതര സംസ്ഥാന തൊഴിലാളികളടക്കം ഇരുപതോളം പേരെ അവിടേക്ക് കൊണ്ടുപോയെന്നുമാണ് മൊഴി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളിലടക്കം വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
രാമേശ്വരം കഫേ സ്‌ഫോടനം: കോയമ്പത്തൂരില്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
രാമേശ്വരം കഫെ സ്‌ഫോടനക്കേസില്‍ തമിഴ്‌നാട് കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. രണ്ട് ഡോക്ടര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരില്‍ പ്രാക്ടീസ് ചെയ്യുന്ന ജാഫര്‍ ഇക്ബാല്‍, നയിന്‍ സാദിഖ് എന്നിവരുടെ സായ്ബാബ റോഡിലെ വീടുകളിലാണ് പരിശോധന. ആന്ധ്രാപ്രദേശിലെ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയിലായി. അനന്ത്പുര്‍ ജില്ലയില്‍ നിന്ന് റായ്ദുര്‍ഗ സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണും ഹാര്‍ഡ് ഡിസ്‌കും എന്‍ഐഎ പിടിച്ചെടുത്തു.
സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ബെംഗളുരുവില്‍ കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്ത തീവ്രവാദ ഗൂഢാലോചനക്കേസിലും റെയ്ഡ് നടക്കുന്നുണ്ട്. 2023- ജൂലൈയില്‍ ബെംഗളുരുവില്‍ അടക്കം വിവിധ ഇടങ്ങളില്‍ തീവ്രവാദ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് 2023 ഒക്ടോബറില്‍ എന്‍ഐഎ ഏറ്റെടുത്തു. ജയിലില്‍ വച്ച് വിവിധ പെറ്റിക്കേസുകളില്‍ പ്രതികളായി എത്തിയവരെ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് പ്രേരിപ്പിച്ച കേസിന് ഇതുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
2008-ലെ ബെംഗളുരു സ്‌ഫോടന പരമ്പരയില്‍ അറസ്റ്റിലായ തടിയന്റവിട നസീറിനെ ഈ കേസില്‍ പ്രതിയാക്കിയിരുന്നു. പിന്നീട് രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലും ഈ തീവ്രവാദസംഘത്തിന് പങ്കുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ഈ മൂന്ന് കേസുകളിലും സംയുക്തമായാണ് എന്‍ഐഎ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
റെഡ് അലര്‍ട്ട് പിന്‍വലിച്ചു, മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഉച്ച തിരിഞ്ഞ് എട്ട് ജില്ലകളില്‍ മഴ ശക്തിപ്പെടും
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലര്‍ട്ട് പൂര്‍ണമായും പിന്‍വലിച്ചിരിക്കുകയാണ്. ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്ക് സാധ്യത കല്‍പിക്കുന്നില്ല. എന്നാല്‍ എട്ട് ജില്ലകളില്‍ ശക്തമായ മഴ തുടരും.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിലാണ് മഴ ശക്തമായി ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണിനി നിലനില്‍ക്കുന്നത്. നാളെ പക്ഷേ പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലര്‍ട്ടാണ്. മറ്റന്നാള്‍ ഇടുക്കിയിലും പാലക്കാടും റെഡ് അലര്‍ട്ടുണ്ട്.
മഴയ്ക്ക് പുറമെ ശക്തമായ കാറ്റും കടല്‍ക്ഷോഭവുമുണ്ടാകാം എന്നതിനാല്‍ ജാഗ്രതയോടെ തന്നെ തുടരണം. തീരദേശത്തുള്ളവര്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തണം. അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടുള്ളതല്ല. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോരമേഖലയില്‍ താമസിക്കുന്നവരും ശ്രദ്ധിക്കണം.
മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീടിത് തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവുമെല്ലാം കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് തന്നെയാണ് മുന്നറിയിപ്പ്.
അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ, തിരുവല്ലയില്‍ അന്ത്യവിശ്രമം
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ സംസ്‌കാരം പൂര്‍ത്തിയായി. തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ആണ് മെത്രാപ്പൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ 1.30യ്ക്ക് സംസ്‌കാരം പൂര്‍ത്തിയായി. ഇന്ന് രാവിലെ 9 മണിവരെ ആയിരുന്നു തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദര്‍ശനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ തിരുവല്ലയില്‍ എത്തിയത്. അമേരിക്കയില്‍ വെച്ചുണ്ടായ അപകടത്തില്‍ അന്തരിച്ച അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ മൃതദേഹം മെയ് 19 നാണ് കേരളത്തിലെത്തിച്ചത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് വിലാപയാത്രയായി തിരുവല്ലയിലെത്തിച്ചു. തുടര്‍ന്ന് സഭാ ആസ്ഥാനത്തെ പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് മെത്രൊപ്പൊലീത്തയെ അവസാനമായി കാണാനെത്തിയത്. മന്ത്രി സജി ചെറിയാന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് വേണ്ടി കേണല്‍ ബിന്നി, എംപിമാരായ കെ സി വേണുഗോപാല്‍, ആന്റോ ആന്റണി, എ എം ആരിഫ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാര്‍, ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി വൈസ് പ്രസിഡന്റ് ബി കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം വയസില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. 1974 ല്‍ അമേരിക്കയിലെ ഡാലസ്സില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയില്‍ സജീവമായിരുന്ന ജര്‍മന്‍ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ല്‍ ഭാര്യയുമായി ചേര്‍ന്ന് തുടങ്ങിയ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തില്‍ വഴിത്തിരിവായി. സംഘടന വളര്‍ന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ യോഹന്നാന്‍ തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേര്‍ത്തുനിര്‍ത്തി 2003 ല്‍ ബീലീവേഴ്‌സ് ചര്‍ച്ച എന്ന സഭയ്ക്ക് രൂപംന ല്‍കി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവില്‍ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാന്‍ തിരുവല്ലയില്‍ മെഡിക്കല്‍ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ദുരന്തമുഖങ്ങളില്‍ കാരുണ്യ സ്പര്‍ശമായി. 2017 ല്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച എന്ന്‌പേര് മാറുമ്പോള്‍ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികള്‍ ഏല്‍പ്പിച്ചു.
സുവിശേഷ പ്രസംഗത്തില്‍ ആരംഭിച്ച് ഒടുവില്‍ സ്വന്തമായി ഒരു സഭ തന്നെ രൂപീകരിച്ച മതപ്രചാരകനായിരുന്നു കെ പി യോഹന്നാന്‍. വിദ്യാഭ്യാസം മുതല്‍ ആതുരസേവനം വരെ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹം നയിച്ച ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പ്രവര്‍ത്തന മണ്ഡലം. കെ പി യോഹന്നാന്‍ എന്ന പേര് മലയാളികള്‍ കേട്ടിട്ടുണ്ടാവുക, ആത്മീയ യാത്ര എന്ന പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാവും. ചിതറിയ ചിന്തകളെ ക്രമത്തില്‍ അടുക്കി, വിശ്വാസികള്‍ക്ക് പ്രചോദനമേകാന്‍ പോന്ന വിധത്തില്‍ അവതരിപ്പിക്കുന്ന സുവിശേഷ പ്രസംഗ പരിപാടിയായിരുന്നു ആത്മീയ യാത്ര. 1985 ല്‍ അതേപേരില്‍ ആരംഭിച്ച റേഡിയോ പരിപാടിയില്‍ നിന്നായിരുന്നു തുടക്കം. ഇന്ന് ഏഷ്യയിലുടനീളം 110 ഭാഷകളില്‍ പ്രക്ഷേപണമുണ്ട്.
മലയാളത്തിലെന്ന പോലെ ഇംഗ്ലീഷിലും സരസവും സുവ്യക്തവുമായി സംസാരിക്കാനുള്ള കഴിവ് യോഹന്നാന് അന്താരാഷ്ട്ര പ്രസിദ്ധി നല്‍കി. 2011-ല്‍ റേഡിയോ യില്‍ നിന്ന് ടെലിവിഷനിലേക്കുള്ള ചുവടുമാറ്റം. ആത്മീയ യാത്ര ഇന്ന് യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവം. ആത്മീയ യാത്ര പിന്നീട് ബിലീവേഴ്‌സ് ചര്‍ച്ച് എന്ന പേരില്‍ 2003-ല്‍ ഒരു എപ്പിസ്‌ക്കോപ്പല്‍ സഭയായി. യോഹന്നാന്‍ അതിന്റെ മെത്രാപ്പോലീത്തയും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വിവിധ ട്രസ്റ്റുകളുടെ പേരിലായി ചര്‍ച്ചിന്റെ അധീനത്തിലുള്ളത് ഇരുപതിനായിരം ഏക്കറില്‍ അധികം ഭൂമിയാണ്. ഇതിന് പുറമെ, സ്‌കൂളുകള്‍ മുതല്‍ എഞ്ചിനീയറിങ്/മെഡിക്കല്‍ കോളേജുകള്‍ വരെ നീളുന്ന നിരവധി സ്ഥാപനങ്ങള്‍ വഴി വിദ്യാഭ്യാസ രംഗത്തും ബിലീവേഴ്സ് ചര്‍ച്ച് വേരുറപ്പിച്ചു. കേരളത്തിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന നിരവധി ആശുപത്രികളും ബ്രിഡ്ജസ് ഓഫ് ഹോപ്പ്, ആശാഗൃഹം എന്നീ പേരുകളില്‍ പേരില്‍ ശരണാലയങ്ങളും ചര്‍ച്ചിന് വേറെയുമുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സ് ഓഫ് കംപാഷനിലൂടെ ചര്‍ച്ച് സാമൂഹിക സേവന രംഗത്തും ഏറെ സജീവമാണ്.
ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരന്‍ കുറ്റവിമുക്തന്‍, കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി അനുവദിച്ചു
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് പേര് നീക്കം ചെയ്ത് വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന സുധാകരന്റെ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഉത്തരവിറക്കിയത്.
കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയുടെ സമീപിക്കുമെന്ന് ഇപി ജയരാജന്‍ പ്രതികരിച്ചു. മൂന്നുപതിറ്റാണ്ടോളമായി സംസ്ഥാന രാഷ്ടീയത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്ന സംഭവത്തിലാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നടപടി.
1995 ഏപ്രില്‍ 12ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഇ പി ജയരാജനെ ട്രെയിനില്‍വെച്ച് വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിന് പിന്നിലെ ഗൂഡാലോചനയാണ് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുമായി സുധാകരന്‍ തിരുവനന്തപുരത്ത് വെച്ച് ഗൂഡാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കുറ്റപത്രത്തില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന സുധാകരന്റെ ആവശ്യം നേരത്തെ വിചാരണക്കോടതി തളളിയിരുന്നു. ഇത് ചോദ്യ ചെയ്താണ് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതാണെന്നും തെളിവുകള്‍ ഇല്ലെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമുളള സുധാകരന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
തന്നെ മാത്രമല്ല, പിണറായി വിജയനെക്കൂടി ലക്ഷ്യം വെച്ചാണ് സുധാകരന്‍ ഗൂഡാലോചന നടത്തിയെതെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. കേസില്‍ ഇപി ജയരാജനും സര്‍ക്കാരും അപ്പീലുമായി പോയാല്‍ നിയമപരമായി നേരിടുമെന്ന് സുധാകരനും മറുപടി നല്‍കി.
വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ മുൻവാതിൽ തകർത്ത് വൻ കവർച്ച; 75 പവൻ സ്വർണം നഷ്ടപ്പെട്ടു
പെരുമ്പയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. ഇന്നലെ നടന്ന കവർച്ചയിൽ 75 പവൻ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും പോയിട്ടുണ്ടോ എന്ന കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
പെരുമ്പ സ്വദേശി റഫീഖ് എന്ന പ്രവാസിയുടെ വീട്ടിലാണ് വൻ കവർച്ച നടന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ ഉറക്കമുണർന്നപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. റഫീഖിൻറെ ഭാര്യയും മക്കളും റഫീഖിന്റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും ചികിത്സയ്ക്കായി വീട്ടിൽ നിന്ന് മാറിനിന്ന സമയമായിരുന്നു. സ്ത്രീകൾ മാത്രമുള്ള സമയത്ത് വീടിൻറെ മുൻവാതിൽ തകർത്ത് നേരിട്ട് തന്നെയാണ് കവർച്ചക്കാർ കയറിയിട്ടുള്ളത്. എല്ലാവരും മുകൾനിലയിൽ ഉറങ്ങുകയായിരുന്നു.
സ്വർണം അടങ്ങുന്ന കവർ താഴത്തെ നിലയിൽ ഒരു അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഈ കവർ അങ്ങനെ തന്നെ എടുത്ത് വീടിൻറെ പുറത്ത് കൊണ്ടുപോയി കൊട്ടി, ആവശ്യമുള്ളത് തെരഞ്ഞെടുക്കുകയാണ് കവർച്ചക്കാർ ചെയ്തിട്ടുള്ളത്.
സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളെന്തെങ്കിലും ലഭിച്ചതായ വിവരമില്ല. വീടിൻറെ വാതിൽ തകർക്കാനുപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കമ്പിപ്പാരയുമെല്ലാം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി, അന്വേഷണം തുടങ്ങിയിട്ടുണ്ട്.