ആ ചിത്രത്തിന്റെ സമയത്ത് താന്‍ ശരിക്കും ബെഡ് റെസ്റ്റിലായിരുന്നു ; ജയസൂര്യ..

ജയസൂര്യ അനൂപ് മേനോന്‍ കോമ്പോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2011ല്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുളില്‍ ശരീരത്തിന്റെ ചലനം നഷ്ടപ്പെട്ട സ്റ്റീഫന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്.

ആ ചിത്രത്തിന്റെ സമയത്ത് താന്‍ ശരിക്കും ബെഡ് റെസ്റ്റിലായിരുന്നു എന്ന് പറയുകയാണ് ജയസൂര്യ. രണ്ട് പേര്‍ തന്നെ താങ്ങിപിടിച്ചാണ് സെറ്റിലേക്ക് കൊണ്ടുവന്നിരുന്നതെന്നും ജയസൂര്യ പറയുന്നു. കാന്‍ചാനല്‍മീഡിയക്ക് നല്‍കി അഭിമുഖത്തിലാണ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ ജയസൂര്യ പങ്കുവെച്ചത്. 

’ബ്യൂട്ടിഫുള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ശരിക്കും എന്റെ കാല്‍ ഒടിഞ്ഞിരിക്കുകയായിരുന്നു. രണ്ട് പേര്‍ താങ്ങിപിടിച്ചാണ് സെറ്റിലേക്ക് കൊണ്ടുവരുന്നത്. ഒരു പടത്തിന്റെ ഷൂട്ടിങ് സമയത്ത് ഫൈറ്റ് സീനില്‍ നിന്നുകൊണ്ട് ഇടിച്ചതാണ്. കാലില്‍ നിന്നും ടക്ക് എന്നൊരു ശബ്ദം ഞാന്‍ കേട്ടു. പിന്നെ കണ്ണ് തുറക്കുന്നത് ഹോസ്പിറ്റലിലാണ്. തല കറങ്ങി വീണു പോയി. അപ്പോള്‍ തന്നെ എടുത്ത് ഹോസ്പിറ്റലില്‍ കൊണ്ടുപോയി.കാല്‍ ഒടിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഇനി മൂന്ന് മാസം ബെഡ് റെസ്റ്റാണെന്ന്. ബെഡ് റെസ്റ്റ് ചെയ്യാല്ലോ.

അപ്പോള്‍ ബെഡില്‍ കിടന്ന് അഭിനയിച്ചാല്‍ മതിയല്ലോ. അതാണ് ബ്യൂട്ടിഫുള്‍ സിനിമ. കാല്‍ നിലത്ത് കുത്താന്‍ പറ്റില്ലായിരുന്നു. സ്റ്റെപ്പ് ഒക്കെ രണ്ട് പേര്‍ എടുത്തുകൊണ്ടാണ് നടന്നത്. പിന്നെ ഞൊണ്ടിയൊക്കെയാണ് നടന്നുകൊണ്ടിരുന്നത്.അതിലെ നായകനായ സ്റ്റീഫനെ അവതരിപ്പിക്കാനായി ഒബ്‌സെര്‍വ് ചെയ്യാന്‍ പറ്റിയ ഒരാളെ ഞാന്‍ കണ്ടില്ല. കണ്ടിരുന്നെങ്കില്‍ തന്നെ എനിക്ക് ചെയ്യാന്‍ പറ്റില്ല. കാരണം അത്രയും പോസിറ്റീവായ ആളായിരിക്കില്ല അയാള്‍. കോടികളുടെ ആസ്തി സ്റ്റീഫന് ഉള്ളതുകൊണ്ടാണ് അയാള്‍ അത്രയും പോസിറ്റീവാകുന്നത്. എന്നാല്‍ അതുകൊണ്ടും മെന്റല്‍ പവര്‍ ഉണ്ടാവണമെന്നുമില്ല. ഫിസിക്കലി ഒന്നുമല്ലെങ്കിലും മെന്റലി സ്റ്റീഫന്‍ സ്‌ട്രോങ്ങാണ്. എല്ലാ നിമിഷവും എന്‍ജോയ് ചെയ്യുന്ന ആളാണ്. അയാളുടെ രീതികളില്‍ നിന്നും അത് മനസിലാവും,’ ജയസൂര്യ പറഞ്ഞു.

Leave a Comment