ഗാസയിലെ ആശുപത്രിക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം. 500 ലേറെ പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിനു കീഴിലുള്ള ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി അല്‍ അറബ് ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്.
യു എന്‍ അഭയാര്‍ത്ഥി ക്യാമ്പിലും ബോംബാക്രമണം ഉണ്ടായിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കാനിരുന്ന ഉച്ചകോടി ജോര്‍ദാന്‍ റദ്ദാക്കി. ഈജിപ്ത് പ്രസിഡന്റ് പലസ്തീന്‍ പ്രസിഡന്റ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ബൈഡന്റെ അമ്മാന്‍ ഉച്ചകോടി റദ്ദാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു.
അക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ല. ഹമാസ് പോരാളികള്‍ വിക്ഷേപിച്ച മിസൈല്‍ പതിച്ചാണ് ഹോസ്പിറ്റല്‍ തകര്‍ന്നതെന്നാണ് ഇസ്രായേല്‍ ഭാഷ്യം. എന്നാല്‍ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഇതിനെതിരെ തെളിവുമായെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരെ പ്രതിഷേധമുയരുകയാണ്.
വി എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നും എ സുരേഷിനെ ഒഴിവാക്കി
മുന്‍ മുഖ്യ മന്ത്രി വി എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നും വി എസിന്റെ മുന്‍ പി എ യും സന്തത സഹചാരിയുമായ എ സുരേഷിനെ ഒഴിവാക്കി. പാലക്കാട് മുണ്ടൂരില്‍ പാര്‍ട്ടി അനുഭാവികളുടെ സംഘടന നടത്താനിരിക്കുന്ന പിറന്നാളാഘോഷത്തില്‍ നിന്നാണ് എ സുരേഷിനെ ഒഴിവാക്കിയത്. ആദ്യം പരിപാടിയിലുള്‍പ്പെടുത്തി പോസ്റ്ററടക്കം അച്ചടിച്ചിരുന്നു പിന്നീട് സുരേഷിനെ വിളിച്ചു പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നു അറിയിക്കുകയായിരുന്നു.
ഏറെ കാലം വി എസിന്റെ സന്തത സഹചാരിയായിരുന്നെങ്കിലും പാര്‍ട്ടിയിലെ വിഭാ?ഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട താന്‍ . പ്രവൃത്തി കൊണ്ടോ വാക്കു കൊണ്ടോ പാര്‍ട്ടി വിരുദ്ധനായിട്ടില്ലെന്നു പ്രതികരിച്ച സുരേഷ്.
പാര്‍ട്ടിയില്‍ വിശ്വസിക്കണമെങ്കില്‍ മറ്റൊരു നേതാവിന്റെ ഔദാര്യം വേണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും വ്യക്തിയെന്ന നിലയില്‍ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതില്‍ വിഷമമുണ്ടെന്നും അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരോട് തെണ്ടാന്‍ ആക്രോശിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍
മാധ്യമപ്രവര്‍ത്തകരോട് തെണ്ടാന്‍ ആക്രോശിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെ, ആളറിയാതെ പൊലീസ് സെക്രട്ടേറിയേറ്റിന് മുന്നില്‍ തടഞ്ഞു.
യുഡിഎഫിന്റെ ഉപരോധത്തിന് ഇടയില്‍ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ദത്തന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
അമളി മനസിലായ മുതിര്‍ന്ന പൊലീസുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടു. എന്നാല്‍ കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പേരില്‍ ടെന്നീസ് ടൂര്‍ണമെന്റ് സര്‍ക്കാര്‍ സഹായം 40 ലക്ഷം
മുഖ്യമന്ത്രിയുടെ പേരില്‍ രാജ്യാന്തര ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സി എം സ് കപ്പ് ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റ് എന്ന പേരില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ തിരുവനന്തപുരത്ത് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് തീരുമാനം.
രാജ്യാന്തര ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ സാമ്പത്തിക സാഹായം ആവശ്യപ്പെട്ടു ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ് സെക്രട്ടറി നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
64 കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനു 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൗകര്യത്തിനും വിജയികള്‍ക്ക് സമ്മാനത്തുക നല്‍കാനും വിനിയോഗിക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ പേരില്‍ രാജ്യാന്തര ടെന്നിസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
വാട്ടര്‍ മെട്രോ നിര്‍മാണത്തിലും ക്രമക്കേട്
കൊച്ചി വാട്ടര്‍ മെട്രോ ടെര്‍മിനല്‍ നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്തു പോലീസ്.ബോള്‍ഗാട്ടി ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി , വൈപ്പിന്‍ എന്നിവിടങ്ങളിലെ ടെര്‍മിനല്‍ നിര്‍മ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയതെന്നാണ് കണ്ടെത്തല്‍. ടെര്‍മിനലിന്റെ റാഫ്റ്റുകളില്‍ വളവും കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയില്‍ ഉപകരാര്‍ ലഭിച്ച കമ്പനിക്കെതിരെയാണ് ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തത്.
