കേരളം കണ്ട വലിയ സ്ഫോടനമാണ് കളമശ്ശേരിയിൽ നടന്നത്. ദിവസങ്ങളും ആഴ്ചകളും മാത്രം നീണ്ടു നിന്ന ചർച്ചയ്‌ക്കൊടുവിൽ നിശബ്ദമായി മാറിയ വിഷയം. ഒക്ടോബർ 29 ഞായറാഴ്ച നടന്നത് ഒരു നെടുവീർപ്പോടെയല്ലാതെ ഓർത്തെടുക്കാൻ കഴിയില്ല. ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത ദുരന്തം.
പാചകത്തൊഴിലാളിയായ പ്രദീപൻ ഞായറാഴ്ച ജോലിയുള്ളതിനാൽ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല. മൂത്ത മകൻ പ്രവീണിന് ചെന്നൈയിൽ ജോലി കിട്ടിയതിന്‍റെ ആശ്വാസത്തിനിടെ ആണ് ദുരന്തം. പഠിക്കാൻ മിടുക്കിയായിരുന്നു ലിബ്ന. നിലീശ്വരം എസ്എൻഡിപി സ്കൂൾ ഏഴാം ക്ലാസിലെ ലീഡർ.
മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന് ആദ്യം നഷ്ടമായത് രണ്ട് ആണ്മക്കൾക്ക് ശേഷം, കാത്തിരുന്നു കിട്ടിയ പൊന്നോമനയായ 12 വയസുകാരി ലിബ്നയെ. 95 ശതമാനം പൊള്ളലേറ്റ ലിബ്ന സംഭവം നടന്ന് പിറ്റേ ദിവസം തന്നെ ഈ ലോകത്തോട് വിട പറഞ്ഞു.
കുഞ്ഞു ലിബ്നയുടെ കളിയും ചിരിയും ഇണക്കവും പിണക്കവും ഇനിയില്ലെന്ന് വിശ്വസിക്കാൻ ആ അച്ഛൻ ഒരുപാട് സമയമെടുത്തു. രണ്ട് ചേട്ടന്മാരുടെ കുഞ്ഞനുജത്തി… ചികിത്സയിലുള്ള ലിബ്നയുടെ അമ്മയ്ക്കും, സഹോദരനും അവസാനമായി ഒരു നോക്ക് കാണാൻ ആ കുഞ്ഞു ശരീരം ദിവസങ്ങളോളം മോർച്ചറിയിലെ തണുപ്പിൽ കാത്തിരുന്നു.
മകൾക്ക് കാവലായി ആ അച്ഛൻ ഇടയ്ക്ക് മോർച്ചറിയ്ക്ക് മുൻപിലെത്തും… ഇടയ്ക്ക് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭാര്യ സാലിയ്ക്കും മൂത്ത മകൻ പ്രവീണിനും അടുത്തെത്തും… പിന്നെ ഇളയ മകൻ രാഹുലിനടുത്തേക്കും..
സാലിയുടെയും പ്രവീണിന്റേയും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതോടെ, ഒടുവിൽ അമ്മയുടെയും ചേട്ടന്റെയും അന്ത്യചുംബനം വാങ്ങാൻ കാത്തു നിൽക്കാതെ ആ കുഞ്ഞു ശരീരം മറവു ചെയ്തു..
സാലി സുഖമായി വരുമ്പോൾ, നമ്മുടെ പൊന്നോമന സ്വർഗത്തിൽ പോയെടി എന്ന് എങ്ങനെ പറയുമെന്ന് കരുതിയ പ്രദീപനെ തേടി ആ ദുഃഖ വാർത്തയും എത്തി… മകളുടെ വേർപാട് ഇനി ആ അമ്മയെ അറിയിക്കേണ്ട… കാരണം അമ്മയും മകളുടെ അടുത്തെത്തി..
ഇത് വരെയും ദുഖത്തിലും സന്തോഷത്തിലും കൂടെ നിന്ന ഭാര്യ ഇനിയില്ല. തളരുമ്പോൾ താങ്ങായി നില്ക്കാൻ ആ തോളുകൾ ഇല്ല. സാരമില്ലെന്ന് പറഞ്ഞ് ആശ്വാസം പകരാൻ, ആ കൈകളില്ല.. അത് വല്ലാത്തൊരു അവസ്ഥയാണ്… മൂത്ത മകൻ പ്രവീണും ഇളയ മകൻ രാഹുലുമായിരുന്നു ആ അച്ഛന്റെ ഏക ആശ്വാസം.
