ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് ജോജു ജോർജ്…കാരണമറിഞ്ഞ് അനുകൂലിച്ച് ആരാധകർ….

ഇന്ധന വിലയ്ക്ക് എതിരെ വഴി തടയല്‍ സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജോജു ജോര്‍ജ്ജ് പൊട്ടിത്തെറിച്ചത് വന്‍ ചര്‍ച്ചയായിരുന്നു. രോഗികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയ പാതയില്‍ കുടുങ്ങിയതോടെയാണ് ജോജു ജോര്‍ജ്ജ് സമരക്കാരോട് തട്ടിക്കയറിയത്.

ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ജോജുവിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരായിരുന്നു രംഗത്ത് വന്നത്. എന്നാല്‍ ഇതിന് പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം ജോജു ജോര്‍ജ്ജ് നീക്കം ചെയ്തിരിക്കുകയാണ്.

ഏറെ സജീവമായിരുന്ന ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നടന്‍ ഡീലിറ്റ് ചെയ്തത്. അക്കൗണ്ടുകള്‍ അപ്രതീക്ഷിതമായതോടെ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അക്കൗണ്ടുകള്‍ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തതാണെന്ന് ജോജുവിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതിനു പിന്നാലെതന്നെ ഇദ്ദേഹത്തിന്റെ പേജില്‍ സമര അനുകൂലികളും വിരുദ്ധരും തമ്മില്‍ വാക്‌പോരുകള്‍ ആരംഭിച്ചിരുന്നു. സമര മാര്‍ഗത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ സമരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ വഴിമാറി പോകുന്നുണ്ട് എന്ന് തോന്നിയതോടെയാണ് ജോജു സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്തത്.

തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്. അതേസമയം കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസില്‍ പോലീസ് നടപടികള്‍ കടുപ്പിച്ചു. ജോജുവിന്റെ പരാതിയില്‍, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെടുത്ത കേസില്‍ കൂടുതല്‍ നേതാക്കള്‍ പ്രതികളായേക്കും. ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും.

Leave a Comment