ഈ വര്‍ഷം ഏപ്രില്‍ 26നാണ് വാട്ടര്‍ മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം വാട്ടര്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം പത്തു ലക്ഷം കടന്നിരുന്നു.
സര്‍വീസ് ആരംഭിച്ച് ആറ് മാസത്തിനകമാണ് വാട്ടര്‍ മെട്രോ നേട്ടം കൈവരിച്ചത്. യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം തികച്ച യാത്രക്കാരിയായ മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമക്കു കെ.എം.ആര്‍.എല്‍ ഉപഹാരം നല്‍കിയിരുന്നു.
ഇശലില്‍ തീര്‍ത്ത രാമായണ കഥ
രാമകഥ ഇശലിന്റെ താളത്തിലേക്ക് മാറ്റിയ കഥയാണ് മലപ്പുറത്തിന് പറയാനുള്ളത്.
രാമായണത്തിന് മാപ്പിളപ്പാട്ടിലേക്കു പരിവര്‍ത്തനം നടത്തിയിരിക്കുകയാണ് മാപ്പിളപ്പാട്ടു രചയിതാവ് ഓ എം കരുവാരകുണ്ട്. ബാലകാണ്ഡം മുതല്‍ ഉത്തരകാണ്ഡം വരെയുള്ള രാമായണം കഥയാണ് 296 പേജില്‍ 140 ഇശലുകളില്‍ മാപ്പിളപ്പാട്ടായി രചിച്ചിട്ടുള്ളത്.
ഇശല്‍ രാമായണം എന്ന് പേരിട്ട കൃതി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍, ബാപ്പു വെള്ളിപറമ്പിന് നല്‍കി പ്രകാശനം ചെയ്തു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമി ദശവാര്‍ഷികത്തിന്റെ ഭാഗമായാണ് പുസ്തകപ്രകാശനം നടത്തിയത്. ടി.കെ. ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.
ഒ.എം. കരുവാരക്കുണ്ടിനെപോലൊരാള്‍ രാമായണത്തെ തൊട്ടാല്‍ പൊള്ളുന്നകാലത്ത് ഏറ്റവും മനോഹരമായി അദ്ദേഹം മാപ്പിളപ്പാട്ടിലേക്ക് പരിവര്‍ത്തിപ്പിച്ചിരിക്കുകയാണെന്നാണ് പുസ്തകം പ്രകാശനം ചെയ്ത ആലങ്കോട് ലീലാകൃഷ്ണന്‍ സംസാരിച്ചത്. ചടങ്ങില്‍ മാപ്പിളകല അക്കാദമി ചെയര്‍മാന്‍ ഹുസൈന്‍ രണ്ടത്താണിഅധ്യക്ഷത വഹിച്ചു, പുസ്തകം പരിചയപ്പെടുത്തിയത് ഫൈസല്‍ എളേറ്റില്‍ ആണ്.
ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍വാഹനത്തില്‍ അലങ്കാരം വേണ്ട
ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അലങ്കരിച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വാഹനം അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഇത്തരത്തില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബോര്‍ഡ് വെച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.
കടുപ്പിച്ച് അറബ് രാജ്യങ്ങള്‍, ബൈഡനുമായി ചര്‍ച്ചയില്ല; നിര്‍ണായക സന്ദര്‍ശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഇസ്രയേലില്‍
ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അല്‍പ്പസമയത്തിനകം ഇസ്രയേലില്‍ എത്തും. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബൈഡന്റെ സന്ദര്‍ശനം നിര്‍ണായകമാണ്. പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോര്‍ദാന്‍ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കള്‍ എന്നിവരെ ബൈഡന്‍ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അറബ് നേതാക്കള്‍ ബൈഡനുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറി.
പലസ്തീനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് അറബ് രാജ്യങ്ങള്‍. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കൊടുവിലും വെടിനിര്‍ത്തലിന് തയാറാവാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച സൗദി, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നാവശ്യപ്പെട്ടു. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തര്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇത് പ്രകോപനം കൂട്ടുന്നതാണെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അറബ് മേഖലയൊന്നാകെ അപലപിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിലും ഇത് തടയാന്‍ ഇടപെടലുണ്ടാവാത്തതിലും രോഷം ശക്തമാണ്. അമേരിക്ക ഇടപെട്ട് നടത്തുന്ന സമാധാന ശ്രമങ്ങളിലെല്ലാം നിരപരാധികള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാനും, മരുന്നും സഹായങ്ങളുമെത്തിക്കാനുള്ള പാത തുറക്കാനുമായിരുന്നു സൗദിയും ഖത്തറും യുഎഇയും ഉള്‍പ്പടെ പ്രധാന രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഇതിനായി സൗദി വെടിനിര്‍ത്തലുമാവശ്യപ്പെട്ടിരുന്നു. സൗദിയും ഖത്തറും യുഎഇയും ഉള്‍പ്പടെ പ്രധാന രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്.
നിരപരാധികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ സൗദിയുടേത് ശക്തമായ പ്രതികരണം. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നും, പക്ഷപാതിത്വമവസാനിപ്പിക്കണമെന്നുമുള്ള ശക്തമായ പ്രസ്താവനയാണ് സൗദിയുടേത്. ആക്രമണം നിഷ്ഠൂരമായ കൂട്ടക്കൊലയെന്ന് ഖത്തര്‍ വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്.
നിരപരാധികളെയും സ്‌കൂളുകളും ആശുപ്രത്രികളും ആക്രമിക്കുന്ന ഇസ്രയേല്‍ നടപടി പ്രകോപനം കൂട്ടുന്നതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യുഎഇ ഉള്‍പ്പടെ പ്രധാന രാജ്യങ്ങളെല്ലാം ആക്രമണത്തെ അപലപിച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. പലസ്തീന് 10 കോടി ഡോളര്‍ അടിയന്തര സഹായം നല്‍കാന്‍ ജിസിസി രാജ്യങ്ങളുടെ മന്ത്രിതല കൗണ്‍സില്‍ തീരുമാനിച്ചു. സൈനിക നടപടി നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
‘തിരികെ സ്‌കൂളില്‍’ എത്തിയില്ലെങ്കില്‍ ലോണും ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് സിഡിഎസ്
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളില്‍’ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ലോണും ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് അംഗങ്ങള്‍ക്ക് സിഡിഎസിന്റെ സന്ദേശം. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ അതിന്റേതായ ഭീഷണി നേരിടേണ്ടിവരുമെന്ന് പറഞ്ഞതാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം നല്‍കിയത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രസന്നയാണ് ഈ സന്ദേശമയച്ചത്.
ക്ലാസില്‍ പങ്കെടുത്തില്ലെങ്കില്‍ ലോണിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വരുമ്പോള്‍ പരിഗണിക്കില്ലെന്നും ക്ലാസില്‍ വരാത്ത ആളുകളെ നോട്ട് ചെയ്ത് വെക്കുമെന്നും ബാങ്കില്‍ ലോണിന് വരുമ്പോള്‍ ഒപ്പിട്ട് തരില്ലെന്നുമാണ് സന്ദേശത്തിലുള്ളത്. എന്നാല്‍ കുടുംബശ്രീ അംഗങ്ങളുടെ ഗ്രൂപ്പില്‍ സാധാരണ രീതിയിലുള്ള സന്ദേശം മാത്രമാണെന്നും ഒരാളെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് സിഡിഎസ് ചെയര്‍പേഴ്‌സന്റെ വിശദീകരണം. ഭീഷണിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു.