പിന്നീടുള്ള സമയം രണ്ടാണ്മക്കൾക്കൊപ്പം.. ഓരോ വേർപാടും ആഴത്തിൽ മുറിവുകൾ ഏൽപ്പിച്ചു കൊണ്ടിരുന്നു… കളമശ്ശേരി സ്ഫോടനത്തിലെ മരണം ആറായി… ആറാമത്തെ മരണവും പ്രദീപിന്റെ കുടുംബത്തിൽ നിന്ന് തന്നെ.. മൂത്ത മകൻ പ്രവീണും മരണത്തോട് മല്ലടിച്ച് യാത്രയായി.. ഇനി പ്രദീപും രാഹുലും മാത്രം…
ദിവസങ്ങളുടെ വ്യത്യാസത്തിൽ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട ഒരച്ഛന്റെ അവസ്ഥ വാക്കുകളിലൂടെ പറഞ്ഞാൽ ഒരു പക്ഷെ ആർക്കും മനസിലായെന്ന് വരില്ല. പൊള്ളലേറ്റു മരിച്ച ഭാര്യയെയും മക്കളെക്കാളും ഉള്ളം വെന്തൊരാൾ… ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഈ അച്ഛനും മകനും മാത്രം..
ചിട്ടിയിലും ശ്രദ്ധ വേണം
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അനധികൃത ചിട്ടി കമ്പനികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി പോലീസ്. കഴിഞ്ഞകുറച്ചുനാളുകളായി സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് പരാതികൾവ്യാപകമാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ്. അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപംനടത്തരുതെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു.
പ്രവർത്തിക്കാനാവശ്യമായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന 168 പണമിടപാട് സ്ഥാപനങ്ങളുടെ പട്ടിക പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗികസൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാട് പാടില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. തട്ടിപ്പു തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ ബഡ്‌സ് നിയമ പ്രകാരം നടപടി സ്വീകരിക്കാൻ ക്രൈം ബ്രാഞ്ച് മേധാവിക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഹിത്ത് ശര്‍മയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്‌കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം
ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്‌കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ചുള്ള പാഠപുസ്തകത്തിന്റെ ചിത്രമാണ് വൈറലാകുന്നത്.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ജനറല്‍ നോളേജ് പാഠപുസ്തകത്തിലാണ് ഈ പാഠഭാഗമുള്ളത്. രോഹിത്തിന്റെ ജീവചരിത്രം സംക്ഷിപ്തവും ലഘുവായും വിവരിക്കുന്നതാണ് ഈ പുസ്തകം. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രതിഭാധനനായ യുവബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത്തെന്നും, താരത്തിന്റെ കുട്ടിക്കാലവും വളര്‍ന്നു വന്ന സാഹചര്യങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നുമുണ്ട് ബുക്കില്‍.
നാഗ്പൂരിലെ ബന്‍സോദില്‍ 1987 ഏപ്രില്‍ 30ന് ജനിച്ച രോഹിത്ത് തുടക്കകാലത്ത് ഓഫ് സ്പിന്നറായാണ് കളി തുടങ്ങിയത്. എന്നാല്‍, ദിനേഷ് ലാഡ് എന്ന കോച്ചാണ് താരത്തില്‍ നല്ലൊരു ബാറ്റര്‍ ഒളിഞ്ഞു കിടപ്പുണ്ടെന്ന് തിരിച്ചറിഞ്ഞതും, അതിലേക്ക് അദ്ദേഹത്തെ തിരിച്ചുവിട്ടതും. സ്‌കൂളില്‍ ഫീസടയ്ക്കാന്‍ മാതാപിതാക്കള്‍ ബുദ്ധിമുട്ടിയിരുന്നപ്പോള്‍, ക്രിക്കറ്റിലെ മികവ് പരിഗണിച്ച് സ്‌കൂള്‍ അധികൃതര്‍ അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു.
നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം
പിണറായി സർകാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം. വൈകിട്ട് 3.30ന് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. പൈവളിഗെ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ 30 മീറ്റർ ഉയരത്തിൽ ജർമ്മൻ പന്തലാണ് ഒരുക്കിയത്.
കാസർകോടിന്റെ തനത് കലാരൂപങ്ങൾ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ അതാത് കൗണ്ടറുകൾ പ്രവർത്തിക്കും.ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്.
റോബിനെത്തി… വിടാതെ എംവിഡിയും
നാട്ടുകാരുടെ വമ്പൻ വരവേൽപ്പോടെ റോബിൻ ബസ് തിരിച്ചെത്തി… നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടികൂടി പോലീസ് കസ്റ്റഡിയിലായിരുന്ന ബസ് കോടതി ഉത്തരവിലൂടെയാണ് ബസിന്റെ ഉടമ ഗിരീഷ് പുറത്തിറക്കിയത്. തോറ്റു പിന്മാറാൻ റോബിൻ ഒരുക്കമല്ല. മോട്ടോർ വാഹനവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് സർവീസ് നിർത്തി വെച്ചിരിക്കുകയായിരുന്നു റോബിൻ ബസ്. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽ നിന്നും യാത്ര തുടങ്ങിയ ബസ് ഉച്ചയ്‌ക്ക് 12 മണിക്ക് കോയമ്പത്തൂരിൽ അവസാനിക്കുന്നതായിരുന്നു ആദ്യ ട്രിപ്പ്.
എന്നാൽ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് 200 മീറ്റർ എത്തും മുമ്പേ റോബിൻ പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി. മോട്ടര്‍ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ച് ഓട്ടം തുടങ്ങിയ ബസ് പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു.. എങ്കിലും ഈരാട്ടുപേട്ടയിൽ റോബിൻ ബസിന് നാട്ടുകാർ വൻവരവേൽപ്പ് ആണ് നൽകിയത്. വീണ്ടും വീണ്ടും പരിശോധന തുടര്‍ന്നതോടെ ബസ് പുതുക്കാട് എത്തിയപ്പോൾ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ച് പ്രതിഷേധവും അറിയിച്ചു.
പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നേരത്തെ ഓടിയ പോലെ തന്നെ ബസ് സര്‍വീസ് തുടരുമെന്ന് ഉടമയും നിയമലംഘനം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡില്‍ തുറന്ന പോരിനുള്ള വഴിയാണ് ഒരുങ്ങിയത്.
കഴിഞ്ഞമാസമാണ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സര്‍വീസ് നടത്തുന്നതിനിടെ റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട് ബസ്സ് എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ബസ് എആര്‍ ക്യാമ്പിലാണ് ഉണ്ടായിരുന്നത്.
എന്നാൽ കേന്ദ്ര നിയമപ്രകാരം ഇന്ത്യയിലെവിടെയും സർവീസ് നടത്താൻ അനുമതിയുണ്ടെന്നും സുപ്രീംകോടതിയുടെ പരിരക്ഷയുണ്ടെന്നുമാണ് ഗിരീഷ് പറയുന്നത്. നിയമലംഘനത്തിന് പിഴ അടക്കണമെന്ന ഉറച്ച നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. എന്നാല്‍, തെറ്റ് ചെയ്താല്‍ അല്ലെ പിഴ അടക്കേണ്ടതുള്ളുവെന്നും നിയമപ്രകാരമാണ് ബസ് സര്‍വീസ് നടത്തിയതെന്നും ഗിരീഷ് പറഞ്ഞു.
റോബിൻ ബസിന് കേരള എംവിഡി വഴി നീളെ പിഴയിടുമ്പോൾ, വാഹനം വാളയാർ കടക്കുമ്പോൾ ഇതുവരെ ചുമത്തിയ പിഴത്തുക മുപ്പതിനായിരം രൂപയാണ്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് എല്ലാ പിഴയും ചുമത്തിയിരിക്കുന്നത്. എന്നാൽ തുടര്‍ച്ചയായ പരിശോധന തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാരും പ്രതികരിച്ചു. അതേസമയം, സര്‍വീസ് തുടരാൻ തന്നെയാണ് തീരുമാനമെന്ന് ബസ് ജീവനക്കാരും അറിയിച്ചു. റോബിൻ ബസിന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു…
“റോബിൻ ഓടിയോ എന്ന് അറിയാൻ രണ്ട് വിഭാഗത്തിലുള്ള ആളുകളാണ് കാത്തിരിക്കുന്നത്. ആദ്യത്തെ വിഭാഗം ഈ യുദ്ധത്തിൽ റോബിന്റെ തോളോടു തോൾ ചേർന്ന് ഇതിനെ ഒരു വിജയമാക്കി കാണാൻ ആഗ്രഹിക്കുന്ന ആളുകളാണ്. അവരോട് നമ്മൾ എന്നും കടപ്പെട്ടിരിക്കും. അവരോടായി പറയുന്നു, നാളെ നമ്മൾ 5 മണിക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്നതാണ്. നിയമപോരാട്ടങ്ങൾ നമുക്ക് അനുകൂലമാണ് എന്നതാണ് ഏറ്റവുമധികം സന്തോഷത്തോടെ ഈ അവസരത്തിൽ നിങ്ങളോട് പറയുവാനുള്ളത്.
ഇനി രണ്ടത്തെ വിഭാഗത്തിനോട് പറയാനുള്ളത്,
നിങ്ങൾ കൂട്ടിയാൽ കൂടുന്നതല്ല റോബിൻ മോട്ടോർസ്. നിങ്ങൾ കുറച്ച് ആളുകൾ ഈ പേജിനെ പൂട്ടിക്കാൻ വേണ്ടി തലകുത്തി നിന്ന് റിപ്പോർട്ട് അടിക്കുന്നുണ്ട്. ഈ പേജ് പോയാൽ ഇവിടെ ഒരു ചുക്കുമില്ല. കഴുത കാമം കരഞ്ഞു തീർക്കും എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അതിനെ ആ ലാഘവത്തോടെയാണ് കണ്ടിട്ടുള്ളത്. അധികാരികളുടെ മൂട് താങ്ങി പേജ് നിങ്ങൾ പൂട്ടിയാലും റോബിൻ നാളെ മുതൽ റോഡിൽ ഉണ്ടാകും. “ആനക്കും” ചേനക്കും എംവിഡി ക്കും ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവുവോളം നമ്മുടെ കയ്യിലുണ്ട്. നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂ.
AITP എന്താണെന്നറിയാത്ത ഒരു വകുപ്പ് മന്ത്രിയെയും മാമനും മച്ചാനും കളിക്കുന്ന ട്രാൻസ്പോർട്ട് സെക്രട്ടറിയേയും AITP എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തമുണ്ട്. നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക് മാത്രമേ ഇരുട്ട് ഉണ്ടാവുകയൊള്ളൂ എന്ന് നിങ്ങൾ മാനസിലാക്കാതെ പോകന്നു സാർ.
ഒരുങ്ങിക്കോ റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കൊ… ഈ വെല്ലുവിളിയുമായാണ് റോബിൻ ഇന്ന് നിരത്തിലിറങ്ങിയത്…
കർഷക ആത്മഹത്യകൾക്ക് പിന്നിൽ ലളിതമായ കാരണങ്ങൾ
നിരന്തരം തുടർന്ന് വരുന്ന കർഷക ആത്മഹത്യകൾക്ക് പിന്നിൽ ലളിതമായ കാരണങ്ങൾ ആണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കണ്ണൂരിലെ കർഷക ആത്മഹത്യാ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇപി ജയരാജൻ. തങ്ങളുടെ നിരീക്ഷണത്തിൽ ഈ ആത്മഹത്യകൾക്കുള്ള കാരണങ്ങൾ വളരെ ലളിതമാണ്. മനുഷ്യന്റെ മാനസികാവസ്ഥയാണ്. ഒരു കൃഷിക്കാരനും ഇവിടെ പെൻഷൻ കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തുവെന്ന് പറയാൻ കഴിയില്ല.
കാട്ടാന ശല്യത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ? ഇന്ന് രാവിലെ ഉണ്ടാകുന്നതല്ലല്ലോ കാട്ടാന ശല്യം. എത്ര കാലമായി അമ്പായത്തോട്, കൊട്ടിയൂർ, കേളകം, കണിച്ചാർ ഭാഗത്ത് ആന ഇറങ്ങുന്നു. വയനാട്ടിലും ഇടുക്കിയിലും ആന ഇറങ്ങുന്നില്ലേ. ശബരിമല സീസൺ വരുമ്പോൾ ആന ശബരി മലയ്ക്ക് പോകും. ശബരി മലയ്ക്ക് പോകുമ്പോഴും കട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതെല്ലം സാധാരണ ഉണ്ടാകുന്ന നിരീക്ഷണങ്ങളാണ്.- ഇപി ജയരാജൻ പറഞ്ഞു.