ഫാന്‍സി നമ്പരില്‍ മറിയുന്നത് കോടികള്‍
ഇഷ്ടപ്പെട്ട വാഹനം വാങ്ങിയാല്‍ ഇഷ്ടനമ്പര്‍ തന്നെ വേണം. ഈ ഇഷ്ടനമ്പര്‍ വാങ്ങാന്‍ എത്രരൂപ മുടക്കാനും തയ്യാറാണ് കൊച്ചിക്കാര്‍. നമ്പര്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ കൂടുതലും കൊച്ചി നഗരത്തിലെയും സമീപത്തെയും വാഹന ഉടമകള്‍. കാക്കനാട് ആര്‍ടി ഓഫിസ് വഴി ഈ ഇനത്തില്‍ ഖജനാവിലേക്കെത്തുന്നത് കോടികള്‍. ഫാന്‍സി നമ്പര്‍ ലേലത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച വരുമാനം നടപ്പു വര്‍ഷം പകുതിയായപ്പോഴേക്കും മറികടന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ കാക്കനാട് ആര്‍ടി ഓഫിസിനു ലഭിച്ചത് 2 കോടി ഇരുപത്തൊന്ന് ലക്ഷത്തി ആറായിരം രൂപയാണ്. മൂവായിരത്തി തൊള്ളായിരത്തി എണ്‍പത്താറ് വാഹനങ്ങള്‍ക്കാണ് ഈ കാലയളവില്‍ ഫാന്‍സി നമ്പര്‍ അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് നമ്പര്‍ ലേലത്തിലൂടെ ഏറ്റവും കൂടുതല്‍ തുക പിരിഞ്ഞത് എഴുപത്തിയേഴ് ലക്ഷം രൂപ. ഈ വര്‍ഷം ജനുവരിയിലാണ് ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് 19.21 ലക്ഷം രൂപ. ഓണ്‍ലൈനിലാണ് നിലവില്‍ ലേലം. ഇഷ്ട നമ്പര്‍ ഫീസ് അടച്ചു ബുക്ക് ചെയ്യാന്‍ ഓരോ ആഴ്ചയിലും തിങ്കള്‍ മുതല്‍ ശനി വരെയാണ് സമയം നല്‍കുന്നത്.
രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും
രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ ഒരു പോലെ പിടി മുറുക്കി മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും. ജയസാധ്യത കൂടുതലുള്ള സീറ്റില്‍ സച്ചിന്‍ അവകാശ വാദമുന്നയിക്കുമ്പോള്‍, ജനരോഷം ഉയര്‍ന്ന അടുപ്പക്കാരായ എംഎല്‍എമാരെ മാറ്റുന്നതില്‍ ഗലോട്ട് നീരസം അറിയിച്ചു. സച്ചിന്‍ പൈലറ്റിന് ഐക്യദാര്‍ഡ്യവുമായി എഐസിസി ഓഫീസിന് മൂന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വടം വലി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും തുടങ്ങിയതോടെ നേതൃത്വമാണ് വെട്ടിലായിരിക്കുന്നത്. ഇരുവരെയും അനുനയിപ്പിച്ച് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുകയെന്ന വെല്ലുവിളിയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. രണ്ട് ദിവസത്തോളം നീണ്ട സ്‌ക്രീനിംഗ് കമ്മിറ്റിയിലും പട്ടികയില്‍ അന്തിമ ചിത്രമാകാത്തതോടെ സോണിയ ഗാന്ധി കൂടി പങ്കെടുത്ത സിഇസി യോഗത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടിരിക്കുകയാണ്. സിറ്റിങ് എംഎല്‍എമാരില്‍ 30 ശതമാനത്തോളം പേരെ മാറ്റണമെന്ന നിര്‍ദ്ദേശം പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍, ഇവരില്‍ ഭൂരിപക്ഷവും സ്വന്തം പക്ഷത്തായതിനാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് നിര്‍ദ്ദേശം ദഹിച്ചിട്ടില്ല. കഴിഞ്ഞ തവണ അശോക് ഗലോട്ട് കൈയില്‍ വെച്ച ജയസാധ്യത കൂടുതലുള്ള സീറ്റുകളില്‍ സച്ചിന്‍ കണ്ണ് വച്ചിട്ടുണ്ട്. തെരഞ്ഞടുപ്പ് നയിക്കാന്‍ ഗലോട്ടെന്ന പ്രചാരണത്തിലും ഹൈക്കമാന്‍ഡിനെ സച്ചിന്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു. സച്ചിന് പി്ന്തുണയുമായി രാജസ്ഥാനില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എഐസിസിക്ക് മുന്നില്‍ മുദ്രാവാക്യങ്ങളുമായി തടിച്ച് കൂടുകയായിരുന്നു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശില്‍ കമല്‍നാഥും, ദിഗ് വിജയ് സിംഗും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്ത് വന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സീറ്റ് കിട്ടാത്ത നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വയ്ക്കുന്നതും തിരിച്ചടിയായേക്കും. അതുകൊണ്ട് തന്നെ രാജസ്ഥാനില്‍ ഏറെ കരുതലോടെയാകും നീക്കം. നേതാക്കളുടെ വടംവലി മൂലം ബിജെപിയിലെ തമ്മിലടി മുതലാക്കാന്‍ കഴിയുